Friday, March 25, 2016

ഒരു വലിയ വലിയ മനുഷ്യൻ

 ആ ചെറുപ്പക്കാരൻ എന്റെ മുമ്പിൽ തല കുമ്പിട്ടിരുന്നു. ശരീര ഭാവങ്ങളിൽ നിന്നും അയാളുടെ  ദു:ഖത്തിന്റെ ആഴം  ആർക്കും മനസിലാക്കാൻ കഴിയുന്നുണ്ടായിരുന്നു. ഭാര്യയെ വിവാഹ മോചനം നടത്തുന്നതിന്റെ  പ്രാഥമിക നടപടികളുടെ ചർച്ചകൾക്കായി  മുസ്ലിം സമുദായത്തിൽപ്പെട്ട  അയാളും ബന്ധുക്കളും  ഞങ്ങളെ സമീപിച്ചിരിക്കുകയാണ്. എന്റെ പഴയ പരിചയക്കാരനായ മഹല്ല് ജമാത്ത് സെക്രട്ടറി നിദ്ദേശിച്ചതിൻ പ്രകാരമാണ്  ജില്ലയുടെ കിഴക്കൻ ഭാഗത്തുള്ള ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്നും അവർ എത്തിയിരിക്കുന്നത്.
ഭാര്യ വാട്ട്സ് അപ്പ് പ്രണയത്തിൽ പെട്ടു എന്ന വിവരം തെളിവ് സഹിതം ലഭിച്ചതിനാൽ ഗൾഫിലെ ജോലി സ്ഥലത്തു് നിന്നും അയാൾ പാഞ്ഞെത്തുകയായിരുന്നു. മറ്റൊരു യുവാവിന്റെ തോളിൽ അവൾ കയ്യിട്ടിരിക്കുന്ന ഫോട്ടോയും  ശരിയല്ലാത്ത കുറേ ടെക്സ്റ്റുകളിലെ  വാക്കുകളുമായിരുന്നു തെളിവ്. മാത്രമല്ല ബന്ധുക്കൾ ചോദ്യം ചെയ്തപ്പോൾ ഈ തെളിവുകൾ അവൾ നിഷേധിച്ചുമില്ല. വയനാട്കാരൻ ഒരു ക്രിസ്ത്യൻ യുവാവായിരുന്നു  സുഹൃത്ത്. പി.എസ്.സി. കോച്ചിംഗ് ക്ലാസ്സിൽ  പങ്കെടുക്കാൻ പോയ (പുറത്ത് അലഞ്ഞ് തിരിയാൻ മിക്ക ഗ്രാമങ്ങളിലും പെൺകുട്ടികൾ കണ്ടെത്തുന്ന ഒരു മാർഗമായി തീർന്നിരിക്കുന്നു, പി.എസ്.സി. കോച്ചിംഗ് സെന്ററുകൾ) അവളെ കാണാൻ സെന്ററിൽ എത്തിയ അയാൾ നിർബന്ധിച്ചതിൻ പ്രകാരമാണ് ഫോട്ടോ എടുത്തതെന്നും പിന്നീട് വാട്ട്സ് അപ്പിലൂടെയും ഫെയ്സ് ബുക്കിലൂടെയും  സൗഹൃദം പൂത്തുലഞ്ഞുവെന്നും അത് ഇത്രത്തോളം ഗുരുതരമായ അവസ്ഥയിലെത്തി ചേരുമെന്ന് കരുതിയില്ലെന്നും അവൾ പറഞ്ഞുവത്രേ! എട്ടു വയസ്സ് പ്രായമുള്ള  ആൺകുട്ടിയുടെയും  അഞ്ചു വയസുള്ള ഒരു പെൺ കുട്ടിയുടെയും മാതാവാണ്  ഇരുപത്തെട്ടാം   വയസ്സിൽ പ്രണയത്തിൽ ചെന്ന് പെട്ടത്.
  വിട്ട് വീഴ്ചയുടെ  മഹിമയും മാപ്പ് കൊടുക്കുന്നതിലൂടെ കൈ വരുന്ന  നന്മകളെ പറ്റിയും കുട്ടികൾ അനാഥരാകുകയും അവരുടെ കസ്റ്റഡിക്കായി കോടതി കയറി ഇറങ്ങലുമായി ജീവിതം തുലക്കുന്നതിനെ പറ്റിയും  (കുട്ടികളെ വിട്ട് കൊടുക്കില്ലാ എന്ന് അവൾ കട്ടായം പറഞ്ഞിരുന്നു)ഞാൻ അയാളോട്  അര മണിക്കൂറോളം  സംസാരിച്ചതിന് ശേഷം മടിച്ച് മടിച്ച് അവരോട് ചോദിച്ചു.
  " ഒരു തവണ ഭാര്യക്ക് മാപ്പ് കൊടൂത്തൂടേ"
  " അഞ്ച് കൊല്ലത്തിന് മുമ്പ് ഇതേ പോലെ  ഒന്നിൽ പെട്ടപ്പോൾ  ഇവൻ അവൾക്ക് പൊറുത്ത് കൊടുക്കുകയും മേലിൽ ആവർത്തിക്കില്ലാ എന്ന്  അവൾ വാക്ക് തന്നതുമാണ്.
"ഇനി മാപ്പില്ലാ സാറേ" അയാളുടെ സഹോദരങ്ങൾ ഉറപ്പിച്ച് പറഞ്ഞു. അയാൾ നിശ്ഡ്ശബ്ദനായി അപ്പോഴും  തല കുമ്പിട്ടിരുന്നു
 ഇതിൽ ഒത്ത് തീർപ്പിനായി എനിക്കൊന്നും  ചെയ്യാനില്ലാ എന്ന് തോന്നിയതിനാൽ  രണ്ടാം ദിവസം മഹല്ല് കമ്മിറ്റി ആഫീസിൽ വന്ന് കൊള്ളാമെന്ന് ഉറപ്പ്  നൽകി  അവരെ പറഞ്ഞയച്ചു.
പിറ്റേ ദിവസം സായാഹ്നത്തിൽ എനിക്ക് ചെറുപ്പക്കാരന്റെ ഫോൺ വന്നു. " സാറിനെ അത്യാവശ്യമായി കാണണം." ഈ സമയത്ത്  എന്ത് അത്യാവശ്യം എന്ന് അൽഭുതപ്പെട്ട ഞാൻ വരാനായി അയാളോട് പറഞ്ഞു.ഏഴര മണി ആയപ്പോൾ  വീടിനെ മുൻ വശം വന്ന് നിന്ന  ആട്ടോയിൽ നിന്നും അയാൾ ഇറങ്ങി വരുന്നത്,  ലൈറ്റിന്റെ വെട്ടത്തിൽ  ഞാൻ കണ്ടു. പുറകെ ഇറങ്ങി വന്നത്  ഒരു യുവതിയും രണ്ട്  ചെറിയ കുട്ടികളുമായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ അന്തം വിട്ട് നിന്നു . കൂടെ വന്നവർ  അയാളുടെ  ഭാര്യയും കുട്ടികളുമായിരിക്കുമെന്ന് ആ നിമിഷം എനിക്ക് മനസിലായി.വീടിനുള്ളിൽ കയറാതെ  ജാള്യതയോടെ അയാൾ നിന്നു. ഭാര്യ  കുറ്റ ബോധത്തോടെ അയാളുടെ പുറകിൽ പതുങ്ങി. കുട്ടികൾ പകപ്പോടെ എന്നെയും മാതാപിതാക്കളെയും മാറി മാറി നോക്കി. നിറഞ്ഞ ചിരിയോടെ ഞാൻ രണ്ട് കയ്യും നീട്ടി പറഞ്ഞു  "കയറി വാടോ"  മനസിൽ ലഡു പൊട്ടി എന്ന് സിനിമാ ഭാഷയിൽ പറയുന്നത് ഈ സമയത്തായിരിക്കുമെന്ന് ഞാൻ ചിന്തിച്ചു.
"സർ  കഴിഞ്ഞ ദിവസം പറഞ്ഞതെല്ലാം നല്ലവണ്ണം  ആലോചിച്ചു. ഞാൻ ഇവളെ ഉപേക്ഷിച്ചാൽ  വയനാടുകാരനൊന്നും ഇവളെ സ്വീകരിക്കില്ല, എന്റെ കുഞ്ഞുങ്ങളെ അവൾ വിട്ട് തരുകയുമില്ല, മൂന്നു നാല് കൊല്ലം കുടുംബ കോടതി വരാന്തയിൽ ഞാൻ ആ കുഞ്ഞുങ്ങളെ കാണാൻ കയറി ഇറങ്ങണം, ഇനി അഥവാ എനിക്ക്  കുട്ടികളെ  വിട്ട് കിട്ടിയാൽ തന്നെയും   അവരുടെ ഉമ്മായുടെ കഥ കറുത്ത നിഴലായി   ഭാവിയിൽ  പടർന്ന് കാണപ്പെടും. ഒരു വൈവാഹിക ബന്ധം ഭാവിയിൽ കുഞ്ഞുങ്ങൾക്ക് വരുമ്പോൾ  തന്നെ ഈ കഥ വില്ലനായി തീരും. ഇപ്പോൾ ഞാൻ ഒന്ന് ക്ഷമിച്ചാൽ, ഭാര്യക്ക് പൊറുത്ത് കൊടുത്താൽ എന്റെ കുഞ്ഞുങ്ങൾക്ക്   ആ ദുരവസ്ഥ ഉണ്ടാവില്ല. ഞാൻ ഭാര്യയുടെ വീട്ടിൽ പോയി അവളുമായി സംസാരിച്ചു. മേലിൽ ഇനി ഒരിക്കലും ഈ വക തെറ്റുകൾ ചെയ്യില്ലാ എന്ന് കുഞ്ഞുങ്ങളുടെ തലയിൽ തൊട്ട് അവൾ സത്യം ചെയ്തു. മൊബൈൽ ഫോൺ  എറിഞ്ഞ് പൊട്ടിച്ചു , ഇനി അവൾക്ക് ഒരു ഫോണും  വേണ്ടാ എന്നും  പറഞ്ഞു. എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടിയല്ലേ സർ ഞാൻ മരുഭൂമിയിൽ  പോയി കഷ്ടപ്പെടുന്നത്. അവരുടെ സന്തോഷമാണ് എന്റെ സന്തോഷം. ദാ നോക്കൂ അവളുടെ ചിരി നോക്കൂ...."
ഞാൻ നോക്കിയപ്പോൾ കുഞ്ഞരി പല്ല് കാട്ടി ആ കൊച്ച് മിടുക്കി  എന്നെ നോക്കി ചിരിക്കുന്നു. ഓമനത്തമുള്ള ഒരു കുഞ്ഞ്. ആൺകുട്ടിയും അത് പോലെ തന്നെ.
സംഭവം കേട്ട് കൊണ്ടിരുന്ന എന്റെ ഇടത് ഭാഗം പെട്ടെന്ന് തന്നെ സർബത്ത് തയാറാക്കി അവർക്ക് കൊടുത്തത്  കൂടാതെ കടയിൽ ആളെ അയച്ച് മധുര പലഹാരം വാങ്ങി ആ കുടുംബത്തിന് കൊടുത്തു. അവളുടെ മനസിലും സന്തോഷം നിറഞ്ഞിരിക്കണം, ആർക്കാണ് സന്തോഷം ഉണ്ടാകാതിരിക്കുക.
"നോക്കൂ...ഞാൻ യുവതിയുടെ നേരെ തിരിഞ്ഞു" മേലിൽ......" ഞാൻ പൂർത്തീകരിക്കുന്നതിന് മുമ്പ് തന്നെ അവൾ  പറഞ്ഞ് " ഇല്ലാ സാർ ഇനി ഒരിക്കലും ഇല്ല,  ഇത് വരെ ഇദ്ദേഹത്തിന്റെ ഈ സ്നേഹം ഞാൻ തിരിച്ചറിഞ്ഞില്ലല്ലോ എന്നതാണ് എന്റെ ഇപ്പോഴത്തെ സങ്കടം...." അവൾ വിങ്ങി.
"സാർ, എന്റെ ബന്ധുക്കളെ വിളിച്ച് സമാധാനപ്പെടുത്തണം,  ഞാൻ ഇവളെ  തിരികെ വിളിച്ചതിൽ അവർവൈരാഗ്യത്തിലാണ്....." അത് ഞാൻ പറഞ്ഞ് ശരിയാക്കാമെന്ന്  ഉറപ്പ് നൽകുമ്പോഴും ആ യുവാവിനോടുള്ള ആദരവ്  എന്റെ ഉള്ളിൽ  ഒന്നിനൊന്ന് വർദ്ധിക്കുകയായിരുന്നു.
 രാത്രി ഏറെ ആയതിനാലും  ഈ കുഞ്ഞുങ്ങളെയും കൊണ്ട് വളരെ ദൂരം സഞ്ചരിക്കാനുമുള്ളതിനാലും  ഞങ്ങൾ അവരെ യാത്ര ആക്കി.
തെളിഞ്ഞ് കാണപ്പെട്ട  നിലാവിൽ റോഡിലൂടെ  ആ കുടുംബം നടന്ന് നീങ്ങുമ്പോൾ എന്റെ മനസിലും പൂനിലാവ് നിറയുകയായിരുന്നു.

No comments:

Post a Comment