അന്നത്തെ സായാഹ്നത്തിൽ മാർക്കറ്റിലേക്കുള്ള യാത്രയിൽ പത്ത് വയസ്സുള്ള എന്നോടൊപ്പം കൂട്ടിന് വന്നത് റഷീദാണ്. അൽപ്പം കോങ്കണ്ണൂള്ള റഷീദ് എന്റെ ബന്ധുവുമാണ്. ഭയങ്കര വിടൽസിന്റെ ആളായ റഷീദിന്റെ വിടൽസ് കേട്ട് കൊണ്ട് ഞാൻ ആലപ്പുഴ വട്ടപ്പള്ളീ റോഡിലൂടെ നടന്ന് സ്രാങ്കിന്റെ വീടിനടുത്ത് എത്തി. അപ്പോഴാണ് അവിടെ റോഡരികിൽ നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റിന് ചുവട്ടിൽ ഒരു രണ്ട് രൂപാ നോട്ട് കിടക്കുന്നത് ഞാൻ കണ്ടത്.
ഞാൻ റഷീദിനെ അത് ചൂണ്ടിക്കാണീച്ച് പറഞ്ഞു എടാ ദേ! രണ്ട് രൂപാ കിടക്കുന്നു. എന്നിട്ട് ഞാൻ അതെടുക്കാനായി തുനിഞ്ഞു. പക്ഷേ എനിക്ക് മുമ്പ് റഷീദ് ഓടി പോയി അതെടുത്ത് അവന്റെ നിക്കറിന്റെ പോക്കറ്റിലാക്കി എന്നിട്ടെന്നോട് പറഞ്ഞു “നിനക്ക് കടല മിട്ടായി വാങ്ങി തരാം. ബെശമിക്കണ്ടാ.“
എനിക്ക് അത് സമ്മത്മല്ലായിരുന്നെങ്കിലും റഷീദ് എന്നെക്കാളും മുതിർന്നവനും വാഗ്ദാടി ഉള്ളവനുമായിരുന്നു. അവനോടെതിർക്കാൻ എനിക്ക് കെൽപ്പില്ലാത്തതിനാൽ ഞാൻ മിണ്ടാതെ തല കുലുക്കി. അന്ന് കൂലിക്കാരന്റെ ഒരു ദിവസത്തെ ശമ്പളം രണ്ട് രൂപായാണ്. ഞാൻ അവനോട് പറഞ്ഞു “ഏതെങ്കിലും പാവപ്പെട്ടവന്റേതായിരിക്കും, നമുക്ക് ആരോടെങ്കിലും പറഞ്ഞാലോ,......“
റഷീദ് ചുണ്ട് പിളർത്തുകയും തല കുലുക്കുകയും മൊട്ടത്തല തടവുകയും ചെയ്തിട്ട് എന്നോട് മൊഴിഞ്ഞു, “ എടാ...ഹമുക്കേ! ഇത് പടച്ചൊൻ മോളീന്ന് നമുക്കിട്ട് തന്നതാ....നമുക്ക് മിട്ടായീം, പന്തുമെല്ലാം വാങ്ങിക്കാൻ ഇട്ടതാ.....ആരോടും ഇത് പറയണ്ടാ....“
അവൻ എന്നേക്കാളും അറിവുള്ളവനും ലോക പരിചയമുള്ളവനുമായിരുന്നതിനാൽ ഞാൻ മടുപടി പറഞ്ഞില്ല. എങ്കിലും എനിക്കെന്തോ ശ്വാസം മുട്ട് പോലെ. ഒരു അണാ, രണ്ടണാ നാണയങ്ങൾ താഴെ വീണ് കളഞ്ഞ് കിട്ടിയിട്ടുണ്ട്, പക്ഷേ രണ്ട് രൂപാ കളഞ്ഞ് കിട്ടുന്നത് എന്നെ വല്ലാതെ പരിഭ്രമിപ്പിച്ചല്ലോ.
ഞങ്ങൾ നടന്ന് കൗൺസിലർ ബച്ചു സേട്ടിന്റെ വീടിന് സമീപമെത്തിയപ്പോൾ അവിടെ യൂണീയനാഫീസിന്റെ തിണ്ണയിൽ ഒരു സ്ത്രീ വലിയ വായിൽ നിലവിളിക്കുന്നു. ബച്ചു സേട്ട് അവരോട് കാര്യം തിരക്കുകയാണ്. അവർ അടുത്ത് നിൽക്കുന്ന ഒരു കൊച്ച് പെൺകുട്ടിയുടെ നേരെ വിരൽ ചൂണ്ടി ദേഷ്യവും സങ്കടവും നിറഞ്ഞ സ്വരത്തിൽ പറയുന്നു “ അവളുടെ കയ്യിൽ രണ്ട് രൂപാ കൊടുത്ത് റേഷൻ വാങ്ങാൻ വിട്ടതാ എന്റെ പൊന്ന് സേട്ടേ.... കെട്ടിയോൻ ഇന്ന് ജോലിക്ക് പോയിടത്ത് നിന്നും രൂപാ കിട്ടീതാ .ആ ഹറാം പിറന്നോൾ അതെവിടെയോ കൊണ്ട് തുലച്ചു....“
ഞാൻ ആ പെൺ കുട്ടിയെ നോക്കി. വലിയ രണ്ട് കണ്ണുകളുള്ള ഒരു മെലിഞ്ഞ പെൺ കുട്ടി. ആ വലിയ കണ്ണൂകളിൽ നിന്നും കുടു കുടാ കണ്ണീര് ചാടുന്നു. ഏങ്ങലടിക്കുന്നുമുണ്ട്. ഈ ലോകത്തുള്ള എല്ലാ ദയനീയതയും ആ മുഖത്തുണ്ട്. എനിക്കു ആ സങ്കടം സഹിച്ചില്ല, ഞാൻ കോങ്കണ്ണനോട് പതുക്കെ പറഞ്ഞു “ എടാ പന്നീ, ആ പൈസാ അവരുടേതായിരിക്കുമെടാ, അതങ്ങ് കൊടുക്ക് നീ... ഇല്ലെങ്കിൽ ഞാൻ അവരോടെല്ലാം പറയും “.“
അടുത്ത നിമിഷം കോങ്കണ്ണൻ എന്റെ ചെവിയിൽ മുരണ്ടു. “ കള്ള സുവ്വറേ! ബലാലേ...നീ വല്ലോം ഈ കാരിയം മിണ്ടിയാൽ മദ്രസ്സയിൽ സൊഹർബാന് നീ അമ്പഴങ്ങാ രഹസ്യമായി കൊണ്ട് കൊടുക്കുന്ന കാരിയവും പിന്നെ...ഹി....ഹി....മറ്റേ കാര്യവും ഞാൻ നിന്റെ ഉമ്മായോട് പറയുമെടാ പൊന്നാരേ.....“
ഞാൻ ഞെട്ടി . പത്ത് വയസ്സുകാരനായ ഞാൻ എട്ട് വയസ്സുകാരിയായ സൊഹർബാന് അമ്പഴങ്ങാ കൊടുത്ത് അവളെ കെട്ടിക്കോളാമെന്ന് വാക്ക് ഉറപ്പിച്ച കാര്യം ഈ കഴുതയോടുള്ള ആത്മാർഥ സ്നേഹത്തിൽ പറഞ്ഞ് പോയത് ഇപ്പോൾ വിനയായി. അതിനാൽ തല കുനിച്ച് ഒന്നും മിണ്ടാതെ ഞാൻ നിന്നു. റഷീദ് ജേതാവിനെ പോലെ എന്റെ പള്ളക്ക് ഒരു കുത്തും കുത്തിയിട്ട് ചെവിയിൽ പറഞ്ഞു, “ ഇനി നിനക്ക കടല മുട്ടായിയുമില്ല ഒരു മൈ....മ് വാങ്ങി തരില്ലാ ..പോടാ...പോ....“
തുറമുഖ തൊഴിലാളികളും സേട്ടും കൂടി അപ്പോൾ തന്നെ പിരിവെടുത്ത് രണ്ട് രൂപാ ആ സ്ത്രീക്ക് കൊടുത്തു. ഹോ! അപ്പോൾ ആ പെൺകുട്ടിയുടെ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു.
പിറ്റേ ദിവസം റഷീദ് ഭയങ്കര ഒരു വിടൽസുമായി എന്റടുത്ത് വന്നു. “എടാ...പടച്ചോൻ എനിക്കിന്ന് മോളിൽ നിന്നും ഇട്ട് തന്നത് ഒരു ചെക്കാ...ബല്യൊരു ചെക്ക്....“
ചെക്കെന്തെന്നും മറ്റും എനിക്കന്നറിയില്ലല്ലോ. അതെന്ത് ചെയ്യണമെന്നുമറിയില്ല, എങ്കിലും ഞാൻ മുകളീലോട്ട് നോക്കി പരിഭവത്തോടെ പറഞ്ഞു “ ഹെന്റെ പടച്ചോനേ!...നിനക്ക് പൈസാ കൊടുക്കാൻ ഈ ഹമുക്കിനെ മാത്രമേ കണ്ടുള്ളുവോ...ഈ ദുനിയാവിൽ വേറെ ആരേം കണ്ടില്ലേ റബ്ബേ!...“
വേനലും മഴയും മഞ്ഞും മാറി മാറി വന്ന് പോയതിന് ശേഷം ഒരു നാളിൽ വട്ടപ്പള്ളിയിൽ വന്ന ഞാൻ റഷീദിനെ കാണാൻ അവന്റെ വീട്ടിൽ പോയി. അന്ന് പ്രമേഹ രോഗത്താൽ അവന്റെ കാൽ മുറിച്ച് മാറ്റിയിരുന്നു. എങ്കിലും അവൻ ഉല്ലാസവാനായിരുന്നു ഞാൻ റഷീദിനോട് ചോദിച്ചു, റഷീദേ! നീ അന്ന് ആ ചെക്കെന്ത് ചെയ്തു....?
“ അവൻ കണ്ണ് നിറയുന്നത് വരെ പൊട്ടിച്ചിരിച്ചു, എന്റെ കൈ പിടിച്ച് അമർത്തി....ഓർമ്മകൾ ആസ്വദിച്ച് കൊണ്ട് അവൻ പറഞ്ഞു.“ അന്നത്തെ കാലം അതെത്ര ഖുശി ആയിരുന്നെടാ....“
പിന്നീടെപ്പോഴോ റഷീദ് മരിച്ചു. രണ്ട് രൂപാ നോട്ടും ഇന്ത്യയിൽ നിന്നും നിഷ്കാസിതമായി. തുറമുഖം ഇല്ലാതായതോടെ യൂണിയൻ ആഫീസുകളും മറഞ്ഞു. ആ പെൺകുട്ടി ഇന്ന് എവിടെയോ ആ വലിയ കണ്ണുകളുമായി ജീവിച്ചിരിപ്പുണ്ടാകാം
ഇന്ന് റോഡിന്റെ ഓരത്ത് ആരും കാണാതെ ഒരു അൻപത് രൂപാ നോട്ട് കിടക്കുന്നത് കണ്ടപ്പോൾ എനിക്ക് ആ പഴയ രണ്ട് രൂപാ നോട്ട് കാര്യം ഓർമ്മയിൽ വന്നു.
No comments:
Post a Comment