മനസ്സില്‍ തിളച്ച് പൊങ്ങുന്ന അരിശത്തോടെയാണ് ഈ കുറിപ്പുകള്‍ തയാറാക്കുന്നത് .
ഞാന്‍ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നായ തിരൂരില്‍, സന്ദര്‍ഭവശാല്‍ കുടുംബ സഹിതം ഡിസംബര്‍ 31ന് പോകേണ്ടി വന്നു. യാത്ര കാറിലായിരുന്നു. തീവണ്ടി യാത്രയാണ് എപ്പോഴും അഭികാമ്യമെന്ന് കരുതുന്ന എനിക്ക് അകാലത്തില്‍ വന്ന മഴ സൃഷ്ടിച്ച വെള്ളപ്പൊക്കത്താല്‍ തീവണ്ടികളെല്ലാം സമയം തെറ്റി ഓടുന്നു എന്ന വിവരം കിട്ടിയപ്പോള്‍ ഉദ്ദിഷ്ട സമയത്ത് സ്ഥലത്ത് എത്തി ചേരുന്നതിനു ഇഷ്ടമല്ലെങ്കില്‍ കൂടി കാറിനെ അഭയം പ്രാപിക്കേണ്ടി വന്നു.
മകനാണ് വാഹനം ഓടിക്കുന്നത്. 10മാസം പ്രായമുള്ള സഫാ മോള്‍ അടക്കം 3കൊച്ചുകുട്ടികളും മൂന്ന് അന്തര്‍ജനങ്ങളും ഈയുള്ളവനും വാഹനത്തില്‍ ഇരിപ്പുണ്ട്. 31നു തിരൂരില്‍ അനുഭവിച്ചത് മറ്റൊരു കുറിപ്പിലൂടെ പറയാം. ഈ കുറിപ്പുകള്‍ മടക്ക യാത്രയില്‍ അനുഭവപ്പെട്ട യാതനകളെ പറ്റിയാണു. അതായത് ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരമുള്ള ജനുവരി ഒന്നാം തീയതി പകല്‍ മൂന്നര മണി മുതല്‍ ആറുമണി വരെയുള്ള സമയത്ത് സംഭവിച്ചത്. സംഭവ സ്ഥലം കുന്നംകുളം മുതല്‍ തൃശ്ശിവപേരൂര്‍ വരെയുള്ള പൊത് നിരത്ത് . പാതിരാത്രിക്ക് മുമ്പ് ഈ കൊച്ചുകുട്ടികളുമായി കൊട്ടാരക്കര എത്തി ചേരാനുള്ള തിടുക്കത്തിലായിരുന്നല്ലോ ഞങ്ങള്‍.
നിങ്ങള്‍ക്ക് അറിയാവുന്നത് പോലെ കുന്നംകുളം -തൃശ്ശിവപേരൂര്‍ പൊതു നിരത്ത് വിശാലമാണ്.തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയും, പാലക്കാട് മുതല്‍ മംഗലാപുരം വരെയുമുള്ളതും തിരികെ വരുന്നതുമായ നിരവധി വാഹനങ്ങള്‍ ഈ നിരത്തിലൂടെ ചീറി പായുന്നു. മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലേക്കുള്ള ദേശീയ പാതകളുടെ ഭാഗമാണല്ലോ ഈ നിരത്തും.
കുന്നംകുളം കഴിഞ്ഞപ്പോള്‍ വാഹനങ്ങളുടെ വന്‍ നിര മുമ്പിലായി കാണപ്പെട്ടു. യാത്ര മന്ദഗതിയിലായി. കാരണമെന്തെന്ന് മനസിലായതുമില്ല. തിടുക്കമുള്ളവര്‍ മുമ്പിലുള്ള വാഹനങ്ങളെ മറികടന്നും മുമ്പോട്ട് പോകാന്‍ ശ്രമമായി. എന്ത് ഫലം? കുറേ ദൂരം പോകുമ്പോള്‍ എതിരെ വരുന്ന ബസ്സിനും ലാറികള്‍ക്കും കടന്ന് പോകാന്‍ ഇടം നല്‍കാനാവാതെ യാത്രാ തടസ്സം സൃഷ്ടിക്കാന്‍ കാരണക്കാരായി എന്നത് മാത്രം മിച്ചം.
പോകാനുള്ള തിടുക്കത്താലും കൊച്ചുകുട്ടികള്‍ വാഹനത്തിലിരുന്ന് കഷ്ടപ്പെടുന്നതോര്‍ത്തും എന്റെ മകനും അങ്ങിനെ മുന്‍പിലുള്ള വാഹനങ്ങളെ മറികടന്ന് പോകാനുള്ള ശ്രമത്തിലേര്‍പ്പെട്ടു. നിരന്ന് കിടക്കുന്ന വാഹനങ്ങളുടെ വശങ്ങളിലൂടെ കുറേ ദൂരം ചെന്നപ്പോള്‍ എതിരെ വരുന്ന ഒരു ബസ്സിന്റെ മുമ്പിലാണ് ഞങ്ങള്‍ ചെന്ന് പെട്ടത്.ഇരുകൂട്ടരും മുഖാമുഖം നോക്കി ഇരിപ്പായി. ബസിന്റെ സാരഥി തല പുറത്തേക്കിട്ടു “എന്താടാ മൌനഗായകാ നീ എങ്ങോട്ട് കെട്ടി എടുത്ത് പോകുവാ ...”എന്ന് ചോദിച്ചു. ബാക്കി അഭിഷേകം പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് മാന്യ ദേഹത്തിന്റെ നോട്ടം ഞങ്ങളുടെ കാറിന്റെ മുന്‍വശ ചില്ലില്‍ മകന്റെ അഭിഭാഷകവൃത്തിയെ സൂചിപ്പിക്കുവാന്‍ പതിപ്പിച്ചിരുന്ന ചിഹ്നത്തില്‍ ഉടക്കിയപ്പോള്‍ ടിയാന്‍ ആമ തല അകത്തേക്ക് വലിക്കുന്നത് പോലെ തന്റെ തല ഉള്ളിലേക്ക് വലിച്ചു. സാധാരണക്കാരായ വാഹനസാരഥികള്‍ക്കു വക്കീലന്മാരെ ഇപ്പോഴും പേടിയാണെന്ന് വ്യക്തം. വാഹനത്തില്‍ പൊങ്ങച്ചം കാണിക്കാന്‍ ചിഹ്നം പതിപ്പിക്കുന്ന ഏര്‍പ്പാടിനോട് ആദ്യമായി എനിക്ക് ചെറിയ ബഹുമാനം തോന്നി.
മകന്‍ പുറകോട്ട് വാഹനം മാറ്റാന്‍ നോക്കി ; പക്ഷേ അപ്പോഴേക്കും അവനെ പിന്തുടര്‍ന്ന് അവനെ പോലെ കുറച്ച് തിടുക്കക്കാരായ വാഹനങ്ങള്‍ അവന്റെ തൊട്ട് പുറകില്‍ സ്ഥലം പിടിച്ചിരുന്നു. ആകെ പുകില്‍. എല്ലാവരും കുറേശ്ശെ അവരവരുടെ വാഹനങ്ങള്‍ പുറകിലേക്ക് മാറ്റി എതിരെ വന്ന വാഹങ്ങളെ കടത്തി വിട്ടു. വീണ്ടും ഞങ്ങള്‍ നീണ്ട വാഹന നിരയുടെ ഭാഗമായി. പിന്നീട് മകന്‍ മറുകണ്ടം ചാടാന്‍ മുതിര്‍ന്നില്ല. വാഹനവ്യൂഹം ആമ വേഗതയില്‍ മുമ്പോട്ട് പൊയ്ക്കൊണ്ടിരുന്നു. കാല് കൊണ്ട് നിയന്ത്രിക്കുന്ന വാഹന ഉപകരണങ്ങള്‍ (ക്ലച്ചും ബ്രേക്കും എന്ന് ആംഗലേയം) ചവിട്ടി കാലു വേദനിക്കുന്നു എന്ന് മകന്‍ പരാതിപ്പെട്ടു.സമയം കടന്ന് പൊയ്ക്കൊണ്ടിരുന്നിട്ടും പാത തടസ്സം മാറിക്കിട്ടിയില്ല. തൃശ്ശിവപേരൂരിലേക്ക് ഇനിയും 9നാഴിക എന്ന് വഴിവക്കിലെ സൂചനപലകയില്‍ കണ്ടു.. കരുതിയിരുന്ന വെള്ളവും ലഘുഭക്ഷണവും കുഞ്ഞുങ്ങള്‍ക്ക് നല്‍കി വിശപ്പിനു തല്‍ക്കാല പരിഹാരം കണ്ടെത്തിയെങ്കിലും അപ്പോഴേക്കും സഫാ മോള്‍ കരച്ചിലിലൂടെ ബഹളം സൃഷ്ടിക്കാന്‍ തുടങ്ങിയിരുന്നു. എന്തെങ്കിലും ആഹാരം കടയില്‍ നിന്നും വാങ്ങാന്‍ വാഹനം നിർത്താനും കഴിയില്ല. ഇരുവശവും മുമ്പിലും പിമ്പിലും വാഹനങ്ങള്‍.ഞങ്ങള്‍ ആകെ വലഞ്ഞു. എതിര്‍ഭാഗത്ത് നിന്നും ഞങ്ങളെ പോലെ വാഹനങ്ങള്‍ മെല്ലെ മെല്ലെ വന്നുകൊണ്ടിരുന്നു. അതിലൊരു വാഹനം ഞങ്ങളുടെഅരികിലൂടെ ഇഴഞ്ഞു വന്നപ്പോള്‍ കിട്ടിയ സമയം ഉപയോഗപ്പെടുത്തി അതിലിരുന്ന ആളിനോട് ഗതാഗതത്തിനു എന്താണ് ഇപ്രകാരം തടസ്സം നേരിടുന്നതെന്ന് ഞാന്‍ ആരാഞ്ഞു.
മാര്‍ക്സിസ്റ്റ് കക്ഷിയുടെ ജില്ലാസമ്മേളനം നാളെ തൃശ്ശിവപേരൂരില്‍ നടക്കുന്നുവെന്നും അതിന്റെമുന്നോടിയായി ഇന്ന് ദീപശിഖ പ്രയാണം തൃശ്ശൂരില്‍ നിരത്തിലൂടെ പോകുന്നുവെന്നും അതിനാല്‍ വാഹനങ്ങൾ ഒരു വശത്തേക്ക് മാത്രം കഷ്ടിച്ച് കടന്ന് പോകാൻ കഴിയുന്നുള്ളൂ എന്നും അത്കഴിയുന്നത് വരെ ഇങ്ങിനെ മാത്രമേ ഇരുവശത്തുമുള്ള വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയൂ എന്നും ആമനുഷ്യന് പറഞ്ഞു.
എന്തെന്നില്ലാത്ത ദേഷ്യം എന്നില്‍ ഇരച്ചെത്തി. തൃശ്ശിവപേരൂര്‍ മുതല്‍ എത്രയോ നാഴികകള്‍നിരത്തില്‍ മനുഷ്യര്‍ ഇപ്രകാരം കഷ്ടപ്പെടുന്നുണ്ടാകാം. അതില്‍ രോഗികള്‍, കുഞ്ഞുങ്ങള്‍, വളരെഅത്യാവശ്യമായ കാര്യങ്ങള്‍ക്ക് പോകുന്നവര്‍ തുടങ്ങി നിരവധി ആളുകള്‍ വാഹനങ്ങളില്‍ ഇരുന്ന്യാതന അനുഭവിക്കുന്നുണ്ടാകാം. സഹിക്കുക അല്ലാതെ മറ്റെന്ത് മാർഗം.നടുവ് വേദന അനുഭവപ്പെടുമ്പോൾ പുറത്ത് ഇറങ്ങി അല്പ നേരം നിൽക്കാനും സാധിക്കില്ല; കാരണം അപ്പോഴായിരിക്കും വാഹന വ്യൂഹം മുമ്പിൽ മൂന്നു മുഴം മുമ്പോട്ട് ചലിച്ചിരിക്കുക. ഞങ്ങളുടെ വാഹനവും അതിനൊപ്പം മുന്നോട്ട് പോയേ മതിയാകൂ. സഫാ മോൾ കരഞ്ഞുറങ്ങി. മറ്റ് കുട്ടികളും സ്ത്രീകളും തളർന്നിരിപ്പായി. ബസ് ഉൾപ്പടെ എല്ലാ വാഹനങ്ങളിലെയും യാത്രക്കാർ ഈ യാതന തന്നെ അനുഭവിച്ചു. നഗര അതിർത്തിയിൽ നിന്നും പ്രയാണം ആരംഭിച്ച ദീപശിഖാസംഘം സ്വീകരണങ്ങൾ ഏറ്റ് വാങ്ങി മറ്റേ അതിർത്തിവരെ സഞ്ചരിക്കുമത്രേ!. അത് വരെ അവർ സൃഷ്ടിക്കുന്ന മാർഗതടസം അവർക്ക് പ്രശ്നമല്ല. എല്ലാ രാഷ്ട്രീയ കക്ഷികളും അവരുടെ സംഘടനാ ബലം കാണിക്കുന്നത് ഇപ്രകാരം നിരത്തുകളിലാണല്ലോ. അതിന്റെ തിക്തക ഫലം അനുഭവിക്കുന്നത്, അവരെ സമ്മതിദാന പത്രത്തിൽ അടയാളം രേഖപ്പെടുത്തി ഭരണത്തിൽ എത്തിക്കുന്ന, നാനാവിധ നികുതികൾ സർക്കാരിലേക്ക് നൽകുന്ന, പൊതുജനമെന്ന മരക്കഴുതകളും. ഇതിന്റെ പേരാണു ജനാധിപത്യം.
സംസ്ഥാനത്തെ ഉയർന്ന കോടതിയിൽ നിന്നും കുറച്ച് കാലം മുമ്പ് ഒരു തിട്ടൂരം ഉണ്ടായി. പൊതുനിരത്തിൽ മാർഗതടസം സൃഷ്ടിക്കും വിധം ജാഥകളോ യോഗങ്ങളോ പാടില്ലാ എന്ന്. പക്ഷേ ഉത്തരവുകൾ സൃഷ്ടിക്കപ്പെടുന്നതല്ലാതെ അവയെല്ലാം പ്രാവർത്തികമാക്കപ്പെടുന്നില്ല. അതിന്റെ ചുമതല ഭരണ നിർവഹണ വിഭാഗത്തിലാണല്ലോ നിക്ഷിപ്തമായിരിക്കുന്നത്. ആ വിഭാഗം ഭരിക്കപ്പെടുന്ന കക്ഷികളാലാണു നിയന്ത്രിക്കപ്പെടുന്നത്. ഫലം! ഉത്തരവ് അത് പുറപ്പെടുവിച്ച കടലാസ്സിൽ തന്നെ ഉറങ്ങിക്കൊള്ളും. ഞാൻ ഈ പറഞ്ഞത് അന്നേ ദിവസം തന്നെ എനിക്ക് നേരിൽ ബോദ്ധ്യപ്പെടാനും സാധിച്ചു. ഈ തിരക്കിനിടയിലും നിയമ പാലകരുടെ ഒന്നിലധികം വാഹനങ്ങൾ എതിർ ദിശയിൽ നിന്നും വന്ന് ഞങ്ങളെ കടന്ന് പോയി. മുകളിൽ ഉറപ്പിച്ചിരിക്കുന്ന ദീപത്തിൽ നിന്നും നീലപ്രകാശം പ്രസരിക്കുന്നതിനാലും വാഹനത്തിൽ നിന്നുമുള്ള ഉച്ചത്തിലെ കൊമ്പ് വിളി ശബ്ദത്താലും (സൈറൺ എന്ന് ആംഗലേയം) അത് ഉയർന്ന ഉദ്യോഗസ്ഥരായിരിക്കുമെന്ന് ഉറപ്പ്. ഇങ്ങിനെ ഒരു കോടതി ഉത്തരവ് നിലവിലുണ്ടെന്ന് അറിയാവുന്ന ആ മഹാന്മാർ നിരത്തിൽ പ്രതിബന്ധം സൃഷ്ടിച്ച് പ്രയാണം നടത്തുന്ന ദീപശിഖക്കാരെ കടന്നായിരിക്കുമല്ലോ ഇങ്ങോട്ട് വന്നത്. അത്യാവശ്യമായി നിയമ സംരക്ഷണം നടത്തേണ്ടതിനെപറ്റി ഏതോ ജില്ലാ ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ സംബന്ധിക്കാൻ അവർ തിടുക്കത്തിൽ പോവുകയായിരിക്കാം. അവരെന്തിനു ആയിരക്കണക്കിനു പൌരന്മാർ പൊതു നിരത്തിൽ കുടുങ്ങി കിടന്ന് കഷ്ടപ്പെടുന്നത് ശ്രദ്ധിക്കണം. മാത്രമല്ല അവരെന്തിനു ദീപശിഖക്കാർ പൊതുനിരത്തിൽ മാർഗതടസം സൃഷ്ടിക്കുന്നതിനെ തടഞ്ഞ് പൊല്ലാപ്പുകൾ വരുത്തി വെക്കണം. മാറി മാറി കക്ഷിരാഷ്ട്രീയക്കാർ ഭരിക്കുന്ന സംവിധാനത്തിൽ ഇന്നത്തെ ദീപശിഖക്കാർ നാളത്തെ ഭരണകർത്താക്കളായി വരുമ്പോൾ നോട്ടപ്പുള്ളികളായി മാറാൻ ആരാണു മെനക്കെടുക. അതിനാൽ അവർ അവരുടെ പാട് നോക്കി അവരുടെ ലക്ഷ്യത്തിലേക്ക് കുതിച്ച് പോയി. പൊതുജനമെന്ന കഴുതയോ ഒരിക്കലും അവർ അനുഭവിക്കുന്ന ഈ പങ്കപ്പാടിനെ പറ്റി തമ്മിൽ തമ്മിൽ പറയുമെന്നല്ലാതെ നിയമപരമായി നടപടികളെടുക്കാൻ മുതിരുകയുമില്ല.
ഞങ്ങൾ ഇഴഞ്ഞിഴഞ്ഞ് അയ്യന്തോൾ എത്തിയപ്പോൾ സമയം ആറു മണിയാകാറായി.അപ്പോഴേക്കും ഞങ്ങൾ ഒരു പരുവത്തിലെത്തി. കുറേ അധികം വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കാൻ അയ്യന്തോൾ ഭാഗത്തേക്ക് തിരിഞ്ഞപ്പോൾ നിരത്തിലെ തിരക്കിനു അൽപ്പം ശമനം ലഭിച്ചു. ഞങ്ങൾ മണ്ണൂത്തി ഭാഗത്തെ ദേശീയ പാതയിലെത്തി ചേരാൻ മുമ്പിലുണ്ടായിരുന്ന വാഹനവ്യൂഹത്തിനെ മറികടന്ന് (ഓവർടേക്ക് എന്ന് ആംഗലേയം) മുമ്പോട്ട് പോയപ്പോൾ അതാ മുമ്പിലായി നിരത്തിന്റെ പകുതി ഭാഗം കൈവശപ്പെടുത്തി ദീപശിഖയുടെ പിൻഭാഗക്കാരായ ചുവപ്പ് സന്നദ്ധസേനാംഗങ്ങൾ ഇരുചക്രവാഹനങ്ങളിലായി ആമ വേഗതയിൽ സഞ്ചരിക്കുന്നു. അവർ നിരവധി പേരുണ്ട് താനും. നിരത്തിന്റെ പകുതി ഭാഗത്ത് കൂടി ഓരോരോ വാഹനങ്ങൾ മാത്രം കടന്ന് പോകാനുള്ള ഇടം മാത്രം.ഇരു ദിശകളിൽ നിന്നും ഒരേ സമയം വാഹനങ്ങൾ വന്നാൽ മാർഗതടസ്സം ഫലം. ഇതൊന്നും ചുവന്ന സേനാക്കാർ ശ്രദ്ധിക്കുന്നില്ല. സമയം എടുത്ത് എങ്ങിനെയോ ഞങ്ങൾ വീണ്ടും മുമ്പോട്ട് പോയി. അപ്പോൾ ചുവപ്പ് സേനാംഗങ്ങളുടെ മുമ്പിലായി അടിവസ്ത്രവും (നിക്കർ എന്ന് കൂട്ടിക്കോളീൻ) ബനിയനും ധരിച്ച് ഒരു പറ്റം ആൾക്കാർ ഓട്ടവുമല്ല നടപ്പുമല്ല എന്ന വിധത്തിൽ ഗമിക്കുന്നു. കയ്യിൽ കത്തുന്ന ഏതോ ഒന്ന് പിടിച്ചിട്ടുമുണ്ട്. ഈ സാധനമായിരിക്കും ദീപശിഖ. ഇത് ഏതോ രക്ത സാക്ഷിയുടെ കുടീരത്തിൽ നിന്നും കൊളുത്തി നഗര പ്രദിക്ഷണം നടത്തി യോഗസ്ഥലത്തേക്ക് കൊണ്ട് പോകുന്നതിന്റെ പുകിലാണു ആയിരക്കണക്കിനു വാഹനങ്ങൾ നിരത്തിൽ കുടുങ്ങാനും അതിലെ യാത്രക്കാർ രണ്ടരമണിക്കൂർ തടവിൽ കഴിയാനും ഇടയാക്കിയത്.
ഒരു കാലഘട്ടത്തിൽ കമ്മ്യൂണിസം ആവേശമായിരുന്നു; ആവശ്യവും. നിയമ പാലകരുടെ ഇടി പേടിച്ച് ജാഥയിൽ പങ്കെടുക്കുന്നവർ വിരളവുമായിരുന്നു. മർദ്ദനത്തെ അവഗണിച്ച് അന്ന് ജാഥയിലും യോഗങ്ങളിലും പങ്കെടുക്കുന്നവരെ ചെറുപ്പത്തിൽ ആരാധനാ മനോഭാവത്തോടെ ആവേശത്തോടെ നോക്കി നിന്നിട്ടുമുണ്ട്. അവർ വീരയോദ്ധാക്കളായിരുന്നു. മനുഷ്യസ്നേഹികളായിരുന്നു. പൊതുജനങ്ങളുടെ കഷ്ടപ്പാട് അകറ്റാൻ അരയും തലയും മുറുക്കി രംഗത്തെത്തുന്നവരായിരുന്നു.അനീതിക്കെതിരെ ശബ്ദം ഉയർത്തുന്നവരായിരുന്നു. അന്ന് ജാഥകൾ മർദ്ദകർക്ക് താക്കീതായിരുന്നു. ഇന്നു അൽപ്പവസ്ത്രം മാത്രം ധരിച്ച കോലത്തിൽ ഈ ഘോഷയാത്ര നടത്തുന്നത് എന്തിനാണു? ആരെ കാണിക്കാനാണു? ഏത് അനീതിക്കെതിരെ പൊരുതാനാണു? ഒന്നിനുമല്ല. ഞങ്ങൾ സംഘടിത ശക്തി ആണെന്ന് സ്വയം ബോദ്ധ്യപ്പെടുന്നതിനും മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുന്നതിനും വേണ്ടി മാത്രം.
ഞങ്ങൾ ഉൾപ്പടെ അതിലെ കടന്ന് പോയ യാത്രക്കാരെല്ലാം ഞങ്ങളുടെ രണ്ടരമണിക്കൂർ യാതനക്കുത്തരവാദികളായ ഈ മെല്ലെ ഓട്ടക്കാരെ പുശ്ചത്തോടെയും അരിശത്തോടെയും മാത്രമാണു വീക്ഷിച്ചതെന്ന് ഉറപ്പ്. പ്രയാസപ്പെട്ട് എങ്ങിനെയോ അവരെയും പിന്നിട്ടപ്പോൾ ഓരോ വാഹനവും ഹാവൂ എന്ന് നെടുവീർപ്പിട്ടു അമ്പ് വേഗതയിൽ പാഞ്ഞ് പോയി.
കമ്മ്യൂണിസ്റ്റ് കക്ഷി മാത്രമല്ല ഇപ്രകാരം സംഘടിത ബലം നിരത്തിൽ പ്രകടിപ്പിച്ച് ജനങ്ങളെ വെള്ളം കുടിപ്പിക്കുന്നത്. ഈർക്കിലി പാർട്ടികൾ ഉൾപ്പടെ ആരും ഈ കാര്യത്തിൽ ജനങ്ങളോട് ദയവ് കാണിക്കാറില്ല. ജനം കഷ്ടപ്പെടുന്നു എന്നത് അവർക്ക് പ്രശ്നമേ അല്ല. അവരുടെ ബലം നാലാളെ കാണിക്കണമെന്ന ഒറ്റ ഉദ്ദേശം മാത്രം.
നേരം വൈകി എറുണാകുളത്ത് എത്തി വൈറ്റില കടന്നപ്പോൾ നാലുവരി പാതയിൽ ഞങ്ങൾ സഞ്ചരിക്കുന്നതിന്റെ എതിർഭാഗത്ത് വാഹങ്ങളുടെ നീണ്ട നിര കാണപ്പെട്ടു. നിരത്തിന്റെ സമീപത്തെ ഒരു ദേവാലയത്തിലെ പെരുന്നാൾ സംബന്ധമായി സ്ത്രീകൾ ഉൾപ്പടെയുള്ള ആൾക്കൂട്ടമായിരുന്നു ഇപ്പോൾ ഗതാഗതത്തിനു തടസമായി കണ്ടത്. “ ഭാഗ്യത്തിനു നമ്മുടെ ഭാഗത്തല്ല തടസ്സം“ എന്ന് മകൻ പറഞ്ഞപ്പോൾ”അങ്ങിനെ പറയരുത് മോനേ, അതിലും നമ്മുടെ സഫാ മോളെ പോലുള്ള കുട്ടികളും പ്രായമായവരും കാണും; ഇനി ഏത് നേരത്താണു അവരെല്ലാം വീട്ടിലെത്തുക” എന്ന് ഭാര്യ പരിതാപപ്പെട്ടു. അവൾ പറഞ്ഞത് എത്രയോ ശരി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബഹുമാനപ്പെട്ട അദ്വാനി കൊട്ടാരക്കരയിൽ വന്ന് പോയി. കേവലം നിമിഷങ്ങളുടെ സന്ദർശനത്തിനു വേണ്ടി. അദ്ദേഹത്തിന്റെ സരക്ഷണത്തിന്റെ ഭാഗമായി മണിക്കൂറുകളോളം നിയമപാലകർ നഗരത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഗതാഗതം തടസപ്പെടുത്തിയതിനാൽ രോഗിയെയും കൊണ്ട് വന്ന ഒരു വാഹനത്തിലെ യാത്രക്കാർ മുന്നോട്ട് പോകുന്നതിനു നിയമപാലകരോട് കെഞ്ചുന്നതും ധാർഷ്ട്യതയോടെ ഉദ്യോഗസ്തർ അവരുടെ അപേക്ഷ നിരസിക്കുന്നതും പൊരി വെയിലത്ത് ആ മനുഷ്യർ ദയനീയ മുഖത്തോടെ ഇരുന്നതും ഞാൻ നേരിൽ കണ്ടതാണു.
അടുത്തമാസം നബിദിനമാണു. വഴിയിൽ ഒരു കല്ല് കിടന്നാൽ അതെടുത്ത് മാറ്റി മാർഗ തടസ്സം നീക്കുന്നത് പുണ്യ പ്രവർത്തിയാണു എന്ന് പഠിപ്പിച്ച മഹാനായ ആ പ്രവാചകന്റെ ജന്മദിനം ആഘോഷിക്കാൻ മാർഗ തടസം സൃഷ്ടിച്ച് കൊണ്ടുള്ള ജാഥകൾ “അല്ലാഹു അക്ബർ“(ദൈവം വലിയവനാണു) എന്ന് ഉച്ചൈസ്ഥരം ഘോഷിച്ച് പോയ വർഷങ്ങളിലെ പോലെ ഈ വർഷവും നമുക്ക് പ്രതീക്ഷിക്കാം.
ആരാണു ഇതിനൊക്കെ ഒരു മാറ്റം കൊണ്ട് വരിക, എപ്പോഴാണു അത് സംഭവിക്കുക. നമുക്ക് കാത്തിരിക്കാം അല്ലേ?
പൊതുജനം കഴുതയാണിപ്പൊഴും എപ്പഴും .മാറ്റം എന്നുന്നുണ്ടോ...മാറ്റേണ്ടവർതന്നെ ഇങ്ങനെ പിന്നെ ആരു മാറ്റും.
ReplyDeleteഎല്ലാറ്റിനെയും പറഞ്ഞതുകൊണ്ട് ഇഷ്ടപ്പെട്ടു... (സാധാരണ മാര്‍ഗതടസ്സങ്ങളെ കുറിച്ച് എഴുതുന്നവര്‍ സി.പി.എമ്മിന്റെ ജാഥ മാത്രമേ കാണാറുള്ളൂ റോഡില്‍, പള്ളിപ്പെരുന്നാലും നേര്‍ച്ചയും പൂരവും ഒന്നും കണ്ണില്‍ പെടാറില്ല, ത്രാസിന്റെ ഇരു തട്ടുകളും തുല്യമാകാന്‍ വേണ്ടി പേരിനു തിരുകിക്കയട്ടിയവ അല്ല എന്ന് പ്രതീക്ഷിക്കട്ടെ).
ReplyDeleteപിന്നെ എന്റെ അനുഭവത്തില്‍ ഒരു ആമ്ബുലന്‍സോ മറ്റോ വന്നാല്‍ ഒരു തടസ്സവും കൂടാതെ അപ്പുരതെതിക്കാന്‍ സി.പി.എമ്മിന്റെ ജാഥകളില്‍ ശ്രദ്ധിക്കാറുണ്ട്, റെഡ് വളണ്ടിയര്‍മാര്‍. ഞാന്‍ പങ്കെടുത്ത മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ജാഥയിലും (മഞ്ചേരി) അങ്ങനെ ആയിരുന്നു.
തിരൂരില്‍ എത്തിയിട്ട് കാണാന്‍ പറ്റിയില്ല, വൈകിട്ട് ഒരു കല്യാണ റിസപ്ഷന് പോയിട്ട് വൈകി, അതാ വിളിക്കാഞ്ഞത്.
നിത്യവും ട്രാഫിക് തടസ്സങ്ങള്‍ക്കിടയിലൂടെ കടന്നു പോകുന്ന ഒരാളായത് കൊണ്ട് നിര്‍വികാരമായി പോസ്റ്റ് വായിച്ചു :)
ReplyDeleteഇനി വടക്ക് നിന്ന് വരുമ്പോള്‍ കുന്ദംകുളം കഴിഞ്ഞു ഗുരുവായൂര്‍ ചാവക്കാട് തൃപ്രയാര്‍ കൊടുങ്ങല്ലൂര്‍ പറവൂര്‍ ആലുവ വഴി എന്‍.എച്ച് നാല്പതിഎഴില്‍ കയറി ഏറണാകുളം വൈറ്റില വഴി പോകാന്‍ ശ്രദ്ധിക്കുക. പിന്നെ ജാഥ ഉണ്ടോ വഴിയില്‍ എന്ന് മുന്‍കൂട്ടി അറിഞ്ഞു വെക്കാവുന്നതുമാണ്. മേല്പറഞ്ഞ വഴി കുറച്ചു ഇടുങ്ങിയതനെന്കിലും കുഴപ്പമില്ല.
ReplyDeleteഎല്ലായിടത്തും മാറ്റങ്ങള്‍...അതില്‍ നല്ലതും ചീത്തയും.
ReplyDeleteകോടതി വിധിക്കെതിരെ വെല്ലുവിളി ഉയര്‍ത്തിയവരെ സ്വീകരിചായിച്ചവരുടെ കൂട്ടത്തില്‍ ശരീഫ്ക്ക ഇലാ എന്ന് കരുതട്ടെ. ഏതു രാഷ്ട്രീയ പ്ര്ട്ടിയായാലും പൊതുനിരത്തില്‍ ഇത്തരം മാഞാലങ്ങള്‍ അനുവദിക്കരുതെന്ന പക്ഷമാണ്ഞാന്‍. അത് പള്ളി നേര്‍ച്ചയും പള്ളിപ്പെരുന്നാളും ഉത്സവവും എന്തായാലും അതിനു പ്രത്യേക സ്ഥല കണ്ടെത്തണം
ReplyDeleteജോലി സംബന്ധമായ യാത്രകൾ പല ദിവസങ്ങളിലും ആവശ്യമായി വരാറുണ്ട്. ഇത്തരം ശക്തിപ്രകടനങ്ങളും ആഘോഷങ്ങളും ഉള്ളപ്പോൾ കഴിവതും യാത്ര ഒഴിവാക്കുകയാണ് പതിവ്. തീരെ ഒഴിവാക്കാൻ പറ്റിയില്ലെങ്കിൽ ഈ പ്രകടനസ്ഥലങ്ങളല്ലാതെ അല്പം വളഞ്ഞവഴിയാണെങ്കിലും പോകാൻ ശ്രമിക്കും. സാറ് സ്വന്തം വാഹനത്തിൽ ആയതുകൊണ്ട് വൈകിയാണെങ്കിലും വീടെത്തി. പലപ്പോഴും പൊതു ഗതാഗതമാർഗ്ഗങ്ങൾ ആശ്രയിക്കുന്ന എന്നെപ്പോലുള്ളവർ ഇത്തരം അവസരങ്ങളിൽ നേരം വെളുക്കുന്നത് വരെ ഏതെങ്കിലും ബസ്സ് സ്റ്റേഷനിൽ കഴിച്ചുകൂട്ടേണ്ട ഗതികേടിലാവും ചെന്നെത്തുക. ഇതിൽ കുടുംബസമേതം യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചവരും കാണും. കൊച്ചുകുട്ടികളേയും കൊണ്ട് ബസ്സ് സ്റ്റേഷനിൽ തങ്ങേണ്ടിവന്നരെ പലപ്പോഴും നേരിട്ട് കണ്ടിട്ടുണ്ട്. പൊതുജനത്തിന്റെ ഈ ബുദ്ധിമുട്ടുകൾ ശക്തിപ്രകടനക്കാർ അറിയേണ്ടതില്ലല്ലൊ.
ReplyDeleteഇത് പോലുള്ളവ വായിക്കുമ്പോൾ ഓർമ്മ വരിക സ്കൂൾ കാലഘട്ടമാണു. ഓണം എത്തുമ്പോൾ ഹാപ്പി ഓണം എന്ന് എഴുതുവാൻ ബസ്സുകൾ തടഞ്ഞ് നിർത്തുന്ന പതിവ് നഗരത്തിലെ സ്കൂളുകലിൽ ഉണ്ടെന്ന് മനസ്സിലായി ഞങ്ങളുടെ സ്കൂളിലും തുടങ്ങി. അന്ന് സ്കൂളിനു മുന്നിലെ റോഡ് എൻ.എച്ച്. ആയിരുന്നു. പിന്നീട് അരൂർ പാലം വന്നതോടെ എൻ.എച്ച്. പദവി അങ്ങോട്ട് പോയി. പഴയ കൊച്ചി വിമാന താവളത്തിലേയ്ക്ക് പോകുന്നത് എൻ.എച്ച്. എന്ന ഈ ഇടുങ്ങിയ റോഡിലൂടെയായിരുന്നു. ഉച്ചയ്ക്കുള്ള ഇടവേളയിൽ കുട്ടികൾ ഇരു വശത്തെയും ബസ്സുകളെ തടഞ്ഞ് ഹാപ്പി ഓണം എഴുതി മുന്നേറുന്നു. സ്കൂളിലേയ്ക്ക് ഒരാൾ കിതച്ച് എത്തുന്നതും ഹെഡ്മാസ്റ്ററുമായി സംസാരിക്കുന്നതും കണ്ടു. തൊട്ട് പുറകേ ഹെഡ്മാസ്റ്ററും മറ്റ് സാറുമാരും എഴുതുന്ന കുട്ടികളെ ഓടിക്കുന്നതും. പിന്നീട് ക്ലാസ്സിൽ ടീച്ചർ വന്നപ്പോഴാണു ആ കിതച്ച് വന്നയാൾ ഗൾഫിൽ പോകുവാനുള്ള മുബൈയ് വിമാനത്തിനു വേണ്ടി പോവുകയായിരുന്നു എന്നും സമയത്ത് എത്തിയില്ലായെങ്കിൽ ജോലി പോകുമെന്നും പറഞ്ഞതായി അറിഞ്ഞത്. അന്ന് മുതൽ ഇങ്ങനെ വഴി തടഞ്ഞുള്ളവ കാണുമ്പോൾ ആ ദിവസമാണു ഓർമ്മ വരിക. ആ മനുഷ്യനു വിമാനം ലഭിച്ചിരിക്കുമോ?
ReplyDeleteകൈയ്യൂക്ക് കാട്ടുവാൻ (രാഷ്ട്രീയ പാർട്ടിയായാലും മത സംഘടനകളായാലും) ചെയ്യുന്നവ എത്ര പേരുടെ ഭാവിയാണു തകർക്കുന്നത് എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിരുന്നുവെങ്കിൽ!!!!
നാട്ടാരെ വലക്കുന്ന കാര്യത്തില്‍ കേരളത്തില്‍ ഒരു പാര്‍ട്ടിയും മോശക്കാരല്ല....
ReplyDeleteഇത് ജനാധിപത്യമല്ല .. താന്തോന്നിത്തരം
പിന്നെ ഭരണ സംവിധാനങ്ങളുടെ വീഴ്ച . മറ്റു പല സ്ടലങ്ങളിലും ഒരു ജാഥ പാസ് ചെയ്യുമ്പോള്‍ പൊതു ജനത്തിന് തടസ്സമുണ്ടാകാത്ത വിധം മാര്‍ച്ച്ചിംഗ് റൂട്ട് നിശ്ചയിക്കും.. സുഗമമായ ഗതാഗതം ഉറപ്പു വരുത്തും .
കേരളത്തില്‍ എത്ര മണിക്കൂര്‍ ഗതാഗതം സ്തംഭിപ്പിച്ചു എന്നതിന്റെ കണക്കില്‍ ആണല്ലോ പ്രകടനങ്ങളുടെ വിജയം .
ee kaarealam orikkalum nannavillaaaa etu nannavunnatilum eluppaam pattida vaalu naarayaakunntaaa
ReplyDeleteസങ്കല്‍പ്പങ്ങള്‍ :-നന്ദി സുഹൃത്തേ!
ReplyDeleteഡോ.ആര്‍.കെ.തിരൂര്‍. തീര്‍ച്ചയായും ത്രാസ് ഒപ്പിക്കാനല്ല, യാഥാര്‍ത്ഥ്യം പറഞ്ഞു. അത്രമാത്രം.സന്ദര്‍ശനത്തിനു നന്ദി ഡോക്റ്ററേ...
പ്രിയ മനോരാജ്, അതെ മലയാളികള്‍ക്ക് എന്തിനോടും നിര്‍വികാരത പ്രകടിപ്പിക്കാനേ കഴിയൂ. ഇവിടെ സന്ദര്‍ശിച്ചതില്‍ നന്ദി പയ്യന്‍സ്...
പ്രിയ ഫിയോനിക്സ്: ആ വഴിയിലൂടെയാണ് സാധാരണ യാത്ര.നിരത്തിന്റെ വീതി കുറവ് അവിടെയും ബുദ്ധിമുട്ടുണ്ടാക്കുന്നു.അഭിപ്രായത്തിനു നന്ദി.ആശംസകള്‍ സുഹൃത്തേ!
പട്ടേപാടം റാംജി:-അഭിപ്രായത്തിനു നന്ദി ചങ്ങാതീ.
ഇസ്മെയില്‍ ചെമ്മാട്:-ഞാന്‍ ആ കൂട്ടത്തിലില്ലേ!!!അഭിപ്രായത്തിനു നന്ദി ചങ്ങാതീ..
പ്രിയ മണികണ്ഠന്‍ തമ്പി:- താങ്കള്‍ പറഞ്ഞത്100ശതമാനം ശരി സുഹൃത്തേ!
പ്രിയപ്പെട്ട മനോജ്”->>>കൈയ്യൂക്ക് കാട്ടുവാൻ (രാഷ്ട്രീയ പാർട്ടിയായാലും മത സംഘടനകളായാലും) ചെയ്യുന്നവ എത്ര പേരുടെ ഭാവിയാണു തകർക്കുന്നത് എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിരുന്നുവെങ്കിൽ!!!!<<<
സത്യം സത്യം സത്യം.തീര്‍ച്ചയായും ചിന്തിക്കേണ്ട വിഷയം.
വേണുഗോപാല്‍:അഭിപ്രായത്തിനു നന്ദി ചങ്ങാതീ!
അജ്ഞാതന്‍:- നന്ദി.
എന്നിട്ടും ശേരീഫിക്ക ,..നമ്മളൊക്കെ തന്നെ ഇവന്മാരെ ഒക്കെ ജയിപ്പിച്ചു വിടുന്നത്... എന്നിട്ട് വോട്ടവകാശം ഉപയോഗിക്കണം എന്നൊരു വാദവും... എന്തിനു വേണ്ടി ഉപയോഗിക്കണം??? മനുഷ്യരെ ഇങ്ങനെ ബുധിമുട്ടിക്കണോ???? കേരളം പോലെ ലോകത് വേറെ ഒരിടത്തും കാണൂല ഈ പ്രതിഭാസം...ജാഥ ആണത്രേ ജാഥ.... രാജ്യത്തെ നശിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ടികള്‍....,... കഷ്ടം എന്നല്ലാതെ വേറെ എന്ത് പറയാന്‍....
ReplyDeleteഇതാണ് ആധിപത്യം, അത് മനസ്സിലാക്കിയാൽ പിന്നെ പാർട്ടിയില്ല പാർട്ടിക്കാരില്ല... ആരും മനസ്സിലാക്കുന്നില്ലല്ലോ എന്ന ദു:ഖം മാത്രം. ആരും മോശക്കാരല്ല. എല്ലാരും ജനങ്ങളുടെ തലയിൽ മൂടുരുമ്മട്ടെ, തലവിധി അല്ലാതെന്താ...!!!!
ReplyDeleteപ്രിയ മഞ്ജു മനോജ്
ReplyDeleteഅതേ! അത് തന്നെ മഞ്ജു നമ്മുടെ ശാപവും; നമ്മള്‍ തെരഞ്ഞെടുത്ത് വിടുന്നവര്‍ തന്നെ നമുക്ക് കോടാലിയായി ഭവിക്കുന്നു.എല്ലാ രാഷ്രീയ പാര്‍ട്ടികളും...ആരും ഒഴിവില്ല.
ആരും മനസിലാക്കുന്നില്ലാ എന്നതിനു പകരം എല്ലാവരും മനസ്സിലാക്കിയിട്ടും നിസ്സംഗരായിരിക്കുന്നു എന്നതല്ലേ കൊട്ടോട്ടീ, ശരി.