ചൗദ് വിൻ ക ചാന്ദ് ഹോ!!!
ഉറങ്ങി കിടക്കുന്ന സുന്ദരിയായ കാമിനിയെ നോക്കി യുവാവ് പാടുകയാൺ`...നീ പതിനാലാം രാവിലെ ചന്ദ്രനാണല്ലോ...
വളരെ ചെറുപ്പത്തിൽ കേട്ട ഈ ഹിന്ദി ഗാനം ഗുരുദത്തും വഹീദാ റഹ്മാനും അഭിനയിച്ച ചൗദ് വിൻ കാ ചാന്ദ് എന്ന ഹിന്ദി സിനിമയിലേതാണ്. ആ സിനിമാ കണ്ടിട്ടില്ലെങ്കിലും ചെറുപ്പത്തിൽ അന്നത്തെ മുതിർന്ന യൗവനങ്ങൾ ഇണകളെ നോക്കി ഈ ഈരടി പാടിയിരുന്നുവെന്ന് ഇന്നും ഓർമ്മിക്കുന്നു. അന്നതൊരു ഹരമായിരുന്നു പ്രണയിനികളെ നോക്കി അക്കാലത്തിറങ്ങുന്ന ഇത് പോലുള്ള പ്രേമ ഗാനങ്ങൾ ആലപിക്കുന്നത്. അവരുടെ ഹൃദയങ്ങളെ ഈ ഈണങ്ങൾ പ്രണയ തരളിതമാക്കുകയും അവാച്യമായ അനുഭൂതി അവർക്ക് ലഭിക്കുകയും ചെയ്തിരുന്നുവല്ലോ. പൂത്ത് വിടർന്ന് സുഗന്ധം പരത്തി നിൽക്കുന്ന പനിനീർപ്പൂ പോലെ പ്രണയം അവരെ മത്ത് പിടിപ്പിച്ചു,
കാലം ചെല്ലുമ്പോൾ ആ പൂവിന് സുഗന്ധവും ശോഭയും നശിക്കുന്നത് പോലെ പ്രണയത്തിന്റെ ലഹരിയും ഇല്ലാതാകുന്നു. ഇപ്രകാരം ഒരു പ്രണയം തനിക്കുണ്ടായിരുന്നു എന്ന് ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയുമായിപിന്നെ എന്നെങ്കിലും ഓർമ്മിക്കും. വർഷങ്ങൾ കഴിഞ്ഞ് ആ ഗാനം ഭൂതകാലത്തിന്റെ ശ്മശാന ഭൂവിൽ നിന്നും തല നീട്ടി വർത്തമാന കാലം നോക്കി സജീവമാകുമ്പോൾ പഴയ കാല പ്രണയം നമ്മിലേക്ക് ഇരച്ച് കയറിവരും. അന്ന് നമ്മൾ മക്കളും കൊച്ച് മക്കളുമായി കഴിയുന്ന കാലമായിരിക്കും. എങ്കിലും ആഗാനം നമ്മുടെ ഉള്ളിൽ ഒരു ചോദ്യം ഉയർത്തും അവൾ/ അവൻ ഇപ്പോൾ എവിടെ ആയിരിക്കും? എന്നെ ഓർമ്മിക്കുന്നുണ്ടോ? ആവോ.....
പഴയ ഗാന കാലങ്ങൾക്ക് അങ്ങിനെ ഒരു കഴിവുണ്ട്, മറ്റാർക്കും അറിയാത്ത നമുക്ക് മാത്രം അറിയാവുന്ന ഏതോ ഒരു പ്രണയ കഥയുടെ അലയൊലികൾ നമ്മുടെ മനസ്സിലേക്ക് കൊണ്ട് വന്ന് കുറേ നിമിഷങ്ങൾ നമ്മളെ ഭൂത കാലത്തേക്ക് കൊണ്ട് പോകുവാനുള്ള കഴിവ്.........
No comments:
Post a Comment