കറി ഉപ്പ്
ആഹാരത്തിൽ ഉപ്പില്ലാതെ കഴിക്കുവാൻ നമ്മളെ കൊണ്ടാവില്ല. എന്നാൽ ഉപ്പ് അമിതമായാൽ അത് ശരീരത്തിന് വിനയായി ഭവിക്കുകയും ചെയ്യും.
പണ്ട് പലചരക്ക് കടയുടെ മുൻ വശത്ത് ചാക്കിലോ മര പെട്ടിയിലോ ഉപ്പ് വിൽപ്പനക്കായി സൂക്ഷിക്കുമായിരുന്നു. അന്ന് പൊടി ഉപ്പല്ല, അത് പാക്കറ്റിലുമല്ല. ഉപ്പ് പരലുകൾ, അതായിരുന്നു അന്ന് ഉപ്പ്., അത് തൂക്കി തരുകയോ അളന്ന് തരുകയോ ചെയ്യുമായിരുന്നു. ആ ഉപ്പ് പരലുകൾ വീട്ടിൽ കൊണ്ട് വന്ന് കലത്തിലോ കുപ്പിയിലോ വീട്ടമ്മമാർ സൂക്ഷിക്കും. അത് കറികളിൽ പാകത്തിന് ചേർക്കാൻ അവർക്ക് ക്ഷിപ്ര സാദ്ധ്യമായിരുന്നു.
പിന്നീട് എപ്പോഴോ പാർലമെന്റ് അയഡിൻ ചേർന്ന ഉപ്പ് മാത്രമേ വിൽപ്പന നടത്താൻ പാടുള്ളൂ എന്ന നിയമം പാസ്സാക്കി. അയഡിൻ കുറവിനാൽ ഗ്ളോയിറ്റർ തുടങ്ങിയ രോഗങ്ങൾ പൗരന്മാരിൽ വല്ലാതെ ബാധിക്കുന്നു എന്ന് ഏതോ ശാസ്ത്രജ്ഞന്മാർ കണ്ട് പിടിച്ചത്രേ! തുടർന്ന് കടകളുടെ മുൻപിലെ ഉപ്പ് ചാക്കുകൾ അപ്രത്യക്ഷമായി. പിന്നീട് കമ്പനി ഉപ്പ് രംഗത്ത് വന്ന് കമ്പോളം കീഴ്ടക്കി. പൊടി ഉപ്പ് കവറിലാക്കി കമ്പനി പേരും കവറിന് മുകളിൽ പതിവ് പോലെ പെണ്ണൂങ്ങളുടെ പടവും വന്നു.പക്ഷേ എന്നിട്ടും തൊണ്ട സംബന്ധമായ രോഗങ്ങൾക്ക് നാട്ടിൽ കുറവ് കണ്ടില്ലെന്ന് മാത്രമല്ല, തൈറോഡ് രോഗികളെ മുട്ടിയിട്ട് രോഡിൽ കൂടി നടക്കാൻ പോലും സാധിക്കുന്നില്ല. തൈറോഡ് ക്ളിനിക്കുകൾ എങ്ങും കൂണു പോലെ മുളച്ച് പൊന്തുകയും വൻ തുക ഫീസായി ഇടാക്കി തൊണ്ട സംബന്ധമായ രോഗങ്ങളുടെ പരിശോധനകൾ പണ്ടില്ലാത്തവണ്ണം ലാബുകളിൽ നടന്ന് വരുകയും ചെയ്യുന്നു.
അയഡിനോ ഗ്ളോയിറ്ററോ തൈറോഡോ അല്ല ഈ കുറിപ്പുകളുടെ ലക്ഷ്യം . അത് മറ്റൊരു വിഷയമാണ്. വിഷയം ചില കമ്പനികളുടെ ഉപ്പാണ്. . പാകം ചെയ്യുന്നവർ ആഹാരത്തിൽ പാകത്തിന് ഈ ഉപ്പ് ചേർക്കുന്നു. അൽപ്പം പോലും കൂടുതലില്ല, കുറവുമില്ല. പക്ഷേ കുറേ സമയം കഴിഞ്ഞ് ആ ആഹാരം രുചിച്ച് നോക്കിയാൽ ഉപ്പ് വർദ്ധിച്ച തോതിൽ കാണപ്പെടും.ഉച്ചക്ക് പാകം ചെയ്ത പാകത്തിന് ഉപ്പുള്ള ആ ആഹാരം രാത്രിയിലോ മറ്റോ കഴിച്ചാൽ ഉപ്പ് ഇരട്ടിയായി അനുഭവപ്പെടും. കേരളത്തിൽ സാധാരണക്കാർ ഇന്ധന ചെലവ് ലാഭിക്കാൻ രണ്ട് നേരത്തെ കറികൾ ഒന്നിച്ച് പാകം ചെയ്ത് ഉപയോഗിച്ച് വരുന്നു, അവർക്കാണ് ഉപ്പിന്റെ ശിക്ഷ ലഭിക്കുന്നത്. ഇതെന്തൊരു ഉപ്പ് എന്ന് ഗ്രഹനായകൻ ദേഷ്യപ്പെടുമ്പോൾ ഉച്ചക്ക് കഴിച്ചപ്പോൾ കുഴപ്പമൊന്നുമില്ലായിരുന്നല്ലോ എന്ന് വീട്ടുകാരി പ്രതികരിക്കും. എന്നാൽ മുൻ കരുതലായി ഉപ്പ് കുറച്ചാൽ ആ നേരം കറികളിൽ ഉപ്പില്ലാ എന്ന പരാതിയുമാകും.
ഉയർന്ന രക്ത സമ്മർദ്ദം ആഭരണമായി കൊണ്ട് നടക്കുന്ന മലയാളിക്ക് ഈ ഉപ്പ് ഒരു ശിക്ഷ തന്നെയാണ്. എല്ലാം കമ്പോളവത്കരിക്കപ്പെടുമ്പോൾ കുത്തകകൾ നമ്മുടെ അടുക്കളയെ വരെ ആക്രമിക്കുകയാണ്. ബി.പിയുടെ മരുന്ന് കമ്പനിയും ഈ ഉപ്പ് കമ്പനിയും തമ്മിൽ രഹസ്യ കരാർ വല്ലതും ഉണ്ടോ ആവോ?
No comments:
Post a Comment