Wednesday, November 16, 2016

വിശാല കാമുകി

പുതുതായി ഉദ്യോഗത്തിൽ ചേർന്ന യുവാവിന് യുവതിയായ സഹപ്രവർത്തക ഫയലുകൾ കൈ മാറിയപ്പോൾ അതിനിടയിൽ ഒരു പ്രേമ ലേഖനവും  കടത്തി വിട്ടു.
 "ഈ വിശാലമായ  ലോകത്തിന്റെ ഒഴിഞ്ഞ മൂലയിലെവിടെയെങ്കിലും പോയി അണ്ണനോടൊപ്പം താമസിക്കാൻ  ഈയുള്ളവൾ ഒരുക്കമാണണ്ണാ...അണ്ണന്റെ ഒരു  വിളിക്കായി ഞാൻ കാതോർത്തിരിക്കുന്നു. അണ്ണൻ വാങ്ങി തരുമെന്ന് പ്രതീക്ഷിക്കുന്ന കരിവള എന്റെ കയ്യിൽ  അണിയുന്നതിനേക്കാളും  എന്റെ കരളിൽ കൊണ്ട് നടക്കാനാണെനിക്കിഷ്ടം.പാലപ്പൂ മണമൊഴുകുന്ന പൂ നിലാവിൽ  ഇന്നലെ രാത്രി  നീലാകാശത്തേക്ക് നോക്കി നിന്നപ്പോൾ അണ്ണന്റെ ചിരിക്കുന്ന മുഖമായിരുന്നു എന്റെ മനസിൽ     എന്റെ അപേക്ഷ തള്ളിക്കളയരുത്, നേരിൽ പറയാൻ മടി ഉള്ളത് കൊണ്ടാണ്  ഈ കത്തെഴുതുന്നത്..ഒരു മറുപടി തരുമോ ഈ ഫയലിൽ വെച്ച് തിരികെ തന്നാൽ മതി....സ്വന്തം...
  യുവ ഉദ്യോഗസ്ഥൻ കത്ത് ഒരു ആവർത്തികൂടി  വായിച്ച് കൊണ്ടിരിക്കുമ്പോൾ നിർഭാഗ്യവശാൽ  മേലുദ്യോഗസ്ഥൻ പുതിയ ആളുടെ പണി നിരീക്ഷിക്കാൻ നിശ്ശബ്ദനായി  പുറകിൽ വന്ന് നിന്ന് ആ കത്ത് പിടിച്ചെടുത്ത് ഉറക്കെ വായിച്ചു. ഹാളിൽ കൂട്ട ചിരി മുഴങ്ങി. സരസനായ അദ്ദേഹം ഉച്ചത്തിൽ വിളിച്ച് പറയുകയും ചെയ്തു  "വിശാലമേ! കരിവള കച്ചവടമെല്ലാം ആഫീസിന് പുറത്ത്...എടാ! കൊച്ചനേ! ജോലിക്ക് വന്നാൽ ജോലി ചെയ്താൽ മതി ,  പ്രേമ ലേഖന ഫയൽ ഒന്നും താൻ നോക്കേണ്ടാ"
പിന്നീട് ആ പെൺകുട്ടി " വിശാലം" എന്ന പേരിൽ അവിടെ അറിയപ്പെട്ടു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് മറ്റൊരു സെക്ഷനിലേക്ക് അവൾ മാറ്റപ്പെട്ടു. പോകുന്നത് വരെ യുവാവിനെ കാണുമ്പോൾ  അവളുടെ മുഖം  മറുഭാഗത്തേക്ക് തിരിക്കും. ആ കത്ത് മേലുദ്യോഗസ്ഥന് താൻ കൈ മാറിയെന്നായിരിക്കും അവൾ കരുതുന്നെതെന്ന് യുവാവിന് തോന്നി.  എന്നാലും പലപ്പോഴുംഅവൾ  എന്തോ അയാളോട്  പറയാനായുന്നത് പോലെ   അയാൾക്ക്  തോന്നും , പക്ഷേ ഒന്നും പറയാതെ അവൾ മാറി പോകും. അയാളോ "മനപൂർവം കത്ത് മേലുദ്യോഗസ്ഥന് കൈ മാറിയതല്ല, താൻ നിരപരാധിയാണെന്നും വെറും  സൗഹൃദം  വെച്ച് പുലർത്തിയിരുന്ന തനിക്ക് ഇങ്ങിനെയൊരു കത്ത് ഫയലി വെച്ച് അവൾ തരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും" അവളോട്  പറയാൻ ഒരുങ്ങും. എന്നിട്ട് ഒന്നും പറയാതെ മാറി പോകും. അങ്ങിനെ കാലങ്ങൾ കഴിഞ്ഞപ്പോൾ രണ്ട് പേരും പല സ്ഥലങ്ങളിലേക്ക് മാറ്റപ്പെട്ടു. പിന്നീട് പെൻഷനും പറ്റി സർവീസിൽ നിന്നും പിരിഞ്ഞു  കഴിഞ്ഞ്  രണ്ട് പേരും ഒരു സുഹൃത്തിന്റെ  മകളുടെ വിവാഹ പന്തലിൽ വെച്ച് കണ്ട് മുട്ടിയപ്പോൾ "വിശാല"ത്തിന്റെ കൊച്ച് മകൾ കൂടെ ഉണ്ടായിരുന്നു. രണ്ട് പേരുടെയും മനസിൽ പഴയ പ്രണയ ലേഖനം കടന്ന് പോയിരിക്കാം. അപ്പോഴും അവൾ എന്തോ പറയാൻ ഒരുങ്ങി. അയാളും പണ്ടേ മനസിലുണ്ടായിരുന്ന വാചകം പറയാൻ മുതിർന്നു. പക്ഷേ രണ്ട് പേരും   ഒന്നും പറയാതെ നിശ്ശബ്ദരായി  ആൾക്കൂട്ടത്തെ നോക്കി നിന്നു. എങ്കിലും അവൾ പിരിഞ്ഞ് പോയപ്പോൾ  അയാൾ ഉള്ളിൽ ചോദിച്ചു "അവൾ എന്തായിരിക്കും പറയാൻ ഒരുങ്ങിയത്"?

No comments:

Post a Comment