Saturday, September 12, 2020

നാസ്സറും സെൻട്രൽ നാസ്സറും

 നാസർ

ഇത്  കോടതിയിലെ ഒരു ഉദ്യോഗത്തിന്റെ പേരാണ്. ജില്ലാ കോടതി, സബ് കോടതി എന്നിവിടങ്ങളിൽ  സെൻട്രൽ നാസർ എന്നും മുൻസിഫ് കോടതിയിൽ  ഡെപ്യൂട്ടി നാസർ എന്ന പേരിലും അറിയപ്പെടും ഈ തസ്തിക. ചുരുക്കി പറയുമ്പോൾ നാസർ എന്നും അറിയപ്പെട്ട് വരുന്നു. നാസറിന്റെ   വകുപ്പിനെ നാസറേത്ത്  എന്നും വിളിക്കപ്പെടും. നാസറെന്ന  പേര് ഉണ്ടാക്കി വെച്ചിട്ടുള്ള വിനകൾ  ചെറുതല്ല. അതിൽ ചിലത് ഇവിടെ കുറിക്കുന്നതിന് മുമ്പ് എന്താണ് ഈ ഉദ്യോഗസ്തന്റെ ജോലി എന്ന് കൂടി പറയേണ്ടി ഇരിക്കുന്നു.

 കോടതിയിൽ കിട്ടിയ  അന്യായം, ഹർജി തുടങ്ങിയവയിൽ എതിർഭാഗത്തിന്  മറുപടി നൽകുന്നതിന് വക്കീൽ മുഖേനെയോ നേരിലോ ഹാജരാകുന്നതിനായി   ഹാജരാകേണ്ട തീയതിയും സമയവും കാണിച്ച് പരാമർശ  ഹർജിയുടെ പകർപ്പ് സഹിതം എതിർ കക്ഷിക്ക് അയച്ച് കൊടുക്കാൻ ജഡ്ജ് ഉത്തരവിടുമ്പോൾ  നിശ്ചിത ഫോറത്തിൽ അയക്കുന്ന നോട്ടീസിന്റെ (സമൻസിന്റെ)  താഴെ “ഉത്തരവിൻ പ്രകാരം“ എന്ന മേമ്പൊടി ചേർത്ത് ഒപ്പിട്ട് അയക്കുക, സിവിൽ വാറന്റ്, ജപ്തി ഉത്തരവ് മുതലായവ ആമീന്മാരെ ചുമതലപ്പെടുത്തുക, കേസ് വസ്തു ലേലം ചെയ്യുക, തുടങ്ങി ധാരാളം വകകളുടെ അധികാരിയാണ് നാസർ. ചുരുക്കത്തിൽ പ്രോസസ് സെക്ഷന്റെ തലവനാണ് ആ ഉദ്യോഗസ്തൻ.

സർവീസിൽ കയറിയ ആദ്യ നാളുകളിൽ തന്നെ  നാസർ പേര് എന്നെയും കുഴക്കി. എല്ലാവരുമായി കയറി സൗഹൃദം സ്ഥാപിക്കുന്ന ഞാൻ  നാസർ എന്നോ ആരോ വിളിക്കുന്നത് കേട്ട് ആ കക്ഷിയുമായി സൗഹൃദം പുതുക്കാനായി ചെന്ന് “അസ്സലാമു അലൈക്കും നാസ്സർ സാഹിബേ!“ എന്ന് അഭിവാദ്യം ചെയ്തു. ആ ഉദ്യോഗസ്തൻ എന്നെ രൂക്ഷമായി നോക്കി “ വന്ന് കയറിയതല്ലേ ഉള്ളൂ, അതിന് മുമ്പ് തന്നെ എന്നെ ഊതാൻ വന്നോ?‘ എന്ന് പ്രതികരിച്ചു. ജാള്യത മറക്കാനായി ഞാൻ ചോദിച്ചു , ഇവിടെ അടുത്ത് പള്ളി എവിടെയാണ്? ഉടൻ അദ്ദേഹത്തിന്റെ പ്രതികരണം “ലത്തീൻ പള്ളി, സിറിയൻ പള്ളി, യാക്കോബയാ പള്ളി, “ ഇതിൽ ഏത് വേണം.

 ശരിയല്ലാത്ത സംഭാഷണം കണ്ട് ഈ ഹിമാറ് എവിടെന്ന് വന്നെടാ എന്ന് സ്വയമേ പറഞ്ഞ് ഞാൻ ഉടനെ അവിടന്ന് തടി സലാമത്താക്കി..  പിന്നീടാണ് ഞാൻ അറിഞ്ഞത് അയാളുടെ പേർ, യോഹന്നാൻ എന്നാണെന്നും, നാസർ ഉദ്യോഗം എന്താണെന്നും.

വർഷങ്ങൾ കഴിഞ്ഞ് ഞാൻ കൊട്ടാരക്കര സബ് കോടതിയിൽ ജോലി നോക്കി വരവേ ആ കോടതിയിലെ ഗോമതി സാർ (അന്ന് മാഡം വിളി പ്രാബല്യത്തിൽ ആയിട്ടില്ല ആണായാലും പെണ്ണായാലും സാർ വിളി മാത്രം  ) ഓടി വന്ന് “ഷരീഫ് സാറേ, ദേ ഇതൊന്ന് നോക്കിയേ എന്നും പറഞ്ഞ്  ആ കാലത്തെ എയർ മെയിൽ കവറും അതിനുള്ളിലെ ഒരു കത്തും കാണിച്ചു. അന്ന് ഗോമതി സാർ കോടതിയിലെ നാസർ  ആണ്. ഞങ്ങൾ അവരെ അമ്മായീ എന്നാണ് വിളിച്ചിരുന്നത്. അമ്മായി ചിരിയുടെയും കരച്ചിലിന്റെയും മദ്ധ്യത്തിലുള്ള മുഖഭാവമായാണ് എന്നെ സമീപിച്ചത്.  കത്ത് കോടതിയിലെ ജഡ്ജ് അദ്ദേഹത്തിനാണ് അതിലെ ആദ്യ വരികൾ അയാൾക്ക് എതിരെ ഭാര്യ അയച്ച വിവാഹ മോചന കേസിലെ  ഹർജി പകർപ്പിലെ വസ്തുതകൾ കള്ളമാണെന്നും  അത് വിശ്വസിക്കരുതെന്നും കാണിച്ചിരുന്നു. അന്ന് കുടുംബ കോടതികൾ നിലവിൽ വന്നിട്ടില്ല. മുസ്ലിം സ്ത്രീകൾ വിവാഹ മോചനത്തിനായി ഫസഖ് ഹർജികൾ മുൻസിഫ് കോടതിയാണ് കൈകാര്യം ചെയ്യുന്നത്. മുൻസിഫിലെയും പ്രോസസ് സബ് കോടതിയിലെ നാസറാണ്  ഒപ്പിടുന്നത്. കത്തിന്റെ അവസാന ഭാഗമാണ് അമ്മായിയെ ഭയപ്പെടുത്തിയത്. 

ബഹുമാനപ്പെട്ട  അദ്ദേഹം അറിയുന്നതിന് , എന്റെ ഭാര്യ എന്നെ ഒരിക്കലും വേണ്ടെന്ന് വെക്കില്ല ,ഈ നാസർ ഒരുത്തനാണ് അവളെ പ്രേരിപ്പിച്ച് മനസ്സ് മാറ്റിയത്. സാറിന്റെ സീൽ ഇല്ലായിരുന്നു എങ്കിൽ ഈ പേപ്പർ ഞാൻ മുനിസിപ്പാലിറ്റി കുപ്പ തൊട്ടിയിൽ വലിച്ചെറിഞ്ഞേനെ, നാസർ എന്നവനെ ഞാൻ നാട്ടിൽ വരുമ്പോൾ എടുത്തോളാം.....അമ്മായി വിരണ്ടത് ഈ വരി കണ്ടിട്ടാണ്. കൂട്ട ചിരികൾക്കിടയിൽ അമ്മായിയെ ഞങ്ങൾ ഒരുവിധം സമാധാനിപ്പിച്ചു. 

അടുത്ത കാലം വരെ ആ കത്ത് ഞാൻ സൂക്ഷിച്ചിരുന്നു, അമ്മായി ഇപ്പോൾ  ഉണ്ടോ എന്നറിയില്ല. പക്ഷേ അന്ന് ആ കോടതിയിൽ ജോലി ചെയ്തിരുന്ന  ഇപ്പോൾ ഫെയ്സ് ബുക്കിൽ സജീവമായുള്ള പലർക്കും ഈ സംഭവം അറിയാം.

ഇപ്പോഴും നാസർ എന്ന ലാവണവും നാസറേത്തും  കോടതികളിൽ നിലവിലുണ്ട്.

 

No comments:

Post a Comment