ഡ്രൈവിംഗ് ടെസ്റ്റ് ഭംഗിയായി പാസ്സായതിനാൽ സർക്കാർ വർഷങ്ങൾക്ക് മുമ്പ് ഒരു ലൈസൻസ് തന്നിട്ട് പറഞ്ഞു, “എവന് ബൈക്ക്, കാർ തുടങ്ങിയവ ഓടിക്കാൻ അനുവാദം നൽകിയിരിക്കുന്നു. കാലാവധി കഴിഞ്ഞപ്പോൾ അത് പുതുക്കി തരുകയും ചെയ്തു. പ്രശ്നമെന്തെന്ന് വെച്ചാൽ ലൈസൻസ് കൈ പറ്റിയിട്ട് ഈയുള്ളവൻ അത് പോക്കറ്റിൽ വെച്ചതല്ലാതെ വാഹനങ്ങൾ കൈകാര്യം ചെയ്തിട്ടില്ല. പണ്ട് ലൈസൻസിന് വേണ്ടി അധികാരികൾക്ക് മുമ്പിൽ സുന്ദരമായി വാഹനം ഓടിച്ച് കാണിച്ച് കൊടുത്തിരുന്നു. അത് കഴിഞ്ഞ് പിന്നെ വണ്ടിയിൽ ഇരുന്ന് കൊടുക്കും അല്ലാതെ വളയത്തിലോ ഹാൻഡിലിലോ കൈ തൊട്ടിട്ടില്ല. അടുത്ത സ്ഥലത്തെല്ലാം നട രാജൻ സർവീസിൽ പോകും ദൂരത്ത് പുത്രന്മാർ കൊണ്ടെത്തിക്കും. അങ്ങിനെ സസുഖം കഴിഞ്ഞ് വരവേ ഉള്ളിലുണ്ടായി ഒരു പൂതി, ബൈക്ക് ഓടിക്കാം , ശരി കൈ ഒന്ന് ശരിയാക്കാൻ പുത്രൻ ആളെ തരപ്പെടുത്തി തന്നു. ഒരു രാത്രി കൊണ്ട് തന്നെ ആശാനെ അതിശയിപ്പിച്ച് ശിഷ്യൻ ബൈക്ക് പറത്തി വിട്ടു. ആശാൻ പറഞ്ഞു, എന്തിന് പരിശീലനം?! നാളെ തന്നെ ഏകാന്ത പഥികനായി തുണക്ക് ആളില്ലാതെ പൊയ്ക്കോ എന്ന്.
അങ്ങിനെ ബൈക്കിൽ കയറി വണ്ടി വിട്ടു. ഏകാന്ത യാത്ര അല്ലേ, വെറുതെ ഇരുന്ന് ആലോചിക്കാം...തലയിലേക്ക് ഓരോന്ന് കയറി വരുന്നു, മുഖ പുസ്തകത്തിലൂടെ പ്രതികരിക്കേണ്ട പോസ്റ്റുകളിലെ വാചകങ്ങൾ. മദ്ധ്യസ്തത പറയുന്ന ദാമ്പത്യ ബന്ധ കേസുകളിലെ പരിഹാര മാർഗങ്ങൾ പഴയ ഒരു പരിചയക്കാരൻ വന്ന് അയാൾക്ക് കോടതിയിൽ ഫയൽ ചെയ്യേണ്ട കേസിന്റെ ഗുണദോഷ വിവരങ്ങൾ..പിന്നെ ഓരോന്നും ഇങ്ങിനെ തലയിലേക്ക് അടിച്ച് കയറുന്നു, വണ്ടി ഓടിക്കുമ്പോൾ അവശ്യം ആവശ്യമുള്ള ഏകാഗ്രത പറമ്പ് വഴി പാഞ്ഞു പോയി. വളവിൽ വണ്ടി എത്തുമ്പോൾ തലച്ചോർ ഉത്തരവിട്ടു ബ്രേക്ക് കൊടുത്ത് വേഗത കുറക്കൂൂ മോനേ....അനുസരിച്ചു, പക്ഷേ ബ്രേക്കിന് പകരം ആക്സിലേറ്റർ കൊടുത്തു. രണ്ടും തമ്മിലെന്ത് വ്യത്യാസം രണ്ടും ഇരുമ്പാണ് ബൈക്കിലെ രണ്ട് ഉപകരണങ്ങളാണ്... പിന്നെന്താ അവർക്ക് ഒന്ന് സഹകരിച്ച് കൂടെ.എന്ന്....പക്ഷേ.ആക്സിലേറ്റർ കൊടുത്തതിന്റെ.ഫലമായി വണ്ടി വളവിൽ അതി വേഗതയിൽ ഒരു പോക്ക്, ആദ്യത്തെ തവണ തലയിൽ ഒരു സഞ്ചിയുമായി പോകുന്ന വല്യമ്മയുമായി തൊട്ടു...തൊട്ടില്ല...എന്ന ഗാനം മൂളി വണ്ടി പാഞ്ഞു.“ വല്യമ്മ പറഞ്ഞു “ഒരു കോപ്പിലെ പോക്ക്... അമ്മായി അമ്മക്ക് വായു ഗുളിക വാങ്ങാൻ പോകുവാണോ?.“ മിണ്ടാതെ അങ്ങ് വണ്ടി വിട്ടു..വിവരമില്ലാത്ത അവരൊക്കെ എന്തെങ്കിലും പറയും നമ്മൾ അതിന് മറുപടി പറയേണ്ട. അടുത്ത തവണ ബ്രേക്കിന് പകരം ആക്സിലേറ്റർ കൊടുത്തപ്പോൾ എതിരെ വരുന്ന ഒരു കാറിന്റെ നേരെ ഞാനും വണ്ടിയും പാഞ്ഞു. കാറുകാരൻ അയാളുടെ വാഹനം വെട്ടിച്ച് മാറ്റി. എന്നിട്ട് പുറത്തേക്ക് തലയിട്ട് ഇങ്ങിനെ വിളിച്ച് പറയുന്നത് ഞാൻ പാച്ചിലിനിടയിൽ കേട്ടു. “പെണ്ണുമ്പിള്ളയുമായി വഴക്കിട്ട് വണ്ടി ഇടിച്ച് ചാകാൻ എന്റെ വണ്ടിയേ കിട്ടിയുള്ളോ സഹോ......“ മാന്യന്മാർക്ക് നിശ്ശബ്ദതയാണ് ആഭരണം. അപ്പോഴും ഞാൻ മിണ്ടിയോ ഇല്ല. പക്ഷേ അന്ന് ഞാൻ ഒരു തീരുമാനമെടുത്തു. “ ഈ പണി നമുക്ക് പറ്റില്ല.“
അതിന് ശേഷം മാനം മര്യാദക്ക് ജീവിതം കഴിച്ച് കൂട്ടുന്നു, വണ്ടിയിൽ കയറി ഇരിക്കും അത് ഓടിക്കാറില്ല. അങ്ങിനെ ഇരിക്കവേ ഞങ്ങളുടെ സൽമാൻ 18 ന്റെ നിറവിൽ ലൈസൻസ് എടുത്തു. അവനെ ഞാൻ “ആൻഡ്രോയിഡ് കുഞ്ഞപ്പനായി നിയമിച്ചു. അവനും അത് ഇഷ്ടം, എന്നെയും കൊണ്ട് കറങ്ങാം.ഞാൻ മാസ്കും ഹെൽമറ്റും ധരിച്ച് അവന്റെ പുറകിൽ ഇരിക്കും എനിക്ക് പോകേണ്ടിടത്ത് അവൻ കൊണ്ട് പോകും, പക്ഷേ ഒരു കുഴപ്പമേ ഉള്ളൂ, എന്റെ മനോ വ്യാപാരം അവസാനിപ്പിക്കില്ല ഞാൻ എന്നുള്ളതിനാൽ ഒരു കടയിൽ കയറി സാധനം വാങ്ങി കടക്കാരനുമായി അൽപ്പം സൊറ പറഞ്ഞ് നിന്ന് പിന്നെ അടുത്ത കടയിൽ പോയി വേറൊരു സാധനം വാങ്ങിയിട്ട് റോഡിലിറങ്ങി നിന്ന് ആട്ടോ അന്വേഷിക്കും, കുഞ്ഞപ്പൻ അവിടെ എന്നെയും നോക്കി നിൽക്കുന്നു എന്ന് ഓർമ്മിക്കാതെ . സൽമാൻ പതുക്കെ വണ്ടിയുമായി അടുത്ത് വരും എന്നിട്ട് പറയും “വണ്ടിയിൽ കയറ്....അപ്പോഴാണ് കുഞ്ഞപ്പനുമായാണ് ഞാൻ വന്നതെന്നും അവൻ എന്നെ നിരീക്ഷിച്ച് മാറി നിൽപ്പുണ്ടെന്നും ഓർമ്മ വരുന്നത്. മറന്ന് പോയി മോനേ! എന്ന് അവനോട് ക്ഷമ പറഞ്ഞിട്ട് വീണ്ടും വണ്ടിയുടെ പുറകിൽ കയറി ഇരുന്ന് ചിന്തകളെ അഴിച്ച് വിടും. ഈ ചിന്തകളെ പിടിച്ച് കെട്ടാനായെങ്കിൽ ഒരു ആൻഡ്രോയിഡുമില്ലാതെ എനിക്ക് സ്വയം വണ്ടി ഓടിക്കാമായിരുന്നു. ഓ! ഇനി ഇപ്പോൾ അതിന് മെനക്കെടാതിരിക്കുന്നതാണ് എന്റെയും നാട്ടുകാരുടെയും സുരക്ഷക്ക് നല്ലത്. മാത്രമല്ല, ദൈവ കാരുണ്യത്താൽ കുടുംബത്തിൽ കുഞ്ഞപ്പന്മാർ ധാരാളം ഉണ്ട്, ഫെബ്രുവരിയിൽ പൊന്നു (അർഷദ്) ഇൻഷാ അല്ലാ 18 വയസ്സാകും ദൈവം കനിഞ്ഞ് അവനും ലൈസൻസ് എടുത്താൽ അവനും എന്റെ കുഞ്ഞപ്പനാകും. അവരോടെല്ലാം എനിക്ക് അതിരറ്റ വാൽസല്യവും അവർക്ക് എന്നോട് അതിരറ്റ സ്നേഹവും ഉള്ളപ്പോൾ ഞാനെന്തിന് വണ്ടി ഓടിക്കാൻ മെനക്കെടണം.ദൈവത്തിന് സ്തുതി, എല്ലാവർക്കും സ്നേഹം സമാധാനം ശുഭം......