Thursday, January 19, 2012

സിദ്ദീക്കിനെ കാണാനില്ല

സിദ്ധീക്കിനെ കാണാനില്ല. ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയോടെ കാത്തിരുന്ന് ദിവസങ്ങള്‍ പലത് കഴിഞ്ഞിട്ടും അവന്‍ വന്നുമില്ല, അവനെ പറ്റി ഒരു വിവരവും ലഭിച്ചുമില്ല. അവന്‍ ഒരിക്കലും ഇപ്രകാരം ഞങ്ങളെ വിട്ട് നില്‍ക്കുന്ന പതിവില്ലായിരുന്നല്ലോ . എവിടെ പോയാലും നേരം പുലര്‍ച്ചക്ക് അവന്‍ ഞങ്ങളെ വിളിച്ചുണര്‍ത്തുമായിരുന്നു. അവന്റെ ശബ്ദമാണ് ഞങ്ങളുടെ പുലരി.

എന്റെ ഭാര്യ അസ്വസ്ഥയാണ്.

”അവനു എന്തോ സംഭവിച്ച് കാണും. ഇല്ലങ്കില്‍ അവന്‍ എപ്പോഴേ വരുമായിരുന്നു.‘’ അവള്‍ പറഞ്ഞു.

“താന്‍ വിഷമിക്കാതെടോ, അവന്‍ ഏതോ പെണ്ണുങ്ങളുടെ പുറകേ പോയിക്കാണും, അവള്‍ അവനെയും കൊണ്ട് കടന്നും കാണും” ഞാന്‍ അവളെ സമാശ്വസിപ്പിച്ചു.

“ഛേ, അവന്‍ അങ്ങിനെയൊന്നും പോകൂലാ, ഒരിക്കലും നമ്മളെ വിട്ട് നില്‍ക്കാന്‍ അവനു കഴിയില്ലാന്ന് അറിയില്ലേ?“ അവള്‍ നിരാശയോടെ പറഞ്ഞു.

ശരിയാണ്, അവനു അത് കഴിയില്ല. ജനിച്ച അന്നു മുതല്‍ അവന്‍ ഞങ്ങളുടെ സാമീപ്യം അനുഭവിച്ച് കഴിയുകയായിരുന്നല്ലോ. അവന്‍ ജനിച്ചതിന്റെ പിറ്റേ ദിവസം അവന്റെ അമ്മ മരിച്ചു. കണ്ണ് പോലും വിരിയാത്ത അവനെ ഫില്ലറില്‍ പാല്‍ എടുത്ത് വായില്‍ ഇറ്റിച്ച് വളര്‍ത്തിയത് ഭാര്യയാണ്. ഹാ! ഞാന്‍ പറഞ്ഞില്ല സിദ്ധീക്ക് ആരാണെന്ന്. അവനെ പറ്റിയുള്ള ചരിത്രം ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുണ്ട്. അതില്‍ അവന്റെ പേരു ചങ്കരന്‍ എന്നാണ് ഞാന്‍ കാണിച്ചിരുന്നത്. പിന്നീട് കുട്ടികള്‍ അവനെ സിദ്ധീക്ക് എന്ന് വിളീച്ച് തുടങ്ങി. നമ്മുടെ പ്രമുഖ ബ്ലോഗര്‍ ശ്രീമാന്‍ കൊട്ടോട്ടി ഇവിടെ എന്റെ വീട്ടില്‍ വന്നപ്പോള്‍ അവനെ കണ്ടിട്ടുണ്ട്.

ദേ ! ഇവിടെയും അവിടെയും പോയാല്‍ നിങ്ങള്‍ക്ക് അവനെ കാണാം അവന്റെ ചരിത്രം വായിക്കാം. എലിയെ കാണുമ്പോല്‍ പേടിച്ച് മാറുന്ന ഒരു പൂച്ച ആയിരുന്നു അവന്‍ . അവന്‍ ജനിച്ച പിറ്റേന്ന് അവന്റെ അമ്മയെ പട്ടികള്‍ കടിച്ച് കൊന്നു. അവന്റെ കൂടപ്പിറപ്പിനെയും പിന്നീട് അവര്‍ തന്നെ കടിച്ച് കൊന്നു. അവനെ അവന്റെ ജീവിത യോധനത്തിനു പരിശീലനം നല്‍കാന്‍ ആരുമില്ലാതായി. മനുഷ്യരായ ഞങ്ങള്‍ സംരക്ഷിച്ച അവന്‍ വളര്‍ന്ന് വന്നപ്പോള്‍ ഒരു പരീക്ഷണത്തിനായി യാദൃശ്ചികമായി വീട്ടിലെത്തപ്പെട്ട എലിയെ കെണിയില്‍ പെടുത്തി ഒരു ചരട് കുരുക്കില്‍ പെടുത്തി അവന്റെ മുമ്പില്‍ കടത്തി വിട്ടു. എലിയെ കണ്ട നിമിഷം അവന്‍ ഞങ്ങളുടെ സമീപത്തേക്ക് തിരികെ പാഞ്ഞു. എന്നിട്ട് അതിനെ സാകൂതം നോക്കി ഇരുന്നു. എലി വര്‍ഗ ശത്രുവിനെ കണ്ട് വിറക്കാന്‍ തുടങ്ങി. അപ്പോള്‍ ഞങ്ങള്‍ ആ അതിശയം കണ്ടു. സിദ്ധീക്കിന്റെ വാല്‍ വണ്ണം വെക്കുന്നു. ഈ ജീവിയെ അവന്‍ ആദ്യം കാണുകയാണ്, പക്ഷേ അത് തന്റെ ആജന്മ ശത്രുവാണെന്നും അതിനെ കണ്ട മാത്രയില്‍ ചാടി വീഴണമെന്നും അവന്റെ ശരീരത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ജീന്‍ അവനെ ഉപദേശിച്ച് കാണണം. അവന്‍ മുരളാനും മുറു മുറുക്കാനും തുടങ്ങി. ഇടക്ക് ഞങ്ങളെ തല തിരിച്ച് നോക്കും. എന്താ ചെയ്യേണ്ടതെന്ന സംശയത്താല്‍. “നിന്റെ വജീനമാണു (ആഹാരം) മോനേ അത്, തട്ടിക്കോ” എന്ന് ഭാര്യ പറഞ്ഞിട്ടും അവന്‍ മുമ്പോട്ട് കുതിക്കാന്‍ ഒരുങ്ങുമെങ്കിലും പിന്നീട് ഏതോ അറപ്പ് പോലെ തോന്നിച്ച് പിന്‍ വാങ്ങും. അവന്‍ എലിയെ വിട്ട് പോയി.

മറ്റ് ചില പ്രത്യേകതകളും അവനുണ്ട്. എച്ചില്‍ കഴിക്കില്ല. മത്സ്യത്തിന്റെ തല തുടങ്ങിയ അവശിഷ്ടങ്ങള്‍ തൊടില്ല. മീന്‍ ചെതുമ്പലുകള്‍ നീക്കം ചെയ്ത് ശുദ്ധിയാക്കി മുറിച്ച് കൊടുത്താല്‍ --അതും നല്ല മീന്‍ ആയിരിക്കണം മത്തി നെത്തോലി തുടങ്ങിയവ തൊടില്ല- ചിലപ്പോള്‍ കഴിച്ചേക്കാം. പാചകം ചെയ്തത് മാത്രമേ കഴിക്കൂ. മാംസവും അത് പോലെ തന്നെ. പാല്‍ ഇഷ്ടമാണ്. മീന്‍ മുറിക്കുന്നിടത്ത് പോയി ഇരിക്കുമെന്നല്ലാതെ അത് മോഷ്ടിക്കില്ല, കരയില്ല. മേല്‍ പറഞ്ഞ വിധത്തില്‍ ശുദ്ധിയാക്കി കൊടുത്താല്‍ പരിഗണിച്ചേക്കാം. ആഹാരം കഴിക്കുന്നവരുടെ സമീപം പോയി ഇരുന്ന് കരയുന്ന സ്വഭാവം അവനില്ല. ഞാനോ ഭാര്യയോ ആഹാരം കഴിക്കുമ്പോള്‍ മാത്രം അടുത്ത് വന്നിരിക്കും. കരയില്ല, ആവശ്യമുണ്ടെങ്കില്‍ ഞങ്ങളെ നോക്കും , അത്രമാത്രം.

ഈ പ്രത്യേകതകളാല്‍ മറ്റ് പൂച്ചകളില്‍ നിന്നും അവന്‍ വേര്‍പെട്ടു. യൌവനം ആയപ്പോല്‍ പ്രകൃതി അവനില്‍ വരുത്തിയ മാറ്റത്താല്‍ , പെണ്‍ പൂച്ചകളുടെ സമീപം അവന്‍ പോകുന്നത് ഞങ്ങള്‍ കണ്ടു. പക്ഷേ വര്‍ഗ സ്വാഭാവത്താല്‍ അരികെ വരുന്ന പുരുഷന്റെ നേരെ ആദ്യം മുറുമുറുക്കുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന പെണ്ണുങ്ങളെ പോലെ ആ പെണ്‍ പൂച്ചയും അവന്റെ നേരെ ക്ഷോഭിച്ചപ്പോള്‍ “ ഓ! പിന്നേയ്! പോടീ അവിടന്ന്...എന്ന ഭാവത്തില്‍ അവന്‍ തിരികെ വരുന്നത് ഞാന്‍ കണ്ടു. “എടാ, അവളുമാര്‍ അങ്ങിനെയാ, നീ കേറി അറ്റാക്കണം” എന്ന് ഞാന്‍ അവനോട് പറഞ്ഞപ്പോള്‍ “ഓ! അതൊന്നും എന്നെക്കൊണ്ട് പറ്റില്ല” എന്നവന്‍ മുരള്‍ച്ചയിലൂടെ എന്നോട് പറഞ്ഞിട്ട് തല എന്റെ കാലില്‍ ഉരസി അവന്റെ സ്നേഹം പ്രകടിപ്പിച്ചു. മറ്റ് കണ്ടന്‍ പൂച്ചകളെയും അവനു ഭയമായിരുന്നു. അവന്റെ സുരക്ഷയെ കരുതി അവരെ പറമ്പില്‍ നിന്നും പായിച്ച് കളയേണ്ട ജോലിയും എന്റേതായി.

രാത്രിയില്‍ ഞങ്ങള്‍ അവനെ വീടിനു പുറത്താക്കും. അപ്പോള്‍ ഭാര്യ അവനോട് സഹതാപത്തോടെ പറയുമായിരുന്നു “ മോന്‍ വിറക് പുരയില്‍ പോയി ഉറങ്ങ്, സുബഹിക്ക്(പുലര്‍ കാലം) നിന്നെ വിളിക്കാം” പുലര്‍ച്ചയിലെ പ്രാര്‍ത്ഥനക്ക് ശരീര ശുദ്ധിക്കായി പുറത്തിറങ്ങാന്‍ വാതില്‍ തുറക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ അവന്‍ രംഗത്ത് വരും. അഥവാ ഞങ്ങള്‍ അല്‍പ്പം താമസിച്ചാല്‍ അവന്‍ കതകില്‍ തല ഇടിക്കുകയും മുരളുകയും ചെയ്ത് ശബ്ദമുണ്ടാക്കി ഞങ്ങളെ ഉണര്‍ത്തും.

കാലം ചെന്നപ്പോള്‍ അവന്‍ ബലവാനായെങ്കിലും ശീലങ്ങള്‍ക്ക് മാറ്റമില്ലായിരുന്നു. പക്ഷേ അവനെ ഇഷ്ടപ്പെട്ട സ്ത്രീകളുമായി അവന്‍ ഔട്ടിംഗ് തുടങ്ങി. ചിലപ്പോള്‍ ഒന്നു രണ്ട് ദിവസത്തേക്ക് കാണാതായി തിരികെ വരുമ്പോള്‍ ഭാര്യ പറയും” സിദ്ധീക്കേ ആഹാരം കഴിക്കാതെയുള്ള നിന്റെ ഈ പോക്ക് അത്ര ശരിയല്ല” കാരണം അവന്‍ മറ്റെവിടെ നിന്നും ആഹാരം കഴിക്കില്ല എന്നവള്‍ക്കറിയാമായിരുന്നല്ലോ. അവന്റെ നിഷ്ഠകള്‍ അനുസരിച്ചുള്ള ആഹാരം ആരു നല്‍കാനാണ്. ശീലങ്ങള്‍ മാറ്റാന്‍ അവന്‍ ഒരുക്കമല്ലായിരുന്നു എന്നും അതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അവന്‍ പട്ടിണി ആയിരുന്നു എന്നും തിരികെ വരുമ്പോഴുള്ള അവന്റെ ക്ഷീണാവസ്ഥയും ഞങ്ങള്‍ നല്‍കുന്ന ആഹാരം കഴിക്കുമ്പോഴുള്ള അവന്റെ വെപ്രാളവും ഞങ്ങളെ ബോദ്ധ്യപ്പെടുത്തിയിരുന്നു.

ഈ തവണ അവന്‍ പോയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പ്രഭാതങ്ങളില്‍ അവന്റെ ശബ്ദം കേള്‍ക്കാതായി. ഞങ്ങളുടെ പാദങ്ങളില്‍ അവന്‍ തല മുട്ടിച്ച് ഉരക്കാന്‍ വരാതായി . കുടുംബാംഗം പോലെ ആയിരുന്നു അവന്‍ . അവനെയാണ് കാണതായിരിക്കുന്നത്.

ഇപ്പോള്‍ ഈ കുറിപ്പുകള്‍ ഞാന്‍ ഇവിടെ കുത്തിക്കുറിക്കാന്‍ കാരണം കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്പ് നാലഞ്ച് വീടുകള്‍ക്കപ്പുറം താമസിക്കുന്ന ഒരു പയ്യന്‍ ഏതോ ആവശ്യത്തിനു ഇവിടെ വന്നപ്പോള്‍ ഭാര്യ അവനോട് ചോദിച്ചു” മോനേ! ഇവിടത്തെ പൂച്ചയെ കണ്ടോ?

അവന്‍ പറഞ്ഞു” ഇവിടത്തെ പൂച്ചയാണോ എന്നറിയില്ല ഒരു ആണ്‍ പൂച്ചയും ഞങ്ങളുടെ വീട്ടിലെ പെണ്‍ പൂച്ചയും മൂന്ന് നാലു ദിവസങ്ങള്‍ക്ക് മുമ്പ് പറമ്പില്‍ ചത്ത് കിടക്കുന്നത് കണ്ടു. വിഷം തീണ്ടിയതായിരിക്കാം”

ഭാര്യയുടെ മുഖത്ത് കരച്ചില്‍ പടര്‍ന്ന് വരുന്നത് കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു “ ഹേയ്! അത് അവനായിരിക്കില്ല. അവന്‍ വരും, തീര്‍ച്ചയായും വരും”

ഭാര്യ പതുക്കെ പറയുന്നത് ഞാന്‍ കേട്ടു.” അതേ അത് അവനായിരിക്കില്ല, അവന്‍ തിരികെ വരും....”

ഞാനും അങ്ങിനെ വിശ്വസിക്കാന്‍ ശ്രമിക്കുന്നു” അവന്‍ തിരികെ വരും...തീര്‍ച്ചയായും വരും”


24 comments:

 1. പൂച്ചക്കഥ കൊള്ളാം.പൂച്ചയായാലും പട്ടിയായാലും കോഴിയായാലും നമ്മുടെ വീട്ടിലേതായാൽ മനുഷ്യരായ കുടുംബാങ്ങളോടുള്ള വൈകാരികത തന്നെ തോന്നും. വർഷങ്ങൾക്കുമുമ്പേ മരിച്ചുപോയ എത്രയോ പട്ടികളും പൂച്ചകളും കോഴികളും ഒക്കെ ഇടയ്ക്കിടെ മനസിൽ കയറിവന്നു നൊമ്പരപ്പെടുത്താറുണ്ട്!

  ReplyDelete
 2. തലക്കെട്ട്‌ കണ്ടപ്പോള്‍ ഞാനൊന്ന് ഞെട്ടിഎന്നത് നേര് ...വരുമെന്നെ ..അതവനായിരിക്കില്ല ..അങ്ങിനെതന്നെ ആവട്ടെ.

  ReplyDelete
 3. വരും വരാതിരിക്കില്ല ,ആശംസകള്‍

  ReplyDelete
 4. ഷെരീഫിക്ക....പൂച്ചക്കഥ നന്നായിരിക്കുന്നു. ഇക്കാ വളർത്തിയ പൂച്ചയല്ലേ..അത് ആരെയെങ്കിലും ഉപദ്രവിക്കാനുള്ള സാധ്യത വളരെ കുറവാ...നമ്മൾ ഓമനിച്ച് വളർത്തുന്ന ഏത് മൃഗമായാലും അത് നഷ്ടപ്പെടുമ്പോൾ ഒരു കുടുംബാംഗം നഷ്ടപ്പെടുന്നതുപോലെ തന്നെയാണ്.
  നാട്ടിലായിരുന്നപ്പോൾ ഞാൻ ഒരു പാറാൻ (പറക്കുന്ന അണ്ണാൻ) എന്നു വിളിക്കുന്ന അണ്ണാനെ വളർത്തിയിരുന്നു..ഒരു പൂച്ചയേക്കാളും നന്നായി ഇണങ്ങിയ അത്,4 വർഷത്തിനുശേഷം ചത്തുപോയപ്പോൾ ഉണ്ടായ വിഷമം പറഞ്ഞറിയ്ക്കാൻ പറ്റില്ല..

  ഇക്കായുടെ സിദ്ധീക്ക് തിരികെ വരും....വരാതിരിക്കില്ല...

  ReplyDelete
 5. ഞാനും ഇങ്ങനെയാണ്. പൂച്ചയോട് സംസാരിക്കും... ആർക്കും വേണ്ടാത്ത കാക്കകളെ എന്നിലേക്ക് ചുമ്മാ മാടി വിളീക്കും. ഇപ്പോ ഞങ്ങളൂടെ വീട്ടിൽ ഒരു കറുത്ത പൂച്ച ഉണ്ട്. ഞങ്ങളെല്ലാം അവനെ വിളിക്കുന്നത് “കരികുട്ടാ” എന്നാ. എന്നാലും കൊള്ളാം ഷെരീഫ് സാഹിബെ പൂച്ച സ്റ്റോറി.

  ReplyDelete
 6. വരും വരാതിരിക്കില്ല

  ReplyDelete
 7. അവന്‍ വരും ഷെരീഫ്‌ സര്‍..തീര്‍ച്ചയായും വരും...ഈ സ്നേഹം അവനു മറക്കാന്‍ കഴിയുമോ???

  ReplyDelete
 8. നല്ല പൂച്ച. വരുമായിരിക്കും അല്ലേ...

  ReplyDelete
 9. എലിയെ കണ്ട നിമിഷം അവന്‍ ഞങ്ങളുടെ സമീപത്തേക്ക് തിരികെ പാഞ്ഞു. എന്നിട്ട് അതിനെ സാകൂതം നോക്കി ഇരുന്നു. എലി വര്‍ഗ ശത്രുവിനെ കണ്ട് വിറക്കാന്‍ തുടങ്ങി. പൂച്ച നല്ല പൂച്ച .... എലിയെ കണ്ടാല്‍ വാല്‍ചുരുട്ടി ...

  നല്ല പോസ്റ്റ്‌..

  ReplyDelete
 10. എന്റെ പ്രിയപ്പെട്ടവരേ! എല്ലാവരുടെയും സാന്നിദ്ധ്യത്തിനു നന്ദി. സിദ്ധീക്ക് തിരികെ വരുമെന്ന് തന്നെ വിശ്വാസം ഉറപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്. അത് കൊണ്ട് തന്നെയാണ് രണ്ട് പൂച്ചകള്‍ ചത്ത് കിടക്കുന്ന വിവരം അറിഞ്ഞപ്പോള്‍ പൂച്ചയുടെ നിറവും മറ്റും ചോദിച്ച് അത് അവനാണെന്ന് ഉറപ്പിക്കാതെ ഹേയ്! അത് അവനല്ല എന്ന് ഞാന്‍ പ്രതികരിച്ചത്. ഒരു ദിവസം പുലര്‍കാലത്ത് മ്യാവൂ എന്ന് വിളീച്ച് കൊണ്ട് ഞങ്ങളുടെ വാതിലില്‍ അവന്‍ തലമുട്ടിച്ച് ശബ്ദം ഉണ്ടാക്കാന്‍ എത്തി ചേരുമെന്ന് വിശ്വസിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.

  ReplyDelete
 11. വരും വരാതിരിക്കില്ല എപ്പോളെലും വരും ...വരട്ടെ വന്നിട്ട് വേണം അവനെ വെട്ടത് ഊട്ടി ഇരുട്ടത്ത് ഉറക്കാന്‍ ല്ലേ ...

  ReplyDelete
 12. തുടക്കം കണ്ടപ്പൊ പൂച്ചയാണെന്ന് കരുതീല്ല..മോന്‍ പോയിട്ട് ഇത്രെ ലാഘവത്തോടെ വല്ല പെണ്ണുങ്ങളുടെം പിറകെ പോയതായിരിക്കുമെന്ന് പറയുന്ന രക്ഷിതാവോ എന്ന് അതിശയിച്ചൂ..ട്ടൊ..പറ്റിച്ചു കളഞ്ഞു...

  ReplyDelete
 13. ഏയ്.... അതിനു സാധ്യതയില്ല..

  സോഫാസെറ്റിയിൽ നീണ്ടിനിവർന്ന് ഒരൊന്നൊന്നര കിടപ്പായിരുന്നു അന്ന്. എതിർവശത്തെ കസേരയിൽ ഉപവിഷ്ടനായപ്പോൾ "ഇവനാരെടാ..." എന്ന മട്ടിൽ ഒരു നോട്ടം മാത്രമെറിഞ്ഞു, പിന്നെ "നീ ആരായാൽ എനിക്കെന്താ...." എന്ന മട്ടിൽ ഒന്നുമറിയാത്തതുപോലെ കിടപ്പു തുടർന്നു.

  അവനെ കാണാനില്ലെന്നുപറഞ്ഞാൽ അൽപ്പം വേദന നമുക്കും തോന്നും...
  നോക്കാം.. വരുമെന്നു പ്രതീക്ഷിയ്കാം...

  ReplyDelete
 14. പ്രിയപ്പെട്ട കൊച്ചുമോള്‍:- അവന്‍ വരില്ല എന്നറിയുമ്പോഴും വരും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

  പ്രിയ അനശ്വര:- അതല്ലേ എഴുത്തിന്റെ ഒരു ട്രിക്ക്. അഭിപ്രായത്തിനു നന്ദി.

  സങ്കള്‍പ്പങ്ങള്‍:- നന്ദി സുഹൃത്തേ!

  പ്രിയ കൊട്ടോട്ടീ:- അവന്‍ ഈ വീട്ടിലെ ഒരംഗമായതിനാലാണ് സോഫാ സെറ്റിയില്‍ അവന്റെ ഇരിപ്പും കിടപ്പും അവന്‍ നടത്തിയത് താങ്കള്‍ കണ്ടത്. ഇനി അത് പോലെ ഒരു ഇണങ്ങിയ പൂച്ചയെ കിട്ടുമോ എന്തോ...

  ReplyDelete
 15. ഇതാണ് ആത്മബന്ധം മനുഷ്യന് സ്‌നേഹിക്കുവാന്‍ ചില കാരണങ്ങള്‍ മാത്രം മതിയെന്നതിന്റെ തെളിവ് സിദ്ദീഖിന്റെ വരവിനായി ഷെരീഫ് സാറിനൊപ്പം ഞങ്ങളും കാത്തിരിക്കുന്നു

  ReplyDelete
 16. ഹഹ.. കൊള്ളാം.
  ഇതിനിടെ എന്നെ കാണാനില്ലെന്നുപറഞ്ഞ് ഒരു കമന്റ് എന്റെ ബ്ലോഗിലിട്ടത് കണ്ടു. തിരിച്ചു വരണം. അല്പാൽ‌പ്പമായി.

  ReplyDelete
 17. തീര്‍ച്ചയായും തിരിച്ച് വരണം; കാത്തിരിക്കുന്നു, നന്ദി.

  ReplyDelete
 18. അത് അവനായിരിക്കില്ല, അവന്‍ തിരികെ വരും.

  നന്നായി എഴുതി.

  ReplyDelete
 19. ആ തല മുട്ടിച്ചുള്ള ഉരക്കലിന് ഒരു പ്രത്യേക സുഖാ .....
  അവന്‍ വരും ... വരാതെ എവിടെ പോവാന്‍
  സഹജീവി സ്നേഹം പ്രകടമാക്കുന്ന പോസ്റ്റ്‌ .
  ഷെരിഫ്ക്ക...... ആശംസകള്‍

  ReplyDelete
 20. പ്രിയ റോസാപൂക്കള്‍, സന്ദര്‍ശനത്തിനു നന്ദി സുഹൃത്തേ!

  പ്രിയ വേണുഗോപാല്‍, അതേ ആ തലമുട്ടിച്ചുള്ള ഉരക്കല്‍ അവന്റെ സ്നേഹ പ്രകടനം കൂടി ആയിരുന്നു. അവസാനം ഗേറ്റ് കടന്ന് പോകുമ്പോള്‍ അവന്‍ ഒന്ന് ഞങ്ങളെ തിരിഞ്ഞ് നോക്കിയിരുന്നു. അവസാനത്തെ ആ നോട്ടം മറക്കാനൊക്കുന്നില്ല. ഇവിടെ വന്ന് അഭിപ്രായം രേഖപ്പെടുത്തിയതില്‍ നന്ദി ചങ്ങാതീ.

  ReplyDelete
 21. വരും വരാതിരിക്കില്ല... വരാതിരിക്കാനാവില്ല..

  ReplyDelete