Monday, January 9, 2012

ഇക്കാ...പ്രിയപ്പെട്ട ഇക്കാ....

പാല്‍ക്കടല്‍ ചൊരിയുന്ന പൂനിലാവ്. ദൂരെ ദൂരെയുള്ള കുന്നുകളുടെ നിഴലുകള്‍ പോലും നിലാവിലൂടെ കാണാന്‍ കഴിയുന്നു. മഞ്ഞലകള്‍ അന്തരീക്ഷത്തില്‍ കുളിരു കോരിയിട്ടു. ജനുവരിയിലെ ചെറിയ കാറ്റ് തണുപ്പ് വര്‍ദ്ധിപ്പിക്കുകയാണല്ലോ.സമയം രാത്രി പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു. നിലാവിനെ നോക്കി ഞാന്‍ തനിച്ചിരുന്നു.

ദൂരെ ദൂരെ നിന്നും നിലാവിലൂടെ വേദനയാര്‍ന്ന ഒരു ശബ്ദം ഒഴുകി വരുന്നുവോ?! “ഇക്കാ....എന്റെ പ്രിയപ്പെട്ട ഇക്കാ.....

കുറച്ച് സമയം മുമ്പ് നിയമോപദേശത്തിനായി എന്റെ ഒരു സ്നേഹിതന്റെ നിര്‍ദ്ദേശനുസരണം എന്നെ തേടി വന്ന മനുഷ്യരുടെ കൈവശം സൂക്ഷിച്ചിരുന്ന ഒരു ഡയറി താളുകളിലെ കുറിപ്പുകള്‍ ഞാന്‍ വായിച്ചിരുന്നു.

ഇക്കാ...എന്റെ പ്രിയപ്പെട്ട ഇക്കാ എന്ന് ഭര്‍ത്താവിനെ സംബോധന ചെയ്ത് മനസിനെ വല്ലാതെ സ്പര്‍ശിക്കും വിധം ഡയറിക്കുറിപ്പുകള്‍ കുത്തിക്കുറിച്ച പെണ്‍കുട്ടി ഇന്നു ജീവനോടെ ഇല്ല. അഞ്ചു വര്‍ഷം മുമ്പ് അവള്‍ മരിച്ചു. ഒരു മുഴം കയറില്‍ കെട്ടി തൂങ്ങി ആത്മഹത്യ ചെയ്തു എന്ന് പറയുന്നതാണ് പൂര്‍ണമായ ശരി. അവളുടെ പന്ത്രണ്ടും ഒന്‍പതും വയസ്സ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികള്‍ എന്നെ കാണാന്‍ വന്നവരോടൊപ്പം ഉണ്ടായിരുന്നു. അമ്മ മരിച്ചു കഴിഞ്ഞു മൂന്നു വര്‍ഷത്തിനു ശേഷം അവരുടെ പിതാവും ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. അനാഥരായ അവര്‍ പിതൃസഹോദരനോടൊപ്പമാണ് ഇപ്പോള്‍ കഴിയുന്നത്. പിതൃസഹോദരനും കൂട്ടുകാരനുമാണ് എന്നെ കാണാന്‍ വന്നത്. അവര്‍ സംശയം തീര്‍ക്കാന്‍ എന്നെ സമീപിച്ച വിഷയം ഒരു ദാരുണ സംഭവത്തിന്റെ അവസാന ഭാഗമായതിനാല്‍ അവരില്‍ നിന്നും ലഭ്യമായ വിവരങ്ങളില്‍ നിന്നും ആദ്യ ഭാഗം ചുരുക്കി പറയാം.

നമുക്ക് പെണ്‍കുട്ടിക്ക് സജീല എന്ന് പേരിടാം. രണ്ട് ചെറിയ കുട്ടികളുടെ അമ്മയാണ് സജീല. ഭര്‍ത്താവ് ഗള്‍ഫിലും. ഭര്‍ത്താവിനെ ജീവനു തുല്യമായി കണ്ടിരുന്ന സജീലക്ക് രാത്രി കൂട്ട് ഭര്‍തൃ മാതാവ് മാത്രം. ഒരു ചെറിയ വീട്ടില്‍ സന്തോഷത്തോടെ അവര്‍ കഴിഞ്ഞു വന്നു. ഭര്‍ത്താവ് അവധിക്ക് വരുമ്പോള്‍ വീട്ടില്‍ ഉത്സവ സമാനമായ സന്തോഷം ഉടലെടുക്കും.

സാമാന്യം സൌന്ദര്യവും ആരോഗ്യവുമുള്ള സജീലായെ കഴുകന്‍ കണ്ണുകള്‍ വട്ടമിടുന്നത് പാവം അറിഞ്ഞിരുന്നില്ലല്ലോ! ഭര്‍ത്താവ് സമീപമില്ലാത്ത ചെറുപ്പക്കാരികളായ ഭാര്യമാരെ ഒരേ ഒരു ഒരു വീക്ഷണ കോണിലൂടെ മാത്രം കാണുന്ന മലയാളി സമൂഹം നഗരങ്ങളേക്കാള്‍ കൊടിയ വിഷപ്പാമ്പുകളായി നാട്ടുമ്പുറങ്ങളില്‍ കാണപ്പെടാറുണ്ട്. ഇവിടെ വിഷപ്പാമ്പുകളായി രംഗത്ത് വന്നത് രണ്ട് രാഷ്ട്രീയ പ്രവര്‍ത്തകരാണ്. സൌകര്യത്തിനായി അവരെ ഒന്നാമന്‍ എന്നും രണ്ടാമന്‍ എന്നും നമുക്ക് വിളിക്കാം. ആദ്യം രംഗത്ത് വന്നത് ഒന്നാമന്‍ തന്നെ.അയാള്‍ സജീലാക്ക് ആവശ്യമുള്ള ചെറിയ ചെറിയ കാര്യങ്ങളെല്ലാം അഭ്യുദകാംക്ഷിയെ പോലെ സഹായിച്ചു. കുട്ടികളെ നഴ്സറിയില്‍ ചേര്‍ക്കാനുള്ള ഫാം പൂരിപ്പിക്കുക, ജനനസര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് ആഫീസില്‍ നിന്നും തരപ്പെടുത്തി കൊടുക്കുക തുടങ്ങിയവയും സജീലാക്ക്പരിചിതമല്ലാത്തതും എന്നാല്‍ അത്യാവശ്യവുമായ മറ്റ് കാര്യങ്ങള്‍. ഇങ്ങിനെയുള്ള വിഷയങ്ങള്‍ നാട്ടിന്‍പുറത്ത്കാരി സ്ത്രീക്ക് അപ്രാപ്യവും ഒരു പഞ്ചായത്ത് മെംബര്‍ ആയ ഒന്നാമനു ക്ഷിപ്ര സാദ്ധ്യവും ആയിരുന്നു. ചുരുക്കത്തില്‍ സജീലായുടെ മനസില്‍ ഒന്നാമന്‍ ബഹുമാന്യ വ്യക്തിയുംസഹായിയും വേണ്ടപ്പെട്ടവനുമായി മാറി. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സജീല രാത്രി കണ്ടിരുന്ന റ്റി.വി. സീരിയലുകള്‍ ഒന്നാമനുമായി ചര്‍ച്ച ചെയ്തു തുടങ്ങി. സജീലായുടെ അഭിരുചി പോലെ ഒന്നാമന്‍ കമന്റുകള്‍ പാസ്സാക്കി. ഇതിലെല്ലാം ഉപരിയായി സജീലായുടെ ഭര്‍ത്താവിനെ ദിവ്യ പുരുഷനെ പരാമര്‍ശിക്കുന്നത് പോലെ ഒന്നാമന്‍ എപ്പോഴും പുകഴ്ത്തി സംസാരിക്കാനും തുടങ്ങി. ഭര്‍ത്താവിനെ പ്രാണനു തുല്യം സ്നേഹിക്കുന്ന സജീലാക്ക് അത് അമൃത് വര്‍ഷവുമായിരുന്നു. ഇപ്പോള്‍ ഒന്നാമന്‍ സജീലായുടെ വീട്ടിനുള്ളില്‍ എവിടെയും കയറാന്‍ സ്വാതന്ത്ര്യം ലഭിച്ചവനാണ്. സജീലായുടെ അമ്മായിക്കും അതില്‍ ഇഷ്ടക്കേട് ഇല്ലായിരുന്നു. അങ്ങിനെ കഴിഞ്ഞു വരവേ ഒരു ദിവസം, അകത്തെ മുറിയിലിരുന്ന് ഒന്നാമന്‍ ഒരു ഗ്ലാസ്സ് വെള്ളം സജീലായോട് ആവശ്യപ്പെട്ടു. വെള്ളവുമായി വന്ന സജീലായുടെ കയ്യില്‍ ഒന്നാമന്‍ മെല്ലെ തടകിയിട്ട് പറഞ്ഞുഎന്ത് മനോഹരമായ കൈ.” സജീല ജാള്യതയോടെ കൈ പിന്‍ വലിച്ചു.

അത്
തുടക്കമായിരുന്നു. അന്ന് അമ്മായി മകളുടെ വീട്ടില്‍ മകള്‍ക്ക് കൂട്ട് കിടക്കാന്‍ പോയി . രാത്രി 10മണി കഴിഞ്ഞു കാണണം. കാളിംഗ് ബെല്‍ കേട്ട് സജീല കതക് തുറക്കാതെ പുറത്തെ ലൈറ്റിട്ട് ജനല്‍ തുറന്ന് ആരാണെന്ന് നോക്കി. ഒന്നാമന്‍ വരാന്തയില്‍ നില്‍ക്കുന്നു. അത്യാവശ്യകാര്യം പറയാനുണ്ടെന്നും കതക് തുറക്കാനും അയാള്‍ ആവശ്യപ്പെട്ടു.സജീല വിസമ്മതിച്ചപ്പോള്‍ അയാള്‍ അവിടെ തന്നെ നില്‍ക്കുമെന്നും പറയാനുള്ളത് കേള്‍ക്കാതെ അവിടെ നിന്നും പോകില്ലാ എന്നും കതക് തുറന്നേ മതിയാകൂ എന്നും നിര്‍ബന്ധിച്ചു. വീട്ടില്‍ അമ്മായി ഇല്ല. പുറത്ത് അസമയത്ത് ഒരു ചെറുപ്പക്കാരന്‍ ലൈറ്റ് വെട്ടത്തില്‍ നെട്ടനെ നില്‍ക്കുന്നു. വല്ലാതെ അമ്പരന്ന നാട്ടിന്‍ പുറത്ത്കാരി കതക് തുറക്കാന്‍ നിര്‍ബന്ധിത ആയി. കതക് തുറന്നപ്പോള്‍ അയാള്‍ അകത്തേക്ക് തള്ളിക്കയറി വാതില്‍ ചാരി. ഒന്നും പ്രതികരിക്കാനാവാതെ സ്തംഭിച്ച് നിന്ന സജീലായെ പൂണ്ടടക്കം അയാള്‍ കടന്നു പിടിച്ച് നിലത്ത് മറിച്ചിട്ടു. സമയത്താണ് നേരത്തെ പറഞ്ഞ് ഒപ്പിച്ചിരുന്നത് പോലെ ചാരിയിരുന്ന കതക് തുറന്ന് രണ്ടാമന്‍ രംഗത്ത് വരുന്നത്. ഒന്നാമനും സജീലായുമായി വേഴ്ചയില്‍ ഏര്‍പ്പെട്ടത് കണ്ടുവെന്ന് നാട്ടില്‍ പറയുമെന്ന് രണ്ടാമന്‍ ഭീഷണി മുഴക്കി. ബോധക്കേടിന്റെ വക്കില്‍ എത്തിയ സജീലാ എന്ത് പറയണമെന്നോ എന്ത് ചെയ്യണമെന്നോ തിരിയാത്ത അവസ്ഥയിലായി. നമുക്ക് ചുരുക്കാം രണ്ട് വിഷസര്‍പ്പങ്ങളും മാറി മാറി അവരുടെ കാര്യം നേടി. അത് തുടക്കം മാത്രമായിരുന്നു. ഭീഷണിയാല്‍ സജീലായെ വിരട്ടി മാസങ്ങളോളം അവര്‍ ചൂഷണം ചെയ്തു കൊണ്ടിരുന്നു.അമ്മായി ഉറക്കം പിടിക്കുമ്പോഴോ വീട്ടില്‍ ഇല്ലാതിരിക്കുമ്പോഴോ ആയിരുന്നു അവരുടെ വരവു.

ഏതൊരു കാര്യവും കുറേ കഴിയുമ്പോള്‍ അല്‍പ്പാല്‍പ്പമായി പുറത്ത് വരുമല്ലോ, പ്രത്യേകിച്ച് നാട്ടിന്‍ പുറങ്ങളില്‍. അയല്‍ വാസികള്‍ അസമയങ്ങളില്‍ ഒന്നാമനേയും രണ്ടാമനേയും വീട്ടില്‍ കണ്ട കാര്യം പലരും പറഞ്ഞറിഞ്ഞ് സജീലായുടെ ഭര്‍തൃ കുടുംബാംഗങ്ങളും അറിഞ്ഞു വിഷയത്തില്‍ ഇടപെട്ടു. ചോദ്യം ചെയ്തപ്പോള്‍ സജീല കിളി പറയുന്നത് പോലെ കാര്യങ്ങള്‍ പറഞ്ഞു. ഭര്‍ത്താവിനെ വിവരം അറിയിച്ചപ്പോള്‍ മനുഷ്യന്‍ അന്തം വിട്ടു പോയി. അത്രക്ക് അവര്‍ പരസ്പരം സ്നേഹമായിരുന്നല്ലോ.

ഭര്‍തൃവീട്ടുകാരും നമ്മുടെ വില്ലന്മാര്‍ രണ്ട് പേരും രാഷ്ട്രീയമായി വിരുദ്ധ മുന്നണികളിലായിരുന്നു. ഒന്നാമനും രണ്ടാമനും രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി സജീലായുടെ കയ്യില്‍ കയറി പിടിച്ച് മാനഭംഗശ്രമം നടത്തിയെന്ന് മാത്രം പറഞ്ഞുള്ള ഒരു പരാതി സ്ഥലം പോലീസ് സ്റ്റേഷനില്‍ നല്‍കാന്‍ സജീലായെ പ്രേരിപ്പിച്ച് ഭര്‍തൃ സഹോദരന്‍ സജീലായെ സ്റ്റേഷനില്‍ ഹാജരാക്കി. സജീലായെ ചോദ്യം ചെയ്തപ്പോള്‍ വില്ലന്മാരുമായി മുന്‍ വൈരാഗ്യം ഉണ്ടായിരുന്ന ഏതോ പോലീസ് ഉദ്യോഗസ്ഥന്‍ കാര്യങ്ങളുടെ കിടപ്പ് വശം ഏതാണ്ട് മനസിലാക്കി കൈക്ക് പിടിച്ച് എന്നതില്‍ മാത്രം ഒതുക്കാതെ രണ്ട് പേരും അന്നത്തെ ദിവസം ബലാത്സംഗം ചെയ്തു എന്ന് സജീലായില്‍ നിന്നും മൊഴി വാങ്ങി.( പല ദിവസം ബന്ധം ഉണ്ടായെന്ന് മൊഴി വാങ്ങിയാല്‍ അത് സമ്മതത്തോടെയുള്ള സംഗം ആയി മാറുമെന്നും പ്രതികള്‍ ബലാല്‍ സംഗ കുറ്റത്തില്‍ നിന്നും ഊരി പോകുമെന്നും പോലീസിനെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ) യാതൊന്നിനും പ്രതികരിക്കാന്‍ കഴിയാതെ , അപ്പോഴേക്കും വെറും പാവ മാത്രമായി തീര്‍ന്ന നാട്ടിന്‍പുറത്ത്കാരി അവര്‍ പറയുന്നതെല്ലാം അതേപടി അനുസരിച്ച് മൊഴികൊടുത്തു.

പ്രതികള്‍ രണ്ട് പേരും നിക്കറും വരയന്‍ ഷര്‍ട്ടുമിട്ട് അഴിയെണ്ണി. മെയിന്‍ സെക്ഷനും അനുബന്ധ സെക്ഷനും ഇട്ട് എഫ്..ആറും ഫയല്‍ ചെയ്തപ്പോള്‍ കീഴ്ക്കോടതികള്‍ ജാമ്യം നിഷേധിച്ചതിനാല്‍ പ്രതികള്‍ ഹൈക്കോടതിയില്‍ എത്തി. അപ്പോഴേക്കും ആഴ്ചകള്‍ കഴിഞ്ഞു. രാഷ്ട്രീയക്കാര്‍ വിരുദ്ധ ചേരികളില്‍ നിന്നും പയറ്റി. രാഷ്ട്രീയ പക പോക്കിയതാണെന്ന് ഒരു ഭാഗവും പഞ്ചായത് മെംബറുടെ തനി നിറം അവര്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നയമാണെന്ന് മറുപക്ഷവും തകര്‍ത്ത് വാരി. ഇതിനിടയില്‍ ഒരു പാവം സ്ത്രീയുടെ നിസ്സഹായവസ്ഥ ആരും കണ്ടില്ല.സജീലാക്ക് നാട്ടില്‍ പുറത്തേക്കിറങ്ങാന്‍ വയ്യാതായി.വേഴ്ചയെ പറ്റി ചര്‍ച്ച ചെയ്യുന്നത് മലയാളിക്ക് എന്ത് രസമണെന്നോ. പുരുഷന്മാര്‍ വളെ കാണുമ്പോള്‍ അര്‍ഥം വെച്ച് ചിരിച്ചു, നാട്ടിലെ പതിവൃതകള്‍ അവളെ ഒഴിഞ്ഞു വെച്ചു. അവരുടെ കണ്ണിലെല്ലാം സജീല മറ്റൊരു കുറിയേടത്ത് താത്രി ആയി. സ്വന്തം കുട്ടികളുടെ മുമ്പില്‍ അവള്‍ തലകുനിച്ചു. വിവരം അറിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവിനെ എത്രമാത്രം ഇഷ്ടമായിരുന്നു എന്ന് പറഞ്ഞ് മനസിലാക്കാന്‍ അവള്‍ പാട് പെട്ടു. അവളുടെ സ്നേഹത്തിന്റെ ആഴം അനുഭവിച്ചറിഞ്ഞ അയാള്‍ കയ്ച്ചിട്ട് ഇറക്കാനും കഴിയില്ല മധുരിച്ചിട്ടു തുപ്പാനും കഴിയില്ലാ എന്ന അവസ്ഥയില്‍ ആയല്ലോ.

ഇതിനിടയില്‍
കേസിന്റെ ചില പോയിന്റുകള്‍ ചൂണ്ടിക്കാണിച്ച് ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കി. പോയിന്റുകള്‍ ഉദ്ധരിച്ച് അവരുടെ കക്ഷികള്‍ സ്ഥലത്ത് വീരജേതാക്കളെ പോലെ അവരെ സ്വീകരിച്ച് ആനയിച്ചു. വൈകുന്നേരം കവലയില്‍ സ്വീകരണവും ഏര്‍പ്പെടുത്തി. “എതിര്‍ഭാഗ കശ്മലന്മാരുടെ കള്ളക്കേസില്‍ രാഷ്ട്രീയ പക പോക്കലിനു വിധേയനായി പീഡനം അനുഭവിച്ച നമ്മുടെ ബഹുമാനപ്പെട്ട പഞ്ചായത്ത് മെംബര്‍ക്ക് നാട്ടുകാരുടെ സ്വീകരണംഎന്ന് അലറി വിളിച്ച് മൈക്ക് പരസ്യവും നടത്തി. കൂടാതെ സജീലായെ മോശമായി ചിത്രീകരിച്ച് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.മൈക്ക് പരസ്യം സജീലായുടെ വീടിന്റെ മുമ്പിലൂടെ സജീലായെ മാനംകെടുത്തുന്ന വാക്കുകള്‍ കസറിക്കൊണ്ട് ചുറ്റി. അന്ന് ഭര്‍ത്താവ് തിരുവനന്തപുരത്ത് പോയിരുന്നു. സജീലായെ ആശ്വസിപ്പിക്കാന്‍ ലോകത്ത് ആരുമില്ലാതായി. മറ്റൊന്നും ചിന്തിക്കാന്‍ പാവത്തിനുഇല്ലായിരുന്നു. അവള്‍ ഒരു മുഴം കയറില്‍ കെട്ടി തൂങ്ങി.

ആത്മഹത്യയെ തുടര്‍ന്ന് മറ്റ് ചില അനുബന്ധ കേസുകള്‍ ഉണ്ടായി. അതിനെ പറ്റിയുള്ള വിവരണം ഇവിടെ പ്രസക്തമല്ലാത്തതിനാല്‍ അവയിലേക്കൊന്നും നമുക്ക്കടക്കേണ്ടതില്ല.

കാലം ഓടി പോയി. മൂന്നു വര്‍ഷത്തിനു ശേഷം സജീലായുടെ ഭര്‍ത്താവ് രോഗബാധിതനായി മരിച്ചു. സജീലായുടെ കുട്ടികളുടെ രക്ഷകര്‍തൃത്വം കോടതി മുഖേനെ ഭര്‍തൃ കുടുംബാംഗങ്ങളിലായി. സജീലായുടെപേരിലുണ്ടായിരുന്ന കുറച്ച് വസ്തുക്കളുടെ അവകാശ തര്‍ക്കമാണ് രക്ഷകര്‍തൃ പ്രശ്നംകോടതിയിലെത്തിച്ചത്. ഇവിടെയും വിശദാംശങ്ങളിലേക്ക് കടക്കാതെ ഞാന്‍ കൈകള്‍ പിന്‍വലിക്കുന്നു. ഞാന്‍ കുറിപ്പുകള്‍ ആരംഭിച്ചത് വ്യവഹാരങ്ങളെ പറ്റി പറയാനല്ലല്ലോ . ഒരു പാവംപെണ്‍കുട്ടിയുടെ മാനസികാവസ്ഥയെ പറ്റിയും അവളെ ചതിക്കുഴിയിലേക്കെത്തിച്ച സാഹചര്യങ്ങളെപറ്റി പറയാനും മാത്രമാണ്.

പഴയ ബലാത്സംഗ കേസ്സ് അതിലെ ഇര മരിച്ച് പോയതിനാല്‍ പല കടമ്പകള്‍ കടന്ന് വിചാരണക്കായി കോടതിയില്‍ ഇപ്പോഴാണ് എത്തി ചേര്‍ന്നത്. കേസ് നടത്തിപ്പില്‍ ഉണ്ടായ ഒരു പ്രശ്നത്തെ പറ്റി സംശയം ചോദിക്കാനാണ് ഇപ്പോള്‍ എന്റെ അരികില്‍ അവര്‍ എത്തിയത്. കൂട്ടത്തില്‍കേസ് രേഖകളും കൊണ്ട് വന്നു. കുട്ടികളും കൂടെ ഉണ്ട്. കേസ് കാര്യം വിശദമാക്കുമ്പോള്‍ കുട്ടികളുടെമാതാവിനെ സംബന്ധിച്ച് കേള്‍ക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് കുട്ടികള്‍ കേട്ടിരിക്കുന്നത് എന്നത്കക്ഷികള്‍ക്ക് ഒരു പ്രശ്നമായി അനുഭവപ്പെട്ടില്ല എന്ന് എനിക്ക് തോന്നി. ഞാന്‍ അത് അവരോട്സൂചിപ്പിച്ചപ്പോള്‍
കാലങ്ങളായി അവര്‍ ഇത് കേട്ട് കൊണ്ടിരിക്കുകയാണ് എന്ന സമാധാനം എനിക്ക്അത്ര തൃപ്തികരമായി തോന്നിയില്ല. കുട്ടികളുടെ തലച്ചോറില്‍ കയറിയിരുന്ന് കുടുംബാംഗങ്ങള്‍കാര്യങ്ങള്‍ ചിന്തിക്കുകയാണ് . അമ്മയെ പറ്റിയുള്ള വേദന അവര്‍ക്കല്ലേ അറിയൂ. കയറില്‍തൂങ്ങികിടന്ന രൂപം ജീവിതാന്ത്യം വരെ അവര്‍ക്ക് മറക്കാന്‍ കഴിയുമോ? എനിക്ക് അസ്വസ്ഥതതോന്നി.

അവര്‍ കൊണ്ട് വന്ന കേസ് രേഖകളിലൂടെ ഞാന്‍ കടന്ന് പോയപ്പോഴാണ് മരണത്തിനു മുമ്പ് പെണ്‍കുട്ടി അനുഭവിച്ച മാനസികവ്യഥകള്‍ പകര്‍ത്തിയ ഡയറിക്കുറിപ്പുകള്‍ കണ്ണില്‍ പെട്ടത്. അവള്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് ആലോചിക്കുന്നവര്‍ക്ക് മനസിലാകുന്ന വിധത്തില്‍ അതില്‍പല സൂചനകളും ഉണ്ടായിരുന്നു.ലോക പരിചയമില്ലാത്ത ഒരു പെണ്ണിനെ എങ്ങിനെ ചതിയില്‍പെടുത്താം എന്നതിന്റെ മകുടോദാഹരണമായിരുന്നു സജീലായുടെ അനുഭവങ്ങള്‍. തനിച്ച്
കഴിയുന്ന ഒരു സ്ത്രീ, പുരുഷന്‍ അടുത്ത ബന്ധു ആയാല്‍ പോലും അയാളുമായി തുറന്ന് ഇടപെടുന്നത് ചതിക്ക്കാരണമായേക്കാം. എല്ലാ സ്ത്രീകളും ബുദ്ധിമതികളും ചതി മനസിലാക്കുന്നവരുമായിരിക്കില്ലല്ലോ. സ്ത്രീ ഒരു ഉപഭോഗ വസ്തു എന്ന് മാത്രം കാണുന്ന പുരുഷനു അവളെ എങ്ങിനെ തരപ്പെടുത്താം എന്ന് തന്ത്രം മെനയുന്നതിനു ഒരു മടിയുമില്ല എന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു. ഇവിടെ രണ്ട് കുരുട്ട് ബുദ്ധികള്‍ ഒരുമിച്ച് ചേര്‍ന്നാണ് തന്ത്രങ്ങള്‍ മെനനഞ്ഞതെന്ന് തോന്നുന്നു.

ഞാന്‍ വായിച്ച ആ ഡയറിക്കുറിപ്പ്
ഭര്‍ത്താവിനെ സംബോധന ചെയ്തുകൊണ്ടുള്ളതായിരുന്നു. ഇക്കാ... എന്റെ പ്രിയപ്പെട്ട ഇക്കാ...എങ്ങിനെ ഇതൊക്കെ സംഭവിച്ചു എന്നെനിക്കറിയില്ലഇക്കാ...എന്റെ കുഞ്ഞുങ്ങളെ നോക്കിക്കൊള്ളണേ... ഇക്കാ വേറെ ഒരു കല്യാണം തീര്‍ച്ചയായുംകഴിക്കണം... ഇക്കായെ നോക്കാന്‍ ആരെങ്കിലും വേണമല്ലോ... എന്റെ കുട്ടികളെ ഉപേക്ഷിക്കില്ലഎന്നെനിക്ക് വിശ്വാസം ഉണ്ട് ഇക്കാ...ഇക്കായെ ഞാന്‍ എന്റെ ജീവനെപ്പോലെയാണല്ലോസ്നേഹിച്ചത്...എന്നിട്ടും ഇതെല്ലാം ഞാന്‍ കേള്‍ക്കേണ്ടി വന്നല്ലോ ...

ഡയറിക്കുറിപ്പുകള്‍ പകര്‍ത്താന്‍ എനിക്ക് കഴിയില്ല.അത്രയ്ക്കും വികാരസാന്ദ്രമായ വാക്കുകള്‍. എന്നെ തേടി വന്ന മനുഷ്യരും നിര്‍ഭാഗ്യവാന്മരായ കുട്ടികളും ഇവിടെ നിന്നു പോയിട്ടുമണിക്കൂറുകള്‍ കഴിഞ്ഞെങ്കിലും വാക്കുകള്‍ എന്നെ തേടി വരുന്നു. അതെഴുതിയവള്‍ മരിച്ച്മണ്ണടിഞ്ഞു. അവളുടെ വാക്കുകള്‍ ഇന്നും ജീവിക്കുന്നു. പാല്‍ നിലാവിലൂടെ മഞ്ഞലകളിലൂടെ പാതിരാത്രിയില്‍ വിദൂരതയില്‍ നിന്നും വാക്കുകള്‍ ഞാന്‍ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു..ഇക്കാഎന്റെ പ്രിയപ്പെട്ട ഇക്കാ....

No comments:

Post a Comment