ക്വാറന്റൈനിൽ കഴിയാൻ നിർബന്ധിതനായ പത്തനംതിട്ടക്കാരൻ പ്രവാസി ഭാര്യയുമായുള്ള സൗന്ദര്യ പിണക്കത്താൽ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ നാട്ടുകാരും പോലീസും ആരോഗ്യപ്രവർത്തകരും ചേർന്ന് മദമിളകിയ ആനയെ പോലെ അയാളെ ഓടിച്ചിട്ട് പിടിക്കുകയും കസ്റ്റഡിയിലെടുത്ത് കൊണ്ട് പോവുകയും ചെയ്ത വാർത്ത കോവിഡ് കാല ആരംഭത്തിൽ നമ്മൾ വായിച്ചു. അന്ന് അങ്ങിനെയായിരുന്നു,നാട്ടിലെ സ്ഥിതി. പ്രവാസി നാട്ടിലെത്തിയാൽ വീട്ടിലൊരു മുറിയിൽ തനിച്ച് കുറച്ച് ദിവസം കഴിയണം, സമയാ സമയങ്ങളിൽ ബന്ധുക്കൾ റൂമിന്റെ വാതിൽക്കൽ ആഹാരം എത്തിക്കും, കാഴ്ച ബംഗ്ളാവിലെ മൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്നത് പോലെ, പാത്രം അയാൾ തന്നെ കഴുകി വെക്കും, അത്രക്കും കോവിഡിനെ മനുഷ്യർ ഭയന്നു.
ആ കാലത്താണ് ലോക് ഡൗൺ വിശേഷങ്ങൾ അറിയാൻ ഒഴിഞ്ഞ നിരത്തിനരികിലുള്ള പീടിക വരാന്തയിലിരുന്ന ഒന്ന് രണ്ട് നാട്ടിൻപുറത്ത്കാരെ ഉത്തരേന്ത്യക്കാരൻ വലിയ ഒരു ഏമാൻ ഏത്തമിടീപ്പിച്ചത്..
സന്ധ്യാ നേരങ്ങളിൽ ആരാധനാാലയങ്ങളിൽ ഭയഭക്തിയോടെ ഇരിക്കുന്നത് പോലെ നാട്ടുകാർ റ്റി.വി.യുടെ മുമ്പിൽ മുഖ്യമന്ത്രി വാർത്തകൾ അറിയിക്കാൻ വരുന്നത് പ്രതീക്ഷിക്കുകയും ഇന്നെത്ര കോവിഡ് കേസുകളെന്ന് അറിയാൻ ആകാംക്ഷ മുറ്റി കണ്ണൂം തുറിച്ച് കാത്തിരിക്കുകയും ചെയ്തു.
ആ കാലത്ത് എത്ര സ്നേഹ സമ്പന്നരായ പരിചയക്കാർ പോലും വീട്ടിൽ വരുന്നത് നമ്മൾ ഭയന്നു. കോവിഡ് പല വേഷത്തിലും രൂപത്തിലും വരുമല്ലോ, അത് പരിചയക്കാരുടെ രൂപത്തിലുമാകാം വരുന്നത് എന്നതിനാൽ മൂന്നു മീറ്റർ ദൂരം അളന്ന് തിട്ടപ്പെടുത്തി നമ്മൾ ആ പോയ്ന്റിൽ മൂക്ക്പ്പട്ട അണിഞ്ഞ് നിന്ന് അൽപ്പം മാത്രം സംസാരിച്ചു. ഒരു ദിവസം എന്റെ വീട്ടിലെ അടുക്കള ഭരണാധികാരി അവളോട് വാർത്തകൾ പറയാൻ വന്ന പരിചയക്കാരിയോട് മൂന്നു മീറ്റർ അതിർത്തിക്കകത്ത് നിന്ന് കൊച്ച് വർത്താനം പറഞ്ഞു എന്ന കാരണത്താൽ അന്നേ ദിവസം രണ്ടാമതും ഞാൻ അവളെ ഭീഷണിപ്പെടുത്തി കുളിപ്പിച്ചു. ദേഹ മാസകലം സാനിറ്റൈസർ എന്ന ദിവ്യ തൈലം പൂശി.
കടകളിൽ നിന്നും പ്രതിമാസം ലിസ്റ്റിൻ പ്രകാരം സാധനം വാങ്ങുന്നതിനോടൊപ്പം ഒരു പെട്ടി മാസ്കും സാനിറ്റൈസർ കുപ്പിയും നിർബന്ധമായി പർച്ചേസ് ചെയ്തു. പുറത്ത് പോയി വരുമ്പോഴൊക്കെ കുളി നിർബന്ധമാക്കി, കുട്ടികൾ കൈ കഴുകി കഴുകി ഒരു പരുവത്തിലായി കല്യാണങ്ങൾ ഒഴിവാക്കി. മരണങ്ങൾ അറിഞ്ഞില്ലെന്ന് നടിച്ചു.
ആംബുലൻസുകൾ നിരത്തിലൂടെ ചീറിപ്പാഞ്ഞു. അയല്പക്കത്ത് കോവിഡ് കേസുണ്ടായാൽ പണ്ട് വസൂരി രോഗം വന്നാലെന്ന പോലെ ഭയക്കുകയും അയാളെന്തേ കോവിഡ് ആശുപത്രിയിൽ പോയി കിടക്കാത്തതെന്ന് പരിതാപപ്പെടുകയും ചെയ്തു.
ലോക് ഡൗൺ സ്ഥിരം പതിവായി, കടകൾ അടഞ്ഞ് കിടന്നു, കിറ്റുകൾ റേഷൻ കടയിലൂടെ ഒഴുകി വന്നു, പെൻഷൻ ധാരാളം ലഭ്യമായി. കുട്ടികൾ ഓൺ ലൈനിലായി മൊബൈൽ എടുത്താൽ ചൂരലുമായി കുട്ടികളെ വേട്ടയാടുന്ന രക്ഷിതാക്കൾ മോനേ..മോളേ...മൊബൈലിൽ ചാർജ് ഉണ്ടോ എന്ന് നോക്കാൻ പറയുകയും മൊബൈൽ കയ്യിൽ കൊണ്ട് കൊടുക്കുകയും ചെയ്തു. കുട്ടികൾ സാറന്മാർ ഓൺ ലൈനിൽ പേർ വിളിക്കുമ്പോൾ “ ഹാജർ സാർ“ എന്ന് പറയുകയും ആ ചടങ്ങ് കഴിഞ്ഞാൽ ഇഷ്ടമുള്ള സൈറ്റിൽ കയറുകയും ചെയ്തു.
ഇതിത്രയും അടുത്ത കാലം വരെയുള്ള സ്ഥിതി ഗതികൾ.
ഇന്ന് ആലപ്പുഴയിലുള്ള എന്റെ സ്നേഹിതനായ അഭിഭാഷകനെ ഫോണിൽ വിളിച്ചു, ഒരു കേസ് കാര്യം അന്വേഷിച്ചപ്പോൾ അയാൾ പറഞ്ഞു “ സാർ ഇന്ന് ഞാൻ കോടതിയിൽ പോയില്ല,“ കാരണം അന്വേഷിച്ചപ്പോൾ അയാളുടെ മറുപടി, “ഓ!, ടെസ്റ്റ് ചെയ്തപ്പോൽ കോവിഡ്, വീട്ടിൽ എല്ലാവർക്കുമുണ്ട്, മൂന്നു നാല് ദിവസം കഴിഞ്ഞേ ഇനി പോകുന്നുള്ളൂ...“ ആൾക്ക് ഒരു പരിഭ്രമവുമില്ല, വേവലാതിയുമില്ല, സാധാരണ സംഭവം പോലെ ഈ കാര്യം അയാൾ പറഞ്ഞു.
നാട്ടിൽ അടുക്കള ഭാഗത്ത് സൊറ പറച്ചിലും അടുത്തിരിപ്പും സാധാരണമായി. അവർ തമ്മിൽ തമ്മിൽ പറഞ്ഞു, ഓ! ഇതെന്ത് കോവിഡ്! പണ്ട് സർ സി.പി.യുടെ കാലത്തെ കോവിഡിനെ ഒന്ന് കാണണം..ഹൗ!...എന്താ കഥ....“
കാലം തന്നെ എല്ലാത്തിനും സാക്ഷി. ഗുരുതരമായതിനെ ലഘുതരമാക്കുന്നതും കാലം തന്നെ. പോകെ പോകെ എല്ലാം ചിര പരിചിതമാക്കുന്നതും സംഭ്രമങ്ങൾ ദൂരീകരിക്കുന്നതും കാലം തന്നെ.
കാലം ഒരു മഹാ സംഭവം തന്നെ....
No comments:
Post a Comment