Thursday, September 29, 2016

ഇരു ചക്ര വാഹനങ്ങളും പെണ്ണുങ്ങളും.

കഴിഞ്ഞ ഓണക്കാലത്ത്  സ്റ്റാൻടിൽ  പതിവിന് വിപരീതമായി ആട്ടോ റിക്ഷാകൾ ഓട്ടമില്ലാതെ നിരന്ന് കിടക്കുന്നത് കണ്ട് പരിചയക്കാരനായ ഒരു ആട്ടോ ഡ്രൈവറോട്  കാരണം തിരക്കി. "പഴയ കാലമെല്ലാം പോയി സാറേ! ഗിയറില്ലാത്ത ആക്റ്റീവാ പോലുള്ള സ്കൂട്ടറുകൾ  സ്ത്രീകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ ആട്ടോയുടെ പ്രസക്തി ഇല്ലാതെ വരുകയാണ്. ഒരു വീട്ടിലെ രണ്ട് സ്ത്രീകൾ അതിൽ യാത്ര  ചെയ്യുമ്പോൾ  മാർക്കറ്റിൽ പോകാനും ഷോപ്പിംഗ് നടത്താനും കുട്ടിയെ സ്കൂളിൽ കൊണ്ട് വിടാനും  ആട്ടോ വിളിക്കേണ്ട  ആവശ്യം ഇല്ലാ . പുരുഷന്മാർ നേരത്തെ തന്നെ രണ്ട് വീലിന് മുകളിലായി കഴിഞ്ഞു. സ്ത്രീകളിൽ ഈ ജ്വരം പെട്ടെന്നാണ് പകരുന്നത്.അയലത്തെ പെണ്ണ് ആക്റ്റീവാ വാങ്ങിയാൽ  അടുത്ത ദിവസം തന്നെ ഈ വീട്ടിലെ പെണ്ണും കടമെടുത്തായാലും  ഒരെണ്ണം വാങ്ങിക്കൊള്ളും. ആർ.ടി.ഓ. ഓഫീസിൽ  ഡ്രൈവിംഗ്  ടെസ്റ്റിന് പുരുഷന്മാരേക്കാളും കൂടുതലാണ് സ്ത്രീകൾ ഇപ്പോൾ.പകൽ സമയത്തെ ആട്ടോ ഉപയോഗം കഴിഞ്ഞ കൊല്ലത്തേക്കാളും ഈ വർഷം പകുതി മാത്രമാണ്  ഉള്ളത്.
അയാൾ പറഞ്ഞതിൽ വാസ്തവമുണ്ടെന്ന് റോഡിലൂടെ  വനിതകളുമായി ചീറി പായുന്ന ഇരു ചക്ര വാഹനങ്ങൾ  തെളിയിക്കുന്നു.
  ആട്ടോ റിക്ഷാക്കാരന് വരവ് കുറഞ്ഞെങ്കിലും  മറ്റൊരു കൂട്ടർക്ക് കൊയ്ത്ത് കാലമായിരിക്കുമെന്ന്  തോന്നുന്നു. ഡോക്ടറന്മാർക്കും മരുന്ന് കമ്പനികൾക്കും സുവർണ കാലമാണ്  വരാനിരിക്കുന്നത്. അൽപ്പമായി നടക്കാനെങ്കിലും കിട്ടിക്കൊണ്ടിരുന്ന  സാദ്ധ്യത ഇരു ചക്ര വാഹനങ്ങൾ വഴി നഷ്ടമാകുന്നു എന്നത് ഒരു സത്യം മാത്രം.ഇരു  ചക്ര കുതിരയുടെ പുറത്ത് ചാടി കയറി കഴിഞ്ഞാൽ പിന്നെ ഇറങ്ങുന്നത് ഉദ്ദേശ സ്ഥലത്ത് മാത്രം മതി. ഒട്ടും വ്യായാമം ഇല്ലാത്ത അവസ്ഥ ആണ് സ്ത്രീകൾ നേരിടാൻ  പോകുന്നത്. അരി ഇടിയും നെല്ല് കുത്തും മുളക് അരപ്പും മുത്തശ്ശി കഥകളായി മാറി കഴിഞ്ഞ ഈ കാലത്ത് കിണറിൽ നിന്നും വെള്ളം പോലും വലിച്ച് കയറ്റേണ്ട അവസ്ത ഇല്ലാതായിരിക്കുന്നു. വിറക് കീറലും തീ ഊതലും എങ്ങോ പോയി മറഞ്ഞു. ഒരു തള്ള വിരലിന്റെ ആക്ഷൻ സ്വിച് ഇടാൻ മതിയാകുമ്പോൾ വീട്ട്  ജോലികൾ ശടേന്ന്  തീർന്ന് കിട്ടുന്നു. ബാക്കി സമയം  സീരിയലിന്റെ മുമ്പിലും. ദേഹമനങ്ങാൻ ഒരു സാദ്ധ്യതയുമില്ല എന്നത്  തികച്ചും സത്യം.  പ്രമേഹവും കൊളസ്ട്രോളും തുടർന്ന് രക്ത സമ്മർദ്ദവും ഹൃദയാഘാതവും  ചെറുപ്പക്കാരെ പോലും വേട്ടയാടാൻ കാരണം  വ്യായാമ കുറവ് മാത്രമാണ് എന്ന്  തിരിച്ചറിഞ്ഞ്  വ്യായാമത്തിനായി സമയം കണ്ടെത്തിയാൽ നന്ന്.

Tuesday, September 27, 2016

മൂന്ന് ചക്കകളും സിഗ്നൽ തെറ്റിച്ച് ഓടിച്ച കാറും

രാവിലെ നടക്കാനിറങ്ങിയപ്പോൾ  നിരത്തിൽ കണ്ട ഒരു കാഴ്ച.
വലത് വശത്തേക്ക് സിഗ്നൽ ലൈറ്റ് കത്തിച്ച് കാണിച്ച് വരുന്ന ഒരു കാർ വലത് വശത്തേക്ക് തിരിയാതെ നേരെ  മുമ്പോട്ട് വന്നു. വീട്ടിൽ നിന്നിറങ്ങിയപ്പോൾ വലത് വശത്തേക്ക് തിരിയാനായി അയാൾ ഇട്ട സിഗ്നൽ ലൈറ്റ്   ഓഫാക്കാൻ കാറ്കാരൻ മറന്നതായിരിക്കാം. കാറ് വലതേക്ക് തിരിയുമെന്ന് കരുതി  ഒരു ബൈക്ക്  യാത്രികർ നേരെ എതിർ വശത്തേക്ക് അതായത്  കാറിന്റെ നേരെ മുമ്പിലേക്ക് ബൈക്ക് ഓടിച്ച് പോയി.ബൈക്കിൽ 3 പേരുണ്ട്. മൂന്നെണ്ണവും ഹാർമോൺ കുത്തി വെച്ച കോഴി ഇറച്ചി കഴിക്കുന്നവരാണെന്ന് വ്യക്തമാക്കുന്ന വിധം ശരീര പുഷ്ടി ഉള്ളവർ, മൂന്ന് ഗുണ്ട് മണികൾ. ഏറ്റവും പുറകിൽ ഇരിക്കുന്നവന്റെ ചന്തി പകുതി പുറത്ത് കിടക്കുകയാണ്. നേർക്ക് നേർ വന്ന രണ്ട് ശകടങ്ങളും  കൂട്ടിമുട്ടി. തക്ക സമയത്ത് ബ്രേക്കിൽ കാറ്കാരന്റെ കാൽ അമർന്നതിനാൽ മൂന്ന് ചക്കകളും  റോഡിൽ മലർന്ന് വീണതൊഴിച്ചാൽ  വലിയ കുഴപ്പമില്ലാതെ കാര്യം കഴിച്ച് കൂട്ടി. തറയിൽ നിന്നും എഴുന്നേറ്റ് വന്ന  മൂന്ന് ന്യൂജന്മാരോടും കാറിൽ വന്ന മാന്യൻ ശ്രേഷ്ട ഭാഷ  സംസാരിച്ചു. ഗുണ്ട്കൾ അതേ ഭാഷയിൽ ഉത്തരവും നൽകി.വലത്തോട്ട്  സിഗ്നൽ കാട്ടി ഇടത്തോട്ട് വണ്ടി വിടുന്നത് എവിടത്തെ  നിയമമാണെടാ....പുത്രാ.....എന്ന് ബൈക്ക്കാരും , ഇനിയും 10 ചക്കകളെ കൂടി കയറ്റി യാത്രചെയ്യെടാ  എന്നാലേ തക്ക സമയത്ത് ബ്രേക്ക് ചവിട്ടാൻ കഴിയൂ....ആവശ്യമില്ലാത്ത രോമമേ .എന്ന്  കാറുകാരനും മൊഴിഞ്ഞു..കുറേ നേരം വാഗ്വാദം നടന്നപ്പോൾ കൂടിയിരുന്നവർ ഇരുകൂട്ടരേയും സമാധാനപ്പെടുത്തി വിട്ടു.
ആവശ്യത്തിന് ഉപയോഗിച്ച സിഗ്നൽ ലൈറ്റ് ഓഫാക്കാൻ മറന്ന കാറുകാരനും അനുവദിച്ചതിലും കൂടുതൽ ആൾക്കാരെ കയറ്റി യാത്ര ചെയ്ത ന്യൂ ജനറേഷൻ കുട്ടികളും  ഈ കാര്യത്തിൽ ഒരേ പോലെ കുറ്റക്കാരാണ്. സിഗ്നൽ തെറ്റിച്ച് ഓടിച്ച കാറ്കാരനിൽ നിന്നും ബൈക്ക് വെട്ടിച്ച് ഒഴിഞ്ഞ് മാറാനോ ബ്രേകിടാനോ  രണ്ട് തടിയന്മാരെയും വെച്ച്  ബൈക്ക് ഓടിച്ച മൂന്നാമത്തെ തടിയന്  പറ്റാതെ വന്നു
റോഡ് അപകടങ്ങളിൽ ഒട്ടും പുറകിലല്ലാത്ത നമ്മുടെ കൊച്ച് സംസ്ഥാനത്ത് അത്തരം അപകടങ്ങൾക്ക് കാരണം പ്രധാനമായത് അശ്രദ്ധയും നിയമ ലംഘനവും മാത്രമാണ്.

Saturday, September 24, 2016

ഉപയോഗിക്കുക വലിച്ചെറിയുക



യൂസ് ആന്റ് ത്രോ അതായത് പച്ചമലയാളത്തിൽ പറഞ്ഞാൽ ഉപയോഗിക്കുക, വലിച്ചെറിയുകഎന്ന്. അതാണ് ഈ നാട്ടിലെ ഇപ്പോഴത്തെ രീതി.അത് ശരിവെക്കുന്ന രീതിയിൽ ഒരു കണക്ക് പുറത്ത് വന്നിരിക്കുന്നു. കേരളത്തിൽ മണിക്കൂറിൽ അഞ്ച് വിവാഹ മോചനം. ആറ് മാസത്തിനിടയിൽ രജിസ്റ്റർ ചെയ്തത് 25000 ൽ പരം വിവാഹ മോചന കേസുകൾ. എങ്ങിനെയുണ്ട് വിസിനസ്. ഉപയോഗിക്കുക, വലിച്ചെറിയുക പ്രോഗ്രാം. കഴിഞ്ഞ ഒന്നര വർഷത്തിനിടെ കേരളത്തിൽ ഫയൽ ചെയ്ത വിവാഹ മോചന കേസുകൾ 1.96 ലക്ഷം. ഇതിൽ മുസ്ലിം സമുദായത്തിൽ തലാക്ക് വഴി വേർപെട്ട ബന്ധങ്ങൾ ഉൾപ്പെടില്ല, കാരണം അതിന് കോടതിയുടെ ആവശ്യമില്ലാ എന്നത് തന്നെ. ഇന്ന് 3 വിവാഹ മോചന കേസുകൾ ഞങ്ങളുടെ മുമ്പിൽ വന്നു, അതിൽ രണ്ടെണ്ണം അമ്മായി അമ്മയാണ് ശത്രു. ഒരെണ്ണം, ഭാര്യക്ക് ആരുമായോ നിരന്തരം ഫോണിൽ സംസാരവും കാരണമായി. എല്ലാം ചെറുപ്പക്കാർ. കുറച്ച് കാലം കൂടി കഴിയുമ്പോൾ നാമ്മൾ ഈ കാര്യത്തിൽ അമേരിക്കയെ കവച്ച് വെക്കും.

Thursday, September 22, 2016

90 വയസുകാരിയുടെ മാനഭംഗം

90 വയസുകാരിയെ മാനഭംഗപ്പെടുത്തിയെന്ന്  തെക്ക് നിന്നൊരു റിപ്പോർട്ട്. പ്ലസ്  റ്റു കാരിയെ അഛൻ പീഡിപ്പിച്ച്  ഗർഭിണി ആക്കിയെന്ന് വടക്ക് നിന്നൊരു റിപ്പോർട്ടും പത്രത്തിലുണ്ട്. രണ്ടും കേരളത്തിൽ തന്നെ. ഗോവിന്ദച്ചാമിക്ക് തൂക്ക്  എന്ന മുദ്രാവാക്യവും അമീറുൽ ഇസ്ലാമിനെ രണ്ട്  തൂക്ക് എന്ന മുറവിളിയും  പത്രങ്ങളിലും ചാനലിലും കൂടി നാട്ടിൽ പ്രചരിക്കുമ്പോൾ  തന്നെ  അതിനെല്ലാം പുല്ല് വില കൽപ്പിച്ച്  മാനഭംഗവും ബലാൽസംഗവും ഗംഭീരമായി നടന്ന് കൊണ്ടിരിക്കുന്നു. . പെണ്ണിനെ 40 സെക്കന്റ് നേരം തുടർച്ചയായി നോക്കിയാലോ ആംഗ്യം കാണിച്ചാലോ ജാമ്യം കിട്ടാത്ത വകുപ്പുകളാൽ  സ്ത്രീ സംരക്ഷാ നിയമ ഗ്രന്ഥങ്ങൾ സമ്പുഷ്ടമാണ്. എന്നാലുംആർക്കുമൊരു ഭയവുമില്ല.  ബലാൽസംഗത്തിന് 7 വർഷം തടവ് മാത്രം നിഷ്കർശിച്ചിരുന്ന കാലത്തു  ഇപ്രകാരമൊരു അവസ്ഥ നാട്ടിൽ ഇല്ലായിരുന്നു. ഒരു മടിയുമില്ലാതെ ഇപ്പോൾ   പുരുഷന്മാർ ഇപ്രകാരം തെരുവ് നായ്ക്കളെക്കാളും  അധ:പതിക്കാൻ  എന്താണാവോ കാരണം. യാതൊരു ഭവിഷ്യത്തും കണക്കിലെടുക്കാതെ ആണുങ്ങൾ ഇങ്ങിനെയുള്ള പ്രവർത്തികൾക്ക് ചാടിപ്പുറപ്പെടാൻ തക്ക വിധം പുരുഷന്മാരെ പ്രകോപിക്കുന്ന എന്തെല്ലാംഘടകങ്ങളാണ്  നാലുചുറ്റുമുള്ളത്. നിരീക്ഷണങ്ങൾ ഈ കാര്യത്തിൽ  അത്യന്താപേക്ഷിതമായിരിക്കുന്നു.

Monday, September 19, 2016

മഴവെള്ളപ്പാച്ചിലും വൈദ്യുതി ഉൾപ്പാദനക്കുറവും

ശക്തമായ മഴവെള്ളപ്പാച്ചിലിൽ 6  പേരെ കാണാതായ വാർത്ത  റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്നത്തെ പത്രങ്ങളിൽ തന്നെ  മഴക്കുറവ് കാരണം ഉടനെ തന്നെ വൈദ്യുതി ക്ഷാമം കേരളത്തിൽ അനുഭവപ്പെട്ടേക്കാം എന്ന വാർത്തയും അച്ചടിച്ച് വന്നിരിക്കുന്നു. ചുരുക്കത്തിൽ മഴ വെള്ള പാച്ചിലും ശക്തമായ മഴയും  ഉണ്ടായാലും  ജലം വേണ്ട രീതിയിൽ ഉപയുക്തമാക്കാൻ  സാധിക്കാതെ വരുന്നത് കൊണ്ടാണ്  വൈദ്യുതി ക്ഷാമം അനുഭവപ്പെടുന്നതെന്ന് വ്യക്തമാകുന്നു. എത്ര കോടി യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ  ജലമാണ് പാഴായി സമുദ്രത്തിൽ പോയി ചേരുന്നത്.
 അങ്ങിനെ ഒരു പ്രതിഭാസം ഈ നാട്ടിൽ നില നിൽക്കുമ്പോൾ തന്നെ  വൈദ്യുതി ക്ഷാമത്തിന്  ഹേതുവാകുന്ന എത്രയോ മറ്റ് ഘടകങ്ങളും  ഇവിടെ നില നിൽക്കുന്നു എന്നതു കാണാതിരുന്ന് കൂടാ. പകൾ 12 മണി ആയാലും  അണക്കാത്ത സ്ട്രീറ്റ് ലൈറ്റുകൾ  കേരളത്തിൽ നിത്യക്കാഴ്ചയാണിന്ന്. രണ്ടാം ശനിയാഴ്ചക്ക് തൊട്ട് മുമ്പുള്ള വെള്ളിയാഴ്ചയോ  ഞായറാഴ്ചക്ക് മുമ്പുള്ള ശനിയാഴ്ചയോ സർക്കാർ ഓഫീസിൽ വൈകുന്നേരങ്ങളിൽ കറണ്ട് പോയാൽ  സ്വിച്ച് ഓഫ് ചെയ്യാൻ മറന്ന് ഇറങ്ങി പ്പോകുന്ന ജീവനക്കാർ  രണ്ടാം ശനിയാഴ്ചയാണെങ്കിൽ രണ്ട് ദിവസവും ഞായറാഴ്ചയാണെങ്കിൽ തിങ്കളാഴ്ച രാവിലെ വരെയും ലൈറ്റും ഫാനും നിർബാധം കത്തിക്കിടക്കുകയും കറങ്ങുകയും ചെയ്യുന്നത് മൂലം ഉണ്ടാകുന്ന കറണ്ട് നഷ്ടം  പതിവ് സംഭവമാണ്.  കല്യാണവീടുകളും ആരാധനാലയങ്ങളും വൈദ്യുതി അലങ്കാരത്താൽ  ശോഭ ചൊരിയുമ്പോൾ നാട്ടിന് ഉണ്ടാകുന്ന  ഊർജ നഷ്ടം   ഏറെയാണെന്ന് അറിയാവുന്നവർ തന്നെ സ്വന്തം കാര്യം വരുമ്പോൾ മൗനികളാകുന്നു.  നിസ്സംഗരും സ്വാർത്ഥരുമായ ജനതയും യാതൊരു ഉത്തരവാദിത്വം പ്രതിബദ്ധതയുമില്ലാത്ത അധികാര വർഗവും ഉണ്ടാകുന്നിടത്ത് ഇതും ഇതിനപ്പുറവും സംഭവിക്കും. എന്നിട്ട് മഴവെള്ളപ്പാച്ചിൽ നടക്കുമ്പോൾ  ജലദൗർലഭ്യത്തെ പറ്റി  പ്രസംഗിക്കുകയും ചെയ്യും.

Thursday, September 15, 2016

കോടതിയും പൊതു വികാരവും പിന്നെ പത്രങ്ങളും


ഈ നാാട്ടിൽ കോടതിയുടെ ആവശ്യം ഇല്ലാതെ വന്നിരിക്കുന്നു. മുഖ പുസ്തകത്തിലെ കുറിപ്പുകൾ കാണൂമ്പോൾ വിചാരണ ഞങ്ങൾ നടത്തും ശിക്ഷ നേരത്തെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്, അത് നിങ്ങൾ കോടതികൾ വിധിച്ചാൽ മതി എന്ന മട്ടാണ്. ഒരു മനുഷ്യന്റെ മരണമാണ് വിഷയം. അവിടെ ഷാർപ്പായി സൂക്ഷ്മത പുലർത്തിയേ പറ്റൂ. അവനെ തൂക്കാൻ വിധിക്കുകയും പിൽ കാലത്ത് മറ്റൊരു സത്യം പുറത്ത് വരുകയും ചെയ്താൽ തൂക്കിയവനെ തിരികെ എടുക്കാൻ പറ്റാത്തതിനാൽ തൂക്ക് ശിക്ഷ വിധിക്കുന്നത് തീർത്തും ഷാർപ്പായ തെളിവിന്റെ അടിസ്ഥാനത്തിലേ ചെയ്യൂ. കുറ്റം നേരിൽ കണ്ട ന്യായാ ധിപനാണെങ്കിലും ശരി ആ കസേരയിൽ ഇരിക്കുമ്പോൾ ആ മനുഷ്യന്റെ മുമ്പിൽ തെളിവ് വേണം. തെളിവിന്റെ അഭാവത്തിൽ ഒരുത്തനെ ശിക്ഷിക്കാൻ കഴിയില്ല. ഇവിടെ എത്രയോ കൊലക്കേസുകൾ സംശയത്തിന്റെ ആനുകൂല്യത്താൽ വെറുതെ വിട്ടിട്ടുണ്ട്. ആ കേസിൽ ആ പ്രതി തന്നെ ആയിരിക്കും കൊലയാളി . ഇവിടെ ഗോവിന്ദ ചാമി പെൺകുട്ടിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നോ അതോ പെൺകുട്ടി ചാടിയതാണോ ഇതിനെ സംബന്ധിച്ച് ഖണ്ഡിതമായ തെളിവ് പ്രോസക്യൂഷന് നിരത്താൻ കഴിഞ്ഞില്ല എന്നത് ഒരു വലിയ ന്യൂനത തന്നെയാണ്. അവിടെ കണ്ണ് മൂടിക്കെട്ടിയ നിയമം, അൽപ്പം പോലും വികാരം മനസിൽ വെക്കാത്ത നിയമം ഫീഡ് ചെയ്ത കമ്പ്യൂട്ടറിന്റെ റിസൽട്ട് പോലുള്ള വിധിയേ പുറത്ത് തരൂ. അത് പഴയ ആപ്ത വാക്യം നില നിൽക്കുന്നത് കൊണ്ടാണ്. 1000 അപരാധികൾ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന കീഴ് വഴക്കം.( റെയിൽ വേയും കള്ളക്കളി കളിച്ചിട്ടുണ്ട്. തള്ളിയിട്ടാൽ റെയിൽ വെ നഷ്ട പരിഹാരം കൊടുക്കേണ്ടല്ലോ)


ആത്യന്തികമായി ഒരു കാര്യം പറഞ്ഞവസാനിപ്പിക്കാം. അന്ധമായ മാധ്യമ ഇടപെടൽ നിയമ നടത്തിപ്പിന് ഒട്ടും സഹായകരമാവില്ല. അതേ പോലെ കുറ്റം ചെയ്ത് കഴിഞ്ഞ ഉടനേ പൊതു വികാരവും മാധ്യമങ്ങളും ചേർന്ന് ഒരു പ്രതിയെ മുൻ കൂറായി ശിക്ഷിക്കുന്നതും ഒരിക്കലും ശരിയാവില്ല. കാരണം വീണ് കിടക്കുന്നവന്റെ ശരീരത്ത് നിന്നും കത്തി ഊരി എടുക്കുന്നത് കണ്ട് കൊണ്ട് വന്നവൻ കത്തി ഊരിയെടുത്തവനാണ് കുത്തി വീഴ്ത്തിയതെന്ന് നിരീക്ഷിക്കുന്നത് പോലെ മാത്രമാണത്. കോടതിയുടെ ജോലി കോടതി ചെയ്യട്ടെ. പത്രങ്ങൾ അവരുടെ ജോലിയും ചെയ്യട്ടെ. കോടതി കസേരയിൽ പത്രക്കാരും പൊ തു വികാരവും കയറി ഇരിക്കരുത്. അങ്ങിനെ ഇരുന്നാൽ നീതി വ്യവസ്ഥ തന്നെ തകരും

Tuesday, September 13, 2016

കറുപ്പും വെളുപ്പും.

കറുപ്പിന് ഏഴ് അഴകാണ്.  കസ്തൂരിക്ക് കറുപ്പ്നിറമാണ്. കറുപ്പ് സത്യത്തിന്റെയും നീതിയുടെയും നിറമാണ്. ലോക പ്രശസ്ത സുന്ദരിയായ ക്ലിയോപാട്രയുടെ നിറം കറുപ്പായിരുന്നു.കറുമ്പന്മാർ സാധുക്കളും സമാധാന പ്രിയരും ആയിരുന്നു. ചുരുക്കത്തിൽ കറുപ്പ് മേൽ കൈ നേടിയ നിറമാണ്. ഈ സത്യത്തിൽ അസഹിഷ്ണത പുലർത്തുന്ന  വെള്ള നിറക്കാർ  അവരുടെ ആയുധബലത്താൽ കറുപ്പ് നിറക്കാരെ അടിച്ചമർത്തി. അവർ ചെയ്യുന്നതെല്ലാം ശരിയായി, അവർ പറയുന്നതെല്ലാം നടപ്പിൽ വന്നു. അങ്ങിനെ സവർണ പട്ടം അവർക്ക് ലഭിച്ചു.  അവർ സുരന്മാരും കറുപ്പ് നിറക്കാർ അസുരന്മാരുമായി. അസുരന്മാർ  ദുഷ്ടരും രാക്ഷസരുമായി. ദേവന്മാർ എന്ത് തെറ്റ് ചെയ്താലും അത്  നീതീകരിക്കപ്പെട്ടു. അസുര രാജാവ് സത്യസന്ധനും നീതിമാനും പ്രജാവൽസലനുമായാലും അവനെ അട്ടിമറിയിലൂടെ ചതിയിലൂടെ  നാട്ടിൽ നിന്നും പായിച്ചാലും ആ നിഷ്കാസനം പാവനവും പുണ്യവുമായി കാണപ്പെട്ടു. അവന്റെ നല്ല ഭരണത്തെ ജനങ്ങൾ സ്മരിക്കുന്നത് പോലും മേൽ ജാതിക്കാർക്ക് അസഹനീയമായി. ആ അസഹനീയത അന്നുമുണ്ട്, ഇന്നുമുണ്ട്.   അത് പലവിധത്തിൽ  തുടർന്ന് കൊണ്ടേ ഇരിക്കും.

Saturday, September 10, 2016

വായനക്ക് പാര പണിയുന്നവർ

"മായാവിയുടെ അൽഭുത പരാക്രമങ്ങൾ" കേരള ഭൂഷണത്തിൽ, "മാന്ത്രികനായ മാൻഡ്രേക്" മനോരമയിൽ.  "ആരം" ദീപികയിൽ  "പെട്രോൾ സംഘം " ദേശബന്ധുവിൽ  എന്നിങ്ങനെ ചിത്ര കഥകൾ ഞങ്ങളുടെ ബാല്യത്തിൽ പത്രങ്ങളിൽ അടിച്ച്  വന്നിരുന്നതിലാണ്  ഞങ്ങളുടെ വായനയുടെ തുടക്കം. ആലപ്പുഴ  സക്കര്യാ ബസാറിലെ ലജനത്തുൽ മുഹമ്മദിയാ വായന ശാലയിൽ ഈ ചിത്രകഥകൾ വായിക്കാൻ ഞങ്ങൾ തിടുക്കപ്പെട്ട്  പോകുമായിരുന്നു. കാലം ചെന്നപ്പോൾ ഇവയിൽ പലതും ഇല്ലാതായെങ്കിലും അപ്പോഴേക്കും വായന  ഡിറ്റക്റ്റീവ് നോവലുകളിലേക്ക് പടർന്നിരുന്നു. കോവിലകത്തെ കൊലപാതകം, വൈദുതി പ്രതിമ, അൽഭുത വിക്രമൻ, വീര കേസിരി, കൊല്ലുന്നകുരിശ്, അംഗനാ ചുംബനം, എന്നിങ്ങനെ അന്ന് വായിച്ച് തള്ളിയ അപസർപ്പക നോവലുകൾക്ക് എണ്ണമില്ല. പിന്നീട്, തകഴി, ഉറൂബ്, ബഷീർ, കേശവ ദേവ് തുടങ്ങിയവരായി വായനയിൽ വന്നത്.  ആ വായന ഇന്നും നില നിൽക്കുന്നു. അന്ന് വല്യപ്പന്മാർ, വെറ്റയിലയിലെ   ഞരമ്പ് മാന്തിക്കളഞ്ഞ് ചുണ്ണാമ്പ് പുരട്ടി  മുറുക്കി രസിക്കുമ്പോൾ ഞങ്ങൾ പുസ്തകങ്ങളിൽ അഭയം തേടിയിരുന്നു. കാലം ചെന്നപ്പോൾ ഇന്നത്തെ യുവ തലമുറ റ്റാബിലും  മൊബൈലിലും ചുരണ്ടി സമയം നീക്കുമ്പോൾ അവർ   വായനയിൽ നിന്നും അകന്നകന്ന് പോകുന്നു എന്നത് തികച്ചും സത്യം തന്നെയാണ് . അവർക്ക് വായനക്ക്  നേരമില്ല. ഇത് മനസിലാക്കിയാണ് ബ്ലോഗിൽ  നീളൻ പോസ്റ്റുകളിട്ടിരുന്ന ഞങ്ങളെ പോലുള്ളവർ കാച്ചിക്കുറുക്കിയ മുണ്ടൻ  പോസുകളിൽ ഒതുങ്ങി കൂടുന്നത്. നീളൻ പോസ്റ്റ് വായിക്കാൻ ആർക്കും സമയമില്ല. വായന ബോറായി അനുഭവപ്പെടുമ്പ്ഓൾ നീളൻ പോസ്റ്റ് വായിക്കാൻ ആർക്ക് സമയം.  വായന മരിക്കുന്നു, അതൊരു പരമാർത്ഥം തന്നെയാണ് . സങ്കീർത്തനം പോലെയും ആട് ജീവിതവും, ആരാച്ചാരും എടുത്ത് കാട്ടി  ഈ പരമാർത്ഥം നിഷേധിച്ചിട്ട്  കാര്യമില്ല. ബാക്കി ഉള്ളവയ്ക്ക് എത്രമാത്രം വായനക്കാരെ കിട്ടി എന്ന് അന്വേഷിക്കുക. അപ്പോഴാണ്  റ്റാബും മൊബൈലും വായനക്ക് എത്രമാത്രം പാര പണിയുന്നു എന്ന് തിരിച്ചറിവിൽ നമ്മൾ എത്തി ചേരുന്നത്. 

Thursday, September 8, 2016

ആണുങ്ങളെ പീഡിപ്പിച്ചാൽ കേസുണ്ടോ?

.
എന്റെ മുമ്പിൽ മേശപ്പുറത്ത് കിടക്കുന്ന ദിനപ്പത്രത്തിൽ  വിവാഹ വാഗ്ദാനം ചെയ്ത്  പീഡനം നടത്തുകയും  പിന്നീട് പെൺകുട്ടിയെ തഴഞ്ഞ്  മറ്റൊരുവളെ വിവാഹത്തിനായി  തെരഞ്ഞെടുക്കാൻ ശ്രമം നടത്തുകയും ചെയ്ത ഒരുവനെ പെൺകുട്ടിയുടെ പരാതിയിന്മേൽ  പോലീസ് കസ്റ്റഡിയിലെടുത്ത്  കോടതിയിലും തുടർന്ന് റിമാന്റ് ചെയ്ത്  ജയിലിലും അടച്ച വാർത്ത തന്മയത്തോടെ  റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇനി അവന്റെ കാര്യം കട്ട പൊഹ. എന്തായാലും ഒരുകാര്യം ഉറപ്പ്  മാധ്യമങ്ങൾ അവന്റെ ജീവിതം ഒരു കരയിലെത്തിച്ചിട്ടുണ്ട്.അവന് പറയാനുള്ളതെന്തെന്ന് പറയാനും കാര്യങ്ങൾ വിശദീകരിക്കാനും ഒരു ചാനലുകാരനും അവസരം നൽകിയിട്ടില്ല.  മാധ്യമ റീപ്പോർട്ടിന് ശേഷം. അവർ  പ്രതിയാക്കിയ യുവാവിന്റെ  കുറ്റം പൊതുജന കോടതിയിൽ  ശീക്ഷിക്കപ്പെട്ടിരിക്കുന്നു, അവന് ഇനി  നല്ലൊരു വീട്ടിൽ നിന്നും പെണ്ണ് കൊടുക്കില്ല. ( ഈ മാധ്യമ-ചാനൽ വിശാരദന്മാർ ഇപ്രകാരം ഏകപക്ഷീയമായി വാർത്ത റിപ്പോർട്ട് ചെയ്യുന്നത് കൊണ്ടാണെന്ന് തോന്നുന്നു ഒരു ശിക്ഷ എന്ന നിലയിൽ ദൈവം അവരെ അഭിഭാഷകരെ കൊണ്ട് ഓടിച്ചിട്ടടിപ്പിക്കുന്നത്.)
ഇന്ന് സാധാരണ സംഭവമായി രൂപം പ്രാപിച്ച  മേൽക്കാണിച്ച പീഡന  വാർത്തയെ പറ്റി പരാമർശിക്കാനല്ല ഇവിടെ തുനിയുന്നത്. ഇവിടെ എന്റെ മുമ്പിൽ ഒരു ചെറുപ്പക്കാരനിരുന്ന് കരയുന്നുണ്ട്. വികാര വിക്ഷോഭത്താൽ അവന്റെ നെഞ്ച് ഉയരുകയും താരുകയും ചെയ്യുന്നുണ്ട് . 5 വർഷമായി ആത്മാർത്മായി അവൻ സ്നേഹിച്ച പെണ്ണ്  ഇപ്പോൾ അവനെ വിട്ട് പോയിരിക്കുന്നു. വിവാഹം കഴിക്കാൻ സമ്മതിക്കാമെന്ന് അവൾ പല തവണ സത്യം ചെയ്തിരുന്നു. അവർതമ്മിൽ പരസ്പരസമ്മതത്തോടെ ശരീര ബന്ധത്തിലേർപ്പെടുകയും ചെയ്തിട്ടുണ്ട്. അവൻ മറ്റൊരു പെണ്ണുമായി ജീവിതത്തിൽ ഇത് വരെ ഇപ്രകാരം ബന്ധത്തിൽ ഏർപ്പെട്ടിട്ടുമില്ല. ഇപ്പോൾ അവനേക്കാളും നല്ലൊരുത്തനെ കണ്ടപ്പോൾ അവൾ  അവന്റെ പുറകേ പോയി.." ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് സർ? എന്ന ചോദ്യവുമായി  എന്റെ മുമ്പിൽ ചടഞ്ഞിരുന്ന അവൻ മേശപ്പുറത്ത് കിടന്നപത്രത്തിൽ കണ്ണ് നട്ട് ഒരു ചോദ്യം  ചോദിച്ചു.ഇന്ത്യൻ ഭരണഘടന സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ നിയമത്തിന് മുമ്പിൽ തുല്യത  പ്രഖ്യാപിക്കുന്നു.  എങ്കിൽ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചേച്ച് പോയ പെണ്ണുങ്ങൾക്കെതിരെ കേസെടുക്കാൻ  പുരുഷനെ അർഹനാക്കുന്ന  വകുപ്പ് വല്ലതുമുണ്ടോ സാറേ? ശരിയാണ് അവന്റെ ചോദ്യം, അത് കൊണ്ട് തന്നെ എനിക്ക് ഉത്തരം മുട്ടുകയുംചെയ്തു.

Friday, September 2, 2016

കൊടുവാളോ ബ്ലെയ്ഡോ ?

ഇന്ത്യ സ്വാതന്ത്രിയം നേടിയിട്ട്  70 വർഷങ്ങളും  പരമാധികാര റിപ്പബ്ലിക്കായി തീർന്നിട്ട് 66 വർഷവും പിന്നിടുന്ന  ഈ കാലത്തും സാധാരണക്കാരന്  രോഗ ചികിൽസ അപ്രാപ്യമായി  തന്നെ അനുഭവപ്പെടുന്നു. ചിത്രത്തിൽ കാണുന്ന ഞങ്ങളുടെ സിനാൻ  ഫെയ്സ് ബുക്കിലും ബ്ലോഗിലും  സുപരിചിതനാണ്. പ്രസവ സമയത്ത്  കുഞ്ഞിനെ ഇങ്ക്വിബേറ്ററിൽ വെച്ചേ തീരൂ  എന്ന്  സ്വകാര്യ ആശുപത്രി   ഡോക്ടറുറ്റെ  നിർബന്ധ ബുദ്ധി  അവന്റെ രക്തത്തിലെ ഗ്ലൂക്കോസ്  നില താഴാനും തലച്ചോറിലെ  സിരകൾ തകരാനും  അത് വഴി ഇപ്പോൾ 5 വയസായ അവൻ ഇത് വരെ നടക്കാതിരിക്കാനും  സംസാര ശേഷി ഇല്ലാതാകാനും ഇടയാക്കി. എങ്കിലും ധാരാളം പണ ചെലവുള്ളതും നിരന്തരമായതുമായ ചികിൽസ അവനിൽ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നതിനാൽ  ഞങ്ങൾ സന്തോഷത്തിലായിരുന്നു. എന്നാൽ ഞങ്ങളെ പരിഭ്രമിപ്പിച്ച് കൊണ്ട്  ബുധനാഴ്ച അവന് ജന്നി (ഫിറ്റ്സ്)  ഉണ്ടായി. നീണ്ട 35 മിനിട്ടുകൾ  അവൻ വെട്ടി വെട്ടി കണ്ണ് മിഴിച്ച് കിടന്നു. ഉടൻ  സർക്കാർ വക താലൂക്ക്  ആശുപത്രിയിൽ കൊണ്ട് പോയി എങ്കിലും  അവിടെ ഐ .സി. സൗകര്യം ഇല്ലെന്നും  ആ സൗകര്യമുള്ള ആതുരാലയത്തെ തേടി പോകാനും സർക്കാർ ഭിഷഗ്വരന്മാർ നിർദ്ദേശിച്ചു. പിന്നെ ഈ സ്ഥാപനം തുറന്ന് വെച്ചോണ്ടിരിക്കുന്നത് എന്തിനാണെന്ന ചോദ്യം അവരുടെ മുഖത്തേക്ക് എറീഞ്ഞ് കൊടുത്തിട്ട്  അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കുഞ്ഞിനെയും കൊണ്ട് പാച്ചിൽ തുടർന്നു.   1 മണിക്കൂർ സമയത്തെ കുത്തലും കിഴിക്കലും കഴിഞ്ഞ് 1800 രൂപയുടെ ബില്ലും കയ്യിൽ തന്നിട്ട് തിരുവനന്തപുരം മേഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകാൻ അവർ ഉത്തരവായി.  പിന്നെന്തിനാടോ 1800 രൂപാ എന്നെ പിടിച്ച് പറിച്ചതെന്ന് ചോദിക്കാൻ സമയമില്ലാത്തതിനാൽ കുഞ്ഞിനെ ആംബുലൻസിൽ കയറ്റി  തിരുവനന്തപുരത്തേക്ക് പറക്കുമ്പോൾ  സിനാനെ ഇത് വരെ ചികിൽസിച്ചിരുന്ന ന്യൂറോ സർജൻ മാർത്താണ്ഡൻ പിള്ള ചീഫ് ഓഫീസറായി പ്രവർത്തനം നടത്തുന്ന അനന്തപുരി ആശുപത്രിയിൽ പോകുന്നതാണ് നല്ലതെന്ന് കുടുംബം മൊത്തം പറഞ്ഞതിനാൽ  ആംബുലൻസ് കൂ കൂ കൂ എന്ന് ഉച്ചതിൽ സൈറൺ മുഴക്കി  എയർ പോർട്ടിന് സമീപമുള്ള  അനന്തപുരി ആശുപത്രിയിലെത്തിച്ചു. അവിടെ പ്രാഥമിക പരിശോധനക്ക് ശേഷം  അവനെ ഐ.സിയിൽ കിടത്തി ഞങ്ങൾ പുറത്ത് കാവലുമായി നിന്നു. ആംബുലൻസ്കാരൻ  3500 രൂപാ കൊള്ളയടിച്ചു. മൂന്നാം ദിവസമായ ഇന്ന്  കുഞ്ഞിനെ ഐ.സിയിൽ നിന്നും പുറത്തിറക്കി 2500 രൂപാ പ്രതിദിനം വാടക നൽകേണ്ട മുറിയിലാക്കിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ വാടക1200 രൂപയുടെ  മുറി ഒഴിയുമ്പോൾ തരാമെന്ന ഒരു  മോഹന വാഗ്ദാനവും കൂടെ നൽകിയിരിക്കുന്നു റിസ്പ്ഷ്യനിൽ ഇരിക്കുന്ന ലലനാമണി . ഒരു  ഫൈവ് സ്റ്റാർ ആശുപത്രിയിലെ ചികിൽസാ ബിൽ വരുമ്പോൾ  അതെത്രയെന്നും എന്തിനെല്ലാം ബിൽ ചെയ്തിരിക്കുന്നതെന്നും ഞാൻ അടുത്ത പോസ്റ്റിടാം. ഇവിടെ എന്റെ മുമ്പിൽ ഉയർന്ന ചോദ്യങ്ങൾ ഇവയാണ്. (1) ഇത്രയും കാലമായിട്ടും സർക്കാർ ആശുപത്രിയിൽ  ഒരു പൗരന് ആവശ്യമായ ചികിൽസാ സൗകര്യം ലഭിക്കാൻ  സർക്കാരിന് ഒന്നും ചെയ്യാൻ കഴിവില്ലേ? പിന്നെന്ത് പുരോഗതിയാണ് ഈ സമത്വ സുന്ദര  ദേശത്ത് നടപ്പിൽ വന്നിട്ടുള്ളത്. (2) ഒരു പാവപ്പെട്ടവൻ ഈ അവസ്ഥയിൽ അവന്റെ ജീവൻ രക്ഷിക്കാൻ എന്ത് ചെയ്യും?.(3) എന്റെ സിനാനെ രക്ഷിക്കാൻ  എങ്ങിനെയെങ്കിലും  പൈസാ ഉണ്ടാക്കാം എന്ന് കരുതിയാലും ഈ സ്വകാര്യ ആശുപത്രിയിൽ  കൊടുവാളാണോ ബ്ലെയിഡ് ആണോ ഉപയോഗിക്കുന്നതെന്ന  വിവരം ആരെങ്കിലും പറഞ്ഞ് തരാമോ?