ഓണാട്ട്കര പ്രദേശത്ത് പണ്ട് പാടി പതിഞ്ഞ ഒരു പഴഞ്ചൊല്ലുണ്ട്.
“ഷേണായി പോക്രി ആണ്...“ അതിന്റെ കഥ ഇപ്രകാരമാണ്. യാതൊരു അടിപിടി ബഹളങ്ങളിലും കുഴപ്പങ്ങലിലും ചെന്ന് തലയിടാത്ത ഒരു കുഞ്ഞ് തെറി പോലും വിളിക്കാത്ത ശാന്ത പ്രകൃതക്കാരനായ ഷേണായിക്ക് സബ് ഇൻസ്പക്ടറായി നിയമനം കിട്ടി. കായംകുളം സ്റ്റേഷനിൽ വന്ന് ചാർജെടുത്തു. രണ്ട്മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഒരു പോലീസ്കാരൻ ഓടിക്കിതച്ച് വന്ന് എസ്.ഐ.യോട് പറഞ്ഞു.“ എന്റെ സാറേ് വവ്വക്കാവിൽ റോഡ് സൈഡിൽ കുറച്ച് മേത്തന്മാർ അടി കൂടുന്നു, ഉടൻ അവിടെ ചെന്നിട്പെട്ടില്ലെങ്കിൽ അവിടെ കൊലപാതകം തന്നെ നടന്നേക്കും.“
ഇത് കേട്ട ഷേണായി സാർ ഉടൻ ചാടി എഴുന്നേറ്റ് ചാടി തുള്ളി “ഹും..ആങ്ഹാ...അത്രക്കായോ അവന്മാർ...ഇപ്പത്തന്നെ ശരിയാക്കിയേക്കാം..“ എന്നൊക്കെ തകർപ്പൻ ഡയലോഗ് കാച്ചി ഒന്ന് രണ്ട് ചാട്ടങ്ങളെല്ലാം നടത്തി ഓടിച്ചെന്ന് ജീപ്പിൽ ദേശീയ പാതയിൽ ചെന്ന് കയറി.
വവ്വക്കാവ് കായംകുളത്തിന് വടക്ക് വശമുള്ള സ്ഥലമാണ്. കായംകുളം കൊച്ചുണ്ണിയുടെ ജന്മ സ്ഥലം. നിരത്തിൽ കയറി നിന്ന ഷേണായി സാർ വടക്കോട്ട് പോകുന്ന ഒരു വാഹനം തടഞ്ഞ് നിർത്തി ഡ്രൈവറെ പിടിച്ചിറക്കി അയാളോട് ഗർജ്ജിച്ചു “എടോ താൻ വടക്കോട്ട് പോവുകയല്ലേ ?
“അതേ! ഏമാനേ!? ഡ്രൈവർ ഉത്തരമേകി.
“എങ്കിൽ താൻ വവ്വക്കാവിൽ ചെല്ലുമ്പോൾ അവിടെ കുറേ മേതന്മാർ കിടന്ന് തല്ല് കൂടുന്നുണ്ട്...അവന്മാരോട് പറയണം പുതിയതായി ചാർജെടുത്ത .എസ്.ഐ.. ഷേണായിയാണ്. ഷേണായി അൽപ്പം പോക്രി ആണ് ...സൂക്ഷിച്ചോ...“ എന്ന്
ഇതും പറഞ്ഞ് ഷേണായി സാർ തെക്കോട്ട വണ്ടി വിട്ട് പോയി.
ഈ പഴയ കഥ ഇപ്പോൾ ഇവിടെ പറയാൻ കാരണം ഉക്രൈൻ യുദ്ധത്തിന്റെ നിഴൽ വീഴാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ നമ്മുടെ അമേരിക്കൻ പ്രസിഡന്റ് ബൈഡൻ കിടന്ന് കൂവാൻ തുടങ്ങി ഉക്രൈനെ തൊട്ടാൽ റഷ്യയെ തട്ടിക്കളയും തുലച്ച് കളയും എന്നോക്കെ . അവസാനം റഷ്യ ഉക്രൈനിനെ വിഴുങ്ങി കഴിഞ്ഞപ്പോഴും ബൈഡൻ പറയുന്നത് നമ്മുടെ പഴയ ഷേണായി സാറിനെ പോലെ അമേരിക്ക റഷ്യയെ തട്ടിക്കളയുമെന്നാൺ്..
ആരും ആരെയും ഒന്നും ചെയ്യാൻ പോകുന്നില്ല, അവരവർക്ക് മേല് നോവുന്ന ഒരു കാര്യത്തിനും ആരുമൊന്നും ചെയ്യില്ല. റഷ്യ എന്ത് ന്യായീകരണം പറഞ്ഞാലും പണ്ട് ഉക്രൈൻ എന്തായിരുന്നാലും ഇപ്പോൾ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരാണ് അവിടുള്ളത് ആ സർക്കാരിനെ യുദ്ധത്തിലൂടെ ആക്രമിച്ച് നാടും ജനത്തെയും നശിപ്പിച്ച് മുന്നേറുന്നതിനെ അക്രമം എന്ന് തന്നെ പറയേണ്ടി വരുന്നു. ആയുധ ശക്തി ഉണ്ടെങ്കിൽ ഈ ലോകത്ത് എന്തും ചെയ്യാമെന്ന് വരുകിൽ ഒരു രാഷ്ട്രവും ഈ ഭൂമിയിൽ നില നിൽക്കില്ലല്ലോ. നാല് ചുറ്റും നിന്ന് ആർക്കുന്നവർ എല്ലാവരും ഒന്ന് ചേർന്ന് നിന്ന് തിരിച്ചടിക്കുമെന്ന തോന്നലുണ്ടെങ്കിൽ ഏത് ചട്ടമ്പി രാഷ്ട്രവും ഒന്ന് മടിക്കും.
ഇവിടെ എല്ലാവരും സ്വന്തം തടി നോക്കും. ഉക്രൈൻ പ്രസിഡന്റ് പറഞ്ഞത് തന്നെ ശരി “ നമുക്ക് നമ്മൾ മാത്രമേ ഉള്ളൂ ആരും സഹായിക്കില്ല.....“
ഡ്യൂബ് ചെക്കും ചെക്കോസ്ളാവക്യയും നമ്മുടെ മുമ്പിലുണ്ട് ഇപ്പോൾ ഉക്രൈനും.
No comments:
Post a Comment