എറുണാകുളത്ത് ഞങ്ങൾ നാല് പേർ എത്തിയത് ഒരു കക്ഷിയെ കാണാൻ വേണ്ടിയായിരുന്നു. കാര്യം കഴിഞ്ഞപ്പോൾ രാത്രി ഒൻപത് മണി കഴിഞ്ഞു. ഇനി വിദൂരമായ കൊട്ടാരക്കരയിലേക്ക് കാറിൽ സഞ്ചരിക്കണം. രാത്രി ആഹാരം ഇവിടെ നിന്ന് കഴിക്കാം എന്ന് കൂടെ ഉണ്ടായിരുന്ന സ്നേഹിതൻ അഭിപ്രായപ്പെട്ടതിനാൽ ഞങ്ങൾ എല്ലാവരും കൂടി ഇടപ്പള്ളിയിലെ പുട്ട് കടയിലേക്ക് തിരിച്ചു. പുട്ട് മാത്രമാണ് അവിടെ കച്ചവ്ടമെന്നും എല്ലാ പുട്ടും അവിടെ ലഭിക്കുമെന്നും കൂടെ ഉള്ളവർ പറഞ്ഞതിനാൽ ഉള്ളിൽ കൗതുകം തോന്നിയിരുന്നു. അവിടെ ചെന്നപ്പോൾ സങ്കൽപ്പത്തിലുള്ള പുട്ട് കടയേക്കാളും വ്യത്യസ്തമായി വിശാലമായ കാർ പാർക്കിംഗ് സൗകര്യത്തോടെയുള്ള ഒരു വലിയ ഹോട്ടലാണ് കണ്ടത്. പ്രസിദ്ധനായ ഒരു സിനിമാ താരത്തിൻടേതാണ് പോലും ഹോട്ടൽ. എന്തായാലും അകത്തെക്ക് കയറി.
നിറയെ ജനം. പെണ്ണും പിറുക്കുണിയും എല്ലാമുണ്ട് ഇവറ്റകളൊന്നും രാത്രിയിൽ വീട്ടിൽ ആഹാരം പാകം ചെയ്യാറില്ലേ? അതോ ഞങ്ങളെ പോലെ യാത്രക്കാരാണോ . കൂടെ ഉള്ളവരുടെ സംസാരത്തിൽ നിന്നും സിറ്റി സംസ്കാരം ഇതാണെന്നും രാത്രി അടുപ്പ് കൂട്ടി മെനക്കെടേണ്ട ആവശ്യമില്ലെന്നും കയ്യും കഴുകി ഹോട്ടലിലെ മേശക്കരികിൽ ഇരുന്നാൽ ഇഷ്ടമുള്ള ആഹാരം സിറ്റിയിൽ എവിടെ നിന്നും ലഭ്യമാണെന്നും മാത്രമല്ല അതൊരു ഫാഷനാണെന്നും രാത്രി കാറുമെടുത്ത് ഹോട്ടലിൽ പോയി കഴിക്കുന്നത് ഫാഷന്റെ ഭാഗമാണെന്നും അത് സ്ഥിരം പതിവ് മാത്രമാണെന്നും കേട്ടപ്പോൾ ഞാൻ അന്തം വിട്ടില്ല, നാട്ടുമ്പുറത്ത്കാരനായ എനിക്ക് ഉള്ളിൽ നഗര വാസികളോട് പരിഹാസം തോന്നുകയാണുണ്ടായത്.
യൂണിഫോമിട്ട പരിചാരകർ തലങ്ങും വിലങ്ങും ഓടി നടക്കുന്നുണ്ട്. ഓർഡർ എടുക്കാൻ ഒരു വിദ്വാൻ കുറിപ്പ് പുസ്തകവുമായി ഞങ്ങളെ സമീപിച്ചു. പുട്ട് എന്ന് പറഞ്ഞ് പൂർത്തിയാക്കുന്നതിനു മുമ്പ് ഏത് പുട്ട്? ആ പുട്ട്...ഈ പുട്ട്....? മറ്റേ പുട്ട്....? ഓ! പുട്ട്? ഇറച്ചിയിട്ട് മിക്സ് ചെയ്ത പുട്ട്... വീറ്റ്...?..റൈസ്..... ഇങ്ങിനെ വിവിധ തരം പുട്ട് ഇനങ്ങൾ ടിയാന്റെ ചുണ്ടിൽ നിന്നും അനർഗ്ഗളമായി പ്രവഹിച്ചു. ഞങ്ങൾ സാദാ പുട്ടിന് പറഞ്ഞപ്പോൾ ഇറച്ചി കറി ഏത് ഇനമെന്ന ചോദ്യമായി. തുടർന്ന് അരക്കപ്പ് വീതം ചുക്ക് കാപ്പിയും പപ്പട കഷണം പൊരിച്ച ഒരു ചെറു കുട്ടയും പുറകേ ബഹുമാനപ്പെട്ട പുട്ടും ഇറച്ചിക്കറിയും രംഗത്തെത്തി.
ഉള്ളത് പറയാമല്ലോ നമ്മുടെ നാട്ടിൻ പുറത്തെ ഷംസുദ്ദീന്റെ ചായക്കടയിലെ പുട്ടിന്റെ ഏഴയലത്ത് പോലും ഈ പുട്ട് എത്തുകയില്ല. സംഗതി കഴിച്ച് തീർത്ത് എഴുന്നേറ്റ് പുറത്തിറങ്ങി. സ്നേഹിതനായിരുന്നു യാത്രയിലെ മുഴുച്ചെലവും എന്നതിനാൽ ബിൽ എത്രയായെന്ന് ഞാൻ അന്വേഷിച്ചു. കഴിച്ച ആഹാരത്തിന്റെ വില അന്വേഷിക്കുന്നത് ഒരു ജാതി താഴ്ന്ന പരിപാടിയാണെന്ന് അയാൾ ചുണ്ടിന് കീഴെ പിറു പിറുത്തെങ്കിലും എനിക്കത് നിർബന്ധമായി അറിയണമായിരുന്നു. എന്ത്കൊണ്ടെന്നാൽ ഇനി ഒരു ദിവസം ഈ ഹോട്ടൽ ഒഴിഞ്ഞ് വെക്കണമെങ്കിൽ ഇവിടത്തെ വില അറിയണമല്ലോ. 1500 രൂപയോളമായിരുന്നു നാല് പേരുടെ ബിൽ.
വിലയല്ല ഇവിടെ പ്രധാനം...സ്നേഹിതൻ പറഞ്ഞു. എറുണാകുളത്ത് വരുമ്പോൾ ഇത്പോലുള്ള ഹോട്ടലിൽ കയറി കാപ്പി കുടിക്കുന്നു എന്നതാണ് പ്രധാനം. ശരിയാണ് ഞാൻ ഓർത്തു. ആ ഹോട്ടലിനുള്ളിൽ നിറഞ്ഞിരുന്ന എല്ലാവർക്കും ബില്ലോ ആഹാരത്തിന്റെ രുചിയോ അല്ല പ്രധാനം പൊങ്ങച്ചത്തിനാണ് മുൻ ഗണന‘. ഇന്ന ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു എന്ന വീമ്പ്. അതാണ് അതിന്റെ ഒരു ത്രില്ല്. രാമൻ കുട്ടിയുടെ മാടക്കടയിൽ നിന്നും ഒരു പാക്കറ്റ് ബിസ്കറ്റ് വാങ്ങി എന്ന് പറയുന്നതിനേക്കാളും ഞാൻ ലുലുവിൽ പോയി വാങ്ങി എന്ന് പറയുന്നതാണ് ശേല്.
നീലക്കുയിൽ സിനിമയിലെ കായലരികത്ത് ഗാനം ആലപിക്കുന്ന ചായക്കട ഓർമ്മയുണ്ടോ? അത് പോലുള്ള ചായക്കടയിൽ നിന്നും ഒരു ആപ്പുമടിച്ച് “ഇവിടെ രാഷ്ട്രീയം പറയരുത്“ എന്ന് ചോക്ക് കൊണ്ട് എഴുതിയ ബോർഡിന് താഴെ ഇരുന്ന് “മുഖ്യ മന്ത്രിയെ ഇറക്കി വിടും“ എന്ന് ശക്തിയുക്തം രാഷ്ട്രീയവും പറഞ്ഞ് ഒരു പുട്ടും കടലയും കഴിക്കുന്നതിൽ പൊങ്ങച്ചമില്ലെങ്കിലും വല്ലാത്തൊരു അനുഭൂതിയും സുഖവുമുണ്ടല്ലോ...കൂട്ടത്തിൽ പോക്കറ്റും കീറില്ലാ എന്ന സമാധനവും......
No comments:
Post a Comment