Sunday, September 27, 2020

പൈപ്പ് വെള്ളവും ഉച്ചക്കൂണും

 റ്റി.എസ് അബ്ദുൽ റഹുമാൻ കമ്പനി  ആലപ്പുഴ ചുങ്ക പാലത്തിന് സമീപം തോടിന്റെ വടക്കേ കരയിലാണ്. അതിന്റെ മുതലാളി കൊച്ചീക്കാരൻ വെളുത്ത് കാലിൽ മുടന്തുള്ള  ഒരാളായിരുന്നു.കമ്പനി മൂപ്പൻ എന്റെ അമ്മാവനും.

എസ്.എസ്.എൽ.സി. പരീക്ഷ എഴുതി  ഫലം കാത്തിരിക്കുന്ന ഞാൻ ഉപജീവനത്തിനായി  കയറ് മാടാനും മറ്റ് ജോലിക്കുമായി അവിടെ ചേർന്നു. എന്റെ കൂട്ടുകാരൻ  എന്നേക്കാളും രണ്ട് വയസ്സ് പ്രായക്കൂടുതൽ ഉള്ള  സിറാജ് ആയിരുന്നു. അവൻ ചുങ്കത്തിന്റെ കിഴക്ക് ഭാഗത്തെവിടെയോ താമസമാണ്. ഉച്ച നേരം ആഹാരം കഴിക്കാനായി ഞങ്ങൾ തൊഴിലാളികൾ  കല്ല് പാലത്തിനടുത്ത് ഒരു മുസ്ലിം ഹോട്ടലിലാണ് പോകാറ് പതിവ്. ഒരു ഊണിന് 40 പൈസാ.

ഞങ്ങൾ കുറേ പേർ കല്ല്പാലത്തിന് സമീപം ഉണ്ണാൻ പോകുമ്പോൾ സിറാജ് ഞങ്ങൾ പോകുന്ന ഹോട്ടലിൽ വരുകയില്ല. അതിലും വലിയ ഒരു ഹോട്ടൽ തെക്കേ കരയിലെവിടെയോ ഉണ്ട് അവൻ അവിടെയേ പോകൂ എന്നും ഊണിന് ഞങ്ങൾ കൊടുക്കുന്ന വിലയേക്കാൾ കൂടുതൽ കൊടുത്താണ് അവൻ അവിടെ നിന്നും ഉണ്ണുന്നതെന്നും വെറും കച്ചടാ ഹോട്ടലിലൊന്നും അവൻ കയറില്ലാ എന്നും അവൻ എന്നോട് പറഞ്ഞു. അവന്റെ സംഭാഷണം എപ്പോഴും വലിയ നിലയിലെ കാര്യങ്ങളെ പറ്റി ആയതിനാൽ ബഹുമാനത്തോടെയാണ് ഞാൻ അവനെ കണ്ടിരുന്നത്. അങ്ങിനെ ഇരിക്കവേ  ഒരു ദിവസം ഞാൻ ഊണ് കഴിഞ്ഞ് തെക്കേ കരയിൽ ഒരു മലഞ്ചരക്ക് ഗോഡൗണിൽ ടാലി ക്ളർക്കിന്റെ ഒഴിവുള്ളതിനെ പറ്റി അന്വേഷിക്കാൻ പോയി. തിരിച്ച് വരുമ്പോൾ റോഡിന് സമീപമുള്ള മുനിസിപ്പാലിറ്റി വക പൈപ്പിൽ നിന്നും സിറാജ് വെള്ളം മട മടാ കുടിക്കുന്നു. എന്നിട്ട്  സമീപമുള്ള ഗുജറാത്തി വക വരാന്തയിൽ നീണ്ട് നിവർന്ന് കിടക്കുന്നു. എന്നെ അവൻ കണ്ടിരുന്നില്ല. ഞാൻ പതുക്കെ അവന്റെ സമീപം ചെന്നു. അവൻ ധരിച്ചിരുന്ന കുപ്പായം ഊരി തലയിണക്കായി ഉപയോഗിച്ചിരുന്നതിനാൽ അവന്റെ വയറ് ഒട്ടി നട്ടെല്ലിനോട് ചേർന്നിരുന്ന കാഴ്ച ഞാൻ കണ്ടു. എന്നെ കണ്ട ഉടൻ അവൻ ചാടി എഴുന്നേറ്റു. അവന്റെ മുഖത്ത് സൈക്കിളിൽ നിന്നും വീണ് എഴുന്നേൽക്കുമ്പോഴുള്ള ആ ജാള്യ ചിരി കഷ്ടപ്പെട്ടു വരുന്നത് ഞാൻ കണ്ടുവല്ലോ.

“ഇതാണാടാ നിന്റെ വലിയ ഹോട്ടൽ...“പൈപ്പ് ചൂണ്ടി ഞാൻ ചോദിച്ചു.

അപ്പോൾ അവിടെ സംഭവിച്ചത് ഒരു വലിയ പൊട്ടിക്കരച്ചിൽ ആയിരുന്നു.അവൻ ഏങ്ങലടിച്ച് കരഞ്ഞ് കൊണ്ടേ ഇരുന്നു. ഞാനും വല്ലാതായി.

“എടാ ആരോടും പറയരുതേ! നാണക്കേടാ.....ഞാൻ ഉച്ചക്ക് ഉണ്ടാൽ എന്റെ വീട്ടിൽ എല്ലാ ചട്ടിയിലും കഞ്ഞി പകരാൻ പറ്റില്ലാ...“

അവൻ പറഞ്ഞു, അവന്റെ ബാപ്പാ  രോഗിയായതിനാൽ ജോലിക്കൊന്നും പോവില്ല. പക്ഷേ ഉമ്മായുടെ പ്രസവത്തിന് പഞ്ഞമില്ല. അവന് താഴെ നാലെണ്ണമുണ്ട്. അത്രയും പേരൂടെ ആഹാരത്തിന് ആകെ വരുമാനം  അവൻ ജോലി ചെയ്തുണ്ടാക്കുന്നത് മാത്രം. പ്രായമായ ഉമ്മുമ്മാ രാവിലെ അപ്പം ഉണ്ടാക്കി  കല്ല് പാലത്തിന് സമീപം കൊണ്ട് വിറ്റ് കിട്ടുന്നത് കൊണ്ട് രാവിലെ എങ്ങിനെയും തട്ടി കഴിക്കും..പിന്നെങ്ങിനെ ഉച്ചക്ക് അവൻ ഊണ് കഴിക്കാനാണ്.

ഞാൻ കരുതി ഞാനാണ് വലിയ ദരിദ്രവാസിയെന്ന്...ഇതാ എന്നെക്കാളും വലിയ ദരിദ്രവാസി. പിറ്റേന്ന് മുതൽ ഞാൻ 50 പൈസാ കൊടുത്ത് ഒരു പൊതി ചോറ് വാങ്ങാൻ തുടങ്ങി. ആ പൊതി ചോറ് ഞങ്ങൾ രണ്ട് പേരും പങ്കിട്ട് കഴിക്കും. അത് കഴിക്കുന്നത് വള്ളക്കടവിൽ പോയിരുന്നാണ്. അവിടെ ധാരാളം കെട്ട് വള്ളങ്ങൾ കയറ്റിറക്കാനായി  വരുമായിരുന്നു. ഏതെങ്കിലും വള്ളത്തിൽ നിന്നും ഒരു ചട്ടി വാങ്ങി അവന്റെ പങ്ക് ചട്ടിയിലാക്കി കൊടുക്കും. ആദ്യമാദ്യം അവൻ എതിർക്കുകയും കണ്ണിൽ വെള്ളം നിറക്കുകയും ചെയ്തെങ്കിലും ഞാൻ നിർബ്നധിച്ച് ഊട്ടുമായിരുന്നു. ഞങ്ങളുടെ ഒത്തൊരുമ കണ്ട് ചിലപ്പോൾ വള്ളക്കാർ അൽപ്പം മീൻ കറിയൊക്കെ തരും. അവർ തന്നിരുന്ന കുടം പുളി ഇട്ട കരിമീൻ മുളക് കറിയുടെ രുചി വേറെ എവിടെ നിന്നും എനിക്ക് പിന്നീട് കിട്ടിയിട്ടില്ല.

റ്റി.എസ്. അബ്ദുൽ റഹുമാൻ കമ്പനിയിൽ നിന്നും ലോകത്തിന്റെ വിശാലതയിലേക്ക് ഞാൻ  ഇറങ്ങി പോകുന്നത് വരെ സിറാജ് അവിടെ ഉണ്ടായിരുന്നു. പിന്നീട് ജീവിതത്തിലൊരിക്കലും അവനെ ഞാൻ കണ്ടിട്ടില്ല.ജീവിതത്തിൽ ഒരു വിധം പിടിച്ച് നിൽക്കാൻ പിന്നീട് എനിക്ക് കഴിഞ്ഞിരുന്ന കാലത്ത് പഴയ സൗഹൃദങ്ങൾ തിരക്കി  അലയുന്നത് എനിക്ക് ഇഷ്ടമുള്ള വിഷയമായിരുന്നു. ജീവിതത്തിൽ എന്റെ ആകെ സമ്പാദ്യം ആ സൗഹൃദങ്ങളായിരുന്നല്ലോ. ഇന്നും ഞാൻ പലരേയും അന്വേഷിക്കുന്നു.

റ്റിഎസ്. അബ്ദുൽ റഹുമാൻ കമ്പനി ഇന്നുണ്ടോ എന്നെനിക്കറിയില്ല.    ഏറെ വർഷങ്ങൾക്ക് മുമ്പ് എന്റെ അമ്മാവൻ ആ കമ്പനിയിൽ നിന്നും പിരിഞ്ഞ് പോയിരുന്നു. അദ്ദേഹം പിൽക്കാലത്ത് മരിക്കുകയും ചെയ്തു.

പക്ഷേ സിറാജിനെ എനിക്ക് കണ്ടെത്താനായില്ല. ലോകത്തിന്റെ  ഏതെങ്കിലും കോണിൽ അവൻ എരിഞ്ഞടങ്ങി കാണും.   ഫാക്ടറി തൊഴിലാളി, കർഷക തൊഴിലാളി, നിർമ്മാണ തൊഴിലാളി, ആട്ടൊ റിക്ഷാ തൊഴിലാളി , കടയിൽ എടുത്ത് കൊടുപ്പ് തൊഴിലാളി മുതലായ  താഴ്ന്ന വരുമാനമുള്ള മനുഷ്യർ  എങ്ങിനെ ജീവിതത്തിന്റെ ഉയർച്ചയിലെത്താനാണ്. അല്ലെങ്കിൽ പിൽക്കാലത്തുണ്ടായ ഗൽഫ് പ്രയാണത്തിൽ ആ മനുഷ്യർ കര കയറിയിരിക്കണം. അപ്രകാരം സിറാജ് കരകയറി കാണണേ എന്നാണെന്റെ പ്രാർത്ഥന.

No comments:

Post a Comment