“ഹലോ ! ഷരീഫ് സാറല്ലേ....“
“അതേല്ലോ...ആരാ സംസാരിക്കുന്നത്...?“
“സർ, ഇത് ടാറ്റാ കമ്പനീന്നാണ്....പുതിയ ഇനം കാറുകൾ വന്നിട്ടുണ്ട്...ഇവിടേ“
“ എനിക്ക് കാറുകൾ ആവശ്യമുണ്ടെന്ന് നിങ്ങളോട് ആര്പറഞ്ഞു....“
“സർ പുതിയതായി ഇറങ്ങിയ കാറുകളാണ്....അത് കൊണ്ട് തന്നെ റിഡക്ഷൻ സെയിലാണിപ്പോൾ....“
“എന്റെ നമ്പർ നിങ്ങൾക്ക് എങ്ങിനെ കിട്ടി....“?
“അത്...ഞങ്ങൾക്ക് കിട്ടി...സാർ, കാർ ആവശ്യമുണ്ടെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക....“ ഫോൺ ബന്ധം നിലച്ചു. കഴിഞ്ഞ ദിവസം എന്റെ ഫോണിൽ വന്ന ഒരു സംഭാഷണമാണ് മുകളിൽ ഉദ്ധരിച്ചത്.
എന്റെ നമ്പർ എവിടെ നിന്നും കിട്ടിയെന്ന ചോദ്യം മാത്രം അന്തരീക്ഷത്തിൽ മറുപടിയില്ലാതെ അലഞ്ഞു നടന്നു
ഞാൻ സാധാരണക്കാരിൽ സാധാരണക്കാരനാണ്. അത് കൊണ്ട് തന്നെ എന്റെ ഫോൺ നമ്പറും പ്രസിദ്ധമല്ല. പിന്നെങ്ങിനെ എന്റെ നമ്പർ ആ കമ്പനിക്ക് കിട്ടി. എന്റെ പേരും...?!
സർക്കാർ ആവശ്യങ്ങൾക്ക് ഫാറം പൂരിപ്പിക്കുമ്പോഴും അത് പോലെ മറ്റ് നിശ്ചിത ആവശ്യങ്ങൾക്കും ഫോൺ നമ്പർ ആവശ്യപ്പെടുന്നിടത്ത് ഞാൻ എന്റെ നമ്പർ കൊടുക്കാറുണ്ട്. പക്ഷേ അത് എന്റെ സ്വകാര്യ ആവശ്യങ്ങൾക്കാണ് അല്ലാതെ ഇത് പോലുള്ള കമ്പനികൾക്ക് കൈ മാറാൻ ഞാൻ എന്റെ ഫൊൺ നമ്പർ കൊടുത്തിട്ടില്ല. അപ്പോൾ എന്റെ സ്വകാര്യതയിൽ കടന്ന് കയറാൻ തക്കവിധം എന്റെ ഡേറ്റാ ആരാണ് മറ്റുള്ളവർക്ക് കൈ മാറുന്നത്.
സ്വകാര്യ കമ്പനികൾക്കായി ഡേറ്റാ കച്ചവടം ചെയ്യുന്ന പ്രബലമായ ബിസ്സിനസ്സ് സമൂഹത്തിൽ തഴച്ച് വളർന്നിട്ടുണ്ട് എന്ന് തന്നെ വിശ്വസിക്കേണ്ടി വരുന്നു. അവർ നമ്മുടെ സ്വകാര്യതയിലേക്ക് എത്തി നോക്കി കൊണ്ടിരിക്കുകയാണ്. അത് ക്രിമിനൽ കുറ്റമാണെങ്കിലും ശരി.
No comments:
Post a Comment