വൈക്കം മുഹമ്മദ് ബഷീറിന്റെ “ഐഷുക്കുട്ടി“ എന്ന കഥയിൽ കഥാ നായിക പ്രസവ വേദനയുടെ ആരംഭത്തിൽ തന്നെ നിലവിളിച്ച് ബഹളമുണ്ടാക്കി അവിടെ കൂടിയവരെ കേൾപ്പിക്കുന്ന ഒരു അപേക്ഷയുണ്ട്. “ദാക്കിത്തരെ കൊണ്ട് വായോ“
ഡോക്ടറെ വീട്ടിൽ വിളിച്ച് കൊണ്ട് വന്ന് പ്രസവം നടത്തിക്കുന്നത് അന്നൊരു ബഹുമതിയായിരുന്നു. പിന്നീട് സ്ത്രീകളുടെ വട്ടം കൂടലിൽ ആ ബഹുമതി ഒരു അന്തസ്സായി കണക്കാക്കപ്പെടും. “ഡോക്ടർ വന്നാണ് ഞാൻ പ്രസവിച്ചത്.“
അവിടെ പറയപ്പെടാതെ മറഞ്ഞ് കിടക്കുന്ന ഒരു വസ്തുതയുണ്ട്. നാട്ടിൽ നടക്കുന്ന കാക്കത്തൊള്ളായിരം പ്രസവങ്ങളിൽ അപൂർവമായി (അതും പണക്കാരുടെ വീട്ടിൽ മാത്രം) ഉണ്ടാകുന്ന ഡോക്ടറുടെ സാന്നിദ്ധ്യം ഒഴികെ ബാക്കി പ്രസവങ്ങളെല്ലാം നടക്കുന്നത് വയറ്റാട്ടി /പതിച്ചി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന സ്ത്രീകളുടെ പരിചരണത്താൽ ആയിരുന്നു. പിൽക്കാലത്ത് മിഡ് വൈഫ് എന്ന ലാവണം കൂടി ഈ മേഖലയിൽ ഉണ്ടായി. പ്രസവം എടുക്കുന്നതിൽ അസാധാരണ വൈദഗ്ദ്യം ഈ സ്ത്രീകൾക്കുണ്ടായിരുന്നു . അവരെ കൊണ്ട് കഴിയാതെ വരുന്ന, കുട്ടി മാവ് വള്ളിയിൽ ചുറ്റിക്കിടക്കുക, തല തിരിഞ്ഞ് കാണപ്പെടുക, കുട്ടി വിലങ്ങനെ കിടക്കുക തുടങ്ങിയ അസാധാരണ അവസ്തയിൽ അവർ ആദ്യമേ തന്നെ പ്രവചിക്കും ആശുപത്രിയിൽ കൊണ്ട് പോകേണ്ടി വരും എന്ന്. പിന്നെ കട്ടിലിൽ കിടത്തി വാഹന സൗകര്യം ഉള്ളിടം വരെ കൊണ്ട് പോയി അവിടന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകും.
ഞാൻ ജനിച്ചത് അച്ചാമ്മ എന്ന സ്ത്രീയുടെ പരിചരണത്തിലായിരുന്നു എന്ന് ഉമ്മാ പറഞ്ഞ് കേട്ടിട്ടുണ്ട്. പിൽക്കാലങ്ങളിൽ കുടുംബത്തിലെ മറ്റ് പ്രസവ പരിചരണത്തിനായി അച്ചാമ്മ വരുമ്പോൾ ഉമ്മായെ കണ്ടാൽ അച്ചാമ്മ ചോദിക്കും “എവിടെ അവൻ?“ ഉമ്മാ എന്നെ മുമ്പോട്ട് തള്ളി വിടും. അച്ചാമ്മ എന്റെ തലയിൽ തടകും. സ്വന്തം അമ്മമാർക്കൊപ്പം പേറ്റിച്ചിമാർക്കും ആദരവ് കിട്ടിയിരുന്ന കാലമായിരുന്നത്. എന്റെ ഇളയ അനുജന്മാരിൽ ഒരാളെ മേരിക്കുട്ടി എന്ന് പേരുള്ള ആലപ്പുഴ കറുത്ത കാളി പാലത്തിന് സമീപം താമസിക്കുന്ന ഒരു മിഡ് വൈഫായിരുന്നു പ്രസവം എടുത്തത്. എന്റെ രണ്ടാമത്തെ മകൻ ബിജുവിനെ പ്രസവിച്ചതും കൊട്ടാരക്കര വീട്ടിൽ വെച്ച് രുഗ്മിണീ എന്ന മിഡ് വൈഫിന്റെ പരിചരണത്തിലായിരുന്നു.
വർഷങ്ങൾക്ക് മുമ്പ് വരെ ഇതായിരുന്നു നാട്ടിലെ സ്ഥിതി..വർഷങ്ങൾ കടന്ന് പോയി പുതിയ തലമുറയുടെ കാലത്ത് ആശുപത്രിയിൽ തന്നെ പ്രസവം എന്ന സ്ഥിതി സംജാതമായി. . ഇപ്പോൾ ആശുപത്രിയിലല്ലാത്ത പ്രസവം അപൂർവവും അത് കൊണ്ട് തന്നെ അതിശയവുമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതിലുപരി വലിയ ടെൻഷൻ കൂടാതെ കാര്യം നടത്താം എന്ന തിരിച്ചറിവും കൂടി അതിന് കാരണമായുണ്ട്. അത് കണക്കിലെടുത്ത് സ്റ്റാർ ഹോസ്പിറ്റലുകൾ രംഗത്ത് വരുകയും കാശുണ്ടെങ്കിൽ പ്രസവം ലക്ഷ്വറിയായി നടത്താമെന്ന അവസ്ഥയിലുമെത്തി നമ്മളിപ്പോൾ.
അതോടെ നാട്ടിലെ വയറ്റാട്ടികളുടെ വംശം കുറ്റിയറ്റ് പോവുകയും ചെയ്തുവല്ലോ.