Thursday, September 24, 2020

അമ്പഴവും ഒരു പ്രേമവും.

 ഞാൻ കുഞ്ഞുന്നാളിൽ വേദ പഠനം നടത്തിയ ഓത്തുപള്ളിയിൽ വെച്ചുണ്ടായ  കുഞ്ഞ് പ്രേമത്തിന്റെ കഥയാണിത്. കഥാ നായികയുടെ പേര് സൊഹർബാൻ.

അമ്പഴങ്ങയാണ് ഞങ്ങളെ തമ്മിൽ അടുപ്പിച്ചത്. അവൾക്കത് വളരെ ഇഷ്ടമായിരുന്നു. ഓത്ത് പള്ളിയിലേക്ക് വരുന്ന വഴിയരികിലെ ഒരു ഉമ്മുമ്മായുടെ പറമ്പിൽ നിൽക്കുന്ന അമ്പഴത്തിലെ കായ ഞാൻ എറിഞ്ഞിട്ട് അവൾക്ക് കൊണ്ട് കൊടുക്കും. എട്ട് വയസ്സുകാരി കാതിൽ വെള്ളി അലുക്കത്തിട്ട് വെളുത്ത് സുന്ദരിയായ സൊഹർബാൻ അമ്പഴങ്ങാ കടിച്ച് പുളി കൊണ്ട് കണ്ണിറുക്കി പിടിച്ച് പത്ത് വയസ്സുകാരനായ എന്നോട് പറയും “നാളെയും കൊണ്ട് വരണേടാ...“ 

ഏതോ ഒരു വലിയ സ്രാങ്കിന്റെ  പുന്നാരമോളായ അവൾ അടുത്ത കാലത്താണ് ആലപ്പുഴ വട്ടപ്പള്ളിയിലെ എന്റെ വീടിന്റെ തെക്ക് വശം പുതിയ വീട് വാങ്ങി താമസമായത്. വൈകുന്നേരങ്ങളിൽ എന്റെ കൂട്ടുകാരൻ വാങ്കി തങ്ങളുടെ മകൻ ലത്തീഫിനെ കാണാനെന്ന വ്യാജേനെ അവളുടെ വീടിന് സമീപം ഞാൻ കറങ്ങി നടക്കുമായിരുന്നു. ഓത്ത് പള്ളിയിൽ എനിക്കെതിർവശം ഇരുന്ന് ഓതിക്കൊണ്ടിരുന്ന അവളെ ഞാൻ കണ്ണീമക്കാതെ നോക്കി ഇരിക്കും.    എന്തൊരു വെളുപ്പാണ് അവൾക്ക്. 

 ഇരിക്കുന്ന സ്ഥലത്ത് നിന്ന് അവൾ എഴുന്നേറ്റപ്പോൾ ഒരു ദിവസം അവൾ ധരിച്ചിരുന്ന പച്ച പാവാട മാറി അവളുടെ കണങ്കാലും അതിന് മുകൾ ഭാഗവും കണ്ടപ്പോൾ ഞാൻ തിരിച്ചറിഞ്ഞു, അവൾ മൊത്തം വെളുത്ത നിറക്കാരിയാണെന്ന്. ആ കാഴ്ചയുടെ  ആവേശത്തിൽ പിറ്റേന്ന് അമ്പഴങ്ങാ കൊടുത്തപ്പോൾ ഞാൻ അവളോട് പറഞ്ഞു, “നിന്നെ ഞാൻ കെട്ടും.“ അത് കേട്ട അവൾ ഗൗരവത്തോടെ  ആകാശത്തേക്ക് നോക്കി എന്നിട്ട് എന്നോട് അതേ ഗൗരവത്തിൽ ചോദിച്ചു, “ദിവസവും അമ്പഴങ്ങാ കൊണ്ട് തരുമോ?“

“ഇൻഷാ അള്ളാ....“ ഞാൻ പറഞ്ഞു. 

“ശരി എങ്കിൽ ഞാൻ സമ്മതിച്ചു.“ അവൾ വാക്ക് തന്നു.

ആ വർഷത്തിലെ മഞ്ഞ് കാലത്ത് വട്ടപ്പള്ളിയിൽ പട്ടിണി പാവങ്ങളുടെ വീടുകളിലെ കുട്ടികളുടെ ശരീരത്തിൽ ചൊറി പടർന്ന് പിടിച്ചു.പോഷകാഹാരങ്ങളും മറ്റും ഇല്ലാതെ അരവയറും ചിലപ്പോൾ മുഴു പട്ടിണിയുമായി കഴിഞ്ഞിരുന്നിരുന്ന ആ കാലങ്ങളിൽ  ചൊറി മറ്റുള്ളവരെ പോലെ എന്നെയും ബാധിച്ചു. എന്റെ രണ്ട് കൈകളിലുമാണ് ചൊറി ബാധ കൂടുതലും ഉണ്ടായിരുന്നത്. ഉറുമാല് കൊണ്ട് കൈ മറച്ച് ഈച്ചയിൽ നിന്നും ഞാൻ അഭയം തേടി.

അന്ന് അമ്പഴങ്ങായുമായി ഞാൻ സൊഹർബാനെ സമീപിച്ച് അമ്പഴങ്ങാ നീട്ടി. അവൾ എന്റെ കയ്യിൽ നോക്കി എന്നോട്  ചോദിച്ചു“ നിന്റെ കയ്യിൽ ചൊറിയാണോടാ, എങ്കിൽ ചൊറി മാറിയിട്ട് തന്നാൽ മതി.“ അന്ന് ഉമ്മുമ്മായുടെ കണ്ണ് വെട്ടിച്ച് അമ്പഴങ്ങാ പറിച്ച വിഷമം എനിക്കേ അറിയുള്ളൂ, അതെല്ലാം അവഗണിച്ച്  എന്റെ ചൊറി നോക്കി  അമ്പഴങ്ങാ വേണ്ടെന്ന് പറഞ്ഞപ്പോൾ എനിക്ക് എന്തെന്നില്ലാത്ത  വിഷമവും അരിശവും അനുഭവപ്പെട്ടു. എന്റെ കണ്ണ് നിറഞ്ഞു. അവൾ എന്റെ നേരെ പുസ്കെന്ന് ഒരു നോട്ടവും നോക്കി കടന്ന് പോയി.

പിന്നീട് എന്റെ ചൊറി മാറി ഞാൻ കയ്യിൽ ഉറുമാൽ ഇല്ലാതെ ഓത്ത് പള്ളിയിൽ വന്ന് തുടങ്ങിയ  ആ ദിവസം അവൾ എന്റെ അടുത്തേക്ക് ഓടി വന്നു ചോദിച്ചു, “ഏടാ അമ്പഴങ്ങാ കൊണ്ട് വന്നില്ലേടാ...“

“അമ്പഴങ്ങാ അല്ല, ....ഞാൻ കൊണ്ട് വന്നത്..“ ഒരു മുഴുത്ത തെറിയാണ് ഞാൻ അവളോട് പറഞ്ഞത്. അവളുടെ മുഖം ചുവന്നു വല്ലാതായി.അവൾ വിക്കി വിക്കി എന്നോട് പറഞ്ഞു “ എങ്കിൽ  നിന്നെ ഞാൻ കെട്ടൂല്ലാ....“

“ഓ! പിന്നേയ്...എനിക്ക് വേറെ രാജകുമാരികളെ കിട്ടും....“ എന്ന് പറഞ്ഞ് ഞാൻ സ്ഥലം കാലിയാക്കി. പിന്നെ അവളോട് ഞാൻ മിണ്ടിയിട്ടില്ല, അവളും എന്നോട് മിണ്ടിയില്ല.

എന്നാണ് ഓത്ത് പള്ളിയിലെ പഠനം അവസാനിച്ചതെന്നോ എന്നാണ് അവസാനമായി സൊഹർബാനെ കണ്ടതെന്നോ എനിക്കോർമ്മയില്ല, സൂര്യനുദിച്ച് അസ്തമിക്കുന്ന സാധാരണ സംഭവം പോലെ  ഒരു ദിവസം അതെല്ലാം നടന്ന് കാണും. 

പിന്നീട് എത്രയോ വർഷങ്ങൾക്ക് ശേഷം യൗവനത്തിൽ  ഞാൻ കത്തി ജ്വലിച്ച് നിന്ന  ഒരു നാളിൽ ആലപ്പുഴയിൽ എത്തിയ ഞാൻ  ഓർമ്മകൾ ഉറങ്ങി കിടന്നിരുന്ന കടപ്പുറത്ത് പോയിരുന്നു പിന്നെയും പിന്നെയും തീരങ്ങളെ ചുംബിച്ചുണർത്തുന്ന തിരകളെയും നോക്കി കഴിഞ്ഞ് പോയ  സൗഹൃദങ്ങളുടെ  ഓർമ്മകളിൽ ലയിച്ചിരുന്നപ്പോൾ  എന്റെ മുമ്പിൽ വന്ന് നിന്ന ഒരു സ്ത്രീ എന്നെ നോക്കി ചോദിച്ചു, “എന്നെ അറിയുമോടാ“  ഞാൻ അവളെ സൂക്ഷിച്ച് നോക്കി. അടുത്ത് രണ്ട് ആൺ കുട്ടികളുമുണ്ട്. എന്റെ ശങ്ക കണ്ട് അവൾ  ചിരിച്ച് കൊണ്ട് പറഞ്ഞു “...ഞാൻ സൊഹർബാൻ...അമ്പഴങ്ങാ.....“

തിരിച്ചറിവ് എന്റെ തലയിലേക്കെത്തി  ഞാൻ ചിരിച്ചു. എന്റെ ഉള്ളിലേക്ക് ഓർമ്മകൾ അലയടിച്ചെത്തിയല്ലോ. വെളുത്ത് തടിച്ചിരുന്നെങ്കിലും ആ സൗന്ദര്യത്തിന് കോട്ടം തട്ടിയിരുന്നില്ല. കാതിൽ അലുക്കത്തില്ലായിരുന്നു. അവൾ എന്നെ കണ്ണീമക്കാതെ നോക്കി നിന്നു. “നിന്നെ കാണാൻ നല്ല  ശേല് ഉണ്ടല്ലോടാ....“ ഒന്ന് നിർത്തിയിട്ട് അവൾ ചോദിച്ചു, “നിനക്ക് രാജകുമാരിയെ കിട്ടിയോടാ.....“ ഞാൻ മറുപടി പറയാതെ ചിരിച്ച് കൊണ്ട് തന്നെ  അവളോട് ചോദിച്ചു “ നിന്റെ ആളെന്തിയേ?...“

“ഇവരുടെ വാപ്പാ ഗൾഫിലാണ്...“ അവൾ പറഞ്ഞു.

 ചുവന്ന് തുടുത്ത സൂര്യൻ കടലിലേക്ക് മറയാൻ അൽപ്പം കൂടിയേ ബാക്കി ഉണ്ടായിരുന്നുള്ളൂ. സന്ധ്യയുടെ ചെന്തുടിപ്പ് എന്നെയും അവളെയും അന്തരീക്ഷത്തെയും ചുവന്ന നിറത്തിലാക്കി. “സന്ധ്യയായി, ഞാൻ പോകട്ടേടാ.....ഇനിയും കാണാം....“ അവൾ കുട്ടികളുമായി  പൂഴി മണ്ണിലൂടെ നടന്ന് പോയി.  കുറേ ദൂരം ചെന്ന് കഴിഞ്ഞ് അവൾ എന്നെ തിരിഞ്ഞ് നോക്കി. ഞാനും നോക്കി നിന്നു.

പിന്നെ ഞാൻ സൊഹർബാനെ കണ്ടിട്ടില്ല, ഇത് വരെ.

കോവിഡ് കാലത്തെ മനം മടുപ്പിക്കുന്ന വിരസതയിൽ എത്രാമത്തെയോ തവണ ഞാൻ ബിമൽ മിത്രയുടെ “വിലക്ക് വാങ്ങാം നോവലിലൂടെ  കടന്ന് പോയപ്പോൾ അതിലൊരിടത്ത് അമ്പഴ മരവും അതിലിരുന്ന് കരയുന്ന കാക്കയെയും വായിച്ചു. ആ നേരം സൊഹർബാനും  അമ്പഴങ്ങയും എന്റെ ഉള്ളിലേക്ക് കടന്ന് വന്നുവല്ലോ.


No comments:

Post a Comment