Monday, April 7, 2014

എങ്ങിനെ ഞാൻ നാവെടുത്ത് പേര് വിളിക്കും

 പറഞ്ഞ്  പറഞ്ഞ് പഴകി  പോയ  ഒരു കഥയിൽ  നിന്നും  ഈ കുറിപ്പുകൾ തുടങ്ങാം.
  സ്ഥിതി വിവര കണക്ക് ശേഖരിക്കാൻ സർക്കാരിൽ നിന്നും നിയുക്തനായ ഉദ്യോഗസ്ഥൻ  വീട്ടിലെത്തി കുടുംബാംഗങ്ങളുടെ പേര് വിവരങ്ങൾ  ആവശ്യപ്പെട്ടപ്പോൾ  സ്ഥലത്തില്ലാത്ത  കുടുംബ നാഥന്റെ പേര്  പറഞ്ഞ് കൊടുക്കാൻ   ഭാര്യ   മടി കാണിച്ചു .  അദ്ദേഹത്തിന്റെ   പേര്  പറയാൻ നിർബന്ധമായി ആവശ്യപ്പെട്ടതിനെ തുടർന്ന്   ആ സാധ്വീമണി  നാണത്തോടെ  ഇപ്രകാരം  മൊഴിഞ്ഞു "മുത്ത് നബീന്റെ പേരും മുമ്പിലൊരു നൂറും "    . കുടുംബ നാഥന്റെ പേര് കണ്ട് പിടിക്കാൻ  ആ  സൂചന സമർത്ഥനായ  ഉദ്യോഗസ്ഥന് ധാരാളം മതിയായിരുന്നു . മുത്ത് നബീന്റെ പേര് = മുഹമ്മദ്. അതിന്റെ മുമ്പിലൊരു നൂറും കൂടി ചേർത്താൽ  കുടുംബ നാഥന്റെ പേര്=നൂറ് മുഹമ്മദ്. 
 ഈ കഥ ജന്മമെടുത്ത നാളുകളിൽ  സമൂഹത്തിൽ ഭാര്യമാർ  ഭർത്താവിന്റെ  പേര് പറയുന്നത്  അഭിലഷണീയമായിരുന്നില്ല. " ചേട്ടൻ, ഏട്ടൻ, അമ്മേടെ മോൻ, കുഞ്ഞിന്റെ അഛൻ, എന്റെ ബാബുക്കുട്ടന്റെ അഛൻ, എന്നിങ്ങനെ അപര നാമങ്ങളിലൂടെ  ഭാര്യമാർ ഭർത്താക്കന്മാരെ പരിചയപ്പെടുത്തി. ഭാര്യമാരുടെ ഈ ധർമ്മ സങ്കടത്തിൽ നിന്നും ഒരു  സിനിമാ ഗാനവും  ഉടലെടുത്തു.
"എൻ പ്രാണ നായകനെ എന്ത് വിളിക്കും  എങ്ങിനെ ഞാൻ  നാവെടുത്ത്  പേര് വിളിക്കും"
പ്രണയ ലേഖനങ്ങളിൽ, അങ്ങ്, അവിടന്ന്,  തുടങ്ങിയ  ബഹുമാന സൂചകമായ പദങ്ങളാണ് ഉപയോഗിക്കപെട്ടിരുന്നത്. അന്ന് ഭാര്യയേക്കാളും ഭർത്താവിന്റെ പ്രായം  ഏഴെട്ട് വയസ്സ് കൂടുതലായിരുന്നതിനാൽ    മുതിർന്നവരോടു  സ്വാഭാവികമായി  ഉണ്ടാകുന്ന  ബഹുമാനം  ഭർത്താവിനെ സംബോധന ചെയ്യുമ്പോഴും    പ്രതിഫലിച്ചിരുന്നു.
പ്രായ വ്യത്യാസം കുറഞ്ഞ് കുറഞ്ഞ്  ഏകദേശം സമപ്രായക്കാർ തമ്മിൽ  വിവാഹത്തിലേർപ്പെടാൻ തുടങ്ങിയപ്പോൾ  ഭർത്താവിനെ  "എങ്ങിനെ ഞാൻ നാവെടുത്ത് പേര് വിളിക്കും" എന്ന പ്രശ്നം ഇല്ലാതായി. പരസ്പരം പേര് വിളി പ്രചാരത്തിലായി.
പക്ഷേ ഇപ്പോൾ അവിടന്നും കാര്യങ്ങൾ മുമ്പോട്ട് പോയിരിക്കുന്നു.
 ചെറുപ്പക്കാരിയായ  ഭാര്യ തന്റെ ചെറുപ്പക്കാരനായ  ഭർത്താവുമായി എട്ട് മാസക്കാലത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ ഉണ്ടായ കലഹത്തെ തുടർന്ന്  തർക്കങ്ങൾ സമരിയാക്കാൻ എന്നെ സമീപിച്ചപ്പോൾ ഭർത്താവിനെതിരെ  ഭാര്യയുടെ പരാതികളെന്തെന്ന് ഞാൻ ചോദിച്ചതിന് മറുപടി നൽകവേ  ഭാര്യ ഇപ്രകാരം  പറഞ്ഞു,
"ഞാൻ അവനെ ഫോണിൽ വിളിച്ച്  പോറ്റി ഹോട്ടലിൽ നിന്നും  ഒരു മസാല ദോശ  വാങ്ങി കൊണ്ട് വരണം കേട്ടോടാ..എന്ന്  പറഞ്ഞിട്ടും അവൻ വെറും കയ്യുമായി വന്ന് എന്നോടുള്ള  സ്നേഹക്കുറവ് തെളിയിച്ചു"
 "അവൻ,  എടാ.. ഇങ്ങിനെയാണോ  ഭർത്താവിനെ വിളിക്കുന്നത് " ഞാൻ അതിശയിച്ചപ്പോൾ  പെൺകുട്ടി നിസ്സാര ഭാവത്തിൽ മൊഴിഞ്ഞു. " അയ്യേ! സാറ് സിനിമയൊന്നും  കാണില്ലേ, ഇപ്പോഴത്തെ ഫാഷൻ വിളി അങ്ങിനെയൊക്കയാ, അങ്ങിനെ വിളിക്കുന്നതിൽ അവനും ഇഷ്ടമാ...."
ഓ!!! ശരിയാണല്ലോ! ആ   സിനിമാ പാട്ട് ഞാൻ കേട്ടിട്ടുണ്ടല്ലോ.  "ഇഷ്ടമല്ലഡാ....എനിക്കിഷ്ടമല്ലഡാ..."

2 comments:

  1. എന്തും വിളിക്കും!!

    ReplyDelete
  2. പെണ്ണിനെ പോലെ പുരുഷൻ അത്ര മോഡേണ്‍ അല്ല അല്ലെ?. ബഷീര് ദോഹ

    ReplyDelete