സൈഫു ഇന്ന് 40 വയസ്സിലേക്ക്.
30--3--1983 അത് ഇന്നലെയായിരുന്നോ?! അന്നായിരുന്നല്ലോ
വെളുത്ത് ചുവന്ന നിറത്തിലുള്ള ഒരു കുഞ്ഞിനെ എന്റെ കയ്യിൽ തന്നത്.
40 വയസ്സ് പക്വതയുടെ വയസ്സാണ്. പക്ഷേ നാൽപ്പതിനു മുമ്പ് തന്നെ അവന് പക്വത വരത്തക്ക വിധത്തിലായിരുന്നു അവൻ കടന്ന് വന്ന ജീവിതാവസ്ഥകൾ.
40 വയസ്സ് പക്വതയുടെ വയസ്സാണ്. പക്ഷേ നാൽപ്പതിനു മുമ്പ് തന്നെ അവന് പക്വത വരത്തക്ക വിധത്തിലായിരുന്നു അവൻ കടന്ന് വന്ന ജീവിതാവസ്ഥകൾ.
ആ കുഞ്ഞ് 14 വയസ്സിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൈനഞിറ്റീസ് ബാധിച്ച് 56 ദിവസം ജീവിത വരയുടെ അപ്പുറവും ഇപ്പുറവുമായി കിടന്നപ്പോൾ അവന്റെ നിറവും പ്രസാദവുമെല്ലാം മങ്ങിപ്പോയി. 1997 ഓണക്കാലത്ത് അവന്റെ ഇളയമ്മയുടെ വീട്ടിൽ പോയപ്പോൾ അവിടെ ഉള്ള ഒരു തോട്ടിൽ മുങ്ങിക്കുളിച്ചു ചെവിയിൽ വെള്ളം കയറി എന്നതായിരുന്നു മൈനഞിറ്റീസിന് കാരണമെന്ന് ഡോക്ടറന്മാർ പിന്നീട് പറഞ്ഞു. തലച്ചോറിലെ ആവരണത്തിന് പഴുപ്പ് ബാധിക്കാൻ തക്കവിധം മൈനഞിറ്റിസ് രോഗം തിരിച്ചറിയാതെ താമസിച്ച് പോയി
മെഡിക്കൽ കോളേജിലെ ആ കിടപ്പ് ആണ് എന്നെ കൊണ്ട് “ഒരു മെഡിക്കൽ കോളേജ് ഡയറിക്കുറിപ്പ് എന്ന പുസ്തകം പിന്നീട് എഴുതിപ്പിച്ചത് അതിന്റെ ആദ്യ ഭാഗം ഇങ്ങിനെ ആരംഭിച്ചു++++++
27-10-1997 തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒന്നാം വാർഡിലെ ഒന്നാംനമ്പർ ബെഡ്ഡിൽ ഇരുന്നു ഞാൻ ഈ കുറിപ്പുകൾ എഴുതുന്നു. സമയം രാത്രി 11 മണി കഴിഞ്ഞിരിക്കുന്നു.മെനൈഞ്ചൈറ്റിസ് രോഗിയായ എന്റെ മകൻ സൈഫു അരികിൽ മയങ്ങുകയാണു.
ഇന്നു തിങ്കളാഴ്ച്ച ഒന്നാം വാർഡിലെ ഓ.പി ദിവസമായതിനാൽ കട്ടിലുകൾ ഒന്നും ഒഴിവില്ല. രണ്ടു കട്ടിലുകൾക്കിടയിൽ തറയിലും രോഗികളുണ്ടു.എന്റെ മകന്റെ കട്ടിലിനു സമീപം തറയിൽ ഒരു ശവശരീരം കിടക്കുന്നു.ഒരു മണിക്കൂർ മുമ്പു മരിച്ച അയാളെ എപ്പോൾ അവിടെ നിന്നും എടുത്തു മാറ്റുമെന്നു അറിയില്ല. മകന്റെ കട്ടിലും മൃതദേഹവും വേർ തിരിക്കാൻ പേരിനു ഒരുസ്ക്രീൻ മാത്രം.സ്ക്രീനിന്റെ അടിവശത്തുകൂടി മൃതദേഹത്തിന്റെ വിറങ്ങലിച്ച കാലുകൾ പുറത്തേക്കു നീണ്ടിരിക്കുന്നു.മരിച്ച ആളുടെ മകൾ ഭിത്തിയിൽ ചാരി ഇരുന്നു തേങ്ങുകയാണു. കുറച്ചു മുമ്പു അവർ അലമുറയിടുകയും പിതാവു കഴിഞ്ഞ കാലങ്ങളിൽ തന്നോടു കാണിച്ചിരുന്ന വാൽസല്യം എണ്ണീ എണ്ണീ പറയുകയും ഇനി അപ്രകരം തന്നോടു ദയ കാണിക്കാൻ ഈ ലോകത്തു ആരുണ്ടു എന്നു പരിതപിക്കുകയും ചെയ്തിരുനു.ബന്ധുക്കൾ അടുത്തു വരുമ്പോൾ ഈ പരിദേവനം ഒരു വിലാപഗാനത്തിന്റെ രൂപം പ്രാപിച്ചു.വാർഡിലെ എല്ലാ രോഗികളുടെയും ശ്രദ്ധ മരിച്ച ആളിലും കരയുന്ന മകളിലും തങ്ങി നിന്നു. മരണം എപ്പോഴും ഭയം ഉളവാക്കുന്നതിനാൽ പല മുഖങ്ങളിലും സംഭ്രമം തെളീഞ്ഞു നിന്നിരുന്നു.ഏതോ നടപടിക്രമങ്ങളുടെ പേരിൽ ശവശരീരം ഇപ്രകാരം രോഗികളുടെ സമീപം കിടത്തിയിരിക്കുന്നതിൽ എല്ലാവർക്കും അമർഷം ഉണ്ടെന്നു വ്യക്തം.
ഒരു മണിക്കൂറിനു മുമ്പു ഭാര്യയും ഞാനും അൽപ്പം ദൂരെയുള്ള മൂത്രപ്പുരയിൽ പ്രാഥമിക ആവശ്യം നിർവ്വഹിക്കാൻ പകുതി ദൂരം താണ്ടിക്കഴിഞ്ഞപ്പോഴാണു മകന്റെ കട്ടിലിന്റെ ഭാഗത്തു നിന്നും അലമുറ കേട്ടതു.മകനു എന്തോ സംഭവിച്ചെന്ന ഭയത്തോടെ പാഞ്ഞെത്തിയ ഞങ്ങൾ തറയിലേക്കു നോക്കുന്നതിനു തല ഉയർത്താൻ കഠിന യത്നം നടത്തുന്ന മകനെയാണു കണ്ടതു. തറയിൽ അൽപ്പം മുമ്പു അഡ്മിറ്റ് ചെയ്യപ്പെട്ട രോഗിയുടെ ചലനമറ്റ ശരീരം കിടന്നിരുന്നു. ആ ശവശരീരത്തിൽ തലതല്ലിക്കരയുന്ന സ്ത്രീയുടെനിലവിളിയാണു ഞങ്ങൾ കേട്ടതു.മകന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു നിന്നിരുന്നു.++++++++++++++(ആ പുസ്തകം നല്ലവണ്ണം വിറ്റഴിക്കപ്പെട്ടു.)
അത്യുന്നതനായ പരമ കാരുണികൻ രോഗ ശമനം നൽകി അവനെ ഞങ്ങൾക്ക് തിരികെ തന്നു. എങ്കിലും അതിന്റെ തുടർച്ചകൾ അവന്റെ ജീവിതത്തെ പല നിയന്ത്രണത്തിലുമാക്കുകയും. ആ നിയന്ത്രണങ്ങൾ അവനെ പ്രായത്തിലുപരി പക്വതയിലേക്കുയർത്തുകയും ചെയ്തു.
വല്ലപ്പോഴുമുണ്ടാകുന്ന ദേഷ്യം ഒഴിവാക്കിയാൽ അവൻ ഇപ്പോൾ പൊതുവേ സമാധനപ്രിയനാണ്.
മെഡിക്കൽ കോളേജിൽ സൈഫു കഴിഞ്ഞിരുന്ന ദിവസങ്ങളിൽ എനിക്കുണ്ടായ മാനസിക സമ്മർദ്ദങ്ങളും എന്റെ മൂത്ത പുത്രന് പിന്നീടുണ്ടായ കിഡ്നി തകരാറുകളും ബാഹ്യമായി എന്നെ ബാധിച്ചില്ലെങ്കിലും അകമേ വല്ലാതെ തളർത്തിക്കളഞ്ഞു. നിത്യ ഹരിത നായകനെന്ന എന്റെ അഹങ്കാരം എങ്ങോ പോയി. തഴച്ച് നിന്ന തലമുടി എവിടേക്കോ മറഞ്ഞു.മുഖത്തെ ചുവപ്പ് വിളറിയ നിറമായി .എല്ലാ എടുത്ത ചാട്ടങ്ങളും നിലച്ചു. ചുരുക്കത്തിൽ ഞാനുമൊരു പരുവത്തിലായി. വർഷങ്ങൾ എത്രയൊ കഴിഞ്ഞു, എന്നിട്ടും ആ ഷോക്ക് എന്നെ വിട്ടകന്നില്ല, “ ക്ഷമ അവലംബിക്കുന്നവരോടൊപ്പമാണ് ദൈവം“ (ഇന്നല്ലാഹ മ അ സ്സാഫിരീൻ) എന്ന വേദ വാക്യത്തിൽ മനസ്സൂന്നിയപ്പോൾ മനസ്സ് ശാന്തമായി.
സൈഫു ഇന്ന് അഭിഭാഷകനാണ്. ഭാര്യ ഷൈനിയോടും ഏക മകൻ സിനാനുമോടൊപ്പം പ്രപഞ്ച സൃഷ്ടാവിന്റെ കാരുണ്യത്താൽ സമാധാനത്തോടെ കഴിയുന്നു.
അവർക്ക് അത്യുന്നതമായ സമാധാനത്തോട് കൂടിയ ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു. അതോടൊപ്പം നിങ്ങളുടെ പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു.
എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ, മംഗളവും.
No comments:
Post a Comment