Tuesday, July 27, 2021

അർഹമായത് കിട്ടി

 എത്രയോ വർഷങ്ങൾ കേസ് പറഞ്ഞ് കിട്ടുന്ന വിധി നടപ്പിലാക്കി തരുന്നത് കോടതിയിലെ ആമീനാണ്. വസ്തുക്കൾ കൈവശം വിട്ടൊഴിപ്പിച്ചും ജപ്തി ചെയ്തും  വാദിക്ക്  വിധി നടപ്പാക്കി കൊടുക്കുന്ന ആമീന് പലപ്പോഴും വൻ തുക കിംബളമായി ലഭിക്കും. അത് അവരുടെ അവകാശം പോലെ ചിലപ്പോൾ ചോദിച്ചും വാങ്ങും. അങ്ങിനെ ഒരു കേസിൽ ചോദിച്ചപ്പോൾ കിട്ടിയ ഉപഹാരം തിരിച്ച് കടിച്ച ഒരു സംഭവ കഥയാണിത്.

വിധി നടപ്പിലാക്കി കഴിഞ്ഞ്  അമീൻ സാർ  വാദിയുടെ മേൽ വിലാസം തിരക്കി കണ്ട് പിടിച്ച് ടിയാന്റെ സ്ഥാപനത്തിൽ ചെന്നു. കൂട്ടത്തിൽ സഹായി ആയി രണ്ട് ശിപായിമാരുമുണ്ട്. വാദി ഒരു  പാരമ്പര്യ ആയുർവേദ വൈദ്യനുമാണ്. ചികിൽസയും കൂട്ടത്തിൽ മരുന്ന് വിലപ്പനയുമുണ്ട്. അരിഷ്ടത്തിന്റെയും ആസവത്തിന്റെയും ഗന്ധം നിറഞ്ഞ് നിൽക്കുന്ന വൈദ്യ ശാലയിൽ  അകത്തെ മുറിയിൽ ഉപവിഷ്ഠനായിരിക്കുന്ന  വൈദ്യനെ  കോടതിക്കാർ മൂന്ന് പേരും ആഞ്ഞ് തൊഴുതു. വൈദ്യർ തിരിച്ചും.

ങ്ഹൂം? വൈദ്യർ  ഒരു മൂളലിലൂടെ കാര്യം തിരക്കി. വ്യവാഹാര പ്രിയനായ  വൈദ്യർക്ക് ആയുർവേദം കഴിഞ്ഞാൽ  സൈഡ് ബിസ്സിനസ്സ് കേസ് നടത്തലാണ് കോടതിയുടെ എല്ലാ ചിട്ടവട്ടങ്ങളും  വകുപ്പുകളും കാണാ പാഠവുമാണ്. ഈ വിവരം ആമീൻ സാറിനുമറിയാം.

“വസ്തു ഒഴിപ്പിച്ച് കാര്യസ്ഥനെ  ഏൽപ്പിച്ചു“ ആമീൻ ഭവ്യതയോടെ മൊഴിഞ്ഞു.

“വളരെ നല്ലത്.., പിന്നെന്താ ഇങ്ങോട്ട്....കോടതിയിൽ അതിന് റിപ്പോർട്ട് കൊടുക്കേണ്ടേ...? വൈദ്യർ.

“വേണം അതിനു മുമ്പ്  വാദിയായ വൈദ്യരെ ഒന്ന് കാണാമെന്ന് കരുതി...“ ആമീൻ തലചൊറിഞ്ഞ് കൊണ്ട് കാര്യത്തിന്റെ സൂചന കൊടുത്തു.

“വസ്തു ഒഴിപ്പിച്ച് കൊടുത്താൽ ആമീൻ സാറിനെ എല്ലാരും ഒന്ന് കാണാറുണ്ട്...“ സഹായിമാരിൽ ഒരാൾ കാര്യം വ്യക്തമാക്കി.

“അതിന് നിങ്ങൾക്ക് സർക്കാർ ശമ്പളം തരുന്നില്ലേ..?“ വൈദ്യർ വലയിൽ വീഴുന്ന ലക്ഷണമില്ല.

ആമീൻ സാറും സഹായികളും  നാല് ചുറ്റും നിരന്നിരിക്കുന്ന അലമാരകളിലെ  അരിഷ്ടവും ലേഹ്യവും കുപ്പികളിൽ  അലസമായി കണ്ണോടിച്ചു. ഓ! ഈ ഘടോൽക്കചന്റടുത്ത് ഒരു വേലയും നടക്കില്ല. അവർ പല്ലിറുമ്മി പോകാനായി തിരിഞ്ഞു.

“നിങ്ങൾ  വെയിലത്ത് നടന്ന് കഷ്ടപ്പെട്ടതല്ലേ....ക്ഷീണം മാറാൻ  ഒരു ഔൺസ് അരിഷ്ടം  ആവശ്യമെങ്കിൽ തരാം...വില തരേണ്ടാ....“ വൈദ്യർ ഔദാര്യം കാണീച്ചു.

“ ഒന്നും കിട്ടാത്തിടത്ത് അതെങ്കിലുമാകട്ടെ...“ഒരു ശിപായി ആമീൻ സാറിന്റെ ചെവിയിൽ മന്ത്രിച്ചു....ആമീൻ സാറിനും അത് ശരിയാണെന്ന് തോന്നി.

വൈദ്യർ  രണ്ട് മൂന്ന് കുപ്പികളിൽ നിന്നും അൽപ്പാൽപ്പം നിറമുള്ള  ദ്രാവകം ഒരു പാത്രത്തിലേക്ക് ഒഴിച്ച്  അത് നല്ലവണ്ണം ഇളക്കി മൂന്ന് ഗ്ളാസുകളിലായി പകർന്നു മൂന്ന് പേർക്കും കൊടുത്തു, അവർ മൂന്നു പേരും അത് വലിച്ച് കുടിച്ചു, ചിറിയും തുടച്ച് കിമ്പളം കിട്ടാത്തതിനാൽ മനസ്സിൽ വൈദ്യരെ പിരാകി  ഇറങ്ങി നടന്നു.

വീട്ടിൽ ചെന്ന  ആമീൻ സാർ കുളിക്കാനായി തോർത്തുടുത്തപ്പോൾ വല്ലാതെ ശരീരം ചൊറിയാൻ തുടങ്ങി. തോർത്ത് ഉരിഞ്ഞ് പരിശോധിച്ചതിൽ ഒന്നും കണ്ടില്ല, അപ്പോൾ കക്കൂസിൽ പോകണമെന്ന് തോന്നി, അങ്ങോട്ട് പോയി. അവിടെ ആസകലം ചൊറിച്ചിലും വയറ്റിൽ നിന്നുമൊഴിച്ചിലും ശരിക്ക് ഉണ്ടായി.  കക്കൂസയിൽ നിന്നും ഇറങ്ങിയപ്പോൾ ഇനിയും പോകണമെന്ന തോന്നൽ..ഒന്നുകൂടി പോയി. പിന്നെ രണ്ട് മൂന്ന് നാല് അഞ്ച്...അത് കഴിഞ്ഞ് എണ്ണം കിട്ടിയില്ല. കണ്ണാടിയിൽ നോക്കിയപ്പോൽ മുഖം കോൺ വെക്സ് ലെൻസിലൂടെ നോക്കുമ്പോൾ കാണുന്നത് പോലെ വീർത്ത് വരുന്നു,  കവിൾ വീർത്ത് കണ്ണ് ചൈനാക്കാരന്റേത് പോലെ ചെറുത് ആയി. മൂന്ന് ദിവസം മുമ്പ് കഴിച്ചതും വയറ്റിൽ നിന്നും ഇളകി പോയി. അവശനായി  കക്കൂസിൽ ഇരുന്നു ഹോട്ടൽ  ഡാൻസറന്മാർ കൈയും കാലും ഇളക്കി അവിടെയും ഇവിടെയും ചൊറിയുന്നത് പോലെ  ശരീരമാസകലം ചൊറിഞ്ഞ് ചിന്തിച്ചു. എന്താണ് ഞാൻ കഴിച്ചത്. പെട്ടെന്ന് വൈദ്യരുടെ  സൽക്കാരം ഓർമ്മ വന്നു. അതായിരിക്കുമോ എന്ന് ഉറപ്പിക്കാനായി കക്കൂസയിൽ നിന്നും ചാടി ഇറങ്ങി ഫോണിനടുത്തേക്ക് പാഞ്ഞു. (അന്ന് മൊബൈൽ  പ്രചാരത്തിലായിട്ടില്ല. ലാൻട് ഫോണാണ്)

പൂയപ്പള്ളിയിൽ താമസിക്കുന്ന ഒരു ശിപായിയെ വിളിച്ചു. കുറേ നേരം ബെൽ അടിച്ചപ്പോൾ അയാളുടെ ഭാര്യ ഫോണെടുത്തു. “ആളെന്തിയേ/...ആമീൻ സാർ ചോദിച്ചു.

“അങ്ങേർക്ക് കക്കൂസിൽ നിന്നിറങ്ങാൻ നേരമില്ല, ചൊറിഞ്ഞ് ചൊറിഞ്ഞ് അവിടെ ഇരിക്കുകയാണ്, എവിടെ നിന്നെങ്കിലും കണ്ടമാനം വാരി കയറ്റിക്കാണും...എന്താ സാറേ വിളിച്ചത്.....“ ആമീൻ ഫോൺ താഴെ വെച്ചു.

ഇനി രണ്ടാമന്റെ ഫോണിൽ വിളിച്ചു, അപ്പോഴേക്കും രാത്രി ആയി. രണ്ട് മൂന്ന് തവണ വിളീച്ചപ്പോഴാണ് ഫോൺ എടുത്തത്. ശിപായി സാറിന്റെ മകനാണ് മറുവശത്ത് ഫോണെടുത്തത്. അഛനെന്തിയേടാ മോനേ...ആമീൻ സാർ തിരക്കി.

“അഛനും അമ്മയും കക്കൂസിലാണ്, അഛൻ തൂറുന്നു...അമ്മ  നെഞ്ചും പുറവും മുഖവും ചൊറിഞ്ഞ് കൊടുക്കുന്നു,  അഛനെ കമ്പിളി പുഴു എവിടെയോ വെച്ച് ആട്ടീന്ന പറഞ്ഞേ...“

എടാ കമ്പിളി പുഴു വൈദ്യരേ....ആമീൻ സാർ അലറി. പരാതി പെട്ടിട്ട് എന്ത് കാര്യം? കൈക്കൂലി വാങ്ങാൻ അവിടെ പോയ കാര്യം പുറത്ത് പറയാനൊക്കുമോ?

പിന്നീട് കോടതി വരാന്തയിൽ വെച്ച് വൈദ്യരെ കണ്ടപ്പോൾ ആമീൻ സാർ ചോദിച്ചു “ എന്ത് കോപ്പിലെ മരുന്നാ വൈദ്യരേ! അന്ന് ഞങ്ങൾക്ക് തന്നത്.../“

“അനർഹമായതൊന്നും ആരോടും ആവശ്യപ്പെടരുത്....അങ്ങിനെ ആവശ്യപ്പെട്ടാൽ നിങ്ങൾക്ക് അർഹമായത് കിട്ടും...അർഹമായത് കിട്ടിയില്ലേ...അത് മതി കേട്ടോ.......ആമീന്റെ നാവിറങ്ങി പോയി.

Saturday, July 24, 2021

മറിയക്കുട്ടിയുടെ കത്ത്

 ഊരകത്തിലുണ്ടെനിക്കിപ്പോളൊരു വിരോതി

വന്നവൻ എന്നോട് പലവട്ടവും ചോദിച്ച്,

വമ്പ് കാണിച്ചപ്പോളോനെ ചൂലു കൊണ്ടടിച്ച്

അന്ന് മുതലയ്യവൻ ഫസാദ് വിണ്ടയത്തെ

ജയിലിൽ കഴിയുന്ന ഭർത്താവിന് തന്റെ നിരപരാധിത്വം വിശദീകരിച്ച് ഒരു ഭാര്യ എഴുതിയ കത്ത് കവിതയായപ്പോൾ അതിലെ നാല് വരികളാണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്നത്. 

നാട്ടിൽ എനിക്കൊരു ശത്രു ഉണ്ടെന്നും അവൻ തന്നോട് പലവട്ടവും  തെറ്റായ കാര്യം ആവശ്യപ്പെട്ടെന്നും  കൂടുതൽ വിളച്ചിൽ കാണിച്ചപ്പോൾ അവനെ ചൂല് കൊണ്ട് നേരിട്ടെന്നും  അന്ന് മുതൽ അവൻ എനിക്കെതിരെ ഫസാദ്(പരദൂഷണം) പരത്തുകയാണെന്നും  ഭാര്യ കത്തിലൂടെ പറയുന്നു.

മാപ്പിള പാട്ടിലെ ഹൃദ്യമായ ഇശലിൽ  ഈ കവിത രചിച്ചിരിക്കുന്നത് പൂക്കോട്ട് ഹൈദർ.  കവിതയുടെ പേര് “മറിയക്കുട്ടിയുടെ കത്ത്“

1921ലെ മലബാർ കലാപത്തിന് ശേഷം  ആയിരക്കണക്കിന് മാപ്പിളമാർ കൊല്ലപ്പെടുകയും അനേകായിരം ഒളിവിലും ജയിലിലും പിന്നെ ആയിരക്കണക്കിന് നാട് കടത്തപ്പെടുകയും ചെയ്തു.100 വർഷങ്ങൾക്ക് മുമ്പ് നടന്ന ഈ സംഭവത്തിന് ശേഷം കൂനിൻ മേൽ കുരു എന്ന പോലെ കേരളം കണ്ട ഏറ്റവും വലിയ പ്രളയം (1924) നാടിനെ നരകമാക്കി. അന്നത്തിന് വക കൊണ്ട് വന്ന് തരാൻ  വീടകങ്ങളിൽ ആണൊരുത്തൻ ഇല്ലാത്ത സ്ത്രീകളും കുഞ്ഞുങ്ങളും  അനുഭവിച്ച യാതനകൾ ഏറെയാണ്. ഈ സന്ദർഭം മുതലാക്കി ദുരുദ്ദേശത്തൊടെ നാട്ടിലെ വിടന്മാർ വീട്ടമ്മമാരെ സമീപിക്കാൻ ശ്രമിച്ചു. ലഹളയെ തുടർന്നുള്ള  നിയമ നടപടികളാൽ ബെല്ലാരി  ജെയിലിൽ അടക്കപ്പെട്ട ഹസൻ കുട്ടി  എന്ന യുവാവിന്റെ യുവതിയായ ഭാര്യ മറിയക്കുട്ടിയെയും ഒരു കശ്മലൻ സമീപിച്ചപ്പോൾ ആ യുവതി അവനെ ചൂലു കൊണ്ട് നേരിട്ടു. തന്റെ കാര്യം  നടക്കാത്ത വൈരാഗ്യത്താൽ ആ ദുഷ്ടൻ  മറിയക്കുട്ടിയെ പറ്റി  ജയിലിൽ കഴിയുന്ന  ഹസൻ കുട്ടിക്ക് ഊമ കത്തയക്കുകയുണ്ടായി. ആകെ തകർന്ന ആ യുവാവ് തന്റെ ഭാര്യയുടെ അമ്മക്ക് മകളെ വിവാഹ മോചനം ചെയ്യാൻ ത്വലാക്ക്  കുറി അയക്കാൻ പോകുന്നു എന്ന് കത്തെഴുതി.ആ കത്ത് വായിച്ച  മറിയക്കുട്ടി തന്റെ നിരപരാധിത്വം ഹൃദയത്തിൽ തട്ടുന്ന വിധം ആവിഷ്കരിച്ച് വിശദമായി ഭർത്താവിന് ജയിലിലേക്ക് മറുപടി കത്തെഴുതുകയുണ്ടായി. ആ കത്താണ് പ്രസിദ്ധ  മാപ്പിള പാട്ട് കവിയായ പൂക്കോട്ട് ഹൈദർ “ മറിയക്കുട്ടിയുടെ കത്ത് എന്ന പേരിൽ മാപ്പിള പാട്ടായി പ്രസിദ്ധപ്പെടുത്തിയത്. കേൾക്കാൻ ഇമ്പമേറിയ  ഈണത്തിൽ രചിച്ച ഈ കവിത നമ്മൾ അർത്ഥമറിഞ്ഞ്  പാടിയാൽ അത് മനസ്സിനെ വല്ലാതെ തരളിതമാക്കുമെന്നുറപ്പ്.

സ്ത്രീക്കെതിരായ അപവാദ പ്രചരണം (അവൾ സുന്ദരിയാണെങ്കിൽ പിന്നെ പറയുകയും വേണ്ട)  ചില മനുഷ്യർക്ക് ഒരു ഹരമാണ്. അവരുടെ മനസ്സിലെ  അടങ്ങാത്ത ലൈംഗിക ദാഹം ഇപ്രകാരം വിഷം പരത്തുന്നതിലൂടെ അവർക്ക് ശമനം നൽകുമായിരിക്കും.  പക്ഷേ  അത് ഉണ്ടാക്കി വെക്കുന്ന ദുരന്തം അത് എത്രമാത്രമാണെന്ന് അളക്കാനാവില്ല. 

മദ്രാസ്സിൽ  പല്ലാവരത്ത് ഭൂവനേശ്വരി ആൻട് കമ്പനി എന്ന സ്ഥാപനത്തിൽ ജോലി ചെയ്ത എന്നോട് ഒരു സഹപ്രവർത്തകൻ തമാശയായി ചോദിച്ച  ചോദ്യം ഇന്നും മനസ്സിലുണ്ട്. “നിങ്ങൾ മലയാളികൾ  ഗൾഫിലും ബോംബെയിലും  മറ്റും ദീർഘകാലം ജോലിക്കായി മാറി നിൽക്കുമ്പോൾ  നിങ്ങളുടെ സ്ത്രീകൾ എന്ത് ചെയ്യും“ എന്ന്. ആ തമിഴ് നാട്ട്കാരന്റെ കാഴ്ചപ്പാടിൽ സ്ത്രീകൾ ഇങ്ങിനെ ദാഹാർത്തരായി  കഴിഞ്ഞ് വരികയാണ്.

ഈ കാഴ്ചപ്പാടോടെ സ്ത്രീകളെ ദുരുദ്ദേശത്തൊടെ സമീപിക്കുമ്പോൾ ശക്തമായ     പ്രതികരണം സ്ത്രീയിൽ നിന്നും നേരിട്ടാൽ പിന്നെ അവളെ താറടിക്കുകയായി അവന്റെ ജോലി.

യുഗങ്ങൾ കഴിഞ്ഞിട്ടും ലോകമാകെ മാറിയിട്ടും  മനുഷ്യരിലെ ഈ ദുർ സ്വഭാവം  ഇപ്പോഴും അവസാനിക്കുന്നില്ല എന്ന് പല വാർത്തകളിൽ നിന്നും  തിരിച്ചറിയുമ്പോൾ  മറിയക്കുട്ടിയുടെ കത്തിനെ പറ്റി ഓർത്ത് പോയി.

Tuesday, July 20, 2021

4000 വർഷങ്ങൾക്ക് മുമ്പ്...

4000 വർഷങ്ങൾക്ക് മുമ്പ്  ഒരു കാപ്പിരി സ്ത്രീ തന്റെ ശിശുവിന്  ഒരിറ്റ് വെള്ളത്തിനായി  സമീപസ്തമായ രണ്ട് മലകളുടെ മുകളിലേക്ക്  മാറി മാറി ഓടി കയറി നിരീക്ഷണം നടത്തി അടുത്തെവിടെയെങ്കിലും ജലത്തിന്റെ  സാന്നിദ്ധ്യം ഉണ്ടോ.?

കടന്ന് പോയ നാലായിരം വർഷങ്ങൾക്ക് ശേഷം ഇന്നും ജന ലക്ഷങ്ങൾ ആ സ്ത്രീയെ പിന്തുടർന്ന് ഈ രണ്ട് മലകളുടെ മുകൾ പരപ്പിലേക്ക് ഓടി കയറുന്നു. ഒന്നിൽ നിന്നും ഇറങ്ങി അടുത്തതിലേക്ക് നടക്കുമ്പോൾ ചിലയിടങ്ങളിലെത്തുമ്പോൾ ആ സ്ത്രീ വേഗത കൂട്ടാനായി ഓടി. ആ സ്ഥലത്തെത്തുമ്പോൾ  ഇന്നും ലക്ഷോപ ലക്ഷങ്ങൾ  ആ മാതാവിനെ അനുകരിച്ച് നടത്തത്തിന് വേഗത കൂട്ടാനായി ഓടുന്നു. ചക്രവർത്തിയും മന്ത്രിമാരും രാഷ്ട്ര തലവന്മാരും  കൂലി വേലക്കാരും  ഉയർച്ച താഴ്ച ഇല്ലാതെ അവിടെ എത്തുന്ന എല്ലാവരും  ആ കർമ്മം ചെയ്തേ മതിയാകൂ. ഹാജറായുടെ പാത പിൻ തുടരൽ.

കാലങ്ങളായി മനുഷ്യരുടെ ഇടപെടൽ മൂലം ആ മലകളുടെ ഉയരം സാരമായി കുറഞ്ഞിരിക്കുന്നിപ്പോൾ. എങ്കിലും വർഷം തോറും ജനങ്ങൾ ഇവിടെത്തി പല കർമ്മങ്ങളോടൊപ്പം ആ കർമ്മവും ഏഴ് തവണ ആവർത്തിക്കുന്നു. അത് ഒഴിവാക്കിയാൽ തീർത്ഥാടന ലക്ഷ്യം അപൂർണമാകുമല്ലോ. ആ മലകളുടെ പേര് സഫാ.....മർവാ.... ആ കാപ്പിരി മാതാവിന്റെ പേര് ഹാജറാ..ആ കുഞ്ഞിന്റെ പേര് ഇസ്മയിൽ.

15 വർഷങ്ങൾക്ക് മുമ്പ് ഈയുള്ളവനും ആ വഴിത്താരയിലൂടെ ഏഴ് തവണ നടക്കുകയും ഓടുകയും ചെയ്തു.

ആ പുണ്യ ഭൂമിയിൽ എത്തിയിട്ട് ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ജനങ്ങൾ ഇവിടെത്തുന്നു. കഴിഞ്ഞ ദിവസം പുണ്യ മന്ദിരത്തിന്റെ  പുറത്ത് തളത്തിൽ  എത്രയോ ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ ആ ഗേഹത്തെ നോക്കി ഇരിക്കുമ്പോൾ എന്റെ അടുത്തിരുന്ന ഒരു നീഗ്രോ വൃദ്ധൻ എന്നെ സൂക്ഷിച്ച് നോക്കി. ഞാൻ ആംഗ്യം കൊണ്ട് (അതാണല്ലോ അവിടത്തെ പ്രധാന ഭാഷ) നാട് ചോദിച്ചു. അയാൾ തന്റെ കയ്യിലെ അടയാള വള ( അവിടെ എത്തുന്ന എല്ലാവർക്കും തിരിച്ചറിയിലിനായി രാഷ്ട്രത്തിന്റെ പേര് രേഖപ്പെടുത്തിയ സ്റ്റീൽ വ്സ്ളകൾ ധരിപ്പിക്കാറുണ്ട്.) ചൂണ്ടിക്കാണിച്ചു. അതിൽ ചാറ്റ് എന്ന് കാണിച്ചിരിക്കുന്നു, ആഫ്രിക്കയിലെ ഒരു നാട്. അവിടെ ഏതോ സ്ഥലത്തെ ആ മനുഷ്യനും ഇന്ത്യയിലെ  ഒരു മൂലയിൽ താമസിക്കുന്ന ഞാനും പരസ്പരം അടുത്തിരുന്ന് ആശയ വിനിമയം ചെയ്യണമെന്ന് വിധി ഉണ്ടായിരുന്നു. അത് ഇപ്പോൾ നടപ്പിൽ വരുകയാണ്. ഇന്നലെ ഞാൻ താമസിക്കുന്ന അസീസിയാ ഭാഗത്തെ പള്ളിയിൽ പ്രാർത്ഥനക്കായി കാത്തിരിക്കുമ്പോൾ  വെളുത്ത താടിയാൽ അലംകൃതമായ  ഐശ്വര്യം തിളങ്ങുന്ന മുഖത്തിന്റെ ഉടമയായ  ഒരു ഉപ്പാപ്പാ എന്റെ കയ്യിലെ വളയിൽ നോക്കി വായിച്ചു....“ഇൻഡ്യാ...“ ഞാൻ തലകുലുക്കി. അയാൾ അടുത്തതായി പറഞ്ഞു ..“ഇന്ദിരാ ഗാന്ധി...“ ഞാൻ വീണ്ടും തല കുലുക്കി എന്നിട്ട് മലയാളത്തിൽ പറഞ്ഞു “ ആ മഹതി കടന്ന് പോയിട്ട് വർഷങ്ങളായി മൂപ്പരേ!...“ അയാൾ എന്തോ ആലോചിച്ചു പിന്നെയും പറഞ്ഞു ..“രാജ് കപൂർ...“ അടുത്തിരുന്ന അതേ ആകൃതിയിലുള്ള വേറൊരു  മൂപ്പിലാനും വിടർന്ന ചിരിയോടെ പറഞ്ഞു...“ രാജ് കപൂർ...ഇൻഡ്യാ...“ ഞാൻ തലകുലുക്കൽ തുടർന്നു. അതേ കാർന്നോന്മാരേ..രാജ് കപൂറെന്ന അഭിനയ സാമ്രാട്ടിന്റെ നാട്ടിൽ നിന്നാണ്` ഞാൻ...“ വർഷങ്ങളെത്ര കഴിഞ്ഞിട്ടും രാജ് കപൂറിനെ ഓർമ്മിക്കുന്ന അവരുടെ നാടറിയാൻ  വളകൾ നോക്കി.  “ഉസബക്കിസ്ഥാൻ..“ എന്ന് കണ്ടു. 

ലോക മഹാ സംഗമ ത്തിന് വരുമ്പോൾ  ചാറ്റ്കാരനും ഉസബക്കിസ്ഥാനിയും ഗൗരവത്തിന്റെ ആൾ രൂപമായ ടർക്കികളും വിനയത്തിന്റെയും വിടർന്ന ചിരിയുടെയും ഉടമകളായ ഫിലിപ്പെയിനികളും, ഇൻഡോനേഷ്യക്കാരും ചുവന്ന് തുടുത്ത ഫ്രഞ്ച്കാരനും ഇംഗ്ളീഷുകാരനും അതികായന്മാരായ അഫ്ഗാനികളും  എല്ലാമെല്ലാം നമ്മുടെ പരിചയക്കാരായി മാറുന്നു.

 ഒരൊറ്റ ജനത, ഒരേ ലക്ഷ്യം ഒരേ  കർമ്മം ഈ തീർത്ഥാടനത്തിന്റെ  ലക്ഷ്യങ്ങളിൽ ഒരെണ്ണമതായിരിക്കാം....(തുടരും)

Monday, July 19, 2021

മദീനാ എന്നാൽ പട്ടണം...

 പതിനഞ്ച് വർഷങ്ങൾക്ക് മുമ്പുള്ള ഒരു പുലരി. കൃത്യമായി പറഞ്ഞാൽ 19.12.2005.

പ്രഭാത പ്രാർത്ഥന കഴിഞ്ഞ ഈ നേരം  ചന്ദ്രൻ ഒരു അരിവാൾ കല പോലെ  പള്ളി മിനാരങ്ങൾക്ക് അപ്പുറത്ത് നീലാകാശത്ത് കാണപ്പെട്ടു. ചാന്ദ്രിക മാസമായ ദുൽഖൈദ് അവസാനത്തിലേക്കെത്തിയിരിക്കുന്നു.

പുലരിയിലെ മൂടൽ മഞ്ഞ് മാറി പ്രകാശം വിതറുന്ന വെയിലുമായി വരുന്ന പ്രഭാതത്തെ പ്രതീക്ഷിച്ച്  മാർബിൽ പാകിയ തറയിൽ ഞാനിരുന്നപ്പോൾ എന്റെ ചിന്തകൾ നൂറ്റാണ്ടുകൾക്കപ്പുറത്തേക്ക്  കടന്ന് ചെന്നു. അന്ന് ഇവിടെ മാർബിൾ പാകിയിട്ടില്ല. വെറും പൂഴി മണൽ നിറഞ്ഞ പ്രദേശം.പ്രഭാത നമസ്കാനന്തരം ആ മഹാനുഭാവൻ കർമ്മനിരതനായി പള്ളിയിലിരുന്ന്  കൂടി ആലോചനകൾ, ചർച്ചകൾ, എന്നിവക്ക് നേതൃത്വം നൽകി കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും അത് ശിരസാ വഹിക്കാൻ അനുയായി വൃന്ദം തയാറായി നിന്നിട്ട് പോലും അദ്ദേഹം മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കൂടി കേട്ടിട്ട് തീരുമാനത്തിലെത്തുന്നു.

പള്ളിയോട് ചേർന്ന് തന്നെ പ്രിയ പത്നിമാരുടെ ഗൃഹങ്ങൾ സ്ഥിതി ചെയ്തിരുന്നു. ഗൃഹങ്ങൾ എന്ന് പറഞ്ഞപ്പോൽ ഞാൻ കരുതി ഓരോ ചെറിയ വീട് എന്ന്. അല്ല, അതെല്ലാം വെറും ഓരോ ചെറു  മുറികൾ മാത്രമായിരുന്നല്ലോ.അതിൽ ഭാര്യ കിടന്നാൽ അവരെ മുട്ടാതെ നമസ്കരിക്കാൻ സാധിക്കാത്ത വിധമുള്ള  മുറികൾ. ഇന്ന് അതെല്ലാം കെട്ടി അടക്കപ്പെട്ട മതിലുകൾക്കുള്ളിലാണ്.

അവസാനം അദ്ദേഹം കഴ്ഞ്ഞിരുന്ന പ്രിയ പത്നി ആയിഷയുടെ ഗൃഹത്തിൽ തന്നെ ആ പുണ്യ പുരുഷനെ മറമാടി. പിന്നീട് സന്തത സഹചാരികളായ ഉറ്റ മിത്രങ്ങൾ രണ്ട് പേരും അബൂ ബക്കറും  ഉമറും അവിടെ തന്നെ മറമാടപ്പെട്ടു.

അൽപ്പ നേരം മുമ്പ് ആ കുടീരം ഒരു നോക്ക് കാണാൻ തിരക്കിലൂടെ ഞാൻ കടന്ന് ചെന്നുവല്ലോ. അവിടെ എത്തിയപ്പോൾ ആ മൂന്ന് പേർക്കും അത്യുന്നതന്റെ സമാധാനവും കാരുണ്യവും  ഉണ്ടാവട്ടെ എന്ന് വിശ്വാസികൾ ആശംസകളർപ്പിച്ചിരുന്നു. ആ പുണ്യ ദേഹം സ്ഥിതി ചെയ്യുന്ന യാതൊരു അലങ്കാരവും പ്രൗഡിയും ഇല്ലാത്ത ആ  സ്ഥലെത്തുമ്പോൾ അനിർവചനീയമായ അനുഭൂതിയാണ് മനസ്സിൽ നിറയുക.

 കാഴ്ചയിൽ ഉത്തരേന്ത്യക്കാരനെന്ന് തോന്നുന്ന  ഒരു മദ്ധ്യ വയസ്കൻ അവിടെ നിന്ന് ഉച്ചത്തിൽ “നബിയേ! എന്നെയും കുടുംബത്തെയും കാത്ത് കൊള്ളണേ“ എന്ന് ഉരുദുവിൽ പ്രാർത്ഥിക്കുന്നതും ചെറുപ്പക്കാരനായ ഒരു ഷേക്ക് അയാളുടെ തോളിൽ തട്ടി  “ പ്രവാചകനോടല്ല, ദൈവത്തോടാണ് പ്രാർത്ഥിക്കേണ്ടതെന്നും“   അയാളെ ഉറുദുവിൽ തന്നെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നതും  കണ്ടു, ആ ഷേക്ക് പോലീസ് ഓഫീസറാണെന്ന് പിന്നീട് മനസ്സിലായി. 

ഇപ്പോൾ ഞാൻ ഇരിക്കുന്ന  മാർബിളിന് താഴെയുള്ള  മണൽ പര പ്പിലൂടെയായിരുന്നു, പ്രവാചകൻ നടന്നിരുന്നത് എന്ന സത്യം എന്റെ ഉള്ളിലേക്ക് അലിഞ്ഞിറങ്ങി. അദ്ദേഹം ബദർ രണാങ്കണത്തിലേക്ക് , ഉഹദ് രണാങ്കണത്തിലേക്ക് ഖന്തക്കിലേക്കും ഈ മണലിൽ കൂടിതന്നെ.പോയി. ഇന്ന്  ലോക ജനസംഖ്യയിലെ അഞ്ചിലൊന്ന് ഭാഗം അനുയായികൾ  ആരംഭിച്ചതും ഇവിടെ നിന്ന് തന്നെ. അറേബ്യയിലെ ഒരു ഓണം കേറാ മൂലയായ ഈ പട്ടണം രാഷ്ട്രീയ കേന്ദ്രമായി തീർന്നു. മദീനാ എന്നതിന് പട്ടണം എന്നാണ്` അർത്ഥം. ആ പേർ തന്നെ പട്ടണത്തിന്റെ പേരായി മാറിയത് പിൽക്കാല ചരിത്രം.

 പുലരി വെട്ടത്തിൽ ആകാശത്തേക്ക് നോക്കി ഈ പള്ളിയുടെ മുമ്പിലെ  മാർബിൽ തറയിലിരുന്നപ്പോൾ  ഓർമ്മകൾ തലച്ചോറിലൂടെ  തിരകളിളക്കി വന്നു കൊണ്ടിരുന്നു.  ( തുടരും)

Thursday, July 8, 2021

കോവിഡ്..ഒരു തിരിഞ്ഞ് നോട്ടം

 ഇന്ത്യയിൽ കോവിഡ് ആദ്യമായി രംഗപ്രവേശനം നടത്തിയത് ഈ കൊച്ച് കേരളത്തിലാണ്.2020 ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരുന്നു അത് സംഭവിച്ചത്. തുടർന്ന് സർക്കാർ മെഷീനറി ജാഗരൂകമായി . ജനങ്ങൾ ജാഗ്രതയിലും ഭയത്തിലുമായി. എല്ലാ ദിവസവും സന്ധ്യാ നേരം ആദ്യ ദിവസങ്ങളിൽ ആരോഗ്യ മന്ത്രിയും പിന്നീട് നാളിത് വരെ മുഖ്യ മന്ത്രിയും വന്ന് ചാനലുകളിലൂടെ ജനത്തിനെ അപ്പോഴപ്പോഴുള്ള വിവരങ്ങളും നിർദ്ദേശങ്ങളും അറിയിച്ച് കൊണ്ടിരുന്നു.

ജനവും പട്ടിയെ കണ്ട പൂച്ചയെ പോലെ വാൽ വണ്ണം വെപ്പിച്ച് കോവിഡിനെ നേരിടാൻ തയാറെടുപ്പ് നടത്തി. മുഖത്തിനെ തുണി ഉടുപ്പിക്കുകയും കൈകളിൽ  സാനിറ്ററൈസ് എന്ന ലേപനം പുരട്ടുകയും ഭാര്യയിൽ നിന്ന് പോലും അകലം പാലിക്കുകയും ചെയ്തു. എവിടെയെങ്കിലും രോഗം ഉണ്ടെന്നറിഞ്ഞാൽ  ബോംബ് നിർവീര്യമാക്കാൻ കവച കുണ്ഡലമണിഞ്ഞ് വരുന്നവരെ പോലെ രക്ഷാ പ്രവർത്തകർ ആസകലം മൂടുന്ന തുണി ഉടുത്ത് രോഗിയെ കയ്യോടെ കസ്റ്റഡിയിലെടുത്ത് ആംബുലൻസിൽ കയറ്റി  സൈറൺ അകമ്പടിയോടെ ബന്ധപ്പെട്ട കോവിഡ് ആശുപത്രികളിലേക്ക് പറന്നു. നാട്ടുമ്പുറങ്ങളിലും നഗര പ്രദേശങ്ങളിലും സൈറൺ കേൾക്കുമ്പോൾ ജനം വിരണ്ടു “ദാ! ഒരെണ്ണത്തിനെ കൊണ്ട് പോകുന്നു“ എന്ന് ചുണ്ടിന് കീഴിൽ ഉരുവിടാൻ തുടങ്ങി. ചികിൽസ കഴിഞ്ഞ് തിരിച്ച് എത്താൻ ഭാഗ്യം സിദ്ധിച്ചവർ ആശുപത്രി വിശേഷങ്ങൾ  വിശദമായി ഫോണിലൂടെയും മുഖപുസ്തകാദികളിലൂടെയും  പുറത്ത് വിട്ടു. എന്തായാലും ഈ “സംഗതി അൽപ്പം  സീരിയസാണെന്ന്  ജനം തിരിച്ചറിയുകയും മുഖത്ത് തുണി ഉടുക്കാനും ലേപനം പുരട്ടാനും  കട കമ്പോളാദികൾ അടച്ചിടാനുള്ള സർക്കാർ നിർദ്ദേശങ്ങൾ ഒരു മടിയും കൂടാതെ അനുസരിക്കുകയും കല്യാണങ്ങളിൽ  ബിരിയാണിയും മറ്റും പൊതികളിലാക്കി അതിഥികൾക്ക് നൽകുകയും  അസൗകര്യങ്ങൾക്ക് മാപ്പ് പറയുകയും ചെയ്തു . ജനം പുറത്തിറങ്ങാതെ സൂക്ഷ്മത പാലിച്ചു.ആട്ടോ റിക്ഷാക്കാർ വീടൂകളിൽ തലക്ക് കയ്യും വെച്ചിരിക്കുകയും ടാക്സ് അടക്കാനുള്ള ടെസ്റ്റ് മുതലായവയുടെ തീയതികൾ സർക്കാർ നീട്ടി തന്നതിനെ പ്രകീർത്തിക്കുകയും കിറ്റുകൾ സമയാസമയം കൈ പറ്റുകയും പെൻഷൻ കൈ പറ്റാൻ ബാങ്കുകളിൽ ക്യൂ നിൽക്കുകയും ചെയ്തു.

സായിപ്പിന്റെ ഭാഷ അറിയാത്തവനും പോസറ്റീവ് നെഗറ്റീവ് തുടങ്ങിയ വാക്കുകൾ കാണാ പാഠമാക്കി. കമ്പോള കാഴ്ചകൾ  കാണാനുള്ള കൊതിയോടെ പുറത്തിറങ്ങിയവരെ പോലീസ് തുരത്തി ഓടിക്കുകയും കയ്യിൽ കിട്ടിയവർക്ക് പിഴ അടിച്ച കായിതം ഒപ്പിട്ട് നൽകുകയും ചെയ്തു. വടക്കെങ്ങാണ്ട് ഒരു വലിയ പോലീസ് ഏമാൻ  കടത്തിണ്ണയിലിരുന്നവരെ 50 ഏത്തം വീതം ഇടീപ്പിച്ച് നല്ല പിള്ളാരാക്കി.

സർക്കാർ മുൻ കരുതലെന്ന നിലയിൽ പ്രവാസികളെയും അന്യ സംസ്ഥാനക്കാരെയും നാട്ടിലെത്തുന്നതിൽ നിന്നും കടമ്പ കെട്ടി തടയുകയും  പിന്നീട് ആ കർശനതയിൽ അയവ് വരുത്തി  നാട്ടിൽ വന്നാൽ  വൃതം നോറ്റവനെ പോലെ ഭാര്യയെ പോലും സ്പർശിക്കാനോ നോക്കാനോ നിശ്ചിത തീയതി വരെ നിരോധനം ഏർപ്പെടുത്തി വീടിനുള്ളിൽ പ്രത്യേക മുറിയിൽ പ്രത്യേക ചട്ടിയും കലവും  തുപ്പൽ കോളാമ്പിയുമായി മനസ്സും ശരീരവും നിയന്ത്രിച്ച് കഴിഞ്ഞോളാൻ നിർദ്ദേശിച്ചു. അത് പാലിക്കാൻ കൂട്ടാക്കാത്ത തെക്കെങ്ങാണ്ട്  പത്തനം തിട്ട ദേശത്തെ  പ്രവാസി  വീട്ടിൽ നിന്നും പുറത്ത് ചാടി അങ്ങാടിയിൽ വന്ന വിവരം “ ദാണ്ടെ...ആള് പുറത്ത് ചാടിയേയ് “ എന്ന്  അയൽ വാസിയോ സ്വന്തം വീട്ടിലുള്ളവരോ വിളിച്ചറിയിച്ചതിനെ തുടർന്ന്  ആരോഗ്യ പ്രവർത്തകരും പോലീസും കൂടി ഓടിച്ചിട്ട് പിടിക്കുകയും  ടിയാനെ ബാക്കി കാലം കൂടി ക്വാറന്റൈനിൽ ( ആ വാക്കും നാട്ടുമ്പുറങ്ങളിൽ സുപരിചിതമായി) ഇരുത്തുകയും ചെയ്തു.

എന്തിനേറെ പറയുന്നു, എണ്ണയിട്ട മെഷീൻ പോലെയുള്ള ഈ പ്രവർത്തികൾ കാരണം കേരളത്തിലെ കോവിഡ് നിയന്ത്രണം ലോക രാഷ്ട്രങ്ങൾ അഭിനന്ദിക്കുകയും  കേരളം മറ്റ് സംസ്ഥാനങ്ങളേക്കാളും  കോവിഡ് പ്രതിരോധത്തിന് മുമ്പിലെത്തുകയും കോവിഡ് ബാധിതരുടെ എണ്ണം  പ്രതിദിനം രണ്ടക്കത്തിലും മരണം ആകെ  പത്തിന് താഴെ നിൽക്കുകയും ചെയ്തു. ജനം ആശ്വാസ പൂർവം നെടുവീർപ്പിട്ടു. ഹോ! ഈ നാശത്തിനെ നമ്മൾ പിടിച്ച് കെട്ടിയല്ലോ ഇനി പാത്രം കൊട്ടുകയോ വിളക്ക് തെളിക്കുകയോ ഒന്നും വേണ്ടല്ലോ എന്ന് സമാധാനപ്പെട്ടു. കട കമ്പോളങ്ങൾക്ക് പതുക്കെ അനക്കം വെച്ചു, വാഹനങ്ങൾ നിരത്തുകളിൽ  ഉരുളാനും തട്ടു ദോശയും മുട്ട ആമ്ലറ്റും വഴിയോരങ്ങളിൽ പ്രത്യക്ഷപ്പെടാനും  ജനത്തിന്റെ മുഖത്തെ തുണി പലപ്പോഴും മൂക്കിന് താഴെ  ഇറക്കി വെച്ച് ഉടുക്കാനും തുടങ്ങി.

അങ്ങിനെ കോവിഡ് നിരാശനായി  ബാഗുമെടുത്തു ബസ് സ്റ്റാന്റിൽ  തിരികെ പോകാൻ ബസ്സു കാത്ത് നിന്നപ്പോളാണ് ചെകുത്താൻ വേദമോതിയത്.“ എടേയ്, നീ പോകാൻ വരട്ടെ, തെരഞ്ഞെടുപ്പ് വരണുണ്ട് എന്ന്“ 

പിന്നത്തെ കഥ പറയേണ്ടല്ലോ, തുണി ഉടുക്കാത്തവരും(മുഖത്ത്) ലേപനം പുരട്ടാത്തവരും അകലം പാലിക്കാത്തവരും , എണ്ണാമെങ്കിൽ എണ്ണിക്കോ ലച്ചം ലച്ചം പിന്നാലേ എന്ന് മുദ്രാവാക്യം വിളിച്ച് നിരത്തുകളിലൂടെ തിങ്ങി നിറഞ്ഞ് ഒഴുകി. ഒരു കൂട്ടർക്ക് ഭരണം നില നിർത്താൻ, എതിർ കക്ഷികൾക്ക് ഭരണം പിടിച്ച് പറ്റാനും പൊരിഞ്ഞ വാശി. കിം ഫലം, കോവിഡ് കയറി അങ്ങ് മേഞ്ഞ് കൊടുത്തു. സന്ധ്യാ നേരത്തെ പ്രതി ദിന കണക്ക് രണ്ടക്കം, മൂന്നക്കമായി, മൂന്ന് നാലായി, നാല് അഞ്ചായി, മരണ എണ്ണം എലി വാണം പോലെ മുകളിലേക്ക് കുതിച്ചു. അതിൽ തന്നെ കോവിഡ് വന്ന് മരിച്ചവരും അല്ലാത്തവരും എന്ന് തർക്കം ആയി. ചക്ക തലയിൽ വീണ് ചത്തവനും കോവിഡ് ചേകോൻ ആകുമോ എന്ന ചോദ്യങ്ങൾ ഉണ്ടായി   ആകെ പുകില്.

ഇതിനിടയിൽ  കോവിഡ് രോഗികളുടെ എണ്ണം കുട്ടയിലും ദേ! അവിടെയും കൊള്ളാതെ വന്നപ്പോൾ  പണ്ടത്തെ പോലെ പിടിച്ചോണ്ട് പോകുന്ന പതിവ് അങ്ങ് നിർത്തി,  ...വലിയ അസുഖമില്ലാത്തവരെല്ലാം  വീട്ടിൽ തന്നെ കഴിഞ്ഞാലും കുഴപ്പമില്ലാ എന്നിടത്തെത്തി കാര്യങ്ങൾ. അവിടെ കുഴപ്പങ്ങൾ ആരംഭിച്ചു, ജനത്തിന്റെ ആ ഭയം...ജാഗ്രത അതങ്ങ് പോയി. രോഗം വന്നാൽ ത്ന്നെ പുറത്ത് പറയാത്ത എത്ര എണ്ണം എല്ലായിടങ്ങളിലുമായി.   രോഗ പകർച്ച വർദ്ധിച്ചു.

 ജനത്തിന്റെ കാഴ്ചപ്പാട് പണ്ടത്തെ മൂപ്പിലാന്മാരെ പോലെ “ ഓ! ഇതെന്തിരു കോവിഡ്, പണ്ട്...സർ.സി.പിയുടെ കാലത്തെ കോവിഡാ,,,കോവിഡ്...“ എന്ന മട്ടിലായിപ്പോൾ..

നാളിത് വരെയുള്ള കോവിഡ് കാല നിരീക്ഷണത്തിൽ  വാക്സിനേക്കാളും    പ്രധാനമായി ജനത്തിനു ആവശ്യമുള്ളത്  ജാഗ്രത, സൂക്ഷ്മത, രോഗത്തെ പറ്റിയുള്ള ഭയം ,എന്നിവയാണ് എന്ന് വെളിവാകുന്നത്. ഇവയില്ലാതെ കോവിഡിനെ പിടിച്ച് കെട്ടാനാകുമെന്ന് തോന്നുന്നില്ല.

Wednesday, July 7, 2021

ദിലീപ് കുമാർ അനശ്വര നടൻ

 ദിലീപ് കുമാർ...പകരം വെക്കാനില്ലാത്ത താര രാജാവ്.

പഴയ തലമുറയും പുതിയ തലമുറയും ഒരേ പോലെ ഇഷ്ടപ്പെടുന്ന അഭിനയ ശൈലിയുടെ ഉട്മസ്ഥനായിരുന്നു ദിലീപ് കുമാറെന്ന യൂസുഫ് ഖാൻ.

അൻപത് വർഷത്തെ സിനിമാ ജീവിതത്തിൽ കേവലം 65 ചിത്രങ്ങളിൽ മാത്രം അഭിനയിച്ചിട്ടും അതൊരു വലിയ  അക്കമായാണ്` സിനിമാ ലോകത്തുള്ളവർ കണക്കാക്കുന്നത്. കാരണം മിക്കവാറും വർഷത്തിലൊരിക്കൽ മാതം ഇറങ്ങുന്ന അദ്ദേഹത്തിന്റെ  ചിത്രങ്ങൾക്കായി ഇങ്ങ് തെക്കുള്ള മലയാളികൾ വരെ കാത്തിരുന്നിരുന്നു എന്നത് തന്നെ  അദ്ദേഹത്തിന്റെ അഭിനയ ശൈലിയുടെ പെരുമ ചൂണ്ടിക്കാണിക്കുന്നു. 

അദ്ദേഹത്തെ സംബന്ധിച്ച് ഇന്ന് ജീവിച്ചിരിക്കുന്ന  അമിതാ ബചൻ ഉൾപ്പടെയുള്ള നടന്മാർ ബഹുമാനത്തോടെ മാത്രമേ സംസാരിച്ചിരുന്നുള്ളൂ. 

മലയാളത്തിലെ പ്രസിദ്ധ സംവിധായകൻ ഫാസിൽ 2015 ജനുഅരിയിലെ മാധ്യമം ആഴ്ചപ്പതിപ്പ് 883 ലക്കത്തിൽ ദിലീപ് കുമാർ ഒരു പാഠ പുസ്തകം എന്ന പേരിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന് മറുപടിയായി  ഞാൻ എഴുതിയ കുറിപ്പുകൾ വാരികയിൽ പിന്നീട് പ്രസിദ്ധീകരിച്ച് വന്നിരുന്നു. അതിന്റെ സംക്ഷിപ്തം താഴെ ചേർക്കുന്നു:------ ദിലീപ് കുമാറിനെ പറ്റിയുള്ള ഞങ്ങളുടെ തലമുറയിൽ പെട്ടവരുടെ അഭിനിവേശം ആ കുറിപ്പുകളിൽ നിന്നും ലഭിക്കും.

“.......ഞങ്ങളുടെ തലമുറയിൽ പെട്ടവരുടെ ഹരമായിരുന്നു ദിലീപ് കുമാർ.......ആലപ്പുഴയിലെ മുഹമ്മദൻ സ്കൂളിൽ ഹൈസ്കൂൾ പഠന കാലത്ത് ദിലീപ് കുമാറിന്റെ കടുത്ത ആരാധകനായിരുന്നു ഫാസിൽ എന്ന് ഒരു ക്ളാസ്സിൽ ഒരുമിച്ച് പഠിച്ചിരുന്ന ഞാനിപ്പോഴും ഓർമ്മിക്കുന്നു......മുഗൽ ഇ..അസം എന്ന പ്രസിദ്ധ ചിത്രത്തിൽ  “പ്യാർ കിയാതോ ഡർനാ ക്യാ“ എന്ന പാട്ട് രംഗത്തിൽ അടുത്ത് നിന്ന തോഴിയോട്  മാറ്..അകന്ന് മാറി നിൽക്ക്...എന്ന് സലീം രാജകുമാരൻ ശരീരം കൊണ്ടല്ലായിരുന്നു പറഞ്ഞത് ഭാവ രഹിതമായ എന്നാൽ എല്ലാ ഭാവവും ഉൾക്കൊള്ളിച്ച  ശാന്തമായ ഒരൊറ്റ നോട്ടം കൊണ്ട്കൽപ്പിച്ചപ്പോൾ തോഴി പതുക്കെ  പതുക്കെ പുറകോട്ട് പോകുന്ന ആ രംഗം കാണുന്ന ഏവർക്കും ആ നടൻ എന്താണ് നോട്ടത്തിലൂടെ കൽപ്പിച്ചതെന്ന് എളുപ്പം മനസ്സിലാക്കാൻ കഴിയുമായിരുന്നുവല്ലോ.അത് പോലൊരു രംഗം അഭിനയിച്ച് ഫലിപ്പിക്കാൻ ദിലീപിനല്ലാതെ മറ്റാർക്കാണ് കഴിയുക......

ഗോസിപ്പുകളാൽ മലീമസമാക്കപ്പെട്ട  ബോംബെ സിനിമാ ലോകത്ത് ദിലീപ് കുമാർ...സൈരാബാനു...ദാമ്പത്യ ജീവിതം മാതൃകാപരമായിരുന്നു. “സൈറാ ഒരു തോഴിയായി, അമ്മയായി, മകളായി, കാവൽ മാലാഖയായി അദ്ദേഹത്തെ ഉള്ളങ്കയ്യിൽ കൊണ്ട് നടന്നു എന്ന് ഫാസിൽ നിരീക്ഷിക്കുന്നു, അതെത്ര ശരിയാണ് ഒരു വിവാഹ വാർഷികത്തിൽ ഭാര്യക്ക് സമ്മാനം നൽകുന്നതിനോടൊപ്പം “ എന്നെ ഇത്ര നാൾ സഹിച്ചതിന് ഒരു സമ്മാനം“ എന്ന് ആ അതുല്യ നടനെ കൊണ്ട് പറയിപ്പിക്കാൻ കാരണം മേൽപ്പറഞ്ഞ സത്യം അദ്ദേഹത്തിനും ബോദ്ധ്യമുള്ളതിനാലാണല്ലോ......“

അതേ ദിലീപ് കുമാറിന് പകരം ദിലീപ് കുമാർ മാത്രമേയുള്ളൂ. ഇന്ത്യൻ സിനിമാ ലോകത്തെ ഇതിഹാസം തന്നെയായിരുന്നു, ഇന്ത്യയിലെ ഏറ്റവും ഉന്നത അവാർഡുകൾക്കർഹനായ ആ മഹാനായ നടൻ....

Monday, July 5, 2021

ഇമ്മിണി ബല്യ ഒന്ന്.....



 മലയാളത്തിന്റെ  “ഇമ്മിണി ബല്യ ഒന്ന്“ മണ്ണിൽ നിന്നും വിണ്ണിലേക്ക് പോയിട്ട് ഇന്ന് 27 വർഷം കഴിയുന്നു. പകരം വെക്കാനാളില്ലാതെ ആ സിഹാസനം ഇന്നും ഒഴിഞ്ഞ് കിടക്കുന്നു. വർഷങ്ങൾക്ക് ശേഷം  അദ്ദേഹത്തിന്റെ “എടിയേയും“ തന്റെ അകലത്തെ ദേവന്റെ പുറകേ പോയി. ഇന്ന് ബേപ്പൂരിലെ വയ്യാലിൽ വീട് സുൽത്താനില്ലെങ്കിലും  അദൃശ്യനായ  ബേപ്പൂർ സുൽത്താന്റെ  എപ്പോഴുമുള്ള സാന്നിദ്ധ്യം വിളിച്ചറിയിച്ച് കൊണ്ടേ ഇരിക്കുന്നുവല്ലോ.

എന്റെ ചെറുപ്പം മുതലേ അദ്ദേഹവുമായി  കത്തിടപാടുകൾ ഉണ്ടായിരുന്നു. ഇന്നും അദ്ദേഹത്തിന്റെ പല കത്തുകളും നിധി പോലെ ഞാൻ സൂക്ഷിച്ചിട്ടുണ്ട്. അതിലൊരെണ്ണത്തിന്റെ രണ്ട് പുറവും ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഈ കത്തിൽ   അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ വിവരണങ്ങൾ നൽകിയത് കൂടാതെ മറ്റൊരു സവിശേഷമായ കാര്യം കൂടി കുറിച്ചിരിക്കുന്നു.  അതായത് “അനുരാഗത്തിന്റെ ദിനങ്ങളും ഭാർഗവീ നിലയം തിരക്കഥയും കത്തിച്ച് കളയാൻ ഭാര്യയെ ഏൽപ്പിച്ചതായിരുന്നു എന്ന്. പിന്നീടത് പ്രസിദ്ധീകരിക്കപ്പെട്ടു. എല്ലാ കത്തിലെന്ന പോലെ ഈ കത്തിലും അദ്ദേഹം എന്നെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.

 അങ്ങിനെ പല കത്തിലൂടെയുള്ള ക്ഷണം കിട്ടിയപ്പോൾ അദ്ദേഹത്തെ കാണാനുള്ള അത്യാർത്തി കൊണ്ട് തൊണ്ണൂറുകളിലെപ്പോഴോ ഞാൻ ആ സന്നിധിയിലെത്തിയതും  ആ പാവം മനുഷ്യന്റെ മുമ്പിൽ വെച്ച് തന്നെ (അന്ന് അദ്ദേഹം അസുഖ ബാധിതനായിരുന്നു) അവിടെ വന്ന് പറ്റിക്കൂടി പിൽ കാലത്ത് അവിടത്തെ കാര്യ നടത്തിപ്പ്കാരനായ ഒരു മഹാനുഭാവനാൽ അപമാനിതനായി  പടി ഇറങ്ങേണ്ടി  വന്നതും മറ്റൊരു കഥ. അതിലും രസാവാഹമായത് ആ സംഭവത്തിന് ശേഷം  ബേപ്പൂർ യാത്ര അറിഞ്ഞ എന്റെ മകൻ,  ബഷീറിന്  എഴുതിയ കത്തിന് മറുപടിയായി ബഷീർ അയച്ച കത്തിൽ “ ബാപ്പാ ഇവിടെ വന്നിരുന്നു, അപ്പോൾ ഇവിടെ ഉണ്ടായിരുന്നത് ഒരു ഭ്രാന്തനായിരുന്നു “ എന്ന വാക്കുകളാണ്. ആ പോസ്റ്റ് കാർഡ് ഇന്നും എന്റെ പഴയ ഡയറിയിൽ സൂക്ഷിച്ചിട്ടുണ്ട്..ഈ സംഭവം ഞാൻ എഴുതി പിന്നീട് മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ടു,

    തുടർന്ന്  ലോകത്തെ മുസ്ലിം സമൂഹത്തിനെ  ശരിക്കും നിരീക്ഷണം നടത്തി നിഷ്പക്ഷമായ ഒരു അഭിപ്രായവും മുകളിൽ കാണിച്ച കത്തിൽ പറഞ്ഞിട്ടുണ്ട്.. മുജാഹിദും ജമാത്തെ ഇസ്ലാമിയും സുന്നിയും ഷിയായും എല്ലാം ഈ കത്തിൽ വന്നിട്ടുണ്ട്.

വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ചരമ ദിനമായ  ഇന്ന് പഴയ ഫയൽ പരതിയപ്പോൾ  കാലത്തിന്റെ പഴക്കത്താൽ മഞ്ഞിച്ച് പൊടിയാൻ വെമ്പുന്ന ഈ കത്ത് കയ്യിൽ കിട്ടി.

 ഭാർഗവീ നിലയത്തിലെ  അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ കടമെടുത്ത് ഉപയോഗിക്കട്ടെ “ഓർമ്മകളേ ! ഉണരാതിരിക്കൂ...“   മറ്റൊരു വാക്കും പ്രയോഗിക്കട്ടെ...“എല്ലാവർക്കും മംഗളം“

Thursday, July 1, 2021

ത്രയംബകം വില്ലൊടിച്ചതാര്?

 പറഞ്ഞ് പറഞ്ഞ് പഴകിയ കഥയാണെങ്കിലും   ശേഷം പറയാൻ പോകുന്ന സംഭവത്തിന്റെ മേമ്പൊടിയായി ഈ പഴയ കഥ ഒന്നുകൂടി പറയേണ്ടി വരുന്നു. അതിന് ശേഷം സംഭവമെന്തെന്ന് പറയാം.

സ്കൂൾ പരിശോധനക്ക് വന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ  പരിശോധകൻ ക്ളാസ് മുറിയിൽ കുട്ടികളോട് ഒരു ചോദ്യം ഉന്നയിച്ചു. “ത്രയംബകം വില്ല് ഒടിച്ചതാര്?“

മെയ്തീന്റെ നേരെ കൈ ചൂണ്ടിയാണ്` പരിശോധകന്റെ ചോദ്യം.

“അള്ളാഹുവാണെ, എന്റെ ബാപ്പച്ചി, ഉമ്മച്ചി മാരാണെ ഞാനല്ല വില്ല് ഒടിച്ചത്“

മെയ്തീൻ കേണ് വീണ് സത്യം ചെയ്തു. മെയ്തീന്റെ ഉത്തരം കെട്ട പരിശോധകൻ ക്രുദ്ധനായി ക്ളാസ് ടീച്ചർ ശങ്കരൻ മാഷിനെ തീഷ്ണമായി നോക്കി ചോദിച്ചു“എന്താടോ ഇത്...?

മാഷ് ഭവ്യതയൊടെ മൊഴിഞ്ഞു..“ഉള്ളത് പറഞ്ഞാൽ സർ...മെയ്തീൻ അൽപ്പസ്വൽപ്പം കുരുത്തക്കേട് കാട്ടുമെങ്കിലും അതുമിതും ഒടിക്കുന്ന സ്വഭാവം അവനില്ലാ..“

 സംഭവം നിരീക്ഷിച്ച് കൊണ്ട് ക്ളാസ്സ് വാതിൽക്കൽ നിന്ന ഹെഡ് മാഷിന്റെ സമീപത്തേക്ക് പരിശോധകൻ അതി കോപത്തോടെ പാഞ്ഞ് ചെന്ന് ചോദിച്ചു, “എന്താടോ ഹെഡ് മാഷേ!  ഇതൊക്കെ....“

ഹെഡ് മാഷ് വരാന്തയുടെ അറ്റത്തേക്ക് ഓടി ചെന്ന്  വായിലെ മുറുക്കാൻ പുറത്തേക്ക് തുപ്പി തിരിച്ച് വന്ന് വാ പൊത്തി പിടിച്ച് അറിയിച്ചു “ശങ്കരൻ മാഷ് പറഞ്ഞതിൽ അൽപ്പം കാര്യമുണ്ട്, മെയ്തീനെ ചെറുപ്പം മുതലേ എനിക്കറിയാം, അവൻ അങ്ങനെയുള്ള വേലത്തരം കാട്ടില്ലാ....“

ഹയ്യോ!  ഹയ്യോ! എന്ന് പറഞ്ഞ് സ്വയം തലക്കടിച്ച് പരിശോധകൻ സ്വന്തം ആഫീസിലേക്ക് പാഞ്ഞ് ചെന്ന് അന്ന് തന്നെ വകുപ്പ് മേധാവിക്ക് ഈ കാര്യങ്ങൾ സവിസ്തരം റിപ്പോർട്ട് ചെയ്തു. ഒരു മാസം കഴിഞ്ഞ്  വകുപ്പ്  മേധാവിയിൽ നിന്നും ഇത് സംബന്ധിച്ച് ഒരു ഉത്തരവ്് ഇറങ്ങി.

“കാര്യങ്ങളുടെ കിടപ്പ് വശം എല്ലാം പരിശോധിച്ചതിൽ ശങ്കരൻ മാഷും ഹെഡ് മാഷും തന്ന പ്രസ്താവന സത്യമാണെന്ന് പ്രഥമ ദൃഷ്ട്യാ തെളിയുന്നതിനാൽ, മെയ്തീനെ ശിക്ഷിക്കേണ്ടെന്നും ഒടിഞ്ഞ വില്ലിന് പകരം ഒരെണ്ണം വാങ്ങി സ്കൂളിൽ സൂക്ഷിക്കാനും ആയതിന് വേണ്ടി വരുന്ന ചെലവ് രൂപാ ഓഫീസ് അക്കൗണ്ട് ഹെഡിൽ  ബില്ലെഴുതി ട്രഷറിയിൽ നിന്നും പിൻ വലിക്കാനും ഇതിനാൽ ഉത്തരവായിരിക്കുന്നു.“ 

ഈ പഴയ കഥ ഇവിടെ വീണ്ടും ഉദ്ധരിക്കാനുള്ള കാരണം ഇനി പറയാം.

ഞങ്ങളുടെ സൽമാൻ 2019 നവംബർ നാലിന് പകൽ 11 മണിക്ക് ഫുട്ബാൾ കളിക്കാനിറങ്ങിയപ്പോൾ അവന്റെ പിതാവിന്റെ  അമ്മ പുറകേ നിന്ന് “വേണ്ട മോനേ...വേണ്ടാ മോനേ! എന്ന് ഈണത്തിൽ പാടി വിളിച്ചെങ്കിലും സൽമാൻ അത് അവഗണിച്ച്  തൽസമയം തന്നെ കളിക്കാനിറങ്ങുകയും കളിക്കിടയിൽ കാൽ വഴുതി വീണ് പാദവും കാലും ചേരുന്ന ഭാഗം പൊട്ടൽ ഉണ്ടാവുകയും ചെയ്തു. തുടർന്ന് കൊല്ലം നഗരത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ട് ഒരു ശസ്ത്രക്രിയക്ക് ശേഷം ഒരു തുണ്ട് സ്റ്റീൽ റാഡും ആണികളും ഒടിവിൽ ഉറപ്പിച്ച് കുറേ ദിവസങ്ങൾക്ക് ശേഷം തിരികെ വരുകയും ചെയ്തുവല്ലോ. 

കാലിൽ ഉറപ്പിച്ച കമ്പി,  നീക്കം ചെയ്യാൻ ഒന്നര വർഷത്തിന് ശേഷം ഈ മാസം 28 തീയതിയിൽ വീണ്ടും പ്രസ്തുത ആശുപത്രിയിൽ തന്നെ അഡ്മിറ്റാവുകയും ഇന്നലെ ഒരു ഓപ്പറേഷനിലൂടെ കമ്പി നീക്കം ചെയ്യുകയും ചെയ്തു.

ഇനിയാണ് സംഭവം നടക്കുന്നത്. സൽമാന്റെ പിതാവ്  മുൻ കരുതലെന്ന നിലയിൽ മെഡിക്കൽ ഇൻഷ്വറൻസെടുത്തിരുന്നതിനാൽ ആശുപത്രി ബില്ലായ ഏകദേശം അൻപതിനായിരം രൂപയുടെ ക്ളൈം കിട്ടാനും ആ തുക ബില്ലിൽ തട്ടിക്കഴിക്കാനും അപേക്ഷ ആശുപത്രിയിൽ കൊടുത്തു. ആശുപത്രിക്കാർ ക്ളൈം അപേക്ഷ ബന്ധപ്പെട്ട ഇൻഷ്വറൻസ് ആഫീസിലേക്ക് മെയിൽ ചെയ്തു.ഇന്ന് ഡിസ്ചാർജ് ദിവസം എനിക്ക് ആശുപത്രിയിൽ നിന്നും ഫോൺ വന്നു (ക്ളൈം സംബന്ധിച്ച്സംശയ നിവാരണത്തിന് എന്റെ ഫോൺ നമ്പറായിരുന്നു ആശുപത്രിയിൽ കൊടുത്തിരുന്നത്) ഒരു കളമൊഴിയുടെ ശബ്ദമാണ് ആശുപത്രിയിൽ നിന്നും വന്നത്.

“സർ, സൽമാന്റെ ബയ് സ്റ്റാൻടറാണോ?“

അതേ! എന്ത്  വേണം മാഡം...“

“സർ, ഇൻഷ്വറൻസ്കാർ, ഒന്ന് രണ്ട് രേഖകൾ ആവശ്യപ്പെട്ടിരിക്കുന്നു, (ഒന്ന്)എഫ്.ഐ. ആറിന്റെ കോപ്പി (രണ്ട്) സൽമാന്റെ  ലൈസൻസിന്റെ കോപ്പി., ഇതുടനെ എത്തിച്ച് തരണം അല്ലെങ്കിൽ ഇൻഷ്വറൻസുകാർ ക്ളൈം അനുവദിക്കില്ല...“

എനിക്കൊരു പിടിയും കിട്ടിയില്ല ഫുട്ബാൾ കളിക്കുന്നത് ക്രിമിനൽ കുറ്റമാണോ? ഫുട്ബാൾ കളിക്കുന്നതിന് ലൈസൻസ് വേണോ?..

ഞാൻ സൽമാനോട് ചോദിച്ചു “എടാ മോനേ! നീ ഫുഡ്ബാൾ കളിച്ചപ്പോൾ എഫ്.ഐ.ആർ, ഇട്ടോ, നിനക്ക് കളിക്കാൻ ലൈസൻസ് ഉണ്ടോ?

അവൻ എന്നോട് പറഞ്ഞു, അള്ളാഹുവാണേ സത്യം ഞാൻ ആ പണിയൊന്നും ചെയ്തിട്ടില്ല.

ശ്ശെടാ! ഇതെന്ത് നാശം..ഞാൻ വീണ്ടും ആശുപത്രി മാഡവുമായി ബന്ധപ്പെട്ടു.“മാഡം ഞങ്ങളുടെ സൽമാൻ അത്തരക്കാരനൊന്നുമല്ല, അവൻ എഫ്.ഐ.ആർ. ഇടാൻ തക്ക ഒരു കുറ്റവും ചെയ്തിട്ടില്ല. അവന് ലൈസൻസുമില്ല...“

മാഡം മൊഴിഞ്ഞു“ അയ്യോ സാറേ! ഇൻഷ്വറൻസ് കമ്പനിക്കാർ ചോദിക്കുന്നത് കൊടുത്തില്ലെങ്കിൽ  ക്ളൈം പാസാക്കില്ലല്ലോ...“

ഞാൻ ശരിക്കുമൊന്ന് ചിരിച്ചിട്ട് മാഡത്തിനോട് പറഞ്ഞു, മോളേ! ഇത് ഫുഡ്ബാൾ കളിച്ച് കാൽ ഒടിഞ്ഞതാണ്, വാഹനമോടിച്ച് സംഭവിച്ചതാണെന്ന്  കരുതിയാണ്`ഇൻഷ്വറൻസ്കാർ  ആ രേഖകൾ ചോദിക്കുന്നത്.“

ഇപ്പോഴാണ്` ആ പെൺകുട്ടിക്കും കാര്യം മനസിലാകുന്നത്.

  രോഗി ചെറുപ്പക്കാരൻ..കാൽ ഒടിവ്..കമ്പി ഇടൽ... ഇൻഷ്വറൻസ്കാർ അതങ്ങ് തീരുമാനമെടുത്തു, വാഹന അപകടം തന്നെ..അപ്പോൾ എഫ്.ഐ.ആർ. നിർബന്ധം. പിന്നെ ഓടിച്ചവന് ലൈസൻസും ഉണ്ടാവണം. ഇത് രണ്ടുമില്ലെങ്കിൽ ക്ളൈം കൊടുക്കേണ്ടല്ലോ. എങ്ങിനെ ക്ളൈം കൊടുക്കാതെ കഴിച്ച് കൂട്ടണമെന്നാണ് ഇൻഷ്വറൻസ്കാരന്റെ  നോട്ടം. എന്താണ് ചോദിച്ചതെന്ന് മനസിലാകാതെ  പഴയ സ്കൂൾ മാഷിന്റെ  തരത്തിൽ പെട്ടവരാണ് ആശുപത്രിക്കാർ. അവർ ഉടനെ വടിയെടുത്ത് അപേക്ഷകരെ വിരട്ടുക, ചോദ്യത്തിന്റെ ഉള്ളിലേക്ക് പോകാൻ ശ്രമിച്ചില്ല.

അവസാനം ബന്ധപ്പെട്ട ഡോക്ടർ ഡിസ്ചാർജ് സർട്ടിഫിക്കറ്റിൽ  ഫുഡ്ബാൾ കളിച്ച വകയിൽ  അപകടമുണ്ടായി എന്നുകൂടി ചേർത്താണ് ഇൻഷ്വറൻസുകാരുടെ വായ അടപ്പിച്ചത്