Monday, September 3, 2018

അച്ചായനും കാള വണ്ടിയും

കൊട്ടാരക്കരക്ക് സമീപമുള്ള നെല്ലിക്കുന്നം ഗ്രാമത്തിലെവിടെയോ    താമസിച്ചിരുന്ന അച്ചായൻ വീട്ടിലെത്തുമ്പോൾ രാത്രി പത്ത് മണി ആകുമെന്നുള്ള കഥ പണ്ട് ഞങ്ങൾ പറഞ്ഞ് ചിരിക്കുമായിരുന്നു. അച്ചായന് പൊതുമരാമത്ത് വകുപ്പിലെ ലാസ്റ്റ് ഗ്രേഡ്  ജോലി ഉണ്ടായിരുന്നു. വൈകുന്നേരം ആഫീസിൽ നിന്നുമിറങ്ങി  ചന്തയിൽ  പോയി  മീനും  വാങ്ങി വീട്ടിലേക്ക് തിരിക്കുന്ന അച്ചായൻ  അന്നത്തെ കാലത്തെ പതിവ്  ട്രാൻസ്പോർട്ടിംഗ് വാഹനമായ ഭാരം കയറ്റി വരുന്ന  കാള വണ്ടി കണ്ടാൽ വീട്ടിൽ പോകുന്ന കാര്യം മറന്ന്   പുറകിൽ നിന്ന്  വണ്ടി തള്ളി  കാളകളെ ഒരു കൈ സഹായിക്കും. കയറ്റം കയറുന്ന ആ  വണ്ടി  തള്ളി കടത്തി വിട്ട്  ഇറക്കത്തിലേക്ക് തിരിച്ച് വരുമ്പോഴാണ്  അടുത്ത വണ്ടിയും കാളകളെയും കാണുന്നത്. ഉടനെ ആ വണ്ടിയും തള്ളി കയറ്റം കടത്തി വിടുമത്രേ!. ഈ കാരണത്താലാണ് അച്ചായൻ  വീട്ടിൽ താമസിച്ച് ചെല്ലുന്നത് സഹജീവികളോട് കരുണകാട്ടുന്ന ഈ സർക്കാർ ജീവനക്കാരൻ  ആഫീസിൽ തന്നെ സമീപിക്കുന്ന പൊതു ജനങ്ങളോട് എത്ര കരുണയോടെ  പെരുമാറുമെന്ന് പറയേണ്ടതില്ലല്ലോ.
ഈ കഥ ഇപ്പോൾ പറയാൻ കാരണം കുറേ നാളുകളായി  ഞാനിപ്പോൾ  വിവിധ സർക്കാർ ആഫീസുകൾ കയറി ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. കാരണം എന്റെ  മകന് ഒരു വീട് വെക്കാൻ തോന്നി.പല ചിട്ടികൾ പിടിച്ചും വീട്ടിലുണ്ടായിരുന്ന  പൊട്ടും പൊടിയും ആഭരണങ്ങൾ വിറ്റും  പരിചയമുള്ള ചില കടകളിൽ നിന്നും കടമായി സാധനങ്ങൾ എടുത്തും പൈസയുടെ അഭാവത്താൽ  പലപ്പോഴും പണികൾ നിർത്തിയും പിന്നെ തുടങ്ങിയും ഇഴഞ്ഞിഴഞ്ഞ് ഒരു വർഷം കൊണ്ട് ഒരു വിധത്തിൽ പൂർത്തീകരിച്ച് ബന്ധപ്പെട്ട അധികാരികളെ കൊണ്ട്  സർക്കാർ രേഖകളിൽ വീട് ഉൾക്ക്ക്കൊള്ളിക്കാനുള്ള ശ്രമത്തിലാണ് വിവിധ സർക്കാർ ആഫീസുകളിൽ കയറി ഇറങ്ങേണ്ടി വന്നത്.  ആ അനുഭവങ്ങൾ പിന്നീടെഴുതാം. ഈ ആഫീസുകളിലെ കയറി ഇറക്കത്തിൽ  ഞാൻ അനുഭവിച്ച പലതും  ഒരു ജീവനക്കാരനായിരുന്ന അതും വിവിധ തസ്തികകളിൽ 35 കൊല്ലം അനുഭവ സമ്പത്തുള്ള  എന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു എന്ന്  പറയേണ്ടി  വരുന്നു.  ഉദാരമായി സഹായിച്ചവർ ഇല്ലാതില്ല, പക്ഷേ കൂടുതലും നിസ്സംഗതയും നിഷ്ക്രിയതവും പലപ്പോഴും യാന്ത്രികതയും ആയിരുന്നു എന്ന് തന്നെ പറയേണ്ടി യിരിക്കുന്നു. നേരായ കാര്യത്തിനായി എന്റെമുമ്പിൽ വന്നിരുന്നവരെ എല്ലാ തരത്തിലും സഹായിച്ചിരുന്നവനാണ് ഞാൻ, എന്റെ സഹജീവികളിൽ ഭൂരി പക്ഷവും അപ്രകാരം തന്നെ ആയിരുന്നു.പക്ഷേ ഇന്നു ആ സേവന സന്നദ്ധത  കാണാനില്ല, അൽപ്പം ചിലരിലൊഴികെ.
 ഇന്നത്തെ ദിവസം  രണ്ടര മണിക്കൂർ ഒരു സർക്കാർ ആഫീസിൽ  ഭിത്തിയിൽ ചാരി നിന്നപ്പോൾ (പല ദിവസങ്ങളിലും ഇത് തന്നെ ഗതി) ഞാൻ ഈ കുറിപ്പിൽ ആദ്യം പറഞ്ഞ അച്ചായനെ ഓർത്തു.
സഹ ജീവിയോട് കരുണ കാണിക്കാനാണ് ആദ്യം ജീവനക്കാർക്ക് പരിശീലനം  നൽകേണ്ടത്. അല്ലാതെ  മാനുവൽ ഓഫ് ഓഫീസ് പ്രൊസീഡറും, കേരളാ സർവീസ് റൂളും  ഫൈനാൻഷ്യൽ കോഡും പരീക്ഷക്കിരുത്തുകയല്ല വേണ്ടത്. നിയമം ജനത്തിന് ഉപകാരമായ രീതിയിൽ വ്യാഖ്യാനിക്കണം ,അല്ലാതെ ഉപദ്രവിക്കാനായി വളച്ചൊടിക്കരുത്.

No comments:

Post a Comment