Saturday, April 5, 2014

തൂക്ക് കയർ വിധിച്ചാലും ബലാൽക്കാരം തുടരും

ബലാൽസംഗ കേസുകളിൽ ഇരയുടെ മൊഴി മാത്രം മതിയെന്നും  മറ്റ് സാങ്കേതിക തെളിവുകളുടെ അഭാവം  പ്രതിയെ കുറ്റ വിമുക്തനാക്കാൻ കാരണമാകരുതെന്നും അർത്ഥം വരത്തക്ക  കാഴ്ചപ്പാടുകൾ  നിറഞ്ഞ വിധി ന്യായങ്ങൾ ധാരാളം വന്ന് കഴിഞ്ഞതിന്റെ അടിസ്ഥാനത്തിൽ  ആ വക കേസുകളിൽ പ്രാരംഭ വിസ്താര കോടതിയിൽ നിന്ന് തന്നെ പ്രതികൾക്ക്  തക്കതായ ശിക്ഷകൾ ലഭിച്ച് തുടങ്ങിയിരിക്കുന്നു.
 തൂക്ക് കയർ തന്നെ  ലഭിച്ചിരിക്കുന്നു, ശക്തി മിൽ കൂട്ട ബലാൽസംഗ കേസിലെ പ്രതികൾക്ക്. മുംബെ നഗരത്തിലെ  ശക്തി മില്ല് കോമ്പൗണ്ടിൽ വെച്ച്  23 കാരിയായ പത്ര ഫോട്ടോഗ്രാഫറെ കൂട്ട മാനഭംഗം നടത്തിയ മൂന്ന് പുരുഷന്മാർക്ക് തൂക്ക് കയർ  വിധിച്ചു,  പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ശാലിനി ഫൻസാൽക്കർ ജോഷി. സമാന മനസ്കർക്ക് ഇത് പാഠമാകട്ടെ  എന്ന് പറഞ്ഞാണ് ജഡ്ജി മൂന്ന് പേർക്കും കയർ ഉറപ്പാക്കിയത്.
 കൊച്ച് കേരളത്തിലെ വലിയ പ്രസിദ്ധി ലഭിച്ച സൂര്യ നെല്ലി  ബലാൽസംഗ കേസിലെ പ്രതികൾക്കും വർഷങ്ങൾക്ക് ശേഷം  ജീവപര്യന്തം മുതൽ 10 വർഷം വരെ  തടവ് ശിക്ഷ  ഉറപ്പാക്കിയിരിക്കുന്നു ബഹു: ഹൈ കോടതി ഡിവിഷൻ ബഞ്ച് . പ്രാരംഭ കോടതി  ശിക്ഷിച്ച  പ്രതികളിൽ ഒരാളൊഴികെ മറ്റെല്ലാവരെയും  വെറുതെ വിട്ട  ഹൈ കോടതിയിലെ  പഴയ ഡിവിഷൻ ബഞ്ചിന്റെ വിധി  ഡെൽഹി ബലാൽസംഗ കേസിനെ തുടർന്നുണ്ടായ  പുതിയ കാഴ്ചപ്പാടുകൾ  ഉൾക്കൊണ്ടുള്ള  സുപ്രീം കോടതി  നിർദ്ദേശ പ്രകാരം  പുനർ വിചാരണക്ക് വന്നപ്പോൾ  വെറുതെ വിട്ടവരെല്ലാം 16 വർഷത്തിന് ശേഷമായാലും വീണ്ടും അകത്താകാൻ പോകുന്നു. പണ്ടത്തെ  കീഴ് കോടതി വിധിയെ തുടർന്ന്  നാലാം പ്രതിയും എട്ടാം പ്രതിയും ആത്മഹത്യ  ചെയ്ത്  ശിക്ഷയെ കടത്തി വെട്ടിയപ്പോൾ    , മറ്റ് പലരും   സ്വാഭാവിക മരണത്താൽ  ഈ കേസിൽ  തടവ് ശിക്ഷയിൽ നിന്നും ഒഴിവാക്കപ്പെട്ടു എന്ന് കൂടി പറഞ്ഞ് വെക്കട്ടെ.
 മേൽക്കാണിച്ച വിധം ബലാൽസംഗ വീരന്മാർ തങ്ങളുടെ കയ്യിലിരിപ്പ് കാരണം  വധ ശിക്ഷക്ക് വരെ അർഹരാകും  എന്ന് പത്രങ്ങൾ, ചാനലുകൾ  എന്നിവയിലൂടെ  തുടർച്ചയായി  താക്കീതുകൾി വന്ന്  കൊണ്ടിരിക്കുമ്പോൾ തന്നെ ഇന്നത്തെ പത്രങ്ങൾ നമുക്ക് തരുന്ന മറ്റ് വാർത്തകൾ നോക്കുക:
 മാതാവിന്റെ കാമുകനും  ബന്ധുവും ചേർന്ന്  പതിനഞ്ച്കാരിയെ പീഡിപ്പിച്ചു.  ഒൻപത്  മാസം  ഗർഭിണി ആയ പെൺകുട്ടി കൊല്ലം  ആശുപത്രിയിൽ  പ്രവേശിക്കപ്പെട്ടെന്ന് കൊല്ലം വാർത്ത.  വേശ്യാലയത്തിൽ നിന്നും യുവാക്കൾ തട്ടിക്കൊണ്ട് വന്ന  ബാംഗ്ളൂർ പെൺകുട്ടി  അവരുടെ പിടിയിൽ നിന്നും രക്ഷപെട്ട് പോലീസിലെത്തിയ കഥ കോഴിക്കോട്   വാർത്തയായും  റിപ്പോർട്ട് ചെയ്യപെടുന്നു.
  പെണ്ണുങ്ങളുടെ നേരെയുള്ള  കയ്യേറ്റത്തിന്  വധ ശിക്ഷ വരെ   കോടതി  ഒരു ഭാഗത്ത് വിധിക്കുമ്പോൾ  തന്നെ   മറു ഭാഗത്ത്  ഇനി ഏത് ശിക്ഷ വിധിച്ചാലും   ബലാൽസംഗങ്ങൾ   തുടർന്ന് കൊണ്ടേ  ഇരിക്കും എന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നതിന്റെ പൊരുൾ എന്താവാം.
      സമൂഹം ഉണർന്ന് ചിന്തിക്കട്ടെ.

2 comments:

  1. പിടിയ്ക്കപ്പെടാന്‍ സാദ്ധ്യത കുറവാണെന്ന ധാരണയാകുമോ?

    ReplyDelete
  2. നിയമങ്ങൾ ശക്തമാകുന്നതു മാത്രം പോര. അവ ഫലവത്തായി നടപ്പിലാക്കപ്പെടുകയും വേണം. സൂര്യനെല്ലി പെൺകുട്ടിയുടെ കേസിൽ നീതി നടപ്പിലായി എന്ന് പറയുവാൻ കഴിയുമോ. അത്രയും അപഹാസ്യയാക്കപ്പെട്ടു ആ കുടുംബം. കവിയൂരും കിളിരൂരും ഇരകൾ ഇല്ലെന്നത് അവരുടെ ഭാഗ്യം എന്നേ ഞാൻ പറയൂ. അല്ലെങ്കിൽ കോടതിമുറികളിൽ അവർ വീണ്ടും പീഢിപ്പിക്കപ്പെട്ടേനെ.

    ReplyDelete