Wednesday, March 30, 2016

ഏഴ് വർഷം 450 പോസ്റ്റുകൾ.

 ഇന്റർ നെറ്റ് ലോകത്തിൽ(ബൂലോഗത്തിൽ) പ്രവേശിച്ചിട്ട് ഈ മാർച്ചിൽ  ഏഴ് വർഷം തികയുന്നു. എട്ടാം വർഷത്തിലേക്ക് കടന്നപ്പോൾ  sheriffkottarakara.blogspot.in  എന്ന എന്റെ സൈറ്റിൽ  450 പോസ്റ്റുകളും Tam Sheriff    എന്ന  ഫെയ്സ്ബുക്ക്  അക്കൗണ്ടിൽ ആയിരക്കണക്കിന് സ്റ്റാറ്റസ്കളും ഈയുള്ളവന് വിക്ഷേപണം ചെയ്യാൻ കഴിഞ്ഞു എന്നത് മനസിന്  തൃപ്തിയേകുന്ന വസ്തുതയാണ്.  ഇതിൽ കഥകളും പ്രതികരണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും  ചിത്രങ്ങളും അങ്ങിനെ സർവമാന  കിസ്മത്തുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇനിയും തലയിൽ ധാരാളം  ബാക്കി അവശേഷിച്ചിട്ടുള്ളതിനാൽ മുകളിലിരിക്കുന്ന യജമാനൻ അനുവദിച്ചാൽ  കൂടുതൽ എഴുതാമെന്ന് വിചാരിക്കുകയും ചെയ്യുന്നു.
എന്താണ് ബൂലോഗത്തിൽ കടന്നതിനാൽ എനിക്ക് കിട്ടിയ  ഗുണം. (1) കഴിയുന്നതും   പത്രമാഫീസിലേക്ക് അയക്കാതെ  എനിക്കിഷ്ടമുള്ള രീതിയിൽ എഴുതി ഇഷ്ടമുള്ളപ്പോൾ ഇഷ്ടമുള്ളപ്പോൾ ബ്ലോഗിൽ/ഫെയ്സ്ബുക്കിൽ പ്രസിദ്ധീകരിക്കാൻ കഴിയുന്നു.
(2) അതിരില്ലാത്ത  സൗഹൃദങ്ങളുടെ ഉടമയായി. അതല്ലേ ജീവിതത്തിൽ നേടാനാകുന്ന ഏറ്റവും വലിയ  സമ്പാദ്യം. എത്രയെത്ര പേർ ഇപ്പോൾ എനിക്ക് സുഹൃത്തുക്കളായുണ്ട്.  വിദേശത്തും    കേരളത്തിലെവിടെയും ഈ സുഹൃദ് വലയം  ഞാനുമായി ബന്ധപ്പെട്ടുകൊണ്ടേ ഇരിക്കുന്നു.
ആദ്യ ചെറായി ബ്ലോഗ് മീറ്റ് മുതൽ അവസാന തുഞ്ചൻ പറമ്പ് മീറ്റവരെ പങ്കെടുക്കാൻ കഴിഞ്ഞു എന്നത് അഭിമാനമായി തന്നെ ഞാൻ കരുതുന്നു.
അൽപ്പസ്വൽപ്പം ദൂഷ്യ വശങ്ങളും ഇല്ലാതില്ല. (1)  എന്റെ രചനകളിൽ ഭാഷാ വൈകല്യം കടന്ന് കൂടുന്നു. അച്ചടി മാധ്യമങ്ങളിലേക്ക് രചനകൾ അയക്കുമ്പോൾ ഭാഷാ പ്രയോഗത്തിൽ വളരെ സൂക്ഷമത പുലർത്തി എഴുതുമായിരുന്നു. ഇപ്പോൾ അങ്ങിനെയൊന്നുമില്ല, വെച്ച് കാച്ചി വിടും. ദാ! കണ്ടില്ലേ! വെച്ച് കാച്ചി വിടും പോലും. ബ്ലോഗിൽ എഡിറ്റിംഗ് ഇല്ലാത്തതിനാലുള്ള ദൂഷ്യമാണിത്. വാക്കുകൾ തനത് അവസ്ഥയിൽ ഉപയോഗിക്കും, അത് ചെത്തി മിനുക്കാനോ  വർണങ്ങൾ കൊണ്ടലങ്കരിക്കാനോ മുതിരാറില്ല(2) എഴുത്ത് നിർബന്ധമായി എഴുതിയിരുന്ന അവസ്ഥയിൽ നിന്നും ഓ! എപ്പോഴെങ്കിലും എഴുതാം എന്ന മടിയിലേക്ക്  മാറി പോകുന്നു.
 എന്തായാലും ഇന്റർ നെറ്റ് ലോകത്തിലെ ജീവിതം ഒരുതരത്തിൽ  ആനന്ദപ്രദം തന്നെയാണ്.
പണ്ട് ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന പലരും ഇപ്പോഴില്ല,  ഇന്നുള്ള പലരും അന്ന് വന്നിട്ടുമില്ല. എങ്കിലും എന്റെ ഇന്റർ നെറ്റ് സുഹൃത്തുക്കൾ  എല്ലാവർക്കും ആശംസകൾ  നേരുന്നു. ഇനിയുള്ള കാലത്തും എന്നെ സഹിക്കുന്നതിന് മടി കാണിക്കരുതെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു.

1 comment:

  1. ആശംസകള്‍ മാഷേ, ഇവിടെ 9 വര്‍ഷം കൊണ്ട് 150 പോസ്റ്റു പോലും ആയിട്ടില്ല :)

    ReplyDelete