Sunday, September 6, 2020

സാധനം ഫോറിനാണ്

കുറച്ച് കാലങ്ങൾക്ക് മുമ്പ് വരെ വിദേശ നിർമ്മിത വസ്തുക്കളും അത് കൊണ്ട് വരുന്ന പ്രവാസികളും മലയാളിയുടെ കാഴ്ചപ്പാടിൽ വിലയുറ്റതായിരുന്നു.പ്രവാസി കൊണ്ട് വരുന്ന പെട്ടിയും അയാളും നാട്ടിൽ  ബഹുമാന്യരായി തീർന്നിരുന്ന കാലമായിരുന്നത്.വിദേശത്ത് പോകുന്നതിന് മുമ്പ് നാട്ടിൽ കാൽ കാശ് വിലയില്ലാത്തവനും ഗൾഫുകാരനായി മാറ്റപ്പെട്ടാൽ കിട്ടുന്ന സ്വീകാര്യത വിവരണാതീതമായിരുന്നുവല്ലോ.  പ്രവാസി കൊണ്ട് വരുന്ന പെട്ടി പൊട്ടിക്കുക എന്നത് തന്നെ ഒരു ചടങ്ങായി മാറ്റപ്പെട്ടു.മാറി താമസിക്കുന്ന  അളിയൻ, മൂത്ത സഹോദരൻ മുതലായ ഉടക്ക് കക്ഷികളുടെ  സാന്നിദ്ധ്യം മുഹൂർത്തമാക്കിയായിരുന്നു ആ ചടങ്ങ് നടന്ന് വന്നിരുന്നത്. പൊട്ടിച്ച് കഴിഞ്ഞാൽ പിന്നെ അത് പങ്ക് വെച്ച് മാറ്റുന്നത് വരെ പ്രവാസിക്ക് സ്വസ്ഥത ഉണ്ടാവില്ല. പങ്ക് വെപ്പിലെ ഏറ്റക്കുറച്ചിൽ അകത്തളങ്ങളിൽ പിറുപിറുക്കൽ സൃഷ്ടിക്കുന്നതും അന്നൊക്കെ സാധാരണമായി.
അയല്പക്കത്തെ രാമേട്ടന് ഒരു പാക്കറ്റ് ബ്ളേഡ്, സഹോദരീ ഭർത്താവിന്റെ ഉമ്മാക്ക് തലയിലിടാൻ തട്ടവും പിന്നെ നല്ല മണമുള്ള ഒരു ടിൻ പൗഡറും. അടുത്ത കൂട്ടുകാരന് ഒരു പാക്കറ്റ് സിഗററ്റ് ഒരു കുപ്പി സ്പ്രേ. അങ്ങിനെ പോയി ഫോറിൻ സാധനങ്ങളുടെ വിതരണം.സർക്കാർ ലാവണക്കാരന് സാധാരണ കിട്ടുന്നത് ഹീറോ പേനാ ആയിരുന്നു.സ്വർണ വർണ നിറത്തിലുള്ള അടപ്പും കറുപ്പോ പിങ്കോ നിറമുള്ള അടിഭാഗവുമുള്ള ഹീറോ പേനാ പോക്കറ്റിൽ കുത്തി നടക്കുന്നത് അന്നൊക്കെ അന്തസ്സിന്റെ ലക്ഷണമായിരുന്നുവല്ലോ.,
 ഗൾഫ്കാരൻ കൊണ്ട് തരുന്ന സ്പ്രേ അടിച്ച് മറ്റുള്ളവരുടെ തല  മരവിപ്പിക്കുന്നത് ആ കാലഘട്ടത്തിന്റെ ശേലായിരുന്നു.ജപ്പാൻ നിർമ്മിത ട്രാൻസിസ്റ്ററും വലിയ സ്പീക്കർ ഉള്ള ഡക്ക് സെറ്റും തൊട്ട് തൊഴാൻ വരെ ആൾക്കാർ തയാറായി.  ഏതൊരു ഫോറിൻ സാധനങ്ങളും പ്രദർശിപ്പിക്കുന്നത് അന്തസ്സായി കണക്കാക്കപ്പെട്ട കാലമായിരുന്നത്. അടി വസ്ത്രങ്ങൾ വരെ “ഇത് ഫോറിൻ ആണേ!“ എന്ന് പറഞ്ഞ്  പ്രദർശിപ്പിക്കുന്ന നാട്ടിൻപുറത്ത് കാരനെ സംബന്ധിച്ച് വെടിക്കെട്ട് തമാശക്കഥകൾ  രചിക്കപ്പെട്ടത് കേട്ട് വിദേശത്തിരുന്ന് തന്നെ ഗൾഫ്കാരൻ ചിരിച്ചു.
നാട്ടിൽ തന്നെ പിന്നീട് ഫോറിൻ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കപ്പെടുകയും അങ്ങിനെ ബീമാപ്പള്ളിയും തിരൂരും കൊടുങ്ങല്ലൂരും കോഴിക്കോടും ഫോറിൻ സാധങ്ങൾ വിൽക്കുന്ന കടകൾക്ക് പ്രസിദ്ധി ലഭിക്കുകയും ചെയ്തു. പിന്നെ പിന്നെ എല്ലാ സ്ഥലങ്ങളിലും ഡ്യൂട്ടി പെയ്ഡ് ബോർഡോട് കൂടി ഫോറിൻ സാധങ്ങൾ വിൽക്കുന്ന കടകൾ സുലഭമായി തീർന്നപ്പോൾ ഫോറിൻ സാധനങ്ങളുടെ  ബഹുമതിക്ക് മങ്ങലേൾക്കാൻ തുടങ്ങി. അവസാനമായപ്പോൾ പ്രവാസി തന്നെ നാട്ടിലെത്തി ബീമാപ്പള്ളിയിലും കോഴിക്കോടും പോയി സാധനങ്ങൾ പെട്ടിയിൽ നിറച്ച് ഫോറിനായി കൊണ്ട് വന്നു ഡ്യൂട്ടി അടിയിൽ നിന്നും രക്ഷ  തേടി.
ജപ്പാൻ സാധനങ്ങൾക്ക് വരെ ഡ്യൂപ്പ് ഇറങ്ങുകയും ഫോറിൻ സാധനങ്ങൾക്കൊപ്പം ഗുണത്തിൽ ഇന്ത്യൻ സാധനങ്ങൾ പിടിച്ച്  നിൽക്കാൻ ആരംഭിക്കുകയും ചെയ്തപ്പോൾ ഫോറിൻ സാധനങ്ങൾക്ക് വിലയിടിവും ചെടിപ്പും നേരിട്ടു. കല്യാണ ചന്തയിൽ പോലും ഫോറിൻ ചെക്കന്മാരെ പെൺകുട്ടികൾക്ക് മടുപ്പുമായി.
എങ്കിലും പ്രവാസിയും പെട്ടിയും ഫോറിൻ സാധനങ്ങളും  നിറഞ്ഞ് നിന്ന അന്നത്തെ കാലം അതിശയക്കാലമായിരുന്നു എന്ന് പറയാതെ വയ്യ.
  ആധുനിക കേരള ചരിത്രം രചിക്കപ്പെടുമ്പോൾ നാട്ടിൻപുറങ്ങളെ വരെ അടിമുടി മാറ്റിയ ഫോറിൻ സാധനങ്ങളെ അർഹിക്കുന്ന വിവരണങ്ങളോട്  കൂടി തന്നെ രേഖപ്പെടുത്തേണ്ടിയിരിക്കുന്നു. 

No comments:

Post a Comment