Tuesday, March 1, 2016

പത്രമുതലാളിമാരോട് ഒരു അപേക്ഷ.

മലയാള ദിനപ്പത്രങ്ങൾക്ക് പ്രതിമാസം 182 രൂപാ വീതം നൽകിയാണ് ഞാൻ വാർത്തകൾ  വായിക്കുന്നത്. പത്ര മുതലാളി ലാഭം ഉണ്ടാക്കണമെന്നൊന്നും എനിക്ക് താല്പര്യമില്ല. 182 രൂപാ പ്രതിമാസം നൽകുമ്പോൾ  വാർത്തകൾ  അച്ചടിച്ച ദിനപ്പത്രം എന്റെ കയ്യിൽ അവർ എത്തിച്ച് തരണം.  പത്ര വായനക്കാരനും  പത്ര മുതലാളിയുമായുള്ള ഒരു അലിഖിത  ഉടമ്പടി ആണിത്. പത്ര മുതലാളി ഈ 182 രൂപാ കൊണ്ട്  ലാഭത്തിൽ തന്റെ വ്യവസായം  നടത്തിക്കൊണ്ട് പോകാൻ കഴിയുമോ എന്നൊന്നും വായനക്കാരൻ അന്വേഷിക്കേണ്ട  കാര്യമൊന്നുമില്ല. എന്നിട്ടും 182 രൂപാ  മുടക്കി  ഞാൻ  വാങ്ങുന്ന പത്രത്തിൽ  പത്രമുതലാളിയുടെ താല്പര്യത്തിൽ  പരസ്യങ്ങൾ കുത്തി തിരുകുന്നത്  ഞാൻ സഹിക്കുന്നത്  "പോട്ടെ അയാൾ  എങ്ങിനെയും ജീവിച്ച് പോകട്ടെ, നമുക്ക് നഷ്ടമൊന്നുമില്ലല്ലോ"  എന്ന എന്റെ ഔദാര്യം കൊണ്ട് മാത്രമാണ്.  കാരണം വാർത്തകൾക്ക് വേണ്ടിയാണ്  ഞാൻ പൈസാ ചെലവഴിക്കുന്നത്. അല്ലാതെ ആടലോടകത്തിന്റെയും ഉണക്കമീനിന്റെയും  ഷഡ്ഡിയുടെയും പരസ്യം വായിക്കാനല്ലാ.
 പത്രം പുറത്തിറങ്ങണമെങ്കിൽ സർക്കാർ വക പരസ്യങ്ങൾ നൽകുന്നത് പത്രത്തിൽ അച്ചടിക്കണമെന്ന നിബന്ധന  പത്രമുതലാളിയും സർക്കാരുമായുള്ള ഇടപാട് മാത്രമാണ്. 182 രൂപാ നൽകുന്ന ഞാനുമായി ഒരു ഇടപാടും സർക്കാരിനില്ല. മാത്രമല്ല സർക്കാർ വക പരസ്യങ്ങളും അറിയിപ്പുകളും  പൊതു ജനങ്ങളെ അറിയിക്കുന്നത്  സർക്കാർ അതിനായി അച്ചടിക്കുന്ന ഗസറ്റിലൂടെയാണ് താനും. അല്ലെങ്കിൽ വില്ലേജ് ആഫീസ് മുഖപ്പിലും പഞ്ചായത്ത് വക നോട്ടീസ് ബോർഡിലും പരസ്യപ്പെടുത്തട്ടെ. അല്ലാതെ ഞാൻ 182 രൂപാ കൊടുത്ത് വാങ്ങുന്ന പത്രത്തിൽ കുത്തി നിറച്ച്  എന്നെ അടിച്ചേൽപ്പിക്കരുത്.
  ഇതിത്രയും  എഴുതിയത്  മൂന്ന് നാല് ദിവസങ്ങളായി പത്രത്തിൽ  സർക്കാർ വക ഭരണ നേട്ടങ്ങൾ  ഒന്നും രണ്ടും  പേജുകളിൽ കുത്തി നിറച്ച്   " വായിക്കടാ പൊതുജന മരപ്പട്ടീ " എന്ന മട്ടിൽ ഞങ്ങൾക്ക് വലിച്ചെറിഞ്ഞ്  തരുന്ന  പ്രവണത കണ്ടത് കൊണ്ടാണ്. ഞങ്ങൾക്ക് വാർത്തകൾ നിറച്ച് തരേണ്ട ഇടത്തിൽ  നിങ്ങൾക്ക് ലാഭത്തിനായി   സർക്കാരുകളുടെ സുവർണ ഭരണ നേട്ടങ്ങൾ കുത്തി നിറക്കാനാണെങ്കിൽ ഞങ്ങളെന്തിന് 182 രൂപാ വില കൊടുക്കണം.  
   അത് കൊണ്ട് സർക്കാർ വക ഈ കേമത്തങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് പത്രമുതലാളിമാർ   പ്രത്യേക പേജിലാക്കി  പത്രത്തിൽ ഉള്ളടക്കം ചെയ്യുക, അല്ലാ എങ്കിൽ  പരസ്യം കഴിഞ്ഞുള്ള പെജുകൾക്ക് മാത്രം  ഞങ്ങളിൽ നിന്നും വില വാങ്ങുക. 

2 comments:

  1. പരസ്യങ്ങൾക്ക് മാത്രമായി ഒരു പത്രം തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണ്‌ :)
    ഇപ്പോൾ വാർത്തകൾ പോലും ചില രാഷ്ട്രീയ പാർട്ടികളുടെ പർസയമാണ്‌..വായിച്ചാൽ വാർത്തയാണെന്നു തോന്നും..പക്ഷെ അതൊക്കെ അവരുടെ പരസ്യങ്ങളാണ്‌..

    ReplyDelete
  2. Sabu Hariharan അവരുടെ പരസ്യത്തിന് നമ്മൾ പ്രതിമാസം 182 രൂപാ അടക്കണം, അതാണ് അനീതി.

    ReplyDelete