Wednesday, February 2, 2022

സന്ധ്യാ രാഗം

 

ഞങ്ങൾ താമസിക്കുന്ന വീടിന്റെ  കിഴക്ക് ഭാഗത്ത്  റെയിൽ വേ പാതയാണ്. ആ പാതക്കരികിൽ നിൽക്കുന്ന മഹാഗണി വൃക്ഷത്തിന്റെ സായാഹ്നാന്ത്യ സമയത്തുള്ള  ഫോട്ടോ ആണിത്. ഇനി അൽപ്പ സമയം കൂടി കഴിയുമ്പോൾ ഈ വൃക്ഷം നാനാതരം  പക്ഷികളാൽ നിബിഡമാകും. പുലർച്ച സ്ഥലം വിട്ട ഈ പറവകൾ പകലൊടുങ്ങുമ്പോൾ രാ പാർക്കാൻ ഇടം തേടുന്നത് ഈ വൃക്ഷത്തിലാണ്. അവരെല്ലാവരുമുണ്ട്, പ്രധാനമായും കാക്ക, പിന്നെ പലതരം കിളികൾ, അവയിൽ മാടത്തയും  ഇരട്ടത്തലച്ചിയും, പച്ചിലക്കുടുക്കയും, വേറെന്തെല്ലാമോ പേരുകളുള്ള കൂട്ടരും ഉണ്ടല്ലോ.

പടിഞ്ഞാറേ മാനത്ത് ധാരാളം സിന്തൂരം വാരി വിതറി അന്തരീക്ഷമാകെ ചുവപ്പ് നിറം പകർന്നിട്ടാണ് പകലോൻ യാത്ര പറയുന്നത്. ആ സമയത്താണ് മഹാഗണി മരത്തിലെ കുടി പാർപ്പുകാർ  പകലത്തെ ജോലിയും കഴിഞ്ഞ് ഉറങ്ങാൻ ഇടം തേടി  മരത്തിൽ വരുന്നത്. എന്തൊരു ബഹളമാണെന്നോ ആ സമയം.

 അന്തരീക്ഷം ഇരുളിലേക്ക് ഊളിയിടുന്നതിനു മുമ്പ്  സന്ധ്യാ രാഗം പകർന്നൊഴുകുന്ന  അന്തരീക്ഷത്തിൽ  വിളക്ക് പോലും പ്രകാശിപ്പിക്കാതെ നാലു ചുറ്റും കാണുന്ന ശാന്ത സുന്ദരമായ പ്രകൃതിയെ മനസ്സിലേക്ക് ആവാഹിച്ച് ഉമ്മറത്തെ ചാരു കസേരയിൽ കിടന്ന് ഞാൻ ഈ പക്ഷികളുടെ ബഹളം ശ്രദ്ധിക്കാറുണ്ട്. ഇവരെന്താണ് ഈ സന്ധ്യ സമയത്ത് ഉച്ചത്തിൽ പറഞ്ഞ് കൊണ്ടിരിക്കുന്നത്

. ഈ വക കാര്യങ്ങളിലൂടെ മനസ്സിനെ പായിച്ച് ഏകാന്തതയുടെ വിരസത മാറ്റാനും മനസ്സിനെ ഒന്നിനൊന്ന് ഉത്തേജിപ്പിക്കാനും കഴിയുമല്ലോ. അത്കൊണ്ട് തന്നെ പക്ഷികളുടെ ഭാഷ ഒന്ന് സങ്കൽപ്പിക്കാൻ ശ്രമം നടത്തി.

വലിയ ശബ്ദത്തിൽ  കാ..കാ.. പറയുന്ന ഒരു കാക്ക തന്റെ കൂട്ടുകാരനോട് ചോദിക്കുകയാവാം...“ ഇന്നെവിടെയാടേ...നീ തീറ്റ തേടി പോയത്...“

ഒച്ച അടഞ്ഞ ശബ്ദത്തിലുള്ള കൂട്ടുകാരന്റെ മറുപടി “ ഓ! ഒന്നും പറയേണ്ട എന്റെ കൂട്ടുകാരാ...ഒരു പരമ നാറിയുടെ പറമ്പിലായിരുന്നു തീറ്റയും നോക്കി ഇരുന്നത്,  ഒരു കുന്തവും കിട്ടിയില്ല,  അവന് വെപ്പും കുടിയുമൊന്നുമില്ലെന്ന് തോന്നുന്നു....“

പതിഞ്ഞ ശബ്ദത്തിലുള്ള മറ്റൊരു ശബ്ദം ഏതോ പൂവാലൻ കാക്കയുടേതാകാം...“എടിയേയ്....എന്താ വല്ലാത്ത ഒരു ഫോസ്...നിന്റെ കെട്ടിയോൻ വേറൊരുത്തിയുമായി ദേ! ആ പ്ളാവിലുണ്ട്, ഇന്ന് കുടിയേറിയിട്ടുണ്ട്....“

“ കാക്ക ശബ്ദത്തിലും മനോഹാരിത ഉള്ള  ശബ്ദം ആ പെൺ കാക്കയുടേതാകാം....“ നീ പോയി ഒരു മുട്ട് കൊടുക്കെടാ ...തെണ്ടീ...ഞാനങ്ങ് സഹിച്ചോളാം...എന്നാലും നിന്റടുത്ത് വരില്ല.....“

എന്റെ പിള്ളാരേ! നിങ്ങൾ വഴക്കടിക്കാതിരിക്കിൻ....ഉറാങ്ങാൻ സമയമായി...“എന്ന് പറഞ്ഞ പാറപ്പുറത്ത് ചിരട്ട ഉരക്കുന്ന ശബ്ദമുള്ള കാക്ക ഒരു കാർന്നോര് കാക്കയാകാം.

“ഇയ്യാള് ഇയാളുടെ പണി നോക്ക് “ എന്ന് പറഞ്ഞത് നമ്മുടെ പൂവാലനാകും.

ഇതിനിടയിൽ മൈനയും മാടത്തയും പചിലക്കുടുക്കയും അവരുടേതായ ശബ്ദത്താൽ  അലക്കുന്നുമുണ്ട്.

അന്തരീക്ഷത്തിലെ ചുവപ്പ് അപ്രത്യക്ഷമാകുമ്പോൾ ബഹളം സ്വിച്ചിട്ടത് പോലെ നിൽക്കും.എല്ലാവരും നിശ്ശബ്ദതയിലേക്ക്...ഉറക്കത്തിലേക്ക്..

എന്നാലും ഇടക്ക് കുഞ്ഞൻ കാക്കയുടെ കരച്ചിൽ  കേൾക്കാം...കൂട്ടത്തിൽ തള്ളയുടെയോ തന്തയുടെയോ കനത്ത ശബ്ദവും.അതിന്റെ അർത്ഥം ഇങ്ങിനെയാകാം..

“അമ്മേ...എനിക്ക് കുളിരുന്നു, എന്റെ അടുത്ത് വന്നിരി....“

“എന്റെ പൊന്നു മോനുറങ്ങ് അമ്മ അടുത്ത് വന്നിരിക്കാം....ഈ അഛന് ഒരു സ്നേഹവുമില്ല, പോയിരുന്ന് ഉറങ്ങുന്നത് കണ്ടില്ലേ....“ പിന്നെ ആ ശബ്ദങ്ങളും നിലക്കും. സർവം നിശ്ശബ്ദം. ആ മഹാഗണി മരവും ഉറങ്ങുമായിരിക്കും.

നാല് ചുറ്റും  ഇരുൾ പരക്കുമ്പോൾ ...“ ആ ഉമ്മറത്തെ ലൈറ്റൊന്ന് ഇട്ടിട്ട്  ഇരുന്ന് സ്വപ്നം കണ്ടൂടേ! ...“ എന്ന് വീട്ടിനുള്ളിൽ നിന്ന് വിളി വരുന്നത് നമ്മുടെ  കാക്കിയുടേതാണ്...

“സമാധാനപരമായ കുടുംബ ജീവിതത്തിന് അനുസരണ ഒരു ഭർത്താവിന്  അത്യന്താപേക്ഷിതമായി ഉണ്ടാകണമെന്നതിനാലായിരിക്കാം ലൈറ്റ് ഉടനേ തന്നെ പ്രകാശിതമായത്....


No comments:

Post a Comment