Friday, January 22, 2010

റിപ വാന്‍ വിങ്കില്‍

ഞാൻ റിപ്‌ വാൻ വിങ്കിൾ.
ഭാര്യയോടു പിണങ്ങി പണ്ടു ഞാൻ മലകയറിയതും പിശാചുക്കൾ തന്ന മദ്യം കഴിച്ചു നീണ്ട വർഷങ്ങൾ ഞാൻ ഉറങ്ങിയതും എല്ലാം നിങ്ങൾ ക്ലാസ്സ്‌ മുറികളിൽ പഠിച്ച ചരിത്രം.
നീണ്ട ഉറക്കം കഴിഞ്ഞു എഴുന്നേറ്റു നാട്ടിൽ ചെന്നപ്പോൾ ഞാൻ അപരിചിതനായി തീർന്നതും മറ്റുമായ കഥകളും നിങ്ങൾ അറിഞ്ഞിരിക്കുന്നു.
പിന്നീടു ഞാൻ കേരളത്തിലേക്കു താമസം മാറ്റി.കുടുംബാംഗങ്ങളുമായി ഇവിടെ ജീവിത തുടരവേ വീണ്ടും മലകയറിയപ്പോൾ പഴയ പിശാചുക്കൾ ഇവിടെയുമെത്തി എനിക്കു മദ്യം തരുകയും ഞാൻ രണ്ടാമതും നീണ്ട ഉറക്കത്തിൽ പെടുകയും ചെയ്തു.
ഞാൻ രണ്ടാമത്തെ ഉറക്കം ഉണർന്നു മലയാളി സമൂഹത്തിൽ എത്തിയ ഈ നേരം ഇവിടെ ഉണ്ടായ മാറ്റം കണ്ടു അന്തം വിട്ടു നിൽക്കുകയാണു.
പണ്ടു കേരളത്തിൽ ഞാൻ താമസിച്ചിരുന്ന സ്ഥലത്തു ഒരു ഭ്രാന്തൻ ഉണ്ടായിരുന്നു.
ലത്തീഫിക്കാ.
അയാൾ സ്വയം വർത്തമാനം പറയും...ചിരിക്കും ...ദേഷ്യപ്പെടും...ഇടക്കു വിദൂരതയിലേക്കു നോക്കി ആരോ മറുപടി പറയുന്നതു കേൾക്കാനെന്ന വണ്ണം ശ്രദ്ധിച്ചു നിൽക്കും...പലപ്പോഴും നടന്നുകൊണ്ടാണു ഇങ്ങിനെ സ്വയം വർത്തമാനം പറയുക.
ഉറക്കം കഴിഞ്ഞു തിരിച്ചെത്തിയ ഞാൻ ഇപ്പോൾ ഈ നാട്ടിൽ കാണൂന്ന ഭൂരിപക്ഷം മനുഷ്യരും വാഹനത്തിൽ സഞ്ചരികുന്നവരുൾപ്പടെ ഇപ്രകാരം സ്വയം വർത്തമാനം പറയുന്നതാണു കാണുന്നതു.പെൺകുട്ടികളാണു സ്വയം ചിരിക്കുന്നവരിലധികവും.
ഒരു കുന്ത്രാണ്ടം ചെവിയിൽ ചേർത്തു വെച്ചിട്ടുമുണ്ടു.
ഒരു ട്രെയിനിന്റെ എയർ കണ്ടീഷന്റു കോച്ചിൽ കോച്ചിൽ കയറിയ ഞാൻ ഇപ്രകാരം സ്വയം സം സാരിക്കുന്ന ഭ്രാന്തന്മാരെയും ഭ്രാന്തികളെയും മാത്രമാണു കണ്ടതു; അടുത്തിരിക്കുന്നവരോടു ഒരു വാക്കു കുശലം പോലും പറയാത്ത ഭ്രാന്തന്മാരെ.
ഞാൻ താമസിച്ചിരുന്ന കെട്ടിടത്തിനുണ്ടായ മാറ്റം എനിക്കു മനസ്സിലാക്കാം, വർഷങ്ങൾ ഏറെ കഴിഞ്ഞുവല്ലോ!
ഞാൻ അവരുടെ അപ്പനാണെന്നു പരിചയപ്പെടുത്തിയപ്പോൾ എന്റെ മക്കൾ എന്നെ തിരിച്ചറിഞ്ഞു എന്നുള്ളതും സത്യം. (അപ്പനു ഇതു പണ്ടു മുതൽക്കേ ഉള്ള സൂക്കേടാണല്ലോ ഈ ഉറക്കവും ഉണർച്ചയും )
പക്ഷേ അവർ ഒരു ചെറു പെട്ടിയിൽ കണ്ടു കൊണ്ടിരുന്ന സിനിമാ കാഴ്ച്ചക്കിടയിൽ അപ്പനെന്നും അപ്പൂപ്പനെന്നും പറഞ്ഞു ഞാൻ കയറി ചെന്നപ്പോൾ അവരുടെ മുഖത്തു കണ്ട അസഹ്യത എന്നെ അതിശയിപ്പിക്കുന്നു.
"സീരിയൽ തുടങ്ങാറായി ...അപ്പനു ഉറക്കം ഉണരാൻ കണ്ട നേരം...".എന്റെ കൊച്ചുമോൾ പതുക്കെ പറഞ്ഞ വാക്കുകളിൽ അസഹിഷ്ണത നിഴൽ വീഴ്ത്തിയിരുന്നോ?!
ഇങ്ങിനെ അല്ലായിരുന്നല്ലോ അവൾ!!!
വീണ്ടും എന്റെ അതിശയം തുടരുകയാണു. എന്റെ കുടുംബാംഗങ്ങൾ ടെലിവിഷൻ എന്ന ഈ സൂത്രം കാണുമ്പോൾ പരസ്പരം സം സാരിക്കുന്നില്ല.കൊച്ചു കുട്ടികൾ വരെ കലപിലാ സം സാരിക്കാതെ മൂലയിൽ മാറി ഇരുന്നു മിഴിച്ചു നോക്കുകയാണു.കറുപ്പു കഴിച്ചവരെ പോലെ ആ പെട്ടിയിലേക്കു നോക്കി കണ്ണു മിഴിച്ചു ഒറ്റ ഇരിപ്പു!
പരസ്പരം സം സാരിച്ചും കളി തമാശകൾ പറഞ്ഞും തലപ്പന്തു കളിച്ചും ആൽത്തറയിൽ എട്ടു കാശും പുലിയും വിളയാടിയുമിരുന്ന ആ നല്ല കൂട്ടർ എവിടെ പോയി?!
പകരം വീഥിയിലൂടെ സ്വയം സം സാരിച്ചു നീങ്ങുന്ന ഭ്രാന്തൻ ലത്തീഫിക്കാമാരെയാണു ഞാൻ കാണുന്നതു.
എനിക്കു മടുത്തു.....വീണ്ടും മലകയറി പഴയ പിശാചുക്കളെ കാണാൻ പോയാലെന്തെന്നു ചിന്തിക്കുകയാണു ഞാൻ.

4 comments:

  1. ഒരു രക്ഷയുമില്ല. ഇത്രയുമല്ലേ കണ്ടുള്ളൂ, ഇനിയുമെന്തൊക്കെ കാണാന്‍ കിടക്കുന്നു!

    ReplyDelete
  2. റെളിവിഷം, വിഡ്ഢിപ്പെട്ടി എന്നൊക്കെ വിളിക്കുന്നത്‌ വെറുതെ ആണോ?

    സമയം ഉണ്ടെങ്കില്‍ ഇതും ഒന്ന് വായിക്കാം
    http://www.shaisma.co.cc/2009/06/blog-post_2125.html

    ReplyDelete
  3. കാഴ്ചകള്‍ വരുന്നതേ ഉള്ളു. ഇതുകൊണ്ടൊന്നും ഒന്നും ആയിട്ടില്ല. ഓരോ ദിവസവും പുതുതായി എന്തൊക്കെയാണ് വന്നുകൊണ്ടിരിക്കുന്നത്.....!!

    ReplyDelete
  4. ടൈപ്പിസ്റ്റ്‌/എഴുത്തുകാരി, തണൽ, pattepadamramji,
    റിപ്‌ വാൻ വിങ്കിളിനെ സന്ദർശിച്ചതിനു നന്ദി.

    ReplyDelete