താഴെ പറയുന്ന കാരണത്താലാണ് മീറ്റിനെ സംബന്ധിച്ച കുറിപ്പുകള്‍ക്ക് കാലതാമസം ഉണ്ടായത്.
മാതൃ തുല്യ ആയ എന്റെ പ്രിയപ്പെട്ട സഹോദരി ലത്തീഫാ ബീവി 63വയസ്സില്‍ കഴിഞ്ഞ ഏഴാം തീയതി ഞായറാഴ്ച ഞങ്ങളെ വിട്ട് പിരിഞ്ഞ് പോയി. ആകസ്മികമായ ആ വേര്‍പാട് വേദനാജനകമായിരുന്നു. മരണത്തിനു മുമ്പ് 5ദിവസം എറുണാകുളം ലൂര്‍ദ് ആശുപത്രിയില്‍ അവരുമായി കഴിച്ച് കൂട്ടിയെങ്കിലും അവര്‍ ഞങ്ങളെ വിട്ട് പോകുന്നതിനു “കാര്‍ഡിയാക് അറസ്റ്റ്“എന്ന ഭീകരന്‍ ഒരു കാരണമാകുമെന്ന് നിനച്ചതേയില്ല.. തുടര്‍ന്ന് മരണാനന്തര നടപടികള്‍ക്കും മറ്റുമായി ചില ദിവസങ്ങള്‍ ആലപ്പുഴയില്‍ കഴിച്ചു കൂട്ടിയതിന് ശേഷം ഇതാ ഇപ്പോള്‍ കൊട്ടാരക്കരയില്‍ തിരികെ എത്തിയതേ ഉള്ളൂ.
നമുക്ക് വിഷയത്തിലേക്ക് വരാം.
മനുഷ്യ മനസ്സുകളിലെ സ്നേഹശൂന്യത തന്നെ ആണ് ലോകത്തിലെ പല കുഴപ്പങ്ങള്‍ക്കും കാരണമെന്നും മനസ്സുകളില്‍ സ്നേഹം നിറഞ്ഞ് നില്‍ക്കുമ്പോള്‍ ആര്‍ക്കും ആരോടും പകയും വിദ്വേഷവും അനുഭവപ്പെടുകയില്ലാ എന്നും അതിനാല്‍ കിട്ടുന്ന നിമിഷങ്ങളില്‍ കൂടുതല്‍ കൂടുതല്‍ സൌഹൃദം മറ്റുള്ളവരുമായി പങ്കിടുക തന്നെ വേണമെന്നുള്ള അഭിപ്രായക്കാരനാണ് ഞാന്‍ . എന്റെ ഈ സിദ്ധാന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഞാന്‍ ശ്രമിക്കുന്നുമുണ്ട്. ബ്ലോഗ് മീറ്റുകളെ അതിനാലാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് .
വിവിധ സ്ഥലങ്ങളില്‍ നിന്നും ഒരിടത്ത് എത്തി ചേര്‍ന്ന കുറേ മനുഷ്യര്‍--അവര്‍ ഇതിനു മുമ്പ് പരസ്പരം നേരില്‍ കണ്ടിട്ടേ ഇല്ലാ-- ; ജാതിയും മതവും സമ്പത്തും പ്രായവും മറ്റ് വ്യത്യാസങ്ങളും കണക്കിലെടുക്കാതെ അല്‍പ്പം കുറേ മണിക്കൂറുകള്‍ ഒരുമിച്ച് കഴിച്ച് കൂട്ടുന്നു; സൌഹൃദം പങ്കിടുന്നു, ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നു, തമ്മില്‍ ആദ്യം കണുമ്പോള്‍ അതിയായ സന്തോഷത്തോടെ അഭിവാദ്യം ചെയ്യുകയും യാത്ര പറയുമ്പോള്‍ “പോയി വരട്ടെ, ഇനിയും കാണാം, എപ്പോഴെങ്കിലും” എന്ന് ഉരുവിട്ട് വേര്‍പാടിന്റെ നൊമ്പരം അനുഭവിച്ച് അവരവരുടെ കൂടുകളിലേക്ക് തിരികെ പറക്കുകയും ചെയ്യുന്നു. ഇപ്രകാരമുള്ള ഈ കൂട്ടം ചേരല്‍ ഒരു അനുഭൂതി തന്നെയെന്ന് മീറ്റുകളില്‍ പങ്കെടുത്തവര്‍ ഒരു മടിയും കൂടാതെ സമ്മതിക്കുന്നതില്‍ അല്‍ഭുതപ്പെടേണ്ടതില്ല.
ആ യാഥാര്‍ത്ഥ്യത്തില്‍ നിന്നുമാണ്, ആ ആനന്ദത്തില്‍ നിന്നുമാണ് മീറ്റില്‍ പങ്കെടുത്തവരുടെ പോസ്റ്റുകള്‍ തുരു തുരാ ഉടലെടുക്കുന്നത്.
തൊടുപുഴയില്‍ അന്‍പതില്‍ പരം ബ്ലോഗേഴ്സ് പങ്കെടുത്തു. സന്തോഷത്തിന്റെ, പരസ്പര സൌഹൃദത്തിന്റെ, കുറേ മണിക്കൂറുകള്‍ ഓടി പോയതറിഞ്ഞില്ല.
ആവര്‍ത്തന വിരസതയുടെയും തിരക്കിന്റെയും ദിവസങ്ങളില്‍ നിന്നും വിട്ടു മാറി ഒരു ദിവസം ചെലവഴിക്കാൻ സാധിക്കുമെന്നതിനാലാണ്, “വീണ്ടും വീണ്ടും ഉറങ്ങുക” എന്ന കര്‍ക്കിടക പേമാരിയുടെ പിറു പിറുക്കല്‍ അവഗണിച്ച് പുലര്‍ കാലം നാലു മണിക്ക് എഴുന്നേറ്റ് തൊടുപുഴയിലേക്ക് ഓടുവാന്‍ ഞാന്‍ നിര്‍ബന്ധിതനായത്.
മീറ്റ് വിവരണങ്ങള്‍ മറ്റ് പോസ്റ്റുകളില്‍ വന്നിട്ടുള്ളതിനാലും വീണ്ടും അത് ആവര്‍ത്തിക്കുന്നത് വിരസമാകുമെന്നതിനാലും അതിനു തുനിയുന്നില്ല. പക്ഷേ ഈ മീറ്റിന്റെ ആത്മാവും പരമാത്മാവുമായ ഹരീഷിന്റെ ഒരു ചെറിയ നൊമ്പരം ഇവിടെ കുറിക്കുന്നത് ഭാവി മീറ്റുകളിലേക്ക് ചൂണ്ട് പലകയായിരിക്കുമെന്ന് കരുതുന്നു.
ഈറ്റ് കഴിഞ്ഞപ്പോള്‍ ബാക്കി മീറ്റിനു നില്‍ക്കാതെ പലരും സ്ഥലം വിട്ടു. ഉച്ച കഴിഞ്ഞപ്പോള്‍ എന്നെപ്പോലെയുള്ള സ്ഥിരം കുറ്റികള്‍ ഒഴികെ ബാക്കി പലരും പോയി കഴിഞ്ഞിരുന്നു.പ്രതികൂല കാലാവസ്ഥയും തൊടുപുഴയില്‍ നിന്നുമുള്ള ദൂരവും അവരെ അതിന് പ്രേരിപ്പിച്ചിരുന്നിരിക്കാം. എങ്കിലും മീറ്റ് അവസാനിപ്പിക്കുന്ന സമയമായ മൂന്ന് മണിവരെ എല്ലാവരും ഉണ്ടാകുമെന്ന് ഹരീഷ് പ്രതീക്ഷിച്ചിരുന്നു.അത് കൊണ്ട് തന്നെ എല്ലാവരെയും പ്രലോഭിപ്പിക്കുവാനായി ആ സമയത്ത് നല്ല ചെണ്ട മുറിയന്‍ കപ്പയും കാന്താരി ചമ്മന്തിയും ഹരീഷ് വാഗ്ദാനവും ചെയ്തിരുന്നു. ആള്‍ക്കാര്‍ പലരും സ്ഥലം വിട്ടതോടെ ഹരീഷ് വാഗ്ദാനം വിഴുങ്ങി. പകരം ചായയും വടയും അവതരിപ്പിച്ചു. ഞങ്ങള്‍ സ്ഥിരം കുറ്റികള്‍ കപ്പക്കും കാന്താരിക്കുമായി ഹരീഷിനെ പിക്കറ്റ് ചെയ്യുമെന്ന് തമാശരൂപത്തില്‍ ഭീഷണിപ്പെടുത്തിയപ്പോഴാണ് ഹരീഷ് ഈറ്റ് കഴിഞ്ഞ ഉടനെ പലരും പോയതിന്റെയും തീര്‍ച്ചയായും ബ്ലോഗ് മീറ്റിൽ പങ്കെടുക്കുമെന്ന് ഉറപ്പ് നല്‍കിയ ചിലര്‍ വരാതിരുന്നതിന്റെയും വേദന പ്രകടിപ്പിച്ചത്. ഹരീഷിന്റെ സങ്കടം കണ്ടപ്പോള്‍ എനിക്ക് പ്രയാസം തോന്നി. ഒരു മീറ്റ് സംഘടിപ്പിക്കുന്നതിന്റെ പ്രയാസം ഇനിയും പലരും തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഈ മീറ്റ് സംഘടിപ്പിച്ചതില്‍ ഹരീഷിന്റെ ആത്മാര്‍ത്ഥതയെ ഞാന്‍ അഭിനന്ദിച്ചുകൊള്ളട്ടെ.
പിന്നീട് അവിടെ ഉണ്ടായിരുന്ന ഞങ്ങളില്‍ ചിലര്‍ ഒരു തീരുമാനമെടുത്തു.അടുത്ത ബ്ലോഗ് മീറ്റ് ഹൌസ് ബോട്ടില്‍ മതി. മീറ്റ് തീരുന്നതിനു മുമ്പ് ബോട്ട് കരക്ക് അടുക്കാതെ കായലില്‍ ചാടി തിരികെ പോകാന്‍ ആരും തുനിയില്ലല്ലോ.
തമാശക്കായി ഇത് പറഞ്ഞു എങ്കിലും ശ്രീമതി ലതികാ സുഭാഷിന്റെ(ലതി ചേച്ചി) കാറില്‍ ഞങ്ങള്‍ കോട്ടയത്തേക്ക് പൊയ്ക്കൊണ്ടിരുന്നപ്പോള്‍ ഈ വിഷയം കാര്യമായി ചര്‍ച്ച ചെയ്തു.അല്‍പ്പം ചിലവ് കൂടിയ ഇനമാണെങ്കിലും പുതുമയായ ഈ വിഷയം നിങ്ങള്‍ ആലോചിക്കുക കൂട്ടരേ! ഹൌസ് ബോട്ടില്‍ ഒരു ദിവസം ബ്ലോഗ് മീറ്റിനായി കഴിച്ചു കൂട്ടാം.നമുക്ക് ഈ വിഷയം ചർച്ച ചെയ്യാം.
ഈ കുറിപ്പുകള്‍ അവസാനിപ്പിക്കുന്നതിനു മുമ്പ് ഒരു നിര്‍ദ്ദേശം കൂടി സമര്‍പ്പിക്കട്ടെ. ബ്ലോഗ് മീറ്റുകളില്‍ പരിചയപ്പെടുത്തലും ഭക്ഷണവും കൂടാതെ ഒരു മണിക്കൂര്‍ പ്രയോജനപ്രദമായ ചര്‍ച്ചകള്‍ക്കോ മറ്റ് ക്ലാസ്സുകള്‍ക്കോ സമയം കണ്ടെത്തണം.അത് മീറ്റുകളെ പ്രയോജനകരമാക്കുകയും ഉച്ച കഴിഞ്ഞുള്ള കൂട്ടത്തോടെയുള്ള ഒഴിച്ച് പോക്കിനെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും. കണ്ണൂര്‍ ബ്ലോഗ് മീറ്റ് ഇപ്രകാരമാണ് സംവിധാനം ചെയ്തിരിക്കുന്നത് എന്ന് അറിയുന്നതില്‍ സന്തോഷമുണ്ട്.
സഹ്യന്റെ മടിയിലെ നഗരമായ തൊടുപുഴയില്‍ വെച്ച് നടന്ന ഈ ബ്ലോഗ് മീറ്റ് സന്തോഷപ്രദമായിരുന്നു.ഓരോരുത്തരുടെയും പേരു എടുത്ത് പറയുവാന്‍ തുനിയുന്നില്ലാ എങ്കിലും വ്യക്തിപരമായി എനിക്ക് പലരേയും പുതുതായി പരിചയപ്പെടാന്‍ സാധിച്ചു എന്നത് ഒരു നേട്ടമായി കണക്കാക്കുന്നു. അതേ പോലെ എന്റെ പ്രിയപ്പെട്ട പഴയ കൂട്ടുകാരെ ഒന്നുകൂടി കാണാന്‍ സാധിച്ചു എന്ന സന്തോഷവും. അത് തന്നെയാണല്ലോ ബ്ലോഗ് മീറ്റ്കളിലെ പ്രയോജനവും.
തൊടുപുഴ ബ്ലോഗ് മീറ്റ് സംഘടിപ്പിച്ച ഹരീഷിനും കൂട്ടര്‍ക്കും ഏറെ നന്ദി; അവതാര വേഷമെടുത്ത എന്റെ പ്രിയം നിറഞ്ഞ വാഴക്കോടന്‍ മജിക്കും, മറ്റെല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.
ഈ മീറ്റ് സംഘടിപ്പിച്ചതില്‍ ഹരീഷിന്റെ ആത്മാര്‍ത്ഥതയെ ഞാന്‍ അഭിനന്ദിച്ചുകൊള്ളട്ടെ.
ReplyDeleteങ്ഹാ ,.. ഇവിടെയും ഉണ്ടിട്ട് മണ്ടുന്ന മന്യമാര്‍ ഉണ്ടല്ലേ.. ഞാന്‍ വിചാരിച്ചു സാധാരണ പാര്‍ട്ടി പരിപാടിക്കും , എംപ്ലോയീസ് യൂണിയന്‍ പരിപാടികള്‍ക്കും മാത്രം ഈ പരിപാടികള്‍ ഉള്ളതു എന്ന്... ഹൌസ് ബോട്ട് ആയാലും ചില തുരപ്പന്‍ മാര്‍ ചാടും മാഷെ....ആശംസകള്‍
ReplyDeleteഹൗസ് ബോട്ട്... ആലോചിക്കാവുന്നതാണല്ലോ ഇക്കാ...!
ReplyDeleteസത്യം ഇക്കാ..അവസാനം കുറച്ചു പേര്‍ മാത്രം ..ഞാനും തൊടുപുഴ മീറ്റ് വിശേഷങ്ങളില്‍ ഇക്കാര്യം ചൂണ്ടി കാണിച്ചിട്ടുണ്ടായിരുന്നു. ..നല്ല ആശയം തന്നെ ഇക്കാ.
ReplyDeleteസത്യം ഇക്കാ..അവസാനം കുറച്ചു പേര്‍ മാത്രം ..ഞാനും തൊടുപുഴ മീറ്റ് വിശേഷങ്ങളില്‍ ഇക്കാര്യം ചൂണ്ടി കാണിച്ചിട്ടുണ്ടായിരുന്നു. ..നല്ല ആശയം തന്നെ .
ReplyDeleteമീറ്റില്‍ അല്‍പ്പസമയം ഗൌരവമുള്ള എന്തെങ്കിലും ചര്ച്ചയ്ക്ക് അഭിപ്രായത്തോടു യോജിക്കുന്നു. ബോട്ടിലെ മീറ്റ് പരീക്ഷി..ക്കാവുന്നതാണ്, ഒരു രസത്തിനു വേണ്ടി. പിന്നെ സഹോദരിയുടെ മരണം... ദു:ഖത്തില്‍ ആത്മാര്ഥമായി പങ്കു ചേരുന്നു.
ReplyDeleteസഹോദരിയുടെ വേര്‍പാടിന്റെ ദുഃഖത്തില്‍ നിന്ന് ഉടവര്‍ക്കും ഉടയവര്‍ക്കും സ്വന്തബന്ധുക്കള്‍ക്കെല്ലാവര്‍ക്കും ദൈവം ആശ്വാസം തരട്ടെ.
ReplyDelete(അപ്പോള്‍ കണ്ണൂരിലും സാന്നിധ്ധ്യം പ്രതീക്ഷിക്കാം. അല്ലേ)
സഹോദരിയുടെ വേർപാടിൽ താങ്കൾ ക്കുള്ള വേദന
ReplyDeleteമനസ്സിലാക്കുന്നു.താങ്കളുടെ ദു:ഖത്തിൽ ആത്മാർത്ഥമായി പങ്കുചേരുന്നു.
സസ്നേഹം....
അതുശരി.. ഇനി മീറ്റ് വെള്ളത്തിലാ അല്ലേ...?
ReplyDeleteഅപ്പൊ, താമരപ്പൂവുകൾ ആകാനാണല്ലേ തീരുമാനം. ആയിക്കോട്ടെ..അതേന്നേയ് അങ്ങനെ തന്നെ.
ReplyDeleteഷെരീഫ് സര്‍,ആദ്യമായി സഹോദരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു...ഹൗസ് ബോട്ട് മീറ്റിന്റെ ഐഡിയ കൊള്ളാം..പക്ഷെ,കൂടുതല്‍ ലൈഫ് ബോയിയും നീന്തല്‍ വിദഗ്ദരും വേണം..നേരത്തെ പോകേണ്ടവര്‍ വെള്ളത്തില്‍ ചാടിയാലോ???
ReplyDeleteപ്രിയ നൌഷാദ്, താങ്കളുടെ സന്ദര്‍ശനത്തിനു നന്ദി.
ReplyDeleteപ്രിയ കലി, എവിടെയും ഒരു ചെറിയ ശതമാനം അങ്ങിനെ കാണും. അഭിപ്രായത്തിനു നന്ദി.
പ്രിയ ആളവന്താന്‍, കൂട്ടായി ആലോചിക്കേണ്ട വിഷയമാണിത്
പ്രിയ ഒടിയന്‍ പോസ്റ്റ് ഞാന്‍ കണ്ടു.ആശംസകള്‍.
പ്രിയ അജിത്, താങ്കളുടെ പ്രാര്‍ത്ഥന സഫലമാകട്ടെ.ദൈവം അനുവദിച്ചാല്‍ ഞാന്‍ കണ്ണൂരില്‍ വരും.
പ്രിയം നിറഞ്ഞ ഖാദര്‍ സര്‍, താങ്കളുടെ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.എല്ലാവര്‍ക്കും സമാധാനം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.
നന്ദി പ്രിയ അശോകന്‍.
പ്രിയ യൂസുഫ്പാ, അങ്ങിനെയും ഒരു പുതുമ ഉണ്ടാകട്ടെ.
പ്രിയ പൊന്മളക്കാരന്‍ വെള്ളം എന്ന് വെച്ചാല്‍ കായലിലെ വെള്ളം. മറ്റു വെള്ളമൊന്നും ഇല്ല.
പ്രിയ ഷാനവാസ് സാഹിബ്, സഹോദരിയുടെ വേര്‍പാടിന്റെ ദുഖത്തില്‍ പങ്കു ചേര്‍ന്നതില്‍ നന്ദി. അവരുടെ മഗ്ഫിറത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുക.ആലപ്പുഴ വട്ടപ്പള്ളി(സക്കര്യാബസ്സര്‍)യില്‍ ആയിരുന്നു അവര്‍ താമസിച്ചിരുന്നത്.
ലൈഫ്ബെല്‍റ്റിന്റെ കാര്യം. നേരത്തെ ചാടുന്നവരെ കരുതി ആ വക സാധനങ്ങള്‍ ഉണ്ടെന്നും പരസ്യം ചെയ്തേക്കാം.
നോമ്പിന്റെ തലേന്നായതിനാലാണം മിക്കവരും നേരത്തേ പോയത്. എന്റെ കൂട്ടുകാരിക്കും ഇതുകാരണം പോരാൻ കഴിഞ്ഞില്ല. അതുകാരണം എന്റെ ആദ്യമീറ്റും മുടങ്ങി. എല്ലാർക്കും റംസാൻ ആശംസകൾ.
ReplyDeleteസഹോദരിയുടെ വേർപാടിന്റെ ദു:ഖത്തിൽ പങ്കു ചേരുന്നു. മീറ്റുകളിലൂടെ സൈബർസൌഹൃദങ്ങൾ ദൃഡമാകുന്നുണ്ട്!
ReplyDeleteനല്ല ആശയം !
ReplyDeleteപ്രിയപ്പെട്ട ലീനാസ്, അതേ! അതും ഒരു കാരണം തന്നെ ആയിരുനു എന്ന് സമ്മതിക്കുന്നു.
ReplyDeleteശ്രീനാഥന്‍ , നന്ദി പ്രിയ സുഹൃത്തേ!
പ്രിയ നൌഷു, ആശയം നല്ലത് തന്നെ , പക്ഷേ അത് പ്രയോഗത്തില്‍ വരുത്താനായി ചര്‍ച്ചകള്‍ ധാരാളം ആവശ്യം ഉണ്ട്.
സഹോദരിയുടെ വേര്‍പാട് ദു:ഖത്തില്‍ പങ്കുചേരുന്നു. വേര്‍പ്പെട്ടുകഴിയുമ്പോഴാണല്ലോ നമ്മള്‍ അവരെ ഒരു പക്ഷെ തിരിച്ചറിയുന്നത്.
ReplyDeleteഇക്കാ ഹൌസ് ബോട്ട് മീറ്റ്.. നമ്മള്‍ ഒരിക്കല്‍ എറണാകുളത്ത് നടത്തിയത് അത്തരത്തില്‍ ഒന്നുതന്നെയല്ലേ. ആ ഒരു മീറ്റിന്റെ സുഖം ഇന്നും മനസ്സിലുണ്ട്.
പ്രിയം നിറഞ്ഞ മനോരാജ്, എന്റെ ദു:ഖത്തില്‍ പങ്ക് ചേര്‍നതിലും എന്നെ ആശ്വസിപ്പിച്ചതിലും നന്ദി.
ReplyDeleteഎറുണാകുളത്ത് നടന്ന കായലിലെ മീറ്റ് ഒരു സാമ്പില്‍ മാത്രം. ഹൌസ് ബോട്ടില്‍ രാവിലെ കയറിയാല്‍ വൈകുന്നേരം വരെ ഭക്ഷണം ഉള്‍പ്പടെ അതിന് ഉള്ളില്‍ തന്നെയാണ്. ഇതൊരു സ്വപ്നം മാത്രമാണിപ്പോല്‍. അത് യാഥാര്‍ത്ഥ്യമാകുമോ എന്തോ....