കത്തി കൊണ്ട് പഴം മുറിക്കാം, പച്ചക്കറി അരിയാം. ഒരുത്തന്റെ പള്ളക്ക് കയറ്റി അവനെ കൊല്ലുകയുംചെയ്യാം. ഫെയ്സ്ബുക്ക് പോലുള്ള ചില മാധ്യമങ്ങൾ ഈ തരത്തിൽ ഗുണത്തിനും ദോഷത്തിനും ഉപകരിക്കും എന്നത് നിസ്തർക്കമായ വസ്തുതയെന്ന് ഇപ്പോൾ എനിക്ക് പറയാൻ ഇടയാകത്തക്കവിധം ഒരു കേസിൽ എനിക്ക് ഇടപടേണ്ടി വന്നു. ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്ക് വിവാഹമോചനം വരെ എത്തി നിൽക്കുന്ന അവസ്ഥയിൽ മദ്ധ്യസ്തതക്ക് ശ്രമിച്ചപ്പോൾ നമ്മുടെ പ്രിയപ്പെട്ട ഫെയ്സ്ബുക്ക് അതിൽ കക്ഷിയായി വന്നു. ഭാര്യയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് വിവാഹാനന്തരം സ്നേഹം മൂത്ത് നിന്ന അവസരത്തിൽ ഭാര്യ ഭർത്താവിന് കൈകാര്യം ചെയ്യാൻ സർവസ്വാതന്ത്രിയം അനുവദിച്ച് കൊടുത്തു. മെയിൽ ഐ.ഡിയും പാസ് വേർഡും ചെവിയിൽ മന്ത്രിച്ച് കൊടുത്ത് നമ്മൾ തമ്മിൽ എന്ത് രഹസ്യം എന്ന് മൊഴിഞ്ഞു. പിന്നീട് രണ്ട് പേരും ചേർന്നായി ചാറ്റിംഗ്. ഒലിപ്പീര് കക്ഷികളെ ഭാര്യ ഭർത്താവിന്റെ സാന്നിദ്ധ്യത്തിൽ അതിരുവിട്ട തമാശകളാലും പ്രയോഗങ്ങളാലും കബളിപ്പിച്ചു രസിച്ചൂ. ഒന്നിലധികം പുരുഷന്മാർ ഈ തരത്തിൽ ചാറ്റിംഗിലൂടെ ഇത് നേരായ സ്നേഹമെന്ന് തെറ്റിദ്ധരിച്ച് മറുപടികൾ നൽകുകയും ചെയ്തു. കാര്യങ്ങൾ ഇങ്ങിനെ തുടരവേ ആദ്യ കാലത്ത് മൂത്ത് നിന്ന സ്നേഹത്തിന്റെ ഗ്രാഫ് കാലം കഴിഞ്ഞപ്പോൾ കീഴോട്ട് വന്നു. ആദ്യ കാലഘട്ടത്തിൽ ഭർത്താവ് പറഞ്ഞത് ഭാര്യ കേൾക്കുകയും അടുത്ത ഘട്ടത്തിൽ ഭാര്യ പറഞ്ഞത് ഭർത്താവ് കേൾക്കുകയും ഇപ്പോൾ രണ്ട് പേരും കൂടി പറയുന്നത് അയൽക്കാർ കേൾക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി ചേർന്നു. ഇപ്പോൾ കേസ് കോടതിയിലാണ് .അത് അവിടെ നിൽക്കട്ടെ; എവിടെ പോയാലും കെട്ടിപിടിച്ച് അടുത്തടുത്ത് ഇരുന്ന അവർ രണ്ട് പേരും കോടതി തിണ്ണയുടെ അങ്ങേ അറ്റവും ഇങ്ങേ അറ്റവും നിന്ന് മാനത്ത് നോക്കി നെടുവീർപ്പിടട്ടെ. ധാരാളം കക്ഷികൾ അതേ പോലെ ആ തിണ്ണയിൽ വേറെയുമുണ്ടല്ലോ! പക്ഷേ മറ്റൊരു കാര്യം ചൂണ്ടി കാണിക്കാനാണ് ഞാൻ ഈ കുറിപ്പുകൾ ഇവിടെ കോറി ഇട്ടത്. ഭാര്യയും ഭർത്താവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞൊതുക്കാൻ ഞാൻ ശ്രമിച്ചപ്പോൾ ഭർത്താവദ്ദേഹം ഭാര്യക്കെതിരായി പറഞ്ഞ പ്രധാനപ്പെട്ട ആരോപണം ഭാര്യക്ക് പല പുരുഷന്മാരുമായി അവിഹിത ബന്ധം ഫെയ്സ്ബുക്കിലൂടെ ഉണ്ടെന്നാണ്. തെളിവിനായി ഭാര്യയുടെ അക്കൗണ്ടിലെ പഴയ ചാറ്റിംഗ് ആണ് ഉദ്ധരിച്ചത്. ഇത് കേട്ട ഭാര്യ പൊട്ടി തെറിച്ച് വിളിച്ച് കൂവിയത് "അത് നമ്മൾ രണ്ട് പേരും ഒന്നിച്ചിരുന്ന് ചെയ്തതല്ലേ " എന്നായിരുന്നു. എന്നിട്ട് ആ സംഭവങ്ങൾ വിവരിക്കുകയും ചെയ്തു. അപ്പോൾ ഭർത്താവിന്റെ പ്രതികരണം എനിക്കങ്ങ് ക്ഷ പിടിച്ചു. "ഹും! ഞാൻ അങ്ങിനെ പറഞ്ഞാലും നീ അങ്ങനെ ചെയ്യുമോ? " എന്നായിരുന്നു അയാൾ കൂളായി ചോദിച്ചത്. എങ്ങിനുണ്ട് ഫെയ്സ്ബുക്ക് പരാക്രമങ്ങൾ.
പിൻ കുറി: പരിധി വിട്ട ചാറ്റിംഗ് കാണുമ്പോൾ വെട്ടിൽ വീഴല്ലേ മക്കളേ! ചിലപ്പോൾ അവർ രണ്ട് പേരും കൂടി ഇരുന്ന് നമ്മളെ വഹിക്കുകയായിരിക്കും.....
പിൻ കുറി: പരിധി വിട്ട ചാറ്റിംഗ് കാണുമ്പോൾ വെട്ടിൽ വീഴല്ലേ മക്കളേ! ചിലപ്പോൾ അവർ രണ്ട് പേരും കൂടി ഇരുന്ന് നമ്മളെ വഹിക്കുകയായിരിക്കും.....
ശരീഫ്കാ ഞാൻ facebook openakiyal തുടങ്ങും കിചെണിൽ പാത്രങ്ങൾ തമ്മിൽ കൂട്ടിമുട്ടലുകൾ . ഇന്നെ വരെ ഒരാളോടും facebookilude ചാറ്റ് ചെയ്തിട്ടില്ല . അവളുടെ വിചാരം facebook എന്ന് പറഞ്ഞാൽ manpower സപ്ലൈ എന്നാ... ഇപ്പോ പറയാ അവള്കും facebook അക്കൗണ്ട് ഉണ്ടാകികൊടുക്കാൻ ...... ബഷീര് ദോഹ
ReplyDeleteസൂക്ഷിക്കണേ......!!!!
ReplyDelete