എറുണാകുളം ഡി.ആർ. റ്റി. (Debt recovery Tribunal) കോടതി പരിസരത്ത് വെച്ച് എന്റെ ഒരു പഴയ പരിചയക്കാരനെ കണ്ടപ്പോൾ അയാൾ ആകെ പരവശനായിരുന്നു. ബാങ്ക് ലോണെടുത്തവരുടെ കേസുകൾ ആ കോടതിയിലാണ് കൈകാര്യം ചെയ്യുന്നത്. വർഷങ്ങളായി ആ മനുഷ്യൻ ആ കോടതിയിൽ കയറുന്നു. കേസുകളുടെ ബാഹുല്യത്താൽ അയാളുടെ കേസുകൾ ഇത് വരെ പരിഗണനയിലെടുത്തിട്ടില്ല. കേസ് നടക്കുമ്പോഴും അയാൾ എടുത്ത ലോണിന്റെ പലിശ പൂർണമായി മുതൽ അടച്ച് തീരുന്നത് വരെ വർദ്ധിച്ച് കൊണ്ടേ ഇരിക്കും എന്ന സത്യം അയാൾ അപ്പോഴേക്കും പഠിച്ച് കഴിഞ്ഞിരുന്നു. അതായത് അയാൾ ഉറങ്ങുമ്പോഴും പലിശ ഉറങ്ങുകയില്ല, അപ്പോഴും അത് ഉണർന്നിരുന്ന് വർദ്ധിച്ച് കൊണ്ടേ ഇരിക്കുമെന്ന സത്യം.
വർഷങ്ങൾക്കപ്പുറം ഒരു ദിവസം ഈ പരിചയക്കാരനെ ഞാൻ കാണുമ്പോൾ അയാൾ ആഹ്ളാദഭരിതനായിരുന്നു. എന്നെ കണ്ട ഉടൻ അയാൾ സന്തോഷത്തോടെ പറഞ്ഞു “ സർ, എനിക്ക് ബാങ്കിൽ നിന്നും ലോൺ അനുവദിച്ച് കിട്ടി...“ ലോട്ടറി കിട്ടിയ സന്തോഷമായിരുന്നു അയാളുടെ മുഖത്ത്. ഞാൻ ഒന്നും പറഞ്ഞില്ല, ബാങ്ക്കാർക്ക് ബാദ്ധ്യതപ്പെട്ടാൽ കൃത്യമായി തിരിച്ചടക്കാൻ സാധിച്ചില്ലാ എങ്കിൽ എന്ത് സംഭവിക്കുമെന്ന് എനിക്ക് നന്നായറിയാമായിരുന്നല്ലോ.
എട്ട് വർഷകാലം സൂപ്രണ്ടായിരുന്ന എന്റെ മുമ്പിൽ ബാങ്ക്കാരുടെ കേസുകൾ ( ലോൺ എടുത്ത് കഴിഞ്ഞ് തിരിച്ചടക്കാത്തവരുടെ) ധാരാളമായി ഫയൽ ചെയ്യപ്പെട്ടിരുന്നു. അന്ന് ഡിആർ.റ്റി. കോടതി നിലവിൽ വന്നിരുന്നില്ല , കടമെടുത്തവന്റെ വീട് ഉൾപ്പടെ ഉള്ള വസ്തു വകകളിൽ നിന്നും മുതലും പലിശയും ഈടാക്കി കിട്ടാനായിരുന്നു ആ കേസുകളിൽ ബഹു ഭൂരി പക്ഷവും ഫയൽ ചെയ്തിരുന്നത്.
പരസഹായത്തിന് മുതിർന്ന് ഈ ലോണുകളിൽ ജാമ്യമായോ ഈടായോ തന്റെ സ്വന്തം വസ്തു വകകൾ പണയപ്പെടുത്തിയവന്റെ കാര്യമായിരുന്നു ബഹു കഷ്ടം. അവൻ സർക്കാർ ജീവനക്കാരനെങ്കിൽ ശമ്പളത്തിൽ നിന്നും ലോൺ തുകയും പലിശയും ഈടായി തീരുന്നത് വരെ റിക്കവറി നടന്ന് കൊണ്ടേ ഇരിക്കാൻ ആവശ്യമായ രേഖകൾ അയാൾ കടമെടുത്തവനോടൊപ്പം ബാങ്കിന് ലോൺ എടുത്ത സമയം ഒപ്പിട്ട് കൊടുത്തിരുന്നല്ലോ.
ആവശ്യമായ എല്ലാ രേഖകളും അത് ഒരു കെട്ട് കടലാസ്സുകൾ കാണും ബാങ്ക് അധികൃതർ ലോൺ അനുവദിക്കുന്നതിനോടൊപ്പം ഒപ്പിട്ട് വാങ്ങി അവൗടെ നില ഭദ്രമാക്കിയിരിക്കും. ചുരുക്കത്തിൽ മുതലും പലിശയും കൃത്യമായി തിരിച്ചടക്കാത്തവന്റെ കാര്യം നീരാളി പിടിയിൽപ്പെട്ട ജീവിയുടേത് പോലെ ആയി തീരും. വീട് വെക്കാൻ ലോൺ വാങ്ങിയവന് സമാധാനത്തൊടെ ആ വീട്ടിൽ കിടന്ന് ഉറങ്ങാൻ കഴിയില്ല, ഏത് നേരവും ബാങ്ക് ലോൺ....ബാങ്ക് ലോൺ ...എന്ന് അയാളും കുടുംബവും ഉരുവിട്ട് കൊണ്ടിരിക്കുമ്പോൾ എന്ത് സമാധാനം....?! ലോൺ എടുത്ത കച്ചവടക്കാരന്റെ അവസ്ഥയും ഇത് തന്നെ.
ബാങ്ക്കാർ നൽകിയ കേസുകളൊന്നും പരാജയപ്പെട്ടതായി അറിവിലില്ല. അവരുടെ നില നിൽപ്പ് തന്നെ ആ ലോൺ തുക തിരിച്ച് പിടിക്കുന്നതിലൂടെയാണല്ലോ. അതിനാൽ തന്നെ മാനുഷിക വികാരങ്ങളൊന്നും അവരെ ബാധിക്കുകയേയില്ല. കേസ് വിധിച്ച് തുക പണയ വസ്തുവിൽ ഈടാക്കുന്ന നടപടിയിലേക്ക് ( വിധി നടത്ത്) തിരിയുന്ന അവസ്ഥയാണ് ഏറ്റവും ദുഖകരം. ഭൂരിഭാഗം പേരും ആ സ്റ്റേജിൽ പണയ വസ്തു കിട്ടുന്ന വിലക്ക് ( അത് തുഛവുമായിരിക്കും) വിൽപ്പന നടത്തി ബാങ്ക് ലോൺ കൊട്ത്ത് തീർത്ത് മിച്ചമെന്തെങ്കിലും ഉണ്ടെങ്കിൽ അതുപയോഗിച്ച് കിടപ്പാടം വേറെ എവിടെയെങ്കിലും തരപ്പെടുത്തും. പലർക്കും എല്ലാം നഷ്ടമാകും.
വർഷങ്ങളോളം പ്രോസസ്സ് സെക്ഷൻ തലവനായി ( സെൻട്രൽ നാസ്സർ എന്നാണ് ആ തസ്തികയുടെ പേര്) ജോലി നോക്കിയിരുന്ന എനിക്ക് പല കണ്ണീർ കേസുകളും കാണേണ്ടി വന്നിരുന്നു. വിധി നടത്തി കൊടുക്കാൻ ആമീൻ എന്ന ഉദ്യോഗസ്ഥനെ നിയമിക്കുന്നത് പ്രോസസ് സെക്ഷനിൽ നിന്നുമായതിനാൽ നടപടികളുടെ അവസാനം കാണുവാൻ പലപ്പോഴും ഇടയായി. അതിൽ വികാരഭരിതമായ ഒരു കേസ് ഇപ്പോഴും ഓർമ്മയിലുണ്ട്.
ഒരു കൊടുവാൾ ബാങ്കാണ് വാദി ( ബ്ളേയ്ഡ് എന്ന് പറഞ്ഞാൽ ബ്ളെയ്ഡിന് നാണക്കേടാണ് അത് കൊണ്ടാണ് കൊടുവാളെന്ന് ഉപയോഗിച്ചത് ) പ്രതി ചവറ സ്വദേശി ഒരു ബസ് ഉടമസ്ഥൻ. ഒരു ബസ് വാങ്ങാൻ വീടും പുരയിടവും വിറ്റ് കിട്ടിയ തുക തികയാതെ വന്നപ്പോൾ അയാൾ നടേ പറഞ്ഞ ബാങ്കിൽ നിന്നും ബാക്കി തുകക്ക് ലോണെടുത്തു. വിലക്ക് വാങ്ങിയ ബസ്സ് ആയിരുന്നു ഈടായി ബാങ്ക് പരിഗണിച്ചത്. അയാളുടെ നിർഭാഗ്യത്തിന് തൊഴിൽ സമരവും മറ്റും കാരണത്താൽ കൃത്യമായി തിരിച്ചടവ് നടത്താൻ സാധിച്ചില്ല, പലിശ പിഴ പലിശ അങ്ങിനെ പല ഇനത്തിലായി ലോൺ തുക കൂടി വന്നു. വർഷങ്ങൾ ഓടി പോയി. അവസാനം കേസായി നടപടിയായി വിധിയും വിധി നടത്തുമായി. ആമീനെ കോടതിയിൽ നിന്നും നിയമിച്ചു. ബസ് കൊട്ടാരക്കര റൂട്ടിലാണ് ഓടിക്കൊണ്ടിരുന്നത്. ആമീൻ പോയി ബസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ കൊണ്ട് വന്നു. കേസ് കൊല്ലം കോടതിയിലും വിധി നടത്ത് കൊട്ടാരക്കര കോടതിയിലുമായിരുന്നു. പിടിച്ചെടുത്ത ബസ് ഇനി കൊല്ലത്തെത്തിക്കണം. ഈ ചെലവെല്ലാം ബാങ്ക് ചുമത്തുന്നത് പ്രതിയുടെ തലയിൽ തന്നെ. കൊല്ലത്ത് കൊണ്ട് പോയി ലേലത്തിൽ വിറ്റ് ബാങ്കിന് ഈടാകാനുള്ള തുക ഈടാക്കും ബാക്കി എന്തെങ്കിലും ചില്ലറ ഉണ്ടെങ്കിൽ പ്രതിക്ക് കൊടുകും അത്ര തന്നെ.
ബസ് ഉടമസ്ഥൻ കൊട്ടാരക്കര കോടതിയുടെ മുമ്പിൽ പാർക്ക് ചെയ്ത ആ ബസിന്റെ നാല് ചുറ്റും കറങ്ങി നടന്നു, ഇടക്കിടക്ക് ആ ബസ്സിനെ അയാൾ തടകും. ഞാൻ വരാന്തയിൽ നിന്ന് ഈ കാഴ്ച കാണുകയായിരുന്നു. അയാൾ എന്റെ സമീപത്തേക്ക് വന്ന് എന്നോട് പറഞ്ഞു, “ എന്റെ മകനെ പോലെ ആയിരുന്നു ആ ബസ്സെനിക്ക്, മോന്റെ പേരാണ്` ബസ്സിനിട്ടിരിക്കുന്നത്...“
ഇതിനിടയിൽ ബസ് കൊല്ലത്തേക്ക് പോകാൻ സ്റ്റാർട്ടാക്കി. അയാൾ വിങ്ങി പൊട്ടി, എന്നിട്ട് ബസ്സിനെ അയാൾ കൈ വീശി കാണിച്ചു, ഗദ്ഗദത്തോടെ പറഞ്ഞു, പൊയ്ക്കോ മോനേ....“
ബാങ്ക് അധികൃതർക്ക് ഒരു കുലുക്കവുമില്ലായിരുന്നു. ഞാൻ നേരത്തേ പറഞ്ഞുവല്ലോ, അവർ കർശനമായി തന്നെ നിൽക്കും.
ഇത്രയും വായിക്കുന്ന ഒരാൾ ചോദിച്ചേക്കാം “നിവർത്തി ഇല്ലാത്ത ഒരാൾ ബാങ്ക് ലോണെടുക്കാതെ എന്ത് ചെയ്യും എന്ന്..“
ഞാൻ പറയും, “ കൃത്യമായിതിരിച്ചടക്കാൻ സ്ഥിരം വരുമാനമില്ലാത്തവൻ ലോൺ എടുക്കരുതെന്ന്.. സ്ഥിരമായി വരുമാനമില്ലാത്തവൻ ലോൺ എടുത്താൽ എന്തെങ്കിലും കാരണത്താൽ തിരിച്ചടവ് സാധിച്ചിലെങ്കിൽ അവന്റെ കാര്യം കഷ്ടം തന്നെയാകുമെന്നതിൽ സംശയമില്ല. വീട് വെക്കാൻ ലോൺ എടുക്കുന്നവൻ വീടിന്റെ ഏരിയാ കുറച്ച്, ആർഭാടം കുറച്ച്, കൊക്കിലൊതുങ്ങുന്ന വിധമേ ലോൺ എടുക്കാവൂ, അല്ലാതെ അയല്പക്കത്തെ ദേ! അവളുടെ വീട് പോലെ എനിക്കും വേണമൊരെണ്ണം എന്ന് വിചാരിച്ചാൽ ജീവിതം കട്ട പൊക ആകും, ഒരു ദിവസം പോലും സമാധാനമായി ആ വീട്ടിൽ കിടന്നുറങ്ങില്ല. വാഹന ലോൺ എടുക്കുന്നവർ, വില കൂടിയ വാഹനം ഒഴിവാക്കി ഇടത്തരമൊന്ന് തരപ്പെടുത്തുക, നിങ്ങൾക്ക് ലോൺ തിരിച്ചടക്കാൻ കഴിയുന്ന തുകക്ക് ലോൺ എടുക്കുക. അല്ലാത്തത് ഒഴിവാക്കി സമാധാനമായി ജീവിക്കുക, ആരും നിങ്ങളെ ആക്രമിക്കുകയില്ലല്ലോ. ലോൺ എടുക്കാതെ തരമില്ലെന്ന് വന്നാൽ തന്റെ കഴിവിന്റെ പരിധി മനസിലാക്കി ലോൺ എടുക്കാൻ ശ്രമിക്കുക എന്നതാണ് മുഖ്യമായി ചെയ്യേണ്ടത്.
No comments:
Post a Comment