Saturday, August 20, 2011

പ്രവാചകന്‍പറഞ്ഞു(പെരുമാറ്റങ്ങൾ)

അബൂഹുറൈറാ‍യില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നബി വചനമാണിത്. ഹദീസ് ഗ്രന്ഥമായ ബുഖാരിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ഒരാള്‍ നബി(അദ്ദേഹത്തിനുമേല്‍ സമാധാനം വര്‍ഷിക്കുമാറാകട്ടെ)യുടെ സമീപം വന്ന് ചോദിച്ചു:-

അല്ലാഹുവിന്റെ ദൂതരേ! എന്നില്‍ നിന്നും നല്ല പെരുമാറ്റം ലഭിക്കാന്‍ ജനങ്ങളില്‍ ഏറ്റവും അര്‍ഹന്‍ ആരാണ്?

നബി പറഞ്ഞു:- “നിന്റെ മാതാവ്.“

ആ മനുഷ്യന്‍ വീണ്ടും ചോദിച്ചു‌:- പിന്നെ ആരാണ്?

നബി പറഞ്ഞു:- “നിന്റെ മാതാവ്.“

അദ്ദേഹം പിന്നെയും ചോദിച്ചു:- പിന്നെ ആരാണ്?

നബി പറഞ്ഞു:- “നിന്റെ മാതാവ്.“

അദ്ദേഹം(നാലാമതും) ചോദിച്ചു:- പിന്നെ ആരാണ്?

നബി പറഞ്ഞു:- “പിന്നെ നിന്റെ പിതാവ്”

ഒരു മനുഷ്യന്‍ തന്റെ മാതാവിനു നല്‍കേണ്ട വില എത്രത്തോളം ഉയര്‍ന്നതാണെന്ന് ഈ നബി വചനം വെളിപ്പെടുത്തുന്നു.
*************************************************************************************
അബ്ദുല്ലാ ഇബിനു അമ്രില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത ഈ നബി വചനവും ബുഖാരിയില്‍ നിന്നും തന്നെ.

നബി(സ.അ) പറഞ്ഞു. ഒരാള്‍ തന്റെ മാതാപിതാക്കളെ ശപിക്കുന്നത് മഹാപാപങ്ങളില്‍ പെട്ടതാണ്. ഇത് കേട്ട ചിലര്‍ ചോദിച്ചു:-നബിയേ! അതെങ്ങിനെയാണ് ഒരാള്‍ തന്റെ മാതാപിതാക്കളെ ശപിക്കുന്നത്?

നബി വിശദീകരിച്ചു:- ഒരാള്‍ മറ്റൊരാളുടെ പിതാവിനെ ചീത്ത പറയും ഭാഷയില്‍ അപ്പോള്‍ അയാള്‍ അവന്റെ പിതാവിനെയും ചീത്ത പറയും.അത് പോലെ ആദ്യത്തെ ആള്‍ അപരന്റെ മാതാവിനെ ശകാരിക്കും.അപ്പോള്‍ അവന്‍ ആദ്യത്തെ ആളുടെ മാതാവിനെയും ശകാരിക്കും.

**************************************************************************************

ജുബൈറ് ഇബിനു മുത്വിമില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ നബി വചനവും ബുഖാരിയില്‍ നിന്നും ഉദ്ധരിക്കപ്പെട്ടതാണ്.

നബി(സ.അ.) പറയുന്നത് അദ്ദേഹം കേട്ടു.”കുടുംബ ബന്ധം മുറിക്കുന്നവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല”
************************************************************************************

ബുഖാരിയില്‍ ക്രോഡീകരിക്കപ്പെട്ടതും അബ്ദുല്ലാ ഇബിനു അമ്രില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുമായ ഈ നബി വചനം കുടുംബ ബന്ധത്തിന്റെ ആഴത്തെപറ്റിയുള്ള പ്രവാചകന്റെ വിലയിരുത്തല്‍ അവതരിപ്പിക്കുന്നു.പ്രവാചകന്‍ (സ.അ.)അരുളി:-

പകരത്തിനു പകരം ബന്ധം പുലര്‍ത്തുന്നവനല്ല കുടുംബ ബന്ധം പുലര്‍ത്തുന്നവന്‍ . മുറിഞ്ഞ് പോയ ബന്ധം പുന:സ്ഥാപിക്കുന്നവനാണ് യഥാര്‍ത്ഥ കുടുംബ ബന്ധം പുലര്‍ത്തുന്നവന്‍ .”
**************************************************************************************

അയല്‍ വാസിയോടും അതിഥിയോടുമുള്ള പെരുമാറ്റത്തെപ്പറ്റിയും സ്വയം സംസ്കരണത്തെപ്പറ്റിയും പ്രവാചകന്‍ (സ.അ.) പറയുന്നതെന്താണെന്ന് കാണുക. ഈ നബി വചനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അബൂഹുറൈറാ (റ.അ) തന്നെയാണ്; ബുഖാരിയില്‍ ക്രോഡീകരിക്കപ്പെട്ടത്.

പ്രവാചകന്‍ അരുളി:‌ ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശസിക്കുന്നു എങ്കില്‍ അവന്‍ തന്റെ അയല്‍ വാസിയെ ദ്രോഹിക്കാതിരിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നു എങ്കില്‍ അവന്‍ തന്റെ അതിഥിയെ ആദരിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നു എങ്കില്‍ അവന്‍ നല്ലത് പറയട്ടെ. അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ.

14 comments:

  1. മഹദ് വചനങ്ങള്‍...

    ReplyDelete
  2. മാഷാ അല്ലാഹ് :)

    ഹബീബ് മുഹമ്മദ് നബി(സ)യുടെ വാക്കുകൾ സത്യം.

    അല്ലാഹു അനുഗ്രഹിക്കട്ടെ

    ReplyDelete
  3. ദൈവാനുഗ്രഹം ഉണ്ടാകുമാറാകട്ടെ..

    ReplyDelete
  4. ഈ മഹത് വചനങ്ങളില്‍ നിഷ്കര്‍ഷിച്ചുട്ടുള്ള വയില്‍ അല്പമെങ്കിലും ജീവിതത്തില്‍ പകര്‍ത്തിയി രുന്നുവെങ്കില്‍ ... അങ്ങയുടെ നല്ല മനസിനും ഈ. നല്ല പോസ്റ്റിനും അഭിനന്ദനങള്‍

    ReplyDelete
  5. ഇതൊക്കെ അറിയുന്നത് നല്ലത് തന്നെ.

    ReplyDelete
  6. ആചാരങ്ങളെക്കാൾ നാം പിൻപറ്റേണ്ടത് മഹദ് വചനങ്ങനേയാണ്. കാരണം ആചാരങ്ങൾ എന്നു നാം പറയുന്നതിൽ പലതും അനാചാരങ്ങളും അവ അനുചിതങ്ങളും അനാവശ്യവും ആയേക്കാം. എന്നാൽ വചനങ്ങളെ സംബന്ധിച്ച് തിന്മയുടെ വചനങ്ങൾ ലോകത്തൊരു മഹാത്മാവും ഇന്നു വരെ അരുളി ചെയ്തിട്ടില്ല. തിന്മയുടെ വചനങ്ങൾ അരുളി ചെയ്ത ആരെയെങ്കിലും മഹാത്മാവെന്നു വിളിക്കുന്നുണ്ടെങ്കിൽ അവരെ നാം ശ്രദ്ധിച്ചു കൊള്ളണം. അതുപോലെ മഹദ് വചനങ്ങളുടെ പേർ പറഞ്ഞ് ആരെങ്കിലും അശാന്തരായും അക്രമാസക്തരായും കാണപ്പെടുന്നുവെങ്കിൽ അവരെയും നാം സൂക്ഷിച്ചുകൊള്ളുക. ആസ്തികർക്കും നാസ്തികർക്കും ഒരു പോലെ സ്വീകാര്യവും തള്ളിപ്പറയാനാകാത്തവയുമത്രേ മഹദ് വചനങ്ങൾ. മാതാപിതാക്കളെ ആദരിക്കണമെന്നു പറഞ്ഞാൽ ഹിന്ദുവിനോ മുസൽമാനോ ക്രിസ്ത്യാനിക്കോ യുക്തിവദിയ്ക്കോ അതിനെ അംഗീകരിക്കാതിരിക്കാനാവില്ലല്ലോ. അയൽക്കാരുടെ കാര്യവും അങ്ങനെ തന്നെ.

    ReplyDelete
  7. തന്നെ പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന ക്രിസ്തുവചനം ക്രിസ്ത്യാനികൾക്കു മാത്രമുള്ളതല്ല. വിയർപ്പുതുള്ളി ഉണങ്ങുന്നതിനു മുമ്പ് തൊഴിലാളിയ്ക്ക് കൂലി നൽകണമെന്ന് പറഞ്ഞ നബി വചനം മുസ്ലിങ്ങൾക്ക് മാത്രമുള്ളതല്ല;അത് എല്ലാവരുടെയും , കമ്മ്യൂണിസ്റ്റുകാരുടെയും തിരുവചനമാകുന്നു. എല്ലാവരും മഹദ് വചനങ്ങളെ പിൻ പറ്റി ജീവിക്കുന്ന പക്ഷം ഒരു ഭരണകൂടം തന്നെ വേണ്ടി വരില്ല! അതുകൊണ്ട് നാം മഹദ്വചനങ്ങളെ സ്വീകരിച്ച് നന്മകളെ സ്വാംശീകരിച്ച് ജീവിക്കുവാൻ ശ്രമിക്കുക! നന്മ മനസിനു ശാന്തിയും സമാധാനവും നൽകും. തിന്മകൽ മറിച്ചും!

    ReplyDelete
  8. മേൽ കമന്റുകൾ ഇപ്പോൾ വീണ്ടും ഇട്ടതാണ്
    ഞാൻ രണ്ട് തവണ ഇട്ടിട്ടും അത് അപ്രത്യക്ഷമായതായി കണ്ടു. സാർ ഡിലീറ്റ് ചെയ്തതാണോ? എങ്കിൽ പറയുക!

    ReplyDelete
  9. മേൽ കമന്റുകൾ ഇപ്പോൾ വീണ്ടും ഇട്ടതാണ്
    ഞാൻ രണ്ട് തവണ ഇട്ടിട്ടും അത് അപ്രത്യക്ഷമായതായി കണ്ടു. സാർ ഡിലീറ്റ് ചെയ്തതാണോ? എങ്കിൽ പറയുക!

    ReplyDelete
  10. അജിത്, ജിഷ്ണുചന്ദ്രന്‍ , ജാബിര്‍ മലബാരി, പൊന്മളക്കാരന്‍ , കലി(veejyOts), മനോരാജ്, സജിം തട്ടത്ത്മല, എന്റെ പ്രിയം നിറഞ്ഞവരേ! നിങ്ങളുടെ സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും ഏറെ നന്ദി.

    എന്റെ സജീമേ! ഈ ഡിലറ്റ് ചെയ്യുന്ന പണി ഒന്നും എനിക്കറിയില്ല.സജീം പറഞ്ഞത് എത്ര അര്‍ത്ഥവത്തായ വാചകങ്ങളാണ്. അതെന്തിനാണ് ഞാന്‍ ഡിലിറ്റ് ചെയ്യുന്നത്. സജീമിന്റെയോ എന്റെയോ കമ്പ്യൂട്ടര്‍ കുഴപ്പം ആയിരിക്കാം കാരണം.

    മാത്രമല്ല ഉപവാസത്താല്‍ മനസിലെ സംഘര്‍ഷങ്ങള്‍ കുറഞ്ഞു നില്‍ക്കുമ്പോള്‍ ഈ വക മഹദ്വചനങ്ങള്‍ തെരഞ്ഞെടുത്ത് അല്‍പ്പം ദിവസങ്ങളിലായി പോസ്റ്റ് ചെയ്യാന്‍ കരുതുകുയാണ്.മനുഷ്യജീവിതത്തില്‍ അവശ്യം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍; അത് പ്രവാചകന്‍ പറഞ്ഞു എന്ന തലക്കെട്ടില്‍ ഇനിയുള്ള ചില ദിവസങ്ങളില്‍ വന്ന് കൊണ്ടിരിക്കും.

    ReplyDelete
  11. ഈ നബിവചനങ്ങൾക്ക് നന്ദി.

    ReplyDelete
  12. ഷെരീഫ്‌ സര്‍,മഹത്തായ നബി വചനങ്ങള്‍ ഇനിയും പോസ്റ്റ്‌ ചെയ്യുക..അത് മനസ്സില്‍ കുളിര്‍മ്മ നിറയ്ക്കും...റംസാന്‍ ആശംസകള്‍..

    ReplyDelete
  13. പ്രിയപ്പെട്ട ശ്രീനാഥന്‍, പ്രിയ ഷാനവാസ് സാഹിബ്, നന്ദി, ഇവിടെ വന്നതിലും രണ്ട് വാക്ക് രേഖപ്പെടുത്തിയതിലും....

    ReplyDelete