Tuesday, March 30, 2021

നല്ല നിലാവുള്ള രാവിൽ

 പൂർണ ചന്ദ്രൻ അന്ന് രാത്രിയിൽ ഭൂമിയിൽ പാൽക്കടൽ ഒഴുക്കിയിരിക്കുകയായിരുന്നു.

പുന്നപ്രക്ക് തെക്ക് കാക്കാഴം പള്ളിയിലെ  ചന്ദനക്കുടത്തിന് പോയിരുന്ന ഞങ്ങൾ അവിടെ നിന്നും തിരികെ ആലപ്പുഴ വട്ടപ്പള്ളിയിലെ വീടുകളിലേക്ക് മടങ്ങുകയായിരുന്നു ആ പാതിരാവിൽ. 

ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാൻ , തടിയൻ ഷുക്കൂർ, ഖാലിദ്, സായിപ്പിന്റെ ജലാൽ, വാങ്ക് വിളിക്കുന്ന  തങ്ങളുടെ മകൻ ലത്തീഫ്, കുട നന്നാക്കുന്ന ലത്തീഫ്, ബാപ്പു മൂപ്പന്റെ മകൻ ഹംസാക്കോയ എന്നിവർ. ആ പ്രായത്തിൽ കാണിക്കാവുന്ന എല്ലാ വികൃതികളും ചന്ദനക്കുട സ്ഥലത്ത് കാഴ്ചവെച്ചതിന് ശേഷമുള്ള മടക്ക യാത്രയിലായിരുന്നു  ഞങ്ങൾ. കാക്കാഴത്ത് നിന്നും ആലപ്പുഴ വരെയുള്ള നടപ്പ്  അന്നൊരു പ്രശ്നമേ അല്ല. കുണ്ടാമണ്ടികൾ കാണിക്കാൻ കൂടെ ആളുണ്ടെങ്കിൽ  ഏത് ദൂരവും നിസ്സാരമായി തോന്നിയിരുന്ന പ്രായമായിരുന്നല്ലോ അത്.g

ഒരു പ്രശ്നമേ ഞങ്ങളെ അലട്ടിയിരുന്നുള്ളൂ. തടിയൻ ഷുക്കൂർ ഇത് പോലുള്ള    കൂട്ടു കൂടിയുള്ള യാത്രകളിൽ രാത്രി  തുണി ഉടുക്കാറില്ല. അത് അവന്റെ നിർബന്ധ സ്വഭാവമായിരുന്നു അവന്റെ കൈവശമുള്ള പല കുസൃതികളിൽ ഒരു ഇനമായിരുന്നത്. എന്തെങ്കിലും പ്രതികരിച്ചാൽ അവൻ  പറയും നമ്മുടെ ഉപ്പുപ്പാന്റുപ്പുപ്പാന്റെ ഉപ്പുപ്പാ  കാട്ടിൽ ഇങ്ങിനെയാടാ നടന്നിരുന്നേ...“  ധരിച്ചിരുന്ന വസ്ത്രങ്ങൾ തലയിൽ കെട്ടി വെച്ച് അവൻ പുല്ല് പോലെ നടന്ന് പോകും. ഞങ്ങളും അവന്റെ  തമാശയിൽ പങ്ക് ചേരുന്നതിനാൽ അവനെ ഞങ്ങളുടെ മദ്ധ്യത്തിൽ  നിർത്തിയാണ്` യാത്ര. എതിരെ വരുന്ന  വാഹനങ്ങളുടെ  ലൈറ്റ് അവനെ പ്രദർശിപ്പിക്കാതിരിക്കാൻ  മൂന്നു പേർ മുമ്പിൽ മറയായും മൂന്നു പേർ പിറകെയും തടിയനെ നടുക്കും നിർത്തി കൂട്ടം ചേർന്ന് നടക്കും. വണ്ടി പോയി കഴിയുമ്പോൾ  കൂട്ടം പിരിയും. ബീറ്റ് പോലീസുകാരെയാണ് ഞങ്ങൾ ഭയന്നിരുന്നത്.

അന്ന് പുന്നപ്ര മുതൽ വലിയ ചുടുകാട് വരെ വെള്ള മണലിന്റെ  വിശാല മൈതാനങ്ങളാണ്. നിലാവത്ത് ഞങ്ങൾ ആ മൈതാനങ്ങളിൽ ഇറങ്ങി നടന്നു. നിലാവിന്റെ  ലഹരി  മണൽ മൈതാനങ്ങളിൽ  ആസ്വദിക്കുമ്പോൾ എന്തെന്നില്ലാത്ത ആഹ്ളാദം ഉള്ളിൽ നിന്നും നുരച്ച് പൊന്തുമായിരുന്നു. മാനത്തേക്ക് നോക്കി കൂവി വിളിക്കാൻ ആർക്കും തോന്നി പോകുന്ന അന്തരീക്ഷം. സായിപ്പിന്റെ ജലാലും ലത്തീഫും ചേർന്ന് മാനത്തേക്ക് നോക്കി ഓരിയിട്ടു. ആ ഓരി ദൂരെ എവിടെയോ നായ്ക്കൾ ഏറ്റ് പിടിച്ചു. ഞങ്ങൾ അപ്പോൾ കൂട്ടം ചേർന്നു ഓരിയിട്ടു.

കുറേ ദൂരം പോയപ്പോൾ  ഞാൻ നിലാവിനെ നോക്കി ഉച്ചത്തിൽ പാടി.

“പള്ളാ തുരുത്തി ആറ്റിൽ, ഒരു നല്ല നിലാവുള്ള രാവിൽ

പണ്ടൊരു തമ്പുരാൻ വഞ്ചിയിൽ വന്നൊരു പെണ്ണിനെ കണ്ടേ..“

"ആഹാ നല്ല ജ്വരം എട്ടിന് തട്ടി പോകും..“ തടിയൻ എന്റെ സ്വരത്തെ ജ്വരമെന്ന് പറഞ്ഞ് കളിയാക്കി.

“നീ പോടാ തടിയാ...തുണി ഉടുക്കാത്ത ഹമുക്കേ...നിന്നെ പോലീസ് പൊക്കുമെടാ ഹിമാറേ...“ ഞാൻ പറഞ്ഞ് തീരുന്നതിനു മുമ്പ് ഒരു ഇട റോഡിൽ നിന്നും  മെയിൻ റോഡിലേക്ക് കയറി വന്ന   ബീറ്റ് പോലീസിന്റെ ചുവന്ന തൊപ്പി അപ്പോൾ കടന്ന് പോയ ഒരു വാഹനത്തിന്റെ വിളക്ക് വെട്ടത്തിൽ കാണപ്പെട്ടു. 

തടിയന് തുണി ഉടുക്കാൻ സമയം കിട്ടാത്തതിനാൽ അടുത്ത് കാണപ്പെട്ട ഇട വഴിയിലേക്ക് ഞങ്ങൾ കൂട്ടത്തോടെ കടന്നു. തടിയൻ ഇടവഴിയുടെ വശത്ത് വേലിക്കരുകിൽ കുത്തി ഇരുന്നു. പോലീസ് ഞങ്ങളെ കണ്ടിരുന്നു. അവർ ഇടവഴിയുടെ അറ്റത്ത്  വന്ന് നിന്ന് ചോദിച്ചു“

“ആരെടാ അവിടെ?....എന്താടാ ചെയ്യുന്നേ...ഇവിടെ വാടാ...എല്ലാവരും...“

ഞങ്ങൾ അവരുടെ സമീപം പതുക്കെ ചെന്നു നിന്നു. തടിയൻ അവിടെ തന്നെ കുത്തി ഇരുന്നു.

“എന്ത് ചെയ്യുവാടാ അവിടെ....“ തടിയനെ നോക്കിയാണ്` ആ പോലീസ് ഗർജനം

“തൂറുകയാണ് ഏമാനേ....“ അവന്റെ കൂളായുള്ള മറുപടി.

പോലീസുകാരനിലൊരാൾ അവന്റെ നേരെ കയ്യിലുണ്ടായിരുന്ന ടോർച്ചടിച്ചു.

“തൂറുന്നിടത്തേക്ക് വെട്ടമടിക്കാതെ ഏമാനേ“ തടിയൻ ഞരങ്ങിക്കൊണ്ടാണ് അത് പറഞ്ഞതെന്ന് എനിക്ക് ഉറപ്പുണ്ട്. പോലീസുകാരൻ ടോർച്ച് അണച്ചു.

“അവൻ കൊച്ച് മത്തീം കപ്പയും ചന്ദന കുടത്തെ  കടയിൽ നിന്നും വാങ്ങി തട്ടി  ഏമാനേ, വയറ്റിന് പിടിച്ച് കാണൂല്ലാ....“  ഖാലിദും  വാങ്കി ലത്തിയും ചേർന്ന് കോറസ് പോലെ പാടി ,.

“ഈ ഒരു കാര്യം പിടിച്ചാ നിക്കത്തില്ലാ ഏമാനേേയ്....തടിയൻ നീട്ടി  പാടുകയാണ്

“എവിടെയാടാ നിന്റെയെല്ലാം വീട്....“ പോലീസുകാർ ചോദിച്ചു.

“വട്ടപ്പള്ളിക്കാരാണേ....ചന്ദനക്കുടം  കാണാൻ പോയതാണേ...“ഇപ്പോൾ ഞങ്ങൾ എല്ലാവരും ചേർന്ന് കോറസ് പാടി....“

“വട്ടപ്പള്ളീക്കാരന്മാരാണല്ലേ....എല്ലാം വിളഞ്ഞ സാധനങ്ങളാണ്..“.ഒരു പോലീസുകാരൻ അഭിപ്രായപ്പെട്ടു. കുണ്ടാമണ്ടിത്തരത്തിന് വട്ടപ്പള്ളീ അന്ന് പ്രസിദ്ധമാണ്

“ഞാനും വട്ടപ്പള്ളിക്കാരനാണേ...  ഹും ഹും ഹും.“ തടിയൻ മുക്കി മുക്കിയാണ്` പാടിയത്.

“ നിന്നോട് ചോദിച്ചില്ല, നീ  അവിടിരുന്ന് തൂറ്.... ...   കപ്പേം മത്തിയും വാരി തിന്ന് വഴിയിൽ തൂറാൻ വന്നോളും ഓരോ കഴുവർട മോന്മാര്.....“ പോലീസ്കാർ കാറി തുപ്പിയിട്ട് തെക്കോട്ട് നടന്ന് പോയി.

“ വാടാ എഴുന്നേറ്റ്...അവര് പോയെടാ....“ ഞാൻ തടിയനെ വിളിച്ചു.

“എടാ...ഞാൻ സത്യായിട്ടും തൂറിപ്പോയെടാ....“തടിയൻ  ഞരങ്ങി.

“എടാ തെണ്ടീ...ഇനി വെള്ളത്തിന് എവിടെ പോകും....?“ എന്റെ പരിദേവനം.

അടുത്ത പുരയിടത്തിൽ  ഞങ്ങൾ കുളം കണ്ട് പിടിച്ചു. അതിൽ തടിയനെ ഇറക്കി. അന്ന് ആലപ്പുഴ  എല്ലാ  പറമ്പിലും കുളമുണ്ടായിരുന്നല്ലോ.

വീട്ടിലെത്തിയപ്പോൾ പുലർകാലമായി.തിണ്ണയിൽ കിടക്കുന്ന വാപ്പായുടെ കണ്ണ് വെട്ടിച്ച് ചായിപ്പിൽ കടന്ന് മൂടി പുതച്ച് ഉറങ്ങാൻ കിടന്നു ഞാൻ.

വർഷങ്ങൾക്ക് ശേഷം ഞാൻ ഷുക്കൂറിനെ കണ്ടപ്പോൾ അവനെ ഈ സംഭവം ഓർമ്മിപ്പിച്ചു. അവൻ തുടയിലടിച്ച് ആർത്ത് ചിരിച്ചു. എന്നെ പൂണ്ടടക്കം കെട്ടി പിടിച്ചു. അന്നവൻ എക്സൈസ് ഡിപാർട്ട്മെന്റിൽ ഉദ്യോഗത്തിലായിരുന്നു.    അത് അവസാന കാഴ്ചയായിരുന്നു പിന്നീട് അവനെ ഞാൻ കണ്ടിട്ടില്ല. വർഷങ്ങൾക്ക് ശേഷം ഞാൻ ആലപ്പുഴയെത്തിയപ്പോൾ അറിഞ്ഞു, അവൻ താമസിച്ചിരുന്ന കൊച്ചി പള്ളുരുത്തിയിൽ നിന്നും  ഫാൻ നന്നാക്കാനായി പോകുമ്പോൾ നിരത്തിൽ കുഴഞ്ഞ് വീണ് മരിച്ചുഎന്ന്...

ഖാലിദ് ഒരു ആക്സിഡന്റിലും വാങ്കി  ലത്തീഫ് പുക വലി മൂലം കാലിൽ ഉണ്ടായ പഴുപ്പിനാലും മരിച്ചു . . മറ്റേ ലത്തീഫിനെ എത അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. സായിപ്പിന്റെ മകൻ ജലാലിന്റെ മേൽ വിലാസം കയ്യിൽ കിട്ടിയെങ്കിലും  അവൻ താമസിക്കുന്ന ആറ്റിങ്ങൾ അടുത്തുള്ള ആലംകോട് കോവിഡ് കാലമായതിനാൽ പോകാനോ കാണാനോ പറ്റിയില്ല. പിന്നീടറിഞ്ഞു അവനെ കോവിഡ് കൊണ്ട് പോയെന്ന്. ഹംസാക്കോയ അവന്റെ പിതാവ് ബാപ്പു മൂപ്പന്റെ കൂടം (മൽസ്യം സൂക്ഷിക്കുന്ന ഷെഡ്) പുന്നപ്രയിൽ പ്രവർത്തനം നിർത്തിയതിനാൽ ഓരോ ജോലി ചെയ്തു കഴിയുന്നു. ഇപ്പോൾ ആലപ്പുഴ  ബീച്ചിൽ വടക്ക് വശത്ത് കുട്ടികളുടെ കളി കോപ്പുകൾ ഉന്ത് വണ്ടിയിലാക്കി വിൽപ്പനയിലാണ്. ആലപ്പുഴയിലെത്തുമ്പോൾ അവനെ പോയി കണ്ട് പഴയ പ്രണയ കഥകളും  രാത്രി കൂട്ടുകൂടി യാത്രയും പറഞ്ഞ്      ഞങ്ങൾ ഓർത്തോർത്ത് ചിരിക്കും.

ആലപ്പുഴയിൽ നിന്നും കൊട്ടാരക്കരയിലേക്കുള്ള യാത്രയിൽ വലിയ ചുടുകാട് കഴിഞ്ഞ് കാക്കാഴം എത്തുന്നത് വരെ  എന്റെ മനസ്സ് വല്ലാതെ വിഷാദ മൂകമാകും. ഇപ്പോൾ ആ ഭാഗത്ത് മണൽ മൈതാനങ്ങൾ ഇല്ലെങ്കിലും എന്റെ മനസ്സിൽ അന്നത്തെ ഭൂപ്രകൃതി ഇപ്പോഴും നിറം മങ്ങാതെ നില നിൽക്കുന്നുണ്ടല്ലോ.

 കടന്ന് പോയ ഇന്നലെകളുടെ ശ്മശാന ഭൂമിയിൽ  പരതി  ഞാൻ ഓരോന്ന് കണ്ടെത്തി കുറിച്ചിടുന്നു. ആർക്ക് വേണ്ടിയല്ലെങ്കിലും എനിക്ക് വേണ്ടി ആ ഓർമ്മകൾ സൂക്ഷിച്ച് വെക്കണമല്ലോ. മാറി വരുന്ന വെയിലും മഴയും മഞ്ഞും നിലാവും കാണുമ്പോൾ  പുറകിലേക്ക് ഓടി പോയ കാലത്തിന്റെ സ്മരണകളിൽ അലിഞ്ഞ് ആരോടിന്നില്ലാതെ പരിഭവം  പറഞ്ഞ് ചോദിച്ച് പോകുന്നു, എന്തിനാണ്  ഞങ്ങളുടെ ബാല്യം എടുത്ത് മാറ്റിയത്...? ജീവിതത്തിലെ എല്ലാ സംഘർഷങ്ങളിൽ  നിന്നുമകന്ന് പഴയത് പോലെ പൂ നിലാവത്ത് സൊറയും പറഞ്ഞ് കൂട്ട് കൂടി നടക്കാൻ എത്ര കൊതിയാകുന്നുവെന്നോ!

നടക്കാത്ത മോഹങ്ങളോടാണല്ലോ എപ്പോഴും പ്രിയം കൂടുന്നത്.


Friday, March 26, 2021

ഓൺ ലൈൻ പഠനവും കുട്ടികളും

 യൂ ട്യൂബ് ദൃശ്യം അനുകരിച്ച്  ആറാം ക്ളാസ്സുകാരൻ പൊള്ളലേറ്റ് മരിച്ചു.

പത്രത്തിലെ തലക്കെട്ട് കണ്ട് വിശദമായി വായിച്ചപ്പോൾ ആ ദുരന്തം വല്ലാതെ മനസ്സിനെ പ്രയാസപ്പെടുത്തി.

തീകൊണ്ട് തലമുടി   സ്ട്രൈറ്റ് ചെയ്യുന്ന വീഡിയോ അനുകരിക്കുകയായിരുന്നു കുട്ടി. വീഡിയോയിൽ കണ്ട പ്രതേക തരം ജെൽ കിട്ടായ്കയാൽ  കുട്ടി പകരം  മണ്ണെണ്ണ ഉപയോഗിക്കുകയായിരുന്നത്രേ.‘

കേൾക്കുന്നത് കുറേ  നേരം മനസ്സിൽ  നിൽക്കും പക്ഷേ കാണുന്നത് മനസ്സിനെ ദിവസങ്ങോളം  സ്വാധീനിക്കും. മൊബൈലിലെ   കാഴ്ചകൾ കുട്ടികളെ വല്ലാതെ സ്വാധീനിക്കുകയും അനുകരണ ഭ്രമം വളർത്തുകയും ചെയ്യുന്നു.

 ദുരന്തത്തിനിരയായ കുട്ടി പഠനാവശ്യങ്ങൾക്കായുള്ള മൊബൈലിലാണ്  വീഡിയോകൾ കാണുന്നത്. പതിവായി  തീ കൊണ്ടുള്ള പരീക്ഷണ വീഡിയോകളും സാഹസിക വീഡിയോകളും കാണുന്ന സ്വഭാ‍വം കുട്ടിക്കുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.. എന്തായാലും ആ കുടുംബം വല്ലാത്ത ദുഖ:ത്തിലായി.

മൊബൈലും  അതിലെ കാഴ്ചകളും ഗെയിമും മറ്റ് പരിപാടികളും  കുട്ടികളെ    വല്ലാതെ ഹരം പിടിപ്പിച്ചിരുന്നു. എന്നാൽ മാതാപിതാക്കളുടെ കർശനമായ  നിയന്ത്രണങ്ങൾ കുട്ടികൾക്ക് മൊബൈൽ അപ്രാപ്യമാക്കുകയും  എന്നാലും കിട്ടുന്ന അവസരങ്ങൾ  അവർ ദുരുപയോഗം ചെയ്തു വന്നിരുന്നതുമായ     സന്ദർഭത്തിലാണ്  കൊറോണാ കാരണം സ്കൂളിലെ  പഠനങ്ങൾ  നിലക്കുകയും തുടർന്ന്  ഓൺ ലൈൻ വിദ്യാഭ്യാസം  നിലവിൽ വരുകയും ചെയ്തത്.. അതോടെ കുട്ടികൾക്ക് മാതാപിതാക്കൾ ഏർപ്പെടുത്തിയിരുന്ന മൊബൈൽ നിരോധം  അനുവാദമായി മാറുകയും മൊബൈൽ എടുത്ത് പഠിച്ചില്ലെങ്കിൽ രക്ഷിതാക്കൾ    കുട്ടികളെ ശകാരിക്കുന്ന അവസ്ഥയിലെത്തുകയും ചെയ്തു. ആരംഭത്തിൽ ഓൺലൈൻ പഠനം വളരെ നന്നായി മാതാപിതാക്കൾക്ക് അനുഭവപ്പെട്ടു. പഠിക്കുന്ന കുട്ടികൾക്ക് അവരുടെ പഠനം വളരെ മെച്ചമായി തീരുകയും ചെയ്തു എന്നത് പ്രസ്താവ്യമാണ്.

പക്ഷേ ഒരു നല്ല ശതമാനം കുട്ടികൾ  അവർക്ക് കിട്ടിയ ഈ അവസരം ദുരുപയോഗം ചെയ്തു വന്നിരുന്നു എന്നത് യാഥാർഥ്യം തന്നെയാണെന്ന് അനുഭവസ്തരായ രക്ഷിതാക്കൾ പറയുന്നു. മൊബൈലിൽ തലയും കുമ്പിട്ട് ഇരിക്കുന്ന  സന്തതി ക്ളാസ് അറ്റന്റ് ചെയ്യുകയല്ലെന്നും അവൻ/അവൾ കൂട്ടുകാരുമായുള്ള ഗ്രൂപ്പിൽ അംഗമാകുകയും ചാറ്റിംഗ് പോലുള്ള പല  വിനോദങ്ങളിലും ഏർപ്പെടുകയാണെന്നും വൈകി തിരിച്ചറിഞ്ഞ രക്ഷിതാക്കൾ  വിദ്യാർത്ഥിക്ക് കാവലിരുന്ന്  ഓൺലൈൻ പഠനങ്ങളിലേക്ക്  അവനെ/അവളെ ദിശ മാറ്റി വിടേണ്ട ജോലി കൂടി  ഏറ്റെടുക്കുകയും ചെയ്തു. ഒരു മാതാവ് അടുത്ത കാലത്ത് എന്നോട് പറഞ്ഞ പരിദേവനം ഇപ്രകാരമാണ്.  

“എന്റെ  സാറേ! ഈ സ്കൂളൊന്ന് തുറന്ന് കുട്ടികൾക്ക് പഠിക്കാൻ സാധിച്ചിരുന്നെങ്കിൽ....“ അന്വേഷണത്തിൽ ആ അമ്മ പറഞ്ഞത് ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളായിരുന്നു.

  കോവിഡ് അപ്രതീക്ഷിതമായി വന്ന് പെട്ട പ്രതിബന്ധമാണ് അതിനെ മറികടക്കാനും പഠനം മുടങ്ങാതിരിക്കാനും  സദുദ്ദേശത്തോടെ  ഏർപ്പെടുത്തിയ ഓൺ ലൈൻ പഠനത്തിൽ ഇപ്രകാരം ഒരു ദൂഷ്യ വശം കൂടി ഉണ്ടാകുമെന്ന് ബന്ധപ്പെട്ട അധികാരികൾ കരുതിയിരുന്നില്ലല്ലോ.

 മൊബൈലും അതിന്റെ ദുരുപയോഗവും എല്ലാ മാതാപിതാക്കൾക്കും തടയാൻ കഴിയില്ല, അവർക്കു രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പങ്കപ്പാടും വീട്ട് ജോലിയും ഉള്ളപ്പോൾ മക്കൾക്ക് ഗാട്ട് ഇരിക്കാൻ പറ്റില്ലല്ലോ. 

ഹൈസ്കൂൾ ക്ളാസ്സുകളിൽ ടീൻ ഏജ് കുട്ടികളാണ് പഠിതാക്കളെന്നും  ആ പ്രായം  നല്ലവരായ കുട്ടികളെ പോലും പ്രലോഭനങ്ങളിൽ പെടുത്തുന്ന പ്രായമാണെന്നും തിരിച്ചറിയുമ്പോൾ നമുക്കും പ്രാർത്ഥിക്കാം അടുത്ത അദ്ധ്യായന വർഷമെങ്കിലും പള്ളിക്കൂടങ്ങൾ  പഴയ രീതിയിലേക്ക് മടങ്ങുവാൻ ഇടയാകട്ടേ എന്ന്...

പിൻ കുറി“   മൊബൈലിനോ ഓൺലൈൻ പഠനത്തിനോ  എതിരായല്ല ഈ കുറിപ്പുകൾ. സദുദ്ദേശത്തൊടെ ഏർപ്പെടുത്തുന്ന ഏതൊരു   പദ്ധതിക്കും അപ്രതീക്ഷിതമായി വന്ന് ഭവിക്കുന്ന ചില ദൂഷ്യ വശങ്ങൾ  ആ പദ്ധതിയെ തന്നെ  തകിടം മറിച്ചേക്കാമെന്നു സൂചിപ്പിച്ചതാണ്

Tuesday, March 23, 2021

കോവിഡും മനുഷ്യനല്ലാത്ത ജീവികളും.

 വീടിനടുത്ത് നിർമ്മാണം പൂർത്തിയാക്കാതെ  വളരെ നാളുകളായി സ്ഥിതി  ചെയ്യുന്ന  കെട്ടിടത്തിന്റെ ഇരു നിലകളിലും  പട്ടികൾ താവളമടിച്ചിരിക്കുന്നു. ഒരു ദിവസം അതി രാവിലെ  മേൽ പറഞ്ഞ കെട്ടിടത്തിന്റെ പ്രധാന വാതായനത്തിൽ കൂടി  വരി വരിയായി പുറത്തേക്കിറങ്ങി പോകുന്ന പട്ടികളെ ഒരു രസത്തിനായി ഞാൻ എണ്ണി. 52 എണ്ണമുണ്ട്. സമീപ ഗ്രാമമായ മൈലത്ത് കാണപ്പെടുന്ന ഒരു കാൽ മുറിഞ്ഞ് മാറി  മൂന്ന് കാലിൽ ഞൊണ്ടി ഞൊണ്ടി പായുന്ന കറുത്ത ഒരു പട്ടി കൂടി രാത്രി താവളത്തിനായി  ഈ കെട്ടിടത്തിലേക്ക് വരുന്നുണ്ട്; കാരണം ഞാൻ എണ്ണിയ കൂട്ടത്തിൽ മൈലത്ത് വെച്ച് ഞാൻ കണ്ടിരുന്ന അദ്ദേഹവും ഞൊണ്ടി ഞൊണ്ടി ഇറങ്ങി വരുന്നത് കാണാൻ കഴിഞ്ഞു. ഇനി അവർ രാത്രിയാകുമ്പോൾ ശയിക്കാനായി  ഈ കെട്ടിടത്തിലേക്ക് എത്തിച്ചേരും.

അതവിടെ നിൽക്കട്ടെ, പട്ടിയുടെ രാതി താവളത്തെ പറ്റി പറയാനല്ല ഞാനിവിടെ മുതിരുന്നത്. ഞാൻ ആ ജാഥ കണ്ടപ്പോൾ ഒരെണ്ണത്തിനും മുഖത്ത്  മാസ്ക് ഇല്ലായിരുന്നു. ഒരെണ്ണവും സാനിറ്ററൈസർ  ഉപയോഗിക്കുന്നതായി അറിവില്ല പക്ഷേ ഇത്രയും കാലമായി ഭൂമിയിലെ താമസക്കാരായ  അവർക്കൊന്നും കോവിഡ് പിടി പെട്ടതായി  കാണപ്പെട്ടില്ല. വടക്കൊരു മുൻ മന്ത്രിണി ഉള്ളതിനാൽ   കെട്ടിടത്തിൽ താവളമടിക്കുന്നതിൽ ആരെങ്കിലും അവരെ ദേഹോപദ്രവം  ഏൽപ്പിക്കുമെന്ന ഭയവും അവർക്കില്ല.എതയോ കാലങ്ങളായി ഇവരെ ഞാൻ കാണുന്നു. ഒരു കുഴപ്പവുമില്ലാതെ  വരുന്നു പോകുന്നു. 

ഇത് തന്നെയാണ് പുരയിടത്തിലുള്ള മരങ്ങളിലും മറ്റും താവളമടിക്കുന്ന കാക്ക, കൊക്ക്, കുരുവി, വണ്ണാത്തി കിളി, കാക്കത്തമ്പുരാട്ടി, കുയിൽ, റൂഹാൻ കിളി, പച്ചിലക്കുടുക്ക, ചവറ്റിലെ കിളി, തുടങ്ങി സർവമാന പറവകളും  കോവിഡ് ബാധയേൽക്കാതെ ജീവിക്കുന്നു. കോവിഡ് വൈറസിന്റെ വേലയൊന്നും ഇവരോട് ചെലവാകില്ലായിരിക്കും. അതല്ലാ എങ്കിൽ വൈറസിനെ നേരിടാൻ ഇവരിലെല്ലാം പ്രകൃതി  ഏതോ പ്രതിരോധം തീർത്തിരിക്കാം. ആ പ്രതിരോധം മനുഷ്യരിൽ ഇല്ലായെന്നുള്ളതിന്റെ തെളിവാണല്ലോ ദിനം പ്രതി വരുന്ന കണക്കുകൾ.

പ്രകൃതി ഒരിക്കലും ജീവികളോടുള്ള  കരുതലിൽ  വ്യത്യാസം കാണിക്കില്ല. അപ്പോൾ മനുഷ്യേതര ജീവികൾക്ക് പ്രതിരോധം  ഉണ്ടെങ്കിൽ ആ പ്രതിരോധം മനുഷ്യനും ലഭിക്കേണ്ടതല്ലേ?

എന്താണ്`പ്രകൃതി നകിയ  ആ പ്രതിരോധം.? നാം നിരീക്ഷിക്കേണ്ടിയിരിക്കുന്നു. ഇപ്രകാരം പ്രകൃതിയെ നിരീക്ഷിക്കുകയും തുടർന്ന് ഗവേഷണങ്ങൾ നടത്തിയുമാണല്ലോ മനുഷ്യൻ പലതും കണ്ടെത്തിയത്. ആപ്പിൾ മേലോട്ട് പോകാതെ താഴോട്ട് വീഴുന്നതെന്തെന്ന് ന്യൂട്ടൻ നിരീക്ഷിച്ചപ്പോഴാണ് ഗുരുത്വാകർഷണ നിയമം കണ്ടെത്തിയത്. അദ്ദേഹം നിരീക്ഷിക്കുകയും പിന്നെ ഗവേഷണം  നടത്തുകയും ചെയ്തത് പോലെ  മനുഷ്യ രാശി പണ്ട് മുതൽക്കേ      പല വിഷയങ്ങളിലും പ്രകൃതിയെ നിരീക്ഷിച്ചത് കൊണ്ടാണ് പലതും കണ്ടെത്താനും അത് വഴി പല വിപത്തുകളിൽ നിന്നും  സമൂഹം കാത്ത് രക്ഷിക്കപ്പെടാനും ഇടയായതെന്ന് ചരിത്രം പറയുന്നു.

കോവിഡ് കാര്യത്തിലും ആ നിരീക്ഷണവും തുടർന്ന് ഗവേഷണവും  വേണ്ടതല്ലേ? ആവശ്യം സൃഷ്ടിയുടെ മാതാവെങ്കിൽ  മനുഷ്യരൊഴികെയുള്ളവരുടെ  പ്രതിരോധമെന്തെന്ന് കണ്ടത്തേണ്ടത് നമ്മുടെ ആവശ്യമല്ല, അത്യാവശ്യം തന്നെയാണ്. 

ഈ നിരീക്ഷണം ധാരാളം പേർ നടത്തി കാണും, എന്നിട്ടും അതെന്ത് കൊണ്ടെന്നുള്ള   ഗവേഷണം തുടർന്ന് നടത്താതിരിക്കുന്നത്  ലോക ഔഷധ കമ്പനിക്കാർ കോടാലി വെച്ചിട്ടാണോ? അതും സംശയിക്കേണ്ടതാണ്. ശവം ഉണ്ടായലല്ലേ ശവപ്പെട്ടിക്കാരന് കച്ചവടം നടക്കൂ....

Sunday, March 21, 2021

അഭിനന്ദനങ്ങൾക്ക് നന്ദി

 


വായനയും എഴുത്തുമായി ഇത്രയും കാലം കഴിച്ച് കൂട്ടി. രണ്ട് മൂന്ന് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. ഇപ്പോഴും എഴുതുന്നു. പക്ഷേ അച്ചടിയുടെ പുറകേ പോകുന്നതിൽ ഇപ്പോൾ വല്ലാത്ത മടിയാണ് അനുഭവപ്പെടുന്നത്. ഹൃദയത്തിൽ തട്ടി എഴുതിയത് പോലും നന്ദിപൂർവം കൈപ്പറ്റി ഖേദപൂർവം തിരിച്ചയക്കുന്ന പത്രക്കാരുടെ അവഗണന മനസ്സിനെ നിരാശപ്പെടുത്തിയിട്ടുണ്ട്. എഴുതാതിരിക്കാൻ കഴിയാത്തത് കൊണ്ട് പിന്നെയും പിന്നെയുമെഴുതി പിന്നെയും അയച്ച് കൊടുക്കുകയും പിന്നെയും ഖേദപൂർവം മടക്കി വരുകയും ചെയ്തു . കഥ പറയുകയും കേൾക്കുകയും ചെയ്യുന്നത് മനുഷ്യനിൽ അലിഞ്ഞ് ചേർന്നിരിക്കുന്ന സ്വഭാവമായതിനാൽ പിന്നെയും പിന്നെയും ഈ പ്രക്രിയ തുടർന്ന് കൊണ്ടിരിക്കുമ്പോഴാണ് ഓൺ ലൈനിൽ ബ്ളോഗിന്റെ ഉദയം ഉണ്ടായത്. ഒരു എഡിറ്ററുടെയും കാല് പിടിക്കാതെ നമ്മുടെ ഉള്ളിലെ തിങ്ങൽ പകർത്തിയത് ബ്ളോഗ് പോസ്റ്റുകളിലൂടെ പത്ത് പേരെയെങ്കിലും കേൾപ്പിക്കാൻ സാധിച്ചപ്പോൾ ആത്മനിർവൃതി അനുഭവപ്പെട്ടു എന്നത് തികച്ചും സത്യമാണ്. അതിപ്പോഴും തുടരുന്നു.
അവാർഡ് സ്വപ്നങ്ങളൊന്നും താഴെക്കിടയിലുള്ള സാഹിത്യകാരന് ഉണ്ടാവില്ല. എന്നാലും പത്ത് പേർ നമ്മുടെ രചനകളെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നത് ഒരു പ്രചോദനമാണല്ലോ. ബ്ളോഗിലൂടെയും ഫെയ്സ് ബുക്കിലൂടെയും അത് ശരിക്കും ലഭിക്കുന്നു. സന്തോഷം. തങ്ങളുടെ സൃഷ്ടികളെ കുറിച്ച് മറ്റുള്ളവർ നല്ലത് പറയുന്നത് സന്തോഷകരം തന്നെയാണല്ലോ.
ഇപ്പോൾ ഇതെല്ലാം ഇവിടെ എഴുതാൻ കാരണം, ചെറുപ്പത്തിൽ ആലപ്പുഴ പുന്നപ്ര കടപ്പുറത്ത് കഴിച്ച് കൂട്ടിയ നാളുകളിൽ ജീവിതത്തിൽ ഉണ്ടായ മനസ്സിൽ തട്ടിയ ഒരു സംഭവം എത്രയോ വർഷങ്ങൾക്ക് ശേഷം യാദൃശ്ചികമായി അവിടെയെത്തിയ എനിക്ക് ഓർമ്മ വന്നത് കഴിഞ്ഞ ആഴ്ച ഞാൻ ഇവിടെ പകർത്തിയിരുന്നു അത് വായിച്ച് പലരും അഭിനന്ദിച്ചു.. ശരിയാണ്,,,വിജയമ്മയുടെ കാര്യം ഹൃദയത്തിൽ നിന്നാണ്` ഞാൻ കുറിച്ചിട്ടത്. അത് വായിച്ച
എനിക്ക് പരിചയമുള്ളവരും അല്ലാത്തവരുമായ നല്ലവരായ ധാരാളം പേർ സ്നേഹ പൂർവം എന്നെ ഫോണിലൂടെ വിളിച്ചിരുന്നു. തൃശൂർ മാധ്യമം ഓഫീസിലെ സക്കീർ ഹുസ്സൈൻ സാർ എന്നെ വിളിച്ച് പ്രസിദ്ധപ്പെടുത്തിയതൊക്കെ പുസ്തകമാക്കാൻ നിർബന്ധിച്ചു. പുന്നപ്ര സ്വദേശിയും ഇപ്പോൾ എറുണാകുളത്ത് താമസക്കാരനും സിനിമാ ഫീൽഡിലുമായി കഴിയുന്ന ഫാസിൽ സാറും ഫോണിൽ വിളിച്ച് എന്നോട് ഏറെ സംസാരിച്ചു, പിന്നെ പലരും.... മനസ്സിന് വല്ലാത്ത കുളിർമ്മ അനുഭവപ്പെട്ടു. ഇതാണ് നമുക്ക് കിട്ടുന്ന അവാർഡ്..ഞാൻ ആ സത്യം തിരിച്ചറിയുന്നു. എന്റെ മനസ്സിൽ കാണാ മറയത്ത് കിടക്കുന്ന പല സ്മരണകളും പുറത്തെടുത്ത് വരികളാക്കാൻ അതെനിക്ക് പ്രചോദനവും നൽകുന്നു...
നനി ചങ്ങാതിമാരെ. ഏറെ ഏറെ നന്ദി

Thursday, March 18, 2021

മോഡസ് ഓപ്പറാണ്ടി...ആസ്വാദനം.

 അപസർപ്പക  നോവലുകൾ പണ്ഡിത കേസരികളുടെ വിമർശനങ്ങളെ അതി ജീവിച്ച് ഒരു കാലത്ത് വായനയുടെ ഒഴിച്ച് കൂടാത്ത ഘടകമായി മാറിയിരുന്നു. അപ്പൻ തമ്പുരാൻ തുടങ്ങി കോട്ടയം പുഷ്പനാഥനിൽ ചെന്ന് നിൽക്കുന്ന ഒരു വലിയ  ശ്രേണിയായിരുന്നു അത്. പലതും ആംഗലേയത്തിൽ നിന്നും ഇതര ഭാഷയിൽ നിന്നും ഉൾക്കൊള്ളുന്നതായിട്ടും കൂടി  സാധാരണക്കാർക്ക് ആ തരം രചനകൾ ഹരമായി മാറി.

ഇടക്കാലത്ത് ചവറ് പോലെ മാന്ത്രിക നോവലുകളും കാമ്പില്ലാത്ത ഫിക്ഷൻ രചനകളും  അപസർപ്പക നോവലുകളുടെ മാറ്റ് കുറച്ചു കളഞ്ഞു. എങ്കിലും നീലകണ്ഠൻ പരമാരയും ബി.ജി. കുറുപ്പും  ഞങ്ങളുടെ തലമുറയുടെ മനസ്സിൽ നിന്നും മാഞ്ഞ് പോയില്ലല്ലോ. ആ തരം രചയിതാക്കളെ ഞങ്ങൾ പിന്നെയും പ്രതീക്ഷിച്ച് കൊണ്ടിരുന്നു.

അങ്ങിനെയിരിക്കവേ പുതു തലമുറ തന്നെ രംഗത്ത് വന്നതിന്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയിരിക്കുന്നു. കാമ്പുള്ള വിരസതയില്ലാത്ത കൃതികൾ പലതിലൂടെയും   അടുത്ത കാലത്ത്  കടന്ന് പോകാൻ സാധിച്ചു. ആ തരത്തിൽ ഒരെണ്ണമായ “കാന്തമല ചരിതവും അതെഴുതിയ വിഷ്ണു എം.സി.യെയും  പറ്റി പരാമർശിച്ച് കഴിഞ്ഞ ദിവസം ഞാൻ മുഖ പുസ്തകത്തിൽ കുറിപ്പുകൾ  പ്രസിദ്ധീകരിച്ചിരുന്നു.

ഇപ്പോൾ മറ്റൊരു രചന ഇരുന്ന ഇരുപ്പിൽ വായിച്ച് തീർത്തു. “മോഡസ് ഓപ്പറാണ്ടി“ റിഹാൻ റാഷിദ്  ആണ് രചയിതാവ്. നോവൽ എന്ന് പുസ്തകത്തിന്റെ ആരംഭത്തിൽ കണ്ടുവെങ്കിലും ലക്ഷണമൊത്ത ഒരു അപസർപ്പക നോവലായിട്ടാണ് എനിക്കനുഭവപ്പെട്ടത്. പുതു തലമുറയുടെ ഭാഷ കടമെടുത്താൽ “സൂപ്പർ“ എന്ന് പറയാം. 

ആദ്യം കുറേ പേജുകൾ കടന്നപ്പോൾ എന്തിരെടേ ഇത് ? എന്ന് ചോദിക്കാൻ തോന്നിയെങ്കിലും ആഴത്തിലേക്ക് പോയതോടെ  സംഗതി ഉഗ്രൻ എന്നനുഭവപ്പെട്ടു. ആകാംക്ഷ  കസേരയിൽ നിന്നും എഴുന്നേൽക്കാൻ സമ്മതിച്ചില്ല. രാത്രി ആയാലും സാരമില്ലാ ഇരുന്നു വായിക്കൂ മനുഷ്യാ എന്ന് ആകാംക്ഷ എന്നോട് പറഞ്ഞത്അനുസരിച്ചു. പുസ്തകത്തിന്റെ അവസാനമെത്തിയപ്പോൾ ആരാണ് കുറ്റവാളിയെന്ന സൂചന വന്ന് തുടങ്ങി, അവസാനം ഒരു പേജൊഴികെ വായിച്ച് തീർന്നപ്പോൾ കാര്യങ്ങൾ  സങ്കൽപ്പിച്ചത് പോലെ  കഥ അവസാനിക്കുന്നു. പക്ഷേ അവശേഷിച്ച അവസാന പേജിലെത്തി കഥ സമാപ്തിയിലേക്ക് വന്നപ്പോൾ ആ പേജിൽ അര പേജോളം നിറഞ്ഞ് നിന്ന അക്ഷരങ്ങൾ എന്നെ ഞെട്ടിച്ച് കളഞ്ഞു. എഴുന്നേറ്റ് നിന്ന് കയ്യടിക്കാൻ തോന്നി.

ആകെ 160 പേജുള്ള പുസ്തകത്തിൽ 159 പേജിലും കഥാകൃത്തും നമ്മളും ചേർന്നു യാത്ര നടത്തി. അദ്ദേഹം കഥ പറഞ്ഞു, നമ്മൾ ആസ്വദിച്ച് കൂടെ യാത്ര ചെയ്തു. പക്ഷേ അവസാന പേജെത്തിയപ്പോൾ അദ്ദേഹം ഝടുതിയിൽ  ഒരു യൂ ടേൺ എടുത്ത് ഒരു പോക്കങ്ങ് പോയി. നമ്മൾ അന്തം വിട്ട് കണ്ണും മിഴിച്ച് നിന്നു. ശ്ശെടാ! ഇത് വരെ വായിച്ചിരുന്ന നമ്മൾ  ആരുമല്ലാതായി. ഇപ്പോൾ കഥാകൃത്ത് മാത്രം രംഗത്തുണ്ട്. മനസ്സ് പറഞ്ഞു വിളിക്ക് അദ്ദേഹത്തെ ആ രചയിതാവിനെ, രാത്രി ഏറെ ആയാലും സാരമില്ല, ഇപ്പോൾ തന്നെ വിളിച്ച് അഭിനന്ദനം പറയണം. വിളിച്ചു, ഉള്ള കാര്യം പറഞ്ഞു, മോനേ...കലക്കി...സംഗതി കലക്കി. ആ അവസാന പേജ്....

പതുക്കെയുള്ള  സ്വരത്തിൽ മറുപടി...“അതങ്ങിനെ അല്ലായെങ്കിൽ ഈ പുസ്തകത്തിനെന്ത് പ്രത്യേകത?!! “  

ശരിയാണ് അതങ്ങിനെ ആയത് കൊണ്ടാണ് ഞാൻ ഈ പുസ്തകത്തിനെ പറ്റി  ഇത്രയും കുറിക്കാൻ ഇട വന്നത്. സാധാരണ രീതിയിലെ പരിസമാപ്തി ആണെങ്കിൽ എന്ത് പ്രത്യേകത.

ലോഗോസ് ബുക്ക് പ്രസാധകരായുള്ള  160 പേജുള്ളതും 180 രൂപാ വിലയുള്ളതുമായ ഈ പുസ്തകം അപസർപ്പക നോവൽ വായന ശീലമായവർക്ക് ശുപാർശ ചെയ്യുന്നു.

ഒടുവിൽ രണ്ട് വാക്ക്“ ഈ മോഡസ്  ഓപ്പറാണ്ടി എന്ന പേരിന് പകരം മറ്റെന്തെങ്കിലും ആയിരുന്നെങ്കിൽ  നന്നായിരുന്നേനെ...

Sunday, March 14, 2021

കാന്തമല ചരിതം..ആസ്വാദനം

 പണ്ട് കേരളഭൂഷണം ദിനപ്പത്രത്തിലെ  ചിത്രകഥ മായാവിയുടെ അൽഭുത പരാക്രമങ്ങൾ, മനോരമയിലെ മാന്ത്രികനായ മാൻഡ്രേക്, ദീപികയിലെ ആരം, ദേശബന്ധുവിലെ ജംഗിൽ പെട്രോൾ, ഇന്ത്യൻ എക്സ്പ്രസ്സിലെ ടാർസൻ ഇവയിലെല്ലാം ആകൃഷ്ടരായാണ് ഞങ്ങളുടെ തലമുറ വായനയുടെ വാതിൽ  പാളി തുറന്ന് അകത്ത് കയറി ഗഹനമായ പുസ്തകങ്ങളിലെത്തി ചേർന്നത്. എങ്കിൽ തന്നെയും ചൊട്ടയിലെ ശീലം ചുടല വരെ എന്ന പ്രമാണ പ്രകാരം  സാഹസിക കഥകളിലും ഡിറ്റക്ടീവ്  നോവലുകളിലുമുള്ള  താല്പര്യം ഇടക്കിടക്ക് മുള പൊട്ടി വന്ന് ഗാഡമായ  വായനയുടെ വിരസത മാറ്റി തന്നു കൊണ്ടിരുന്നു. ഇപ്പോഴും അത് തുടരുന്നു.  അത് കൊണ്ട് തന്നെ റീഗൽ പബ്ളിക്കേഷന്റെ  മുതലാളിയെ  ഇടക്കിടക്ക് വിളിച്ച് ടാർസൻ അടുത്ത പുസ്തകം ഇറങ്ങാറായോ എന്ന് ചോദിക്കും. എറുണാകുളം സി.ഐ.സി.സി ജയചന്ദ്രൻ മാഷിനെ  പ്രസ്സ്ക്ളബ്ബ് റോഡിൽ ചെന്ന് സന്ദർശിച്ച് ലോറിക്കാരൻ നോബിൾ സൈസ് വല്ലതും വന്നോ മാഷേ എന്ന് തിരക്കും. ഹാരി പോർട്ടർ ഇനി ബാക്കി ഉണ്ടോ എന്ന് അന്വേഷിക്കും. അപ്രകാരമുള്ള  അന്വേഷണത്തിനിടയിലാണ് ജയചന്ദ്രൻ മാഷ്  “കാന്തമല ചരിതം“ എടുത്ത് കയ്യിൽ തന്ന് വായിച്ച് നോക്ക് എന്ന് പറഞ്ഞത്. പുസ്തകം കയ്യിൽ കിട്ടിയെങ്കിലും ഡി.സി.യുടെ  വേൾഡ് ക്ളാസിക്  കഥാ ശേഖരം നാല് യമണ്ഡൻ  പുസ്തകങ്ങൾ വായിച്ച് തീരാൻ സമയമെടുത്തു. അതിന്റെ ബോറടി മാറ്റാൻ ആദ്യമെടുത്തത്  കാന്തമല ചരിതമാണ്.  വായന തുടങ്ങിയപ്പോൾ പിന്നെ താഴെ വെച്ചില്ല..  ഞാൻ ഉദ്ദേശിച്ചതിലും ഗംഭീരമായിരിക്കുന്നു സംഗതി.ഫിക്ഷനും ആക്ഷനും അഡ്വഞ്ചറും പിന്നെ അൽപ്പം ചരിത്രവും എല്ലാം സമം സമം ചേർത്തു വിഷ്ണു എം.സി. എന്ന ചിന്ന പയ്യൻ  സംഗതി ഉഗ്രൻ അഥവാ ഇപ്പോഴുള്ള ലേറ്റസ്റ്റ് വാക്ക് “അടിപൊളി“ ആക്കി കളഞ്ഞു. കേരളത്തിലെ ചരിത്രം ഈജിപ്ത് വരെ കൊണ്ട് പോകുന്ന അപാര കയ്യൊതുക്കം, സമ്മതിച്ചു തന്നു വിഷ്ണു മോനേ! പക്ഷേ അവസാനം ഒരു ബാഹുബലി വേല ഒപ്പിച്ച് കളഞ്ഞു. അതായ്ത് സസ്പൻസിൽ കൊണ്ട് നിർത്തിയിട്ട് പഴയ സിനിമാ നോട്ടീസിൽ പറയുന്നത് പോലെ ശേഷം സ്ക്രീനിൽ എന്ന് പറഞ്ഞ് കളഞ്ഞു. വായന രസം പിടിച്ച് വന്നതിനാൽ  അടുത്ത ഭാഗം എപ്പോൾ എന്നറിയാനുള്ള  ആകാംക്ഷയാൽ  വായന തീർന്ന ഒരു തൃസന്ധ്യ നേരത്ത് തന്നെ  നോവലിസ്റ്റിനെ കയ്യിൽ കിട്ടിയ ഫോൺ നമ്പറിൽ വിളിച്ച് എപ്പോഴാണ് പയ്യൻസേ! ബാഹുബലി രണ്ടാം ഭാഗമെന്നത് പോലെ കാന്തമല ശേഷം ഭാഗം എന്ന് അന്വേഷിക്കാൻ നിർബന്ധിതനായി. ഏപ്രിൽ പകുതി എന്ന് മറുപടി കിട്ടിയപ്പോൾ അത് ഉടനെ ആണല്ലോ എന്ന് സമാധാനിച്ചു.

ഏത് പുസ്തകവും തുടർ വായനക്ക് ആഗ്രഹം സൃഷ്ടിക്കുന്നുവോ ആ പുസ്തകം  ഗംഭീരമായിരിക്കും എന്ന് എന്റെ അനുഭവം പറയുന്നു. ഈ പുസ്തകം തുടർ വായന ആവശ്യപ്പെടൂന്നു.

230 രൂപക്ക് 208 പേജ്. സംഗതി നഷ്ടമില്ല. പ്രാസധകർ ലോഗോസ് ബുക്സ്.

Friday, March 12, 2021

കടന്ന് പോയ കാലത്ത് കടൽ തീരത്ത്...

  ഓർമ്മകൾ!....ഓർമ്മകൾ!...

ഈ കന്നി മാസ സന്ധ്യയിൽ മാനത്തിലെ ഇരുളിലേക്ക് നോക്കി നിന്നപ്പോൾ ഓർമ്മകൾ എന്ത് കൊണ്ടോ എന്നെ വേട്ടയാടുകയാണ്.പുന്നപ്രയിലെ വിജയമ്മ കറുത്ത മുഖത്ത് വെളുത്ത ചിരിയുമായി എന്റെ മനസ്സിലേക്ക് കടന്ന് വന്നു. ജീവിത യാത്രയിലെ തീഷ്ണമായ അനുഭവങ്ങൾ പുസ്തകമാക്കി പ്രസിദ്ധീകരിച്ചതിൽ   ആദ്യ അദ്ധ്യായമായി ചേർത്തത് വിജയമ്മയെ പറ്റിയാണ്......വായിക്കുക.

“കടന്ന് പോയ കാലത്ത് കടൽ തീരത്ത് “ 

ഹൈക്കോടതിയിലെ  ഒരു കേസിൽ,  ബന്ധപ്പെട്ട കക്ഷിയുമായി ഞാൻ  എറുണാകുളം  പോയി  ആലപ്പുഴ വഴി തിരികെ കൊട്ടാരക്കരക്ക് അന്ന് വരികയായിരുന്നു .   എറുണാകുളത്ത് വക്കീലിനെ കേസ് കാര്യം പറഞ്ഞ് മനസിലാക്കി കൊടുക്കുകയും കോടതി സെക്ഷനിൽ  കയറി ആവശ്യമുള്ള വിവരങ്ങൾ അറിയുകയും ചെയ്തതിലുള്ള സന്തോഷത്തിൽ ആലപ്പുഴ എത്തിയതറിഞ്ഞില്ല. രക്തസാക്ഷികളുടെ സ്മരണകൾ ഉറങ്ങുന്ന . ആലപ്പുഴ വലിയ ചുടുകാടും കടന്ന് .  ഞങ്ങളുടെ കാറ് പുന്നപ്ര അടുക്കാറായപ്പോൾ കക്ഷി പറഞ്ഞു, “സർ, ഇവിടെ നല്ല ഫ്രഷ് മൽസ്യം കിട്ടും നമുക്ക് അൽപ്പം വാങ്ങാം.“ ഞാൻ ഒന്നും പറഞ്ഞില്ല. കാർ  പ്രധാന റോഡിൽ നിന്നും വലത്തോട്ട് തിരിഞ്ഞു കടൽ തീരം ലക്ഷ്യമാക്കി പോയി. 

ഞാൻ ഇരുവശത്തേക്കും നോക്കി ഇരുന്നു. ആ വഴിയുടെ ഇരു വശത്തും വൻ കെട്ടിടങ്ങൾ ഉയർന്നിരിക്കുന്ന കാഴ്ച പുന്നപ്ര ഇപ്പോൾ ആധുനിക കാലത്താണെന്ന് വിളിച്ചറിയിച്ചു. എന്റെ മനസ്സ് വളരെ വളരെ പുറകോട്ട് സഞ്ചരിച്ചു. ആ മണൽ തിട്ടയിൽ നിന്നും ആരോ എന്നെ വിളിക്കുന്നുണ്ടോ? “ശരീഫ് കൊച്ചേ  “ എന്ന്....ആ വിളീ എന്റെ ഉള്ളീൽ ഉയർന്നപ്പോൾ അറിയാതെ കൈ പോക്കറ്റിലേക്ക് നീങ്ങി, ഇവിടെ ഒരാൾക്ക് ഞാൻ 25 പൈസാ കൊടുക്കാനുണ്ടല്ലോ.... 

.എന്റെ കൂടെ വരുന്ന കക്ഷികൾക്ക് ഞാൻ ആലപ്പുഴക്കാരനായിരുന്നു എന്നറിയാത്തതിനാൽ  കാറ് മുമ്പോട്ട് പോകുമ്പോൾ കണ്ട് കൊണ്ടിരുന്ന സ്ഥലങ്ങളെ   കുറിച്ച് എനിക്ക്  അവർ  അറിവ് പകർന്ന് തന്നു കൊണ്ടിരുന്നു, ഒന്നുമറിയാത്തവനെ പോലെ ഞാൻ നിശ്ശബ്ദനായി  കേട്ട്കൊണ്ട് ഇരിക്കുകയും ചെയ്തു. 

കുറേ മുമ്പോട്ട് പോയി മൽസ്യ വിൽപ്പന സ്ഥലത്ത് എത്തിയതിനാൽ ഞങ്ങൾ    കാർ നിർത്തി അവിടെ ഇറങ്ങി.   മീനുമായി ഒരു ബോട്ട് വരാനുണ്ട്, അൽപ്പം കാത്തിരിക്കണമെന്നറിഞ്ഞപ്പോൾ. കൂടെയുള്ള കക്ഷികളോട് ഇവിടെയെല്ലാം ഒന്ന് കാണട്ടെ എന്ന് പറഞ്ഞിട്ട് ഞാൻ പടിഞ്ഞാറേക്ക് നടന്നു.

“ സാറേ!, പരിചയമില്ലാത്ത സ്ഥലമാണ് സൂക്ഷിക്കണേ!“ എന്ന് അവർ പുറകിൽ നിന്ന് വിളിച്ച് പറഞ്ഞു.അവർക്കറിയില്ലല്ലോ ഈ സ്ഥലത്തെല്ലാം ഞാൻ പണ്ട് ഓടി നടന്നതാണെന്ന്. എന്റെ ഉള്ളിൽ മുളച്ച് വന്ന ചിരി പുറത്ത് കാണിക്കാതെ ഞാൻ  കുറച്ച് ദൂരം മുമ്പോട്ട് നടന്നപ്പോൾ  വഴിയിൽ കണ്ട ഒരാളോട് തിരക്കി, “ഇപ്പോൾ ഇവിടെ കൂടങ്ങൾ ഒന്നുമില്ലേ?“

 മൽസ്യം ശേഖരിക്കാനും ഉണക്കാനും മറ്റ് ജോലികൾക്കുമായി ചാകര ഉണ്ടാകുന്ന സ്ഥലത്ത് മൽസ്യ വ്യാപാര മുതലാളിമാർ     നിരത്തിൽ നിന്നും അൽപ്പം ഉള്ളിലായി നിർമ്മിക്കുന്ന മുളയും ഓലകളും കൊണ്ടുള്ള  കൂരകളാണ് കൂടം എന്നറിയപ്പെടുന്നത്.

“ഇപ്പോൾ കൂടത്തിന്റെ ആവശ്യമൊന്നുമില്ലാ സാറേ! ഐസ് പ്ളാന്റുകാർ  നേരിൽ വന്ന് ബോട്ടുകാരുമായി കച്ചവടം നടത്തി മീൻ ഐസ് പ്ളാന്റിൽ കൊണ്ട് പോയി  ശരിയാക്കും. പിന്നെന്തിന് കൂടം?“+ അയാൾ പറഞ്ഞു.

എന്റെ കൂട്ടുകാരൻ ഹംസാക്കോയായുടെ  പിതാവിന് പണ്ട് പുന്നപ്ര  ചാകര പാട്ടിൽ കൂടമുണ്ടായിരുന്നു.. വാരാന്ത്യങ്ങളിലെ സ്കൂൾ അവധിക്ക് ഞാനും അബ്ദുൽ കാദറും ഹംസാക്കോയയും പുന്നപ്ര കൂടത്തിൽ പോകും. അവിടെ ജോലിക്കാരുമായി സൊറ പറഞ്ഞും ചെറിയ ജോലികൾ ചെയ്തും  അവധി ദിവസങ്ങൾ കഴിച്ച് കൂട്ടും. ചിലപ്പോൾ ബാപ്പു മൂപ്പൻ ചില്ലറ പൈസായും തരും.

 കൂടത്തിൽ അന്ന് കുതിര പന്തിയിൽ നിന്നും  ജോലിക്ക് വന്നിരുന്ന തങ്കമ്മയും ഫിലോമിനയും മെറ്റിൽഡായും ക്ളാര ചേച്ചിയും ജോസഫ് ചേട്ടനും ഉണ്ട് അവർ ഞങ്ങളുമായി സൗഹൃദത്തിലായപ്പോൾ  ഞങ്ങളോടു ഉള്ള് തുറന്ന് പെരുമാറി. ക്ളാര ചേച്ചി “ഉറയിലിട്ട തെറി വാക്കുകൾ ചേർത്ത് കഥ പറയുന്നത് കേട്ട് ഞങ്ങൾ ആർത്ത് ചിരിച്ചു.

കൂടത്തിന് കിഴക്ക് വശത്തുള്ള ചുള്ളി പറമ്പിൽ നിന്നും രണ്ട് പെൺകുട്ടികൾ കൂടത്തിൽ ജോലിക്ക് വന്നിരുന്നു. അതിൽ ഒരെണ്ണവുമായി ഹംസാക്കോയ കൂടുതൽ ഇഷ്ടത്തിലായി. ക്ളാര ചേച്ചിയുടെ മുരടനക്കവും  ഇരുത്തി മൂളലുമൊന്നും അവന് പ്രശ്നമായതേ ഇല്ല. മറ്റേ പെൺകുട്ടിയുടെ പേര് വിജയമ്മ എന്നായിരുന്നു. പല്ല് അല്പം പൊന്തിയ കറുത്ത നിറമുള്ള വിജയമ്മ എന്നെ ഏത് നേരവും മിഴിച്ച് നോക്കി നിൽക്കും. ഞങ്ങൾ അവളെ പറ്റി മുന വെച്ച് സംസാരിച്ചാലും ആ പാവം പൊട്ടിയെ പോലെ കേട്ട് നിൽക്കുകയും വീണ്ടും എന്നെ നോക്കി മിഴിച്ച് നിൽക്കുകയും ചെയ്യുമായിരുന്നു.  

  രാത്രിയിൽ ഞങ്ങൾ കൂടത്തിന്റെ മുൻ വശം മണൽ പുറത്ത് തിരമാലകളുടെ ശബ്ദത്തിന്റെ പശ്ചാത്തലത്തിൽ മാനത്ത് നോക്കി കിടക്കുമായിരുന്നു.  വെട്ടി തിളങ്ങി നിൽക്കുന്ന ചന്ദ്രനും വൈഡൂര്യ മണികൾ പോലുള്ള നക്ഷത്രങ്ങളെയും നോക്കി കഥകളും പറഞ്ഞുള്ള ആ കിടപ്പ് എത്ര  സന്തോഷപ്രദമായിരുന്നു. സംസാരത്തിനിടയിൽ ഹംസാ കോയായുടെ കുട്ടി പ്രണയവും വിജയമ്മയുടെ എന്റെ നേരെയുള്ള തുറിച്ച് നോട്ടവും കടന്ന് വന്ന് ഞങ്ങളെ  ചിരിപ്പിച്ച് കൊണ്ടിരുന്നു.

 ഹംസാ കോയായും കൂട്ടുകാരിയുമായുള്ള സൗഹൃദം കൂടി വന്നപ്പോൾ  “ഇനി ഇതിങ്ങിനെ  വിട്ടാൽ ഈ കൊച്ച് പിള്ളാര് കറുത്തമ്മേം പരീക്കുട്ടിയും കളിക്കും മൂപ്പാ“ എന്ന് ക്ളാര ചേച്ചി ബാപ്പ് മൂപ്പനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മൂപ്പൻ ഹംസാക്കോയായുടെ  കൂടം സന്ദർശനം നിരോധിച്ചെന്നത് പിൽക്കാല ചരിത്രം.  അതിനു മുമ്പ് തന്നെ ഞാൻ കൂടത്തിൽ പോകുന്നത് അവസാനിപ്പിച്ച്  കഴിഞ്ഞിരുന്നുവല്ലോ. ഞാൻ കൂടത്തിൽ പോയിക്കൊണ്ടിരുന്നപ്പോൾ ഉണ്ടായ ഒരു സംഭവം  മറക്കാനാവാത്തതായി.അതാണ് ഇവിടെ പറയാൻ പോകുന്നത്.


കൂടത്തിൽ പൊയ്ക്കൊണ്ടിരുന്ന ദിവസങ്ങളിൽ ഞാൻ പഠിച്ചിരുന്ന മുഹമ്മദൻ സ്കൂളിലെ   റഷീദ് സാർ  പരീക്ഷ അടുത്തതിനാൽ  കണക്ക് വിഷയം ഗൃഹപാഠം ശരിക്കും നടപ്പിലാക്കി. ഗൃഹ പാഠം ചെയ്യാൻ  200 പേജിന്റെ നോട്ട് പുസ്തകം നിർബന്ധമായി ആവശ്യമായി വന്നു. അത് വാങ്ങാൻ വീട്ടിൽ ബുദ്ധിമുട്ടായിരുന്നിട്ടും    25 പൈസാ എനിക്ക് തന്നിരുന്നു.  പക്ഷേ  ആ പൈസാ എന്റെ സഹപാഠിയും കൂട്ടുകാരനുമായിരുന്ന തമ്പിക്ക് ഞാൻ കൊടുത്തു. കാരണം അവൻ രണ്ട് ദിവസമായി ഭക്ഷണം കഴിക്കാതെ ക്ളാസ്സിൽ അവശനായിരുന്ന് കരയുന്നത് കണ്ട് വിവരം അന്വേഷിച്ചപ്പോഴാണ് രണ്ട് ദിവസമായി പട്ടിണി ആണെന്നറിയുന്നത്. അന്ന് നാട്ടിലെ അവസ്ത അതായിരുന്നു. ഞാനും പട്ടിണിയുടെ രുചി അറിയുന്നവനാണ്. ദിവസങ്ങൾക്ക് മുമ്പ് ഞാൻ ഇങ്ങിനെ വിശന്ന് അവശനായപ്പോൾ അവൻ എന്നെ പോറ്റി ഹോട്ടലിൽ കൊണ്ട് പോയി ഉഴുന്നു വടയും ചമ്മന്തിയും വാങ്ങി തന്നിരുന്നല്ലോ. അത് കൊണ്ട് ആ 25 പൈസാ ഞാൻ അവന് കൊടുത്തു. ബുക്ക് വാങ്ങാത്തതിനാൽ സാർ അടിക്കുന്നെങ്കിൽ അടിക്കട്ടെ, എന്നാലും തമ്പിയുടെ കരച്ചിൽ സഹിക്കാൻ പറ്റിയില്ല. വിശപ്പിന്റെ ആധിക്യത്താൽ അന്ന് ഉച്ചക്ക് തമ്പി ആ പൈസാക്ക്  അപ്പവും  കടലക്കറിയും കരിപ്പെട്ടി കാപ്പിയും  വാങ്ങി കഴിച്ചു എന്നറിഞ്ഞു.  തിരികെ വന്ന് അവൻ എന്നെ കെട്ടി പിടിച്ച് കവിളിൽ ഒരു ഉമ്മയും തന്നു.

 അതൊരു വെള്ളിയാഴ്ച ദിവസമായിരുന്നു. ഇനി തിങ്കളാഴ്ച  ബുക്ക് വാങ്ങിയാൽ മതിയല്ലോ എന്ന്    ഞാൻ കരുതി.പൈസാ കൂടത്തിൽ നിന്നും മറിക്കാം എന്ന പ്രതീക്ഷയും മനസിലുണ്ടായിരുന്നല്ലോ വീട്ടിൽ വിവരം അറിഞ്ഞാൽ ആകെ പ്രയാസത്തിലാകും എന്ന ഭീതിയും മനസ്സിലുണ്ട് എങ്കിലും തമ്പിയുടെ കരച്ചിൽ എന്നെ വിഷമിപ്പിച്ചിരുന്നു 

 അന്ന് വൈകുന്നേരം പതിവ് പോലെ കൂടത്തിൽ പോയി. പിറ്റേ ദിവസം ശനിയാഴ്ച    ഞങ്ങളുടെ കൂടത്തിൽ ജോലിയില്ലാ എന്ന് അവിടെ ചെന്നപ്പോളാണ് അറിയുന്നത്. ജോലിക്കാരും വന്നില്ല, അതിനടുത്ത ദിവസം ഞായർ. മീൻ പിടുത്ത തൊഴിലാളികൾക്ക് അവധി. ഹംസാ കോയായും രാവിലെ ആലപ്പുഴ എന്തോ കാര്യത്തിന് പോയി. ബുക്ക് വാങ്ങാൻ 25 പൈസാ എങ്ങിനെ ഒപ്പിക്കും? കൂടത്തിൽ നിന്നും എങ്ങിനെയും മറിക്കാം എന്നാണ്` കരുതിയിരുന്നത് ഞാൻ ആകെ വിരണ്ടു.

  ശനിയാഴ്ച  ഉച്ചയോടെ മറ്റൊരു കൂടത്തിനടുത്ത് കൂടി  ഞാൻ വെറുതെ കറങ്ങാൻ പോയപ്പോൾ ഒരു മൂപ്പിലാൻ   വലിയ മീൻ കുട്ട നിറയെ മത്തിയുടെ പരിഞ്ഞീലുമായി നിന്ന് എന്നോട് ചോദിച്ച് “എടോ കൊച്ചേ! ഇതൊന്ന് റോഡിലെത്തിച്ച് തരാമോ, നിനക്ക് 25 പൈസാ തരാം...“

 മത്തി കൂടത്തിൽ ഉണക്കുന്നതിനു മുമ്പ്  തലയും ഉള്ളിലെ പരിഞീലും കുടലുമെല്ലാം പുറത്ത് കളയും. പരിഞീൽ വറുത്ത് കഴിക്കാൻ രുചിയുള്ളതാണ്. മൂപ്പിലാൻ കൂടത്തിൽ നിന്നും ചുളുവിന് വാങ്ങി കൊണ്ട് പോകാൻ വന്നതാണ്.  എന്റെ മനസ്സിലൂടെ  നോട്ട് ബുക്ക് വാങ്ങുന്നതിന്റെ  ആവശ്യം  തികട്ടി വന്നു.  ഒന്നും ചിന്തിക്കാതെ ഞാൻ സമ്മതം മൂളി. “ഞാൻ കൊണ്ട് തരാം“

 കുട്ടയുടെ അടിയിൽ തലയിൽ അഴുക്ക് വീഴാതിരിക്കാൻ കവുങ്ങിൻ പാള വെച്ചു ഞാൻ സാധനം തലയിലേറ്റാൻ ശ്രമിച്ചു. എനിക്ക് ആവുന്നതിനേക്കാളും ഭാരമുണ്ട്. പക്ഷേ ഞാൻ പതറിയില്ല, ബുക്ക് വാങ്ങിയില്ലെങ്കിലുള്ള അവസ്ത എനിക്കല്ലേ അറിയൂ... മൂപ്പിലാൻ എന്റെ മുൻപേ നടന്ന് റോഡിൽ നിൽക്കുന്ന ഉന്ത് വണ്ടിയുടെ സമീപത്തേക്ക് പോയി.

മണലിൽ കൂടി ഭാരവും വഹിച്ച് ഉച്ച നേരത്തുള്ള നടപ്പ് അത്ര സുഖമുള്ളതല്ല എന്ന് അൽപ്പ ദൂരം നടന്നപ്പോൾ പെട്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. പരിഞീലിന്റെ  വെള്ളവും ചോരയും എന്റെ വിയർപ്പും എല്ലാം കൂടി എന്റെ കഴുത്ത് വഴി  താഴേക്ക് ഒഴുകി ശരീരത്തിലേക്ക്  വന്നു. അസഹ്യമായ നാറ്റവും. കൂടത്തിൽ ജോലിക്കാരില്ലാത്തതിനാൽ തലേന്ന് രാത്രി ആഹാരം തയാറാക്കിയിരുന്നില്ല. ഞാൻ രാവിലെയും  ആഹാരം കഴിച്ചിരുന്നില്ല   എന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നുവോ ? തല ചുറ്റുന്നുവോ? എനിക്കൽപ്പം വെള്ളം തരുവാനാരുണ്ട്?. കാലുകൾ വേച്ച് വേച്ച് പോവുന്നു. ഒട്ടും നടക്കാൻ വയ്യ.

 അപ്പോൾ  പുറകിലെ  മണൽ പരപ്പിൽ നിന്നും ഒരു വിളി ചെവിയിലെത്തി “ശരീഫ് കൊച്ചേ......“ വിജയമ്മയുടെ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു. പക്ഷേ എനിക്ക് തിരിഞ്ഞ് നോക്കാനാവാത്ത വിധം പിടലി ഉറച്ച് പോയി. നാണം കൊണ്ട് എന്റെ  മുഖം ചുവന്നു, കണ്ണ് നിറഞ്ഞു. പുറകിൽ നിന്നും ഓടി വരുന്ന  ശബ്ദം കേൾക്കാം.

അവൾ എന്റെ  മുമ്പിലെത്തി. “എന്നാ...പണീയാ...കൊച്ചേ...ഈ കാട്ടണേ...അവൾ ഓടി വന്നതിന്റെ  കിതപ്പിലാണ്`. എന്നിട്ട് ഉടനെ തന്നെ  എന്റെ മുമ്പിലേക്ക് അടുത്ത് വന്നു, മീൻ കുട്ട യുടെ അടിയിലേക്ക് തല കൊണ്ട് വന്നു കുട്ട ബലമായി  അവളുടെ തലയിലേക്ക് വലിച്ച് വെച്ചു. അതിനിടയിൽ അവളുടെ മുഖവും എന്റെ മുഖവും കൂട്ടിമുട്ടി. ആ മുഖത്ത് നാണത്തിന്റെ നേരിയ മിന്നലാട്ടം  എനിക്ക് തോന്നിയതാണോ?

 കുട്ട തലയിലേറ്റി ഒരു കൈ തലയിലെ കുട്ടയിൽ പിടിച്ചും മറു കൈ   താളത്തിൽ വീശിയും  അവൾ മുൻപേ നടന്നു. തലയും കുനിച്ച് പുറകേ ഞാനും. എന്റെ ശരീരത്തിൽ മീൻ വെള്ളവും ചോരയും  കട്ടി പിടിച്ചിരുന്നു. അവൾക്ക് സാധിക്കുന്നത് എനിക്ക് കഴിയുന്നില്ലല്ലോ എന്ന അപകർഷത എന്നെ മൂകനാക്കി.

“ചുള്ളിയിലെ കിണറിൽ പോയി കുളിക്കാം കൊച്ചേ...“ അവൾ തിരിഞ്ഞ്  നോക്കാതെ പറഞ്ഞ് കൊണ്ട് ഭാരവും തലയിലേറ്റി ആ ദൂരമത്രയും വേഗത്തിൽ നടക്കുകയാണ്.

റോഡിലെത്തി ഉന്ത് വണ്ടിയിൽ മീൻ കുട്ട  അവൾ താഴ്ത്തി വെക്കാൻ ഞാൻ സഹായിച്ചു. മൂപ്പിലാനോട് അവൾ ചീറി, 

“തനിക്ക് ആരേം വേറെ കിട്ടീല്ലേ  കാർന്നോരേ! ഈ നാറ്റ പണി എടുക്കാൻ....“ മൂപ്പിലാന് ഒന്നും മനസിലാകാത്തതിനാൽ മടിയിൽ നിന്നും 25 പൈസാഎടുത്ത് അവൾക്ക് കൊടുത്തു. അവൾ അത് കൈ നീട്ടി വാങ്ങിയിട്ട്, കൂടത്തിലേക്ക് നടന്നിട്ട് എന്നോട് പറഞ്ഞു, ബാ....“

“എന്തിനാ പൈസക്ക് ഇത്രേം അത്യാവശ്യം...“ തിളച്ച് പൊന്തുന്ന മണലിൽ കൂടി നടക്കുന്നിതിനിടയിൽ അവൾ തിരിഞ്ഞ് നിന്ന് എന്നോട് ചോദിച്ചു. ഞാൻ എല്ലാ കാര്യവും  അവളോട് പറഞ്ഞു. “ഹെന്റെ ദൈവമേ!...“ എല്ലാം കേട്ട് കഴിഞ്ഞു അവൾ മൂക്കിൽ വിരൽ വെച്ചു.  എന്നിട്ട് എന്റെ കൈ പിടിച്ച് ആ 25 പൈസായുടെ നാണയം കയ്യിൽ വെച്ച് തന്നു. പോയി ബുക്ക് വാങ്ങിക്ക്....കൊച്ചേ“ “വിജയമ്മയാണ് കൂടുതലും ചുമന്നത്, പൈസാ വിജയമ്മ എടുത്തോ...“ഞാൻ അത്മാർഥമായി തന്നെ പറഞ്ഞു.

“അത് വേണ്ടാ...കൊച്ചേ...കൊച്ചിന് എപ്പോഴെങ്കിലും പൈസാ കിട്ടുമ്പം  എനിക്ക് തന്നാൽ മതി.“ എന്നിട്ട് അവൾ  ചുള്ളിയിലെ കിണറിനടുത്ത് എന്നെ കൂട്ടിക്കൊണ്ട് പോയി  വെള്ളം കോരി തന്നു എന്നെ കുളിപ്പിച്ചു. എന്റെ ഷർട്ടും കഴുകി തന്നു.

ഹംസാ കോയാ വന്നപ്പോൾ ഞാൻ നടന്ന സംഭവങ്ങൾ പറഞ്ഞു. മീൻ കുട്ട ചുമന്നത് കേട്ടപ്പോൾ അവനും വഴക്ക് പറഞ്ഞു. എന്നിട്ട് ഈ വാക്കുകൾ കൂടി കൂട്ടി ചെർത്തു, എടാ അവൾക്ക് നിന്നോട് പിരാന്താ....“ 

“അങ്ങിനെ  ആ പെണ്ണിനെ പറയല്ലേടാ, അവൾ പുറം കറുപ്പാണെങ്കിലും ഉള്ള് തേനാണെടാ....ഇനി ഞാൻ അവളെ കളിയാക്കില്ല....“ ഞാൻ  പറഞ്ഞു.

പിന്നീട് പരീക്ഷാ കാലം ആയതിനാൽ ഞാൻ കുറേ ദിവസത്തെക്ക്  കൂടത്തിൽ പോയില്ല. കുറേ നാൾ കഴിഞ്ഞ് ഹംസാ കോയായെ കാണാൻ ഞാൻ അവിടെ പോയി. എല്ലാം പഴയ പടി നടക്കുന്നു എല്ലാ ജോലിക്കരുമുണ്ട്, വിജയമ്മ ഒഴികെ....

“വിജയമ്മ എവിടെ?“  ഞാൻ തിരക്കി.

“എന്നാത്തിനാ കൊച്ചേ..“. ക്ളാര ചേച്ചി തിരക്കി.

“25 പൈസാ കൊടുക്കാനുണ്ടായിരുന്നു...“ ഞാൻ പറഞ്ഞു. അല്ലാതെന്ത് പറയാനാണ്?

“ ആ പെണ്ണിന് ടൈഫേയിഡ് പനിയാ...പനി കൂടിയപ്പം തലേം മൊട്ടയടിച്ച് അവിടെ കുത്തി ഇരിക്കണത് കണ്ട്. ..പെണ്ണ്  എല്ലും തോലുമായി...“ ക്ളാര ചേച്ചി പറഞ്ഞു.

മനസ്സിൽ വേദന തോന്നിയെങ്കിലും ചുള്ളിയിൽ അവളുടെ വീട്ടിൽ പോകാൻ എന്തോ എനിക്ക് മടി തോന്നി. ഞാൻ കൊണ്ട് വന്നിരുന്ന 25 പൈസാ ഹംസാ കോയായെ ഏൽപ്പിച്ച് വിജയമ്മ വരുമ്പോൾ കൊടുക്കാനേർപ്പാടാക്കി.

അന്നായിരുന്നു ഞാൻ അവസാനമായി ബാപ്പു മൂപ്പന്റെ കൂടത്തിൽ പോയത്.ഉപ ജീവനം തേടലും പഠനവും എന്നെ  തിരക്കുള്ളവനാക്കി. വളരെ വളരെ  നാളുകൾക്ക് ശേഷം വട്ടപ്പള്ളിയിൽ വെച്ച് ഞാൻ ഹംസാ കോയായെ കണ്ടപ്പോൾ  കൂടത്തിലെ കാര്യങ്ങൾ തിരക്കി. പെട്ടെന്ന് അവൻ പറഞ്ഞു എടാ...ആ പെണ്ണീല്ലെ...വിജയമ്മ...അവൾ മരിച്ച് പോയി ...“ ഞാൻ ഞെട്ടി തെറിച്ചു. എന്റെ ഭാവം കണ്ടത് കൊണ്ടാവാം  ഹംസാ കോയാ പറഞ്ഞു, ഒരു പാവം പെണ്ണായിരുന്നെടാ.....“ 

“ നീ ശരിക്കും  അറിഞ്ഞോടാ, അവൾ മരിച്ചെന്ന്...എനിക്ക് അപ്പോഴും വിശ്വാസം വന്നില.

“പറഞ്ഞറിവാ....മരിച്ച് കാണും ടൈഫോയിഡല്ലായിരുന്നോ“ അവന്റെ ശബ്ദത്തിൽ ഉറപ്പില്ലായിരുന്നു.

 അറിയാതെ എന്റെ  കൈ പോക്കറ്റിലേക്ക് പോയി. 25 പൈസാ...കൊടുക്കാനുള്ളത് അവൻ കൊടുത്ത് കാണുമോ?...“

അവൾ മരിച്ച് കാണില്ല, അവളെങ്ങിനെ മരിക്കാനാണ്..ഞാൻ മനസ്സിൽ പറഞ്ഞു.

“സാറേ! കടലും നോക്കി നിക്കുവാണോ, ദാ...ഞങ്ങൾ മീൻ വാങ്ങി..നല്ല പച്ച മീൻ...“ ചിന്തകളിൽ നിന്നും ഞാൻ ഞെട്ടി ഉണർന്നു. എന്റെ കക്ഷികൾ പോകാൻ തയാറായി നിൽക്കുന്നു. 

ദൂരെ കടലിൽ മുങ്ങാനുള്ള ഒരുക്കത്തിലാണ്` സൂര്യൻ. മാനത്ത് തെന്നി നടക്കുന്ന ഒരു കഷണം മേഘത്തിന് നിറയെ സിന്ദൂരം സമ്മാനിച്ചാണ്  മൂപ്പര്  കടലിലേക്ക് ചാടുന്നത്. ഒരു പറ്റം കടൽ കാക്കകൾ  തിരകളിൽ നിന്നും  പറന്ന് കരയിലേക്ക് വന്നിരുന്നു. ഞാൻ നാല് ചുറ്റും നോക്കി. കൂടം നിന്ന സ്ഥലം ഏതാണ്? ചുള്ളി പറമ്പ് ഏതാണ്? ഒന്നും തിരിച്ചറിയാൻ കഴിഞ്ഞില്ല. വർഷങ്ങൾ എത്രയോ എത്രയോ കഴിഞ്ഞിരിക്കുന്നു. വിജയമ്മ മരിച്ചോ അതോ ജീവനോടെ ഉണ്ടോ? എനിക്കറിയില്ല.

ദൂരെ മണൽ പരപ്പിൽ നിന്നും ആരോ വിളിക്കുന്നോ   ശരീഫ് കൊച്ചേ...യ്... എന്റെ കൈ  കഴുത്തിലും നെഞ്ചിലുമിരിക്കുന്ന മീൻ വെള്ളവും ചോരയും തുടച്ച് മാറ്റാൻ വെമ്പിയോ....ഇല്ലാ ആ കാലമെല്ലാം അങ്ങ് ദൂരെ ദൂരെയാണ്. ഇങ്ങിനി വരാത്ത വണ്ണം ദൂരെ ദൂരെ പോയി മറഞ്ഞു.. ഇന്നിതാ എനിക്ക് പോകാനായി കക്ഷികൾ കാറുമായി കാത്ത് നിൽക്കുന്നു....എനിക്ക് യാത്ര തുടർന്നല്ലേ പറ്റൂ....“

പക്ഷേ ഒന്നെനിക്കുറപ്പുണ്ട്.  ഏത് നിലയിലെത്തിയാലും പണ്ടത്തെ പട്ടിണിക്കാരൻ പയ്യൻ എന്റെ ഉള്ളീൽ ഇപ്പോഴും എപ്പോഴും ഉണ്ടായിരിക്കുകയും ചെയ്യും. പഴയ കാലത്തോട് ഇന്നും ആഭിമുഖ്യം കാണിക്കുന്ന പഴയ സാധു പയ്യൻ.

ഒന്നു കൂടി ആ മണൽ പരപ്പിലേക്ക് നോക്കിയിട്ട് ഞാൻ തിരിഞ്ഞ് നടന്നു....യാത്ര തുടരാൻ.

ഷരീഫ് കൊട്ടാരക്കര.9744345476

Thursday, March 4, 2021

വിവാഹ മോചിതരുടെ കുട്ടികൾ

വിവാഹ മോചിതരാകുന്ന സ്ത്രീക്കും പുരുഷനും  കുട്ടികളുണ്ടെങ്കിൽ  ആ കുട്ടികളുടെ പരിപാലനം സംബന്ധിച്ച്  നിബന്ധനകൾ കൂടി ഉൾപ്പെടുത്തി ആയിരിക്കും വിവാഹ മോചനം  നിലവിൽ വരിക. കുട്ടികൾ ചിലപ്പോൾ അമ്മയുടെ കൂടെയോ മറ്റ് ചിലപ്പോൾ അഛന്റെ കൂടെയോ ആയിരിക്കും ഭാവി ജീവിതം കഴിച്ച് കൂട്ടേണ്ടത് .അഛനോ അമ്മയോ ആർക്കാണോ കുട്ടികളുടെ കസ്റ്റഡി അതിൽ എതിർഭാഗത്തിന് മാസത്തിൽ ഒന്നോ രണ്ടോ തവണ  കുട്ടിയെ കാണാനുള്ള അനുവാദം നിബന്ധനകളിൽ  ഉണ്ടായിരിക്കും. കുട്ടി അമ്മയുടെ കസ്റ്റഡിയിലാണെങ്കിൽ  നിശ്ചിത സ്ഥലത്ത് വെച്ച് അഛൻ കുട്ടിയെ കാണാൻ വരും. അത് മിക്കവാറും കോടതി ശിരസ്തദാറുടെ മുമ്പിലായിരിക്കും സംഭവിക്കുക. ചിലപ്പോൾ പള്ളിയിലാകാം, പള്ളിക്കൂടത്തിലാകാം. അത് എവിടെയായാലും അഛൻ കളിക്കോപ്പുകളും ബിസ്കറ്റോ  കുട്ടിക്ക് ഇഷ്ടപ്പെടുന്ന  മധുര പലഹാരങ്ങളോ മറ്റുമായാണ്  വരുക.

 കുട്ടിയെ നിശ്ചിത സ്ഥലത്ത് കൊണ്ട് വരുന്നത് ഭൂരിഭാഗം കേസുകളിലും അമ്മ  വരാറില്ല, പകരം ബന്ധുക്കൾ  ആരെങ്കിലുമായിരിക്കും കുട്ടിയെ കൊണ്ട് വരിക. അത് അമ്മായി അപ്പനാണെങ്കിൽ  ഈ സമ്മാനങ്ങൾ  കാണുമ്പോൾ അദ്ദേഹത്തിന്റെ മുഖം ഇരുളും.  “ഓ! ഞങ്ങളുടെ കുഞ്ഞിന് ഇതിന്റെ ഒന്നും ആവശ്യമില്ല, കുഞ്ഞ് നല്ല നിലയിൽ തന്നെയാണ് ` കഴിയുന്നതെന്ന് കാർന്നോര് മൊഴിയും . ചില അഛന്മാർക്ക് എരി കയറും, എന്റെ കുഞ്ഞിന് ഞാൻ കൊണ്ട് കൊടുക്കുന്നതിന് താൻ അഭിപ്രായം പറയേണ്ട“ എന്നാകും കുട്ടിയുടെ അഛൻ. ഉരസൽ അധികരിക്കുമ്പോൾ മദ്ധ്യസ്തന്മാർ ഇടപെട്ട് വഴക്ക് രാജിയാക്കി അഛന്റെ അവകാശം സ്ഥാപിച്ച് കൊടുക്കും. പക്ഷേ പല കുട്ടികളും സമ്മാനം നിരസിക്കും. കാരണം വീട്ടിൽ നിന്ന് പുറപ്പെടുന്നത്  മുതൽ ആ കുഞ്ഞിന് ക്ളാസ് കൊടുത്താണ് മിക്ക കേസുകളിലും കൊണ്ട് വരുന്നത്, അതിനാൽ കുട്ടി സമ്മാനം വാങ്ങില്ല.

അഛന്റെ കസ്റ്റഡിയിലുള്ള കുട്ടിയെ അമ്മയാണ് കാണാൻ വരുന്നതെങ്കിൽ  അഛൻ എത്ര ക്ളാസ് കൊടുത്ത് കൊണ്ട് വന്നാലും പല കുട്ടികളും അമ്മയെ കാണുമ്പോൾ ചാടി വീഴും.എന്നാൽ ചില കേസുകളിൽ  എത്ര ബലം കാണിച്ചാലും അമ്മയുടെ കയ്യിൽ കുട്ടി പോകാതിരിക്കും. അങ്ങിനെയുള്ള കേസിൽ അഛന്റെ ചുണ്ടിൽ പുഞ്ചിരി വിരിയുമെങ്കിലും അമ്മയുടെ കണ്ണീൽ നിന്നും കണ്ണീരല്ല, ചോരയാണ്` ചിലപ്പോൾ വരിക. അപ്രകാരമുള്ള സംഭവങ്ങൾ കാണാൻ ഇടവരുമ്പോൾ നമ്മുടെ മനസ്സിൽ ആരോടിന്നില്ലാതെ അരിശം തോന്നും.

സ്കൂളിൽ വെച്ച് കുട്ടിയെ കാണാൻ നിബന്ധനയുള്ള കേസുകളിൽ മാതാപിതാക്കളിൽ  ആരെങ്കിലും ഒരാൾ വന്ന് കുട്ടിയെ കാണുന്നതും കൊഞ്ചിക്കുന്നതും കാണുമ്പോൾ സഹ പാഠികളായ കൊച്ച് കുട്ടികൾ തമ്മിൽ പറയും “ അവന്റെ അഛനും അമ്മയും തമ്മിൽ വഴക്കാണ്“ അത് ആ കുട്ടിയുടെ ചെവിയിലും പതിക്കും.

വിവാഹമോചനം  നടത്തുന്നത് ഭാര്യാ ഭർത്താക്കന്മാരുടെ  താല്പര്യ പ്രകാരമാണ്, ഒരിക്കലും കുട്ടിയുടെ താല്പര്യ പ്രകാരമല്ല. കുട്ടി ഈ കാര്യത്തിൽ നിരപരാധിയാണ്. പക്ഷേ ആ കുട്ടി തന്നെയാണ് ഈ  കളിയിൽ  ഏറ്റവും മാനസിക സംഘർഷം അനുഭവിക്കുന്നതും.  ആരെയാണ് സ്നേഹിക്കേണ്ടത്, അഛൻ പറയും അമ്മ ചീത്തയാണ്, അമ്മ പറയും അഛൻ ചീത്തയാണ്. ഇതിൽ ഏതാണ് ശരി, കുട്ടി അങ്കലാപ്പിലാകും.

കുട്ടിയെ ഉപയോഗിച്ച് എതിർഭാഗത്തിന് നേരെ പ്രതികാരം നടത്താനും ചില ഭാര്യാ ഭർത്താക്കന്മാർ മടിക്കില്ല.  “എനിക്ക് ജയിക്കണം, എതിർ കക്ഷി തോൽക്കണം.  അത്ര മാത്രം മതി എനിക്ക്.  ആരോ അനുഭവിക്കുകയോ ചാകുകയോ എന്ത് വേണമെങ്കിലുമാകട്ടെ, ഞാൻ ജയിക്കണം. ഈ ശപഥവുമായി കഴിയുന്ന മനുഷ്യ ജന്മങ്ങൾ! അവർക്ക് കുട്ടി എന്ത് ചിന്തിക്കുന്നെന്നോ എന്ത് അനുഭവിക്കുന്നെന്നോ അറിയേണ്ട കാര്യമില്ല.

വർഷങ്ങൾക്ക് മുമ്പുള്ള ഒരു സംഭവം ഓർത്ത് പോകുന്നു. വിവാഹ മോചനം നിർബന്ധമായി ഉണ്ടായേ മതിയെന്ന് ശഠിക്കുന്ന  ദമ്പതികൾ. നിബന്ധനകൾ ഓരോന്നായി ചർച്ച ചെയ്ത് വരവേ കുട്ടിയുടെ കാര്യം പൊന്തി വന്നു. ഭാര്യ ചാടി എഴുന്നേറ്റ് പറയുന്നു, കുട്ടിയെ കാണിക്കുന്ന പ്രശ്നമേ ഇല്ല. എന്നെ വേണ്ടാത്തിടത് എന്റെ കുട്ടിയെ കാണുന്നതെന്തിന്? എന്നായി ആ സ്ത്രീ.

 കുട്ടിയെ മാസത്തിൽ ഒരു തവണയെങ്കിലും  കാണാൻ പിതാവിന് അവകാശമുണ്ടെന്നും അത് നിഷേധിക്കുന്നത്  ശരിയല്ലെന്നും , കോടതിയിൽ അപേക്ഷ കൊടുത്താൽ അയാൾക്ക് അനുകൂല വിധി ഉണ്ടാകും എന്ന് സൂചിപ്പിച്ചപ്പോൾ  ആ സ്ത്രീ പറഞ്ഞത് “ എങ്കിൽ കുഞ്ഞിനെ ഞാൻ കൊല്ലും, ഞാനും ചാകും , അല്ലാതെ അയാൾക്ക് തോറ്റ് കൊടുക്കുന്ന പ്രശ്നമേ ഇല്ലാ “ എന്നാണ് ( ഈ സംഭവം അന്ന് ഞാൻ എന്റെ ബ്ളോഗിൽ പോസ്റ്റ് ഇട്ടിരുന്നു)

വിവാഹ മോചനം നടത്തുന്നവർ  അവരുടെ വാശി ജയിക്കുന്നു, അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നു. പക്ഷേ മാതാ പിതാക്കളുടെ വിവാഹ മോചനത്താൽ  കുട്ടികളുടെ ഉള്ളിൽ ഉണ്ടാകുന്ന സംഘർഷങ്ങളെ പറ്റി ഒരിക്കലെങ്കിലും അവർ ചിന്തിക്കാറില്ല. അങ്ങിനെ എന്തെങ്കിലും ചിന്ത ഉള്ളവർ എന്ത് വിട്ട് വീഴ്ച ചെയ്തും  ബന്ധം തുടർന്ന് പോകും. ഒരിക്കലും ബന്ധം പിരിക്കാൻ ശ്രമിക്കാറില്ല,

Tuesday, March 2, 2021

ഇന്ധനം

 പണ്ട്  ഇന്ധനത്തിനായി  വിറക്,  ചിരട്ട , തുടങ്ങിയവയും തെങ്ങിൽ നിന്നും ലഭിക്കുന്ന മടൽ, കൊതുമ്പ്, ചൂട്ട്, തുടങ്ങിയവയും ഉപയോഗിച്ച് വന്നു. നഗരങ്ങളിൽ വിറകും ചിരട്ടയുമായിരുന്നു പ്രധാനമായി ഉപയോഗിച്ച് വന്നിരുന്നത്. അടുക്കള കൈകാര്യം ചെയ്യുന്നവർ ഈ വക സാധനങ്ങൾ ശേഖരിക്കുന്നതിന് മുൻഗണന നൽകി. കാരണം അവരാണല്ലോ അടുപ്പിൽ ഊതി ഊതി വശം കെടുന്നത്. വിറക് നനഞ്ഞതാകുമ്പോൾ  അടുക്കളയിൽ നിന്നും പരാതി നിറഞ്ഞ പരിഭവങ്ങൾ  പത്രം വായിച്ച് ചാരുകസേരയിൽ കിടക്കുന്നവന്റെ സമീപം അലച്ചാർത്ത് ചെല്ലുകയും അദ്ദേഹം വെളിയിലേക്കിറങ്ങി ഉണങ്ങിയ ചൂട്ടും കൊതുമ്പും തപ്പി എടുത്ത് നല്ല പാതിയെ അടുപ്പിലൂതുന്നതിൽ  സഹായിക്കുകയും ചെയ്തു  വന്നു.

കാലം കടന്ന് വന്നപ്പോൾ തിരിയിട്ട് കത്തിക്കുന്ന മണ്ണെണ്ണ സ്റ്റവ്വു രംഗത്ത് വന്നു; അതിനെ പിന്തുടർന്നു പമ്പ് ചെയ്ത് കത്തിക്കുന്ന പിച്ചള സ്റ്റവ്വുകളും  കൂടെയെത്തി. പെണ്ണുങ്ങൾ സ്റ്റവ്വിൽ ആകർഷിക്കപ്പെടുകയും  വിറകും ചിരട്ടക്കും  രണ്ടാം സ്ഥാനം നൽകുകയും ചൂട്ടും കൊതുമ്പും പറമ്പിന്റെ മൂലയിൽ അടുപ്പ് കൂട്ടി വല്യപ്പനോ വല്യമ്മക്കോ കുളിക്കാൻ ചൂട് വെള്ളം അനത്തുന്നതിനായി  മാറ്റി വെക്കുകയും ചെയ്തു. ഊതല്പരിപാടി അവസാനിക്കുകയും അത് വഴി സ്ത്രീകൾക്ക് കുറേശ്ശെ കുടവയർ  വരാൻ ഒരു കാരണമാകുകയും ചെയ്തു. 

പെട്ടെന്നായിരുന്നു ഗ്യാസ്  അടുപ്പുകളുടെ  വരവ്. ഗ്യാസ് കണക്ഷൻ കിട്ടാൻ  പഞ്ചായത്ത് മെമ്പർ  മുതൽ  എം.എൽ.എ. വരെ ശുപാർശ കത്തുകൾ നൽകി. ദിവ്യ വസ്തു കൊണ്ട് വരുന്നത് പോലെ ആൾക്കാർ ഗ്യാസിനെ അടുക്കളക്കകത്ത് പ്രവേശിപ്പിച്ചു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു, തോക്ക് പോലെ ഒരു സാധനം കൊണ്ട് വന്ന് സ്റ്റീൽ അടുപ്പിന്റെ അരികത്ത് വെച്ച് ടിഷൂം ടിഷൂം  എന്നാക്കുമ്പോൾ നീല ജ്വാലകൾ വരുകയും  അതിനു മുകളിൽ  സ്ത്രീകൾ ആദരവോടെ കലവും ചട്ടികളും വെക്കുകയും പാചകം ചെയ്യുകയും ചെയ്തു. (മൺ കലവും ചട്ടിയുമല്ലേ പറഞ്ഞേക്കാം). പിന്നെ എല്ലാം ഗ്യാസായി തീർന്നു. വീട് വാതിൽക്കൽ ഗ്യാസ് കാരൻ ചരക്കും കൊണ്ട് വരുന്നതിനായി നമ്പർ വരെ കാണാ പാഠം പഠിച്ചു.  അയാൾ വന്നില്ലെങ്കിൽ  ഈ വീട്ടിലെ കൊച്ചമ്മ അടുത്ത വീട്ടിലെ കൊച്ചമ്മയെ മൊബൈലിൽ വിളിച്ച് ചോദിക്കും , മോളേ! നിനക്ക് ഗ്യാസ് ഉണ്ടോ? ഉണ്ടല്ലോ ചേച്ചി, ഒരു കുറ്റി ഉണ്ട് പെട്ടെന്ന് ബുക്ക് ചെയ്ത് വാങ്ങി തരണേ.... അങ്ങിനെ ഗ്യാസ് വിപണനം സഹകരണാടിസ്ഥാനത്തിലും പരോപകാരാ‍ാ ടിസ്ഥാനത്തിലും നടന്ന് വന്നു. അതിന്റെ സ്റ്റവ്വുകൾ ഫോറിനും നാടനും രംഗത്ത് വന്നു. സ്റ്റവ് അന്തസ്സിന്റെ പ്രതീകമായി മാറി. ഗ്യാസ് കുറ്റി  പ്രാണ വായു പോലെ ഒഴിച്ച് കൂടാത്തതായി. അതിന് പകരം വെക്കാൻ മറ്റൊന്നില്ലാതായി  അപ്പോഴേക്കും ഗ്യാസിന്റെ വില പതുക്കെ പതുക്കെ കൂട്ടി തുടങ്ങി. എത്ര കൂട്ടിയാലും വാങ്ങാതെ പറ്റില്ലാ എന്ന മട്ടിലായി ജനങ്ങൾ. അഥവാ  ആ പരുവത്തിൽ കൊണ്ട് ചെന്നെത്തിച്ചു.

അതിനിടയിൽ തെങ്ങും റബ്ബറും വെട്ടി തീർത്തു. വിറകുമില്ല, ചൂട്ടുമില്ല , ഇനി അങ്ങോട്ട് തിരിച്ച് പോക്കുമില്ല. പുതിയ വീടുകളുടെ അടുക്കളക്ക് പുക ചിമ്മിനിയുമില്ല. ഗ്യാസിനെന്തിന് ചിമ്മിനി..

ഇതാ ഇപ്പോൾ ഗ്യാസിന് ഒരു മാസത്തിനുള്ളിൽ 200 രൂപാ വില വർദ്ധന ആയി. എന്നിട്ട് ഇരുന്ന് കൂവുകയാണ് ഹോ! എന്തൊരു വില!!!   ഉപഭോഗം കുറച്ച് കുറ്റിയുടെ എണ്ണം ലാഭിക്കാനോ പകരം മാർഗം കണ്ടെത്താനോ മെനക്കെടാതെ നമുക്ക് ഒരുമിച്ച് പിറു പിറുക്കാം  ഈ ഗ്യാസിന്റെ വിലയേ!!!