Tuesday, September 1, 2020

ഓണം പൂർവ സ്മരണകൾ

മലർ തോറും മന്ദഹാസം വിരിയുന്നതെന്തിനാവാം
പിരിയാതെ എന്നും വാഴാം നമ്മോടോതിടുന്നതാവാം
സുന്ദരമായ ഈ സിനിമാഗാനം രാധ ചേച്ചി പാടിക്കൊണ്ടിരുന്നു. ഊഞ്ഞാലിൽ ആയിരുന്നു ഞങ്ങൾ. എന്റെ കുഞ്ഞുന്നാളിലെ ഓണമായിരുന്നത്. ആ കാലത്തിറങ്ങിയ തസ്കര വീരൻ എന്ന സത്യൻ പടത്തിലേതായിരുന്നു ആ ഗാനം.
 വെട്ടി തിളങ്ങുന്ന നിലാവും  പണിക്കത്തിയുടെ വീടിന്റെ ഭാഗത്ത് നിന്നും  കേൾക്കുന്ന കുരവയും ആർപ്പ് വിളികളും. വെള്ള മണൽ പരപ്പും    എല്ലാം ചേർന്ന് മനസ്സിൽ ആഹ്ളാദം നിറക്കുമ്പോൾ തന്നെ  വീട്ടിൽ ചെന്നാൽ എനിക്ക് അടി കിട്ടുമോ എന്നുള്ള ഭയവും അന്ന് എന്നെ അലട്ടിയിരുന്നല്ലോ.
ആലപ്പുഴയിലെ വട്ടപ്പള്ളീ ഭാഗം യാഥാസ്തിക മുസ്ലിങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശവും അവിടെ തന്നെ ഒരു ചെറു പ്രദേശത്ത് മാത്രം മുസ്ലിമേതര ആൾക്കാർ  താമസിക്കുകയും ചെയ്തിരുന്നു. എങ്കിൽ തന്നെയും പരസ്പരം സ്നേഹത്തൊടെയും സഹകരണത്തൊടെയുമുള്ള ജീവിതമായിരുന്നു അത്.
 ഓണം ഞങ്ങൾക്ക് അപരിചിതമായിരുന്നല്ലോ. അത് നമ്മുടേതല്ല എന്ന ഒരു ഉറച്ച വിശ്വാസം മുസ്ലിങ്ങളിൽ ഉണ്ടായിരുന്നതിനാൽ വട്ടപ്പള്ളിയിൽ ഓണ ആഘോഷം അവർക്കുണ്ടായിരുന്നില്ല. അവിടെ പെരുന്നാളായിരുന്നു മുഖ്യം. എങ്കിലും ഓണത്തിന് പായസവും പെരുന്നാളിന് പത്തിരിയും ഇറച്ചിയും കൈമാറ്റങ്ങൾ നടന്നിരുന്നു.
 ഓണ സദ്യയും ഇലയിൽ ആഹാരം കഴിപ്പും പറഞ്ഞ് കേൾവി മാത്രം. ഓണത്തിന് പുന്നപ്ര അമ്പലപ്പുഴ  ഭാഗത്ത് ക്ഷണം കിട്ടി പോയിട്ടുള്ളവർ  ഇറച്ചിയും മീനുമില്ലാത്ത കറികൾ കൂട്ടി ഇലയിൽ  ചോറുണ്ടതും കയ്യിലെ നഖം കൊണ്ട് ഇല കീറിയതും സരസമായി വിവരിക്കുമ്പോൾ ഞങ്ങൾ കൗതുകത്തൊടെ കേട്ടിരുന്ന കാലമായിരുന്നത്.
അത് കൊണ്ട് തന്നെ ഓണം വരുമ്പോൾ ഞാൻ വീട്ടിലെ കണ്ണും വെട്ടിച്ച്  കിഴക്ക് ഭാഗത്ത് രവിച്ചേട്ടനും രാധ ചേച്ചിയും രമണിയും സരള ചേച്ചിയും ദാനവൻ ചേട്ടനും അമ്മാവനും രാജുവും  താമസിക്കുന്നിടത്ത് പോകും. അവിടെ തന്നെയായിരുന്നു ഞങ്ങൾ സ്വാമി എന്ന് വിളിക്കുന്ന എന്റെ ആദ്യകാല ഗുരു ശ്രീധരനും രാജിയും വാസു ചേട്ടനും നാണി അമ്മൂമ്മയും സരസ ചേച്ചിയും രാജമ്മ പാക്കരൻ തുടങ്ങിയവരും കഴിഞ്ഞിരുന്നത്. ഓണക്കളികൾ കാണാനും ഊഞ്ഞാലാടാനും വന്നിരുന്ന എന്നെ അവർ സ്നേഹത്തൊടെ സ്വീകരിച്ചിരുന്നു. രാധ ചേച്ചി എന്നെ ഊഞ്ഞാലിൽ കൂടെ ഇരുത്തി പാട്ട് പാടി തരുമായിരുന്നു.
ഒരു ഓണത്തിന് എന്നെ വാപ്പാ സൈക്കിളിൽ ഇരുത്തി പുന്നപ്രയിലുള്ള വക്കീൽ ഗുമസ്ഥൻ മാധവൻ പിള്ള ചേട്ടന്റെ വീട്ടിൽ കൊണ്ട് പോയി. അന്ന് ആദ്യമായി ഇലയിൽ ചോറുണ്ടു, ശർക്കര പുരട്ടി എന്ന മധുര മനോഹരമായ സാധനം അവിടെ നിന്ന് പൊതിയാക്കി ലഭിക്കുകയും ചെയ്തു.
കാലം കടന്ന് പോയപ്പോൾ ഞാൻ ആലപ്പുഴ വിട്ട് മലബാറിൽ എടപ്പാൾ എന്ന സ്ഥലത്ത് പോയി. അവിടെയും മുസ്ലിങ്ങൾക്ക് ഓണാഘോഷം ഇല്ലായിരുന്നു.
പിന്നീട് ഞാൻ കൊട്ടാരക്കരയെത്തി. അവിടെ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. പെരുന്നാളും ഓണവും മുസ്ലിങ്ങൾ ഒരു പോലെ കൊണ്ടാടുന്നത് ഞാൻ കണ്ടു. ഓണം പ്രമാണിച്ച് മുസ്ലിം വീടുകളിൽ ഊഞ്ഞാലും രംഗത്ത് വരും. കൊട്ടാരക്കരയിൽ ഓണം ദേശീയ ഉൽസവം തന്നെയായാണ് കണക്കാക്കപ്പെടുന്നത്. പണ്ട് ഇല്ലായ്മ കാലത്ത് ഉടുപ്പുകൾ എടുക്കുന്നത് പോലും കൊട്ടാരക്കരയിലെ ഭൂരിഭാഗം മുസ്ലിങ്ങളും ഓണത്തിനായിരുന്നു.അന്ന് മുസ്ലിം കടകൾ പ്രത്യേകിച്ച് പച്ചക്കറി, തുണിക്കടകൾ തുടങ്ങിയവ പാതിരാത്രി വരെ തുറന്നിരുന്നല്ലോ. ഓണത്തിന് സിനിമാ കൊട്ടകകൾ സ്പഷ്യൽ ഷോ വരെ വെച്ച് പ്രവർത്തിച്ചു.
എന്റെ ബന്ധുക്കൾ ആലപ്പുഴയിൽ നിന്നും ഓണം പങ്ക് കൊള്ളാൻ കൊട്ടാരക്കരയിൽ വരുകയും ആശ്ചര്യത്തോടെ ഓണാഘോഷങ്ങൾ
കാണുകയും പങ്കെടുക്കുകയും ചെയ്തു. അങ്ങിനെ ഞാനുമൊരു ഓണക്കാരനായി മാറി.
ഈ തവണ ഓണ അവധിക്ക് ആലപ്പുഴ പോകണമെന്നും പണ്ട് ഞാൻ ഊഞ്ഞാലാടാൻ പോയിരുന്ന സ്ഥലവും ആൾക്കാരെയും  കാണണമെന്നും ആഗ്രഹം തോന്നി. അന്നുണ്ടായിരുന്നവർ പലരും ഇന്ന് കാണില്ലെങ്കിലും  ആരെങ്കിലുമെല്ലാം കാണുമല്ലോ എന്ന പ്രത്യാശ  മനസ്സിലുണ്ടായിരുന്നു.
 ഫെയ്സ് ബുക്കിലൂടെ സരള ചേച്ചിയുടെ മകൻ രമേശ് “ഇക്കാ, എന്നെ  അറിയാമോ“ എന്ന് ചോദിച്ച് പരിചയപ്പെട്ടിരുന്നു. ഞാനെങ്ങിനെ നിങ്ങളെ മറക്കാനാണ്? ഓരോരുത്തരുടെയും പേരുകൾ ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഞാൻ ഓർക്കുന്നുണ്ടല്ലോ. എന്നെ കുഞ്ഞ് സഹോദരനെ പോലെ  സ്നേഹിച്ച രാധച്ചേച്ചി ഊഞ്ഞാലിൽ ഇരുന്ന് പാടിയ പാട്ടു വരെ ഞാൻ മറന്നിട്ടില്ല.
ബാല്യ കാലം എല്ലാവർക്കും അമൂല്യ നിധിയാണ്. അത് ഒരു പെട്ടിയിലിട്ട് അടച്ച് വെക്കുമെങ്കിലും  വല്ലപ്പോഴും അത് തുറന്ന് കണ്ട് കോൾമയിർ കൊള്ളുന്നത്  അവാച്യമായ ആനന്ദം തരുന്നു .
കൊറോണാ ഭയം കാരണം യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ  ഈ തവണ എന്റെ ആഗ്രഹം സാധിച്ചില്ല‘ ഇൻഷാ അല്ലാ...അടുത്ത വർഷമാകട്ടെ.
  പ്രത്യാശയും പ്രതീക്ഷയുമാണല്ലോ നമ്മെ മുമ്പോട്ട് നയിക്കുന്നത്..
പ്രത്യാശിക്കുന്നു അതൊടൊപ്പം.പ്രതീക്ഷിക്കുകയും ചെയ്യുന്നു.

No comments:

Post a Comment