നട്ടുച്ച നേരം. തിളച്ച് മറിയുന്ന ടാറിട്ട റോഡ്.. അത്യാവശ്യമായി നഗരത്തിലേക്ക് പോകേണ്ടിയിരുന്നതിനാൽ ഒരു കുടയും ചൂടി ഞാൻ റോഡിലെത്തിയപ്പോഴാണ് എനിക്ക് പരിചയമുള്ള ആ സ്ത്രീയെ കണ്ടത്. അവർ ഒരു വിധവയാണ്. റോഡ് കയറ്റം തുടങ്ങുന്ന സ്ഥലത്ത് തിളച്ച ചൂടിൽ അവശയായി, കയറ്റം എങ്ങിനെ താണ്ടുമെന്ന ആശങ്കയാൽ റോഡരികിൽ നിൽക്കുന്ന ശീമക്കൊന്ന മരത്തിന്റെ തണലിൽ വിയർത്തൊലിച്ച് നിൽക്കുകയായിരുന്നു അവർ.
“ഈ നട്ടുച്ച നേരത്ത് എവിടെ പോയിട്ട് വരുന്നു? “ ഞാൻ കുശലം അന്വേഷിച്ചു.
വിളറിയ പുഞ്ചിരിയോടെ അവർ പറഞ്ഞു “ഒരു മാസത്തെ പെൻഷൻ കൊടുക്കുന്നു എന്ന് പത്രത്തിൽ കണ്ടു...അത് വാങ്ങാനായി ബാങ്കിൽ പോയതാ.... അവിടെ ചെന്നപ്പോൾ ആ വാർത്ത പത്രമാഫീസ് വരയേ എത്തിയുള്ളൂ ബാങ്കിൽ വന്നില്ല എന്നും അതിന് ഇനിയും ദിവസങ്ങൾ എടുക്കുമെന്നും ബാങ്ക്കാർ പറഞ്ഞു, ഇനി തിരിച്ച് പോവുകയാ സാറേ.....ഒരു മാസമെങ്കിൽ ഒരു മാസം...അതെങ്കിലുമാകട്ടെ എന്ന് കരുതി വെയില് കണക്കാക്കാതെ ഇറങ്ങിയതാ...ഇനി ഇപ്പോ....“ അവരുടെ മുഖത്ത് വലിയ നിരാശ കണ്ടു.
ആ സ്ത്രീ തണലിൽ നിന്നുമിറങ്ങി ഏറ്റം കയറാൻ ആരംഭിച്ചു.
ഒന്നും പറയാനാകാതെ ഞാൻ അവരുടെ പോക്ക് നോക്കി നിന്നു.
സർക്കാർ പെൻഷൻ പ്രതീക്ഷിച്ച് ദിവസങ്ങൾ കഴിച്ച് കൂട്ടുന്ന എത്രയോ ജന്മങ്ങൾ ഈ നാട്ടിലുണ്ട്. അവരിലൊരാളാണ് ഈ സ്ത്രീയും. അത് കൊണ്ടാണ് പത്ര വാർത്ത അറിഞ്ഞ ഉടൻ അവർ ഈ എരിപൊരി വെയിലത്ത് പൈസായുടെ ബുദ്ധിമുട്ടിനാൽ ഇറങ്ങി തിരിച്ചത്. ബാങ്കിൽ പെൻഷൻ വന്നില്ല എന്നറിഞ്ഞപ്പോൾ അവരുടെ ഉള്ളിലുണ്ടായ നിരാശ എത്രമാത്രമായിരിക്കുമെന്നാലോചിച്ച് നോക്കൂ.
ആരാണ് ഈ കാര്യത്തിൽ കുറ്റക്കാർ.
ഇങ്ങിനെ കുറേ പാവപ്പെട്ട ജന്മങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ് നമ്മുടെ സമൂഹമെന്നും അതിനാൽ വാർത്തകൾ ശരിയും വിശദവും കൃത്യവുമായിരിക്കണമെന്നും ഇനിയും തിരിച്ചറിയാത്ത ബന്ധപ്പെട്ട അധികാരികൾ മാത്രമാണ് ഈ വിഷയത്തിൽ കുറ്റക്കാർ.
No comments:
Post a Comment