പെൻസിൽ...അത് രണ്ടാം ക്ളാസിൽ ആയപ്പോഴാണ്` ലഭിച്ചത്.
. അതും രണ്ടായി മുറിച്ച് ഒരു പകുതിയാണ് വീട്ടിൽ നിന്നും ആദ്യം തന്നത്. മുഴുവനായി തന്നാൽ മുന കൂർപ്പിച്ച് പെട്ടെന്ന് തീർത്താലോ. റൂളി പെൻസിലെന്ന് അന്ന് പെൻസിലിന് മറ്റൊരു പേരുണ്ട്. റൂളി എന്ന ഓമനപ്പേരുമുണ്ട്. നാലാം ക്ളാസിലെത്തിയപ്പോൾ കുപ്പിയിൽ മഷിയും അതിൽ മുക്കി എഴുതാൻ ഒരു പേനയും കിട്ടി. സ്റ്റീൽ പേനാ എന്നായിരുന്നു ആ പേനായുടെ പേര്. നിലത്ത് വീണാൽ നിബ്ബ് വളഞ്ഞ് പോകുമെന്ന ഒരു ദൂഷ്യവും കൂടാതെ ഷർട്ടിൽ അങ്ങിങ്ങായി മഷി വീണ പാടും ഞാൻ സ്റ്റീൽ പേനാ ഉപയോഗിക്കുന്നവനാണെന്ന അടയാളം കാണിച്ചു തന്നു. അഞ്ചാം ക്ളാസിലെത്തിയപ്പോൾ ഫൗണ്ടൻ പേനാ എന്ന അമൂല്യവും അന്തസ്സുള്ളതുമായ പേനാ കിട്ടി. ആദ്യമായി കിട്ടിയത് 15 പൈസാ വിലയുള്ള സാധാരണ പേനയായിരുന്നു. പിന്നീട് എപ്പോഴോ ബോംബയിൽ നിന്നും വന്ന ഒരു അമ്മാവൻ പച്ച നിറത്തിലുള്ള വില ഉള്ള ഒരു പേനാ കൊണ്ട് വന്ന് തന്നു. അത് ഷർട്ടിൽ കുത്തി അന്തസ്സ് പ്രകടിപ്പിച്ച് നടന്നത് ഇന്നും ഓർമ്മിക്കുന്നു.
അന്ന് ഒരു പേനാ വഴിയിൽ കിടന്ന് കിട്ടുന്നത് ഭാഗ്യ ലക്ഷണമായിരുന്നു..
എന്റെ ആദ്യ കാല കഥകളെല്ലാം ഫൗണ്ടൻ പേനായിലൂടെ പുറത്ത് വന്നു. ഏത് കഥ അച്ചടിച്ച് വന്നുവോ ആ പേനാ ഐശ്വര്യമുള്ളതായി അന്ന് കരുതി. ഹീറോ പാർക്കർ, ഷിഫേഴ്സ് തുടങ്ങിയ രാജ വംശ പേനകളെല്ലാം അന്നത്തെ അന്തസ്സിന്റെ പ്രതീകമായിരുന്നല്ലോ.
മഷി പേനാ ബാൾ പെന്നിന് വഴി മാറിക്കൊടുത്തത് എത്ര പെട്ടെന്നായിരുന്നു. പൃ ഷ്ഠത്തിൽ തള്ള വിരൽ ഞെക്കിയാൽ എഴുതുന്ന മുന പുറത്ത് വരികയും പിന്നെ ഞെക്കിയാൽ മുന അകത്തേക്ക് തിരിച്ച് പോവുകയും ചെയ്യുന്ന ബാൾ പെന്നുകൾ സർവ സാധാരണമായി.
ഇപ്പോൾ ആ പേനായും പതുക്കെ പതുക്കെ അപ്രത്യക്ഷമായി തുടങ്ങി. ഒപ്പിടാൻ പേന പോക്കറ്റിൽ സ്ഥിരം കരുതുന്ന സ്വഭാവം നാം മറന്നുവല്ലോ. ഒപ്പിടാൻ ആവശ്യം വരുമ്പോൾ ഒരു പേനാ....ഒരു പേനാ എന്ന് നമ്മൾ നാലു ചുറ്റും പോക്കറ്റുകളിലേക്ക് നോക്കും. അത് ബാങ്കിലായാലും പോസ്റ്റ് ഓഫീസിലായാലും ശരി.
ഇപ്പോൾ എഴുത്തില്ല അത് ആധാരം എഴുത്തായാലും കഥ എഴുത്തായാലും ശരി എല്ലാം കമ്പ്യൂട്ടറിലും കീ ബോർഡിലുമായി മാറി.
ഇപ്പോൾ ഈ കുറിപ്പുകൾ പേനാ കൊണ്ടല്ലല്ലൊ അത് കുറിക്കാൻ നോട്ട് ബുക്കും കടലാസ്സും വേണ്ടാ. എല്ലാം കമ്പ്യൂട്ടറിലായി മാറി. ഇനി...ഇനി എന്തായിരിക്കും അടുത്ത മാറ്റം.....???
No comments:
Post a Comment