പള്ളികളിലും മറ്റ് സാമുദായിക സ്ഥാപനങ്ങളിലും വിവാഹാനുവാദ അപേക്ഷകൾ അടുത്ത ദിവസങ്ങളിൽ കൂടുതലായി ഫയൽ ചെയ്യപ്പെടുന്നതായി അറിയാൻ കഴിഞ്ഞു. വിവാഹ പ്രായം 21 ആയി ഉയർത്തുന്നുവെന്നും അത് നവംബർ ആദ്യ ആഴ്ചയിൽ തന്നെ പ്രാബല്യത്തിൽ വരുമെന്നും സാമൂഹ്യ മാധ്യമങ്ങളിൽ ആരോ കൊളുത്തി വിട്ട ഒരു പോസ്റ്റിലൂടെ അറിഞ്ഞതിനെ തുടർന്നാണ് ഈ തിരക്ക്.
Friday, October 30, 2020
വിവാഹ പ്രായം ...
Tuesday, October 27, 2020
തോട്ടിയുടെ അറ്റത്തെ......
കോടതി വരാന്തയിലും ഹാളിലും നല്ല തിരക്ക്. ഇന്ന് ഒരു ബലാൽസംഗ കേസിന്റെ വിധി പറയുന്ന ദിവസമാണ്. ഇതിനു മുമ്പ് വിധി പറഞ്ഞ എല്ലാ കേസുകളിലും പ്രതികളെ ശിക്ഷിച്ചിട്ടുള്ള ജഡ്ജിൽ നിന്നും ഈ കേസിലും വിധി മറിച്ചാകാൻ വഴിയില്ലാ എന്ന് എല്ലാവരും പറഞ്ഞു. പക്ഷേ പ്രതിഭാഗം അഭിഭാഷകന് തന്റെ പ്രതിയെ വെറുതെ വിടുമെന്ന്.ശുഭാപ്തി വിശ്വാസം അൽപ്പം കൂടുതലുണ്ടായിരുന്നു, അത് കൊണ്ട് തന്നെ അദ്ദേഹം മുൻ നിരയിൽ സുസ്മേര വദനനായി ഇരിപ്പുറപ്പിച്ചു. ഒരു തൊഴിലാളി യൂണിയന്റെ ഉന്നത നേതാവായ അദ്ദേഹവും ജഡ്ജും പുനലൂരിൽ ഒരേ കാലയളവിൽ അഭിഭാഷകരായി പ്രാക്ടീസ് ചെയ്തിരുന്നവരാണ്.
കേസ് വിളിച്ചു. പ്രതി കൂട്ടിൽ കയറി നിന്നു. ജഡ്ജ് അയാളെ ഡയസിനടുത്തേക്ക് വിളിച്ചു. ആ ലക്ഷണം ശിക്ഷയുടേതാണെന്ന് ഞങ്ങൾക്കും വക്കീലന്മാർക്കും അറിയാം. വെറുതെ വിടാനാണെങ്കിൽ കൂട്ടിൽ നിന്ന് കൊണ്ട് തന്നെ വിധി കേട്ട് അയാൾ പുറത്തേക്ക് പോകും.
ശിക്ഷ ഉറപ്പായതോടെ പ്രതിഭാഗം അഭിഭാഷകന്റെ മുഖം ഇരുണ്ടു. ജഡ്ജ് വിധിന്യായത്തിൽ ഒപ്പിട്ടു. പേജുകൾ മറിച്ച് നോക്കി, ചില ഭാഗങ്ങൾ വായിച്ചു. ഒരു കൂട്ടം സെക്ഷനുകളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. പ്രധാന കുറ്റം സെക്ഷൻ 376, ബലാൽസംഗം, പിന്നെ പരുക്കേൽപ്പിക്കൽ, 323, 324, ക്രിമിനൽ ട്രസ്പസ്സ് ( അനധിക്രത കടന്ന് കയറ്റം)447, പിന്നെയും ഏതെല്ലാമോ ചില്ലറ ചില്ലറ വകുപ്പുകൾ കുറ്റപത്രത്തിൽ ഉൾപ്പെട്ടിരുന്നു. കുറ്റപത്രത്തിൽ ഉണ്ടായിരുന്ന എല്ലാ കുറ്റങ്ങൾക്കും ഒന്നൊന്നായി ജഡ്ജ് തടവ് ശിക്ഷ വിധിച്ചു. പക്ഷേ എന്ത് കൊണ്ടാണോ എന്തോ 447 സെക്ഷന്റെ ( അനധികൃത കടന്ന് കയറ്റത്തിനുള്ള )ശിക്ഷ വിട്ട് പോയി. നോട്ട പിശകാകാം, സ്റ്റനോഗ്രാഫർ ടൈപ്പ് ചെയ്തപ്പോൾ വിട്ട് പോയതാകാം, വായിച്ചപ്പോൾ വിട്ടതാകാം, എന്തായാലും 447 ന്റെ ശിക്ഷ എത്രയെന്ന് വായിച്ചില്ല.
ദേഷ്യം കൊണ്ട് വിറക്കുന്ന പ്രതിഭാഗം അഭിഭാഷകൻ ചാടിയെഴുന്നേറ്റ് പുറത്തേക്കിറങ്ങി അപ്പോൾ അവിടെ ഭിത്തിയിൽ ചാരി നിന്നിരുന്ന പ്രതിയോട് ഉച്ചത്തിൽ ചോദിച്ചു “ വീടിനകത്ത് കടന്ന് കയറാതെ തോട്ടിയുടെ അറ്റത്ത് “ദേ! അത്“ കെട്ടിവെച്ച് വെളിയിൽ നിന്നും അകത്തേക്ക് നീട്ടിയാണോടാ നീ ബലാൽസംഗം ചെയ്തത്.....“
കോടതിയിൽ കൂട്ട ചിരി മുഴങ്ങി . ജഡ്ജ് ഒന്നും മിണ്ടിയില്ല. അടുത്ത കേസ് വിളിക്കാൻ ബെഞ്ച് ക്ളാർക്കിനോട് പറഞ്ഞു. പൂർവ കാല സുഹൃത്തായതിനാലാകാം കോടതിയിൽ ബഹളം ഉണ്ടാക്കി സംസാരിച്ചതിന് അഭിഭാഷകന് നേരെ നടപടി എടുത്തില്ല. നടപടി എടുത്താലും ആ അഭിഭാഷകൻ അത് പുല്ല് പോലെ അവഗണിക്കും. അതായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം.കാരണം അദ്ദേഹം സരസമായി ചൂണ്ടിക്കാണിച്ചത് ഗുരുതരമായ വീഴ്ചയായിരുന്നുവല്ലോ.
തന്റെ സ്റ്റാന്റിൽ ഉറച്ച് നിന്ന് ഗംഭീരമായി വാദം നടത്തി ഉത്തരവ് വാങ്ങുന്ന അഭിഭാഷകരോട് എപ്പോഴും അറിയാതെ ആദരവ് തോന്നി പോകും.
Thursday, October 22, 2020
കൗമാര പ്രണയത്തിന്റെ കുതുഹൂലതകൾ
മൂടി പുതച്ച് ഉറങ്ങിയിരുന്ന ഞാൻ വേലിക്കൽ നിന്നും ശൂ ശൂ ശബ്ദം കേട്ടാണ് ഉണർന്നത്. നേരം പുലർന്ന് വരുന്നതേയുള്ളൂ. അപ്പോഴേക്കും ഇവളെന്തിനാണ് വേലിക്കൽ നിന്നും വള കിലുക്കുന്നത്. ഉറക്കച്ചടവോടെ നാല് പാടും നോക്കി ആരുമില്ല, എല്ലാരും ഉറക്കത്തിലാണ്. ഓടി ച്ചെന്നു.
“എന്തൊരു ഉറക്കമാണ്, എത്ര നേരം കൊണ്ട് ഞാൻ വിളിക്കുന്നു...“ വാക്കുകളിൽ പരിഭവം പുരട്ടി അവൾ ഒരു പൊതി എന്റെ നേരെ നീട്ടി. പഴുത്ത ചക്കയുടെ മത്ത് പിടിപ്പിക്കുന്ന മണം പുലർകാലത്തെ വായുവിൽ പരന്ന് എന്റെ മൂക്കിലെത്തി.ഏത് വിശേഷ ഭക്ഷണ സാധനങ്ങളും അവൾക്ക് കിട്ടിയാൽ അത് എന്നെ കൊണ്ട് തീറ്റിപ്പിക്കണമെന്നുള്ളത് പണ്ട് മുതലേ അവളുടെ ശീലമാണല്ലോ.
“അതിരാവിലെ വെറും വയറ്റിൽ ചക്കപ്പഴമോ?“
“ഇരുട്ടത്തിരുന്ന് പറിച്ചെടുത്തതാണ് ചവണിയും പൊല്ലയും കാണും “ അവൾ പറഞ്ഞു, എന്നിട്ട് കൂട്ടിച്ചേർത്തു. “ഇനി കുറച്ച് ദിവസം എന്നെ കാണില്ല“
അതെന്താണ്? എന്ത് പറ്റി? എവിടെയെങ്കിലും പോകുന്നോ? എന്റെ ചോദ്യത്തിൽ പരിഭ്രമം ഉണ്ടായിരുന്നു.
ദൂരെ കിഴക്ക് കമ്പിക്കകം പറമ്പിലെ തെങ്ങോലകൾക്കപ്പുറം ഉദയ സൂര്യൻ തല കാണിച്ച് വരുന്നതേയുള്ളൂ. അവളുടെ മുഖം പുലരിയുടെ ചുവപ്പ് തട്ടി ചുമന്നതാണോ അതോ നാണത്താൽ ചുമന്നതാണോ.?
“അത് എന്താണെന്ന് പിന്നെ അറിഞ്ഞോളും“ എന്ന് പറഞ്ഞിട്ട് അവളോടി പോയി.
എനിക്കൊന്നും മനസ്സിലായില്ല. നേരം നല്ലവണ്ണം പുലർന്ന് കഴിഞ്ഞ് എന്റെ ഉമ്മ ഉൾപ്പടെ അയൽ പക്കത്തെ സ്ത്രീകൾ അവളുടെ വീട്ടിലേക്ക് പോകുന്നത് കണ്ടപ്പോൾ കാര്യമറിയാനുള്ള എന്റെ ഉൽക്കണ്ഠ അതിന്റെ ഉച്ചസ്ഥായിയിലെത്തി. ഉമ്മയോട് കാര്യം ചോദിക്കാൻ മടി . അപ്പോഴാണ് കുഞ്ഞിവീത്ത അതിലെ പോകുന്നത് കണ്ടത്., അവരോടെ ഞാൻ തിരക്കി. “ഇത്ത എന്തിനാണ് ആ വീട്ടിൽ ആൾക്കാർ പോകുന്നത്...“
“അതോ, ആ പെൺ കൊച്ച് വലുതായി“ അവർ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചിട്ട് കടന്ന് പോയി.
എന്തോ എല്ലാം അവ്യക്തമായി പതിനാറ് വയസ്സ്കാരനായ ഞാൻ തിരിച്ചറിഞ്ഞു. കാര്യങ്ങൾ അങ്ങിനെയൊക്കെയാണ്. അതാണ് അവൾ പറഞ്ഞത്, കുറച്ച് ദിവസം കാണില്ലാ എന്ന്....
ദിവസങ്ങൾ കഴിഞ്ഞ് അയൽ പക്കത്തെ വീട്ടിലെ നേർച്ച ചോറെന്ന് പറഞ്ഞ് ഉമ്മ വീട്ടിൽ കിട്ടിയതിൽ നിന്നും എന്റെ വിഹിതമായി അൽപ്പം നെയ്ച്ചോറും ഇറച്ചി വരട്ടിയതും തന്നു.
രാത്രിയായി. പതിനാലാം രാവായത് കൊണ്ട് പൂർണ ചന്ദ്രൻ മാനത്ത് വെട്ടി തിളങ്ങി നിൽക്കുന്നു. കൂട്ടത്തിൽ താരക കുഞ്ഞുങ്ങളും. അന്തരീക്ഷമാകെ വെണ്ണി ലാവിന്റെ പ്രഭയിൽ കുളിക്കുന്നത് കണ്ട് മനസ്സിലേക്ക് ആ നിലാവിനെ ആവാഹിച്ച് മുറ്റത്തെ മണലിൽ നിലാവിനെ നോക്കി ഞാൻ മലർന്ന് കിടന്നു. മാനത്ത് വല്ലാത്ത കാഴ്ച.!
വീട്ടിൽ എല്ലാവരും ഉറങ്ങി കഴിഞ്ഞു. അപ്പോൾ വേലിക്കൽ നിലാവ് വന്നെന്ന് വളകിലുക്കം കൊണ്ട് ഞാൻ തിരിച്ചറിഞ്ഞു. ഓടി ചെന്നപ്പോൾ വേലിപ്പഴുതിലൂടെ അവൾ ഒരു പൊതി നീട്ടി. “ഇത് എന്റെ വക നേർച്ചയുടെ പങ്ക്.... നെയ്ച്ചൊറും കറിയും....“
ഞാൻ കണ്ണിമക്കാതെ അവളെ നോക്കി നിന്നു. മറ്റൊരു നിലാവ് ഇതാ എന്റരികിൽ ഉണ്ട്.
“പെട്ടെന്ന് കഴിക്ക്, ചോറ് ഉച്ചക്ക് വെച്ചതാ...“ എന്ന് പറഞ്ഞിട്ട് അവൾ ഓടി പോയി. കുറച്ച് നേരം കൂടി നിൽക്കൂ എന്ന് പറയാൻ മനസ്സ് വെമ്പിയെങ്കിലും ഒന്നും ഉരിയാടാൻ സാധിച്ചില്ല. ആ നിലാ വെളിച്ചത്തിൽ കുറേ നേരം കൂടി ഞാൻ വേലിക്കരികിൽ നിന്നു. എന്തെല്ലാമോ വികാരങ്ങൾ എന്നിലൂടെ കടന്ന് പോയി. അത് സന്തോഷമാണോ സങ്കടമാണോ ആശയാണോ നിരാശയാണോ എന്താണെന്ന് എനിക്ക് അന്നും ഇന്നും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
പിന്നെയും പൂർണ ചന്ദ്രൻ പലതവണകളിൽ വന്ന് പോയി. ഈ പ്രണയത്തിന്റെ തീവൃത വീട്ടിൽ എങ്ങിനെയോ അറിഞ്ഞത് കൊണ്ടാണോ എന്തോ പരീക്ഷാ ഫലം വന്നതിന് ശേഷം ഒരു പരിചയക്കാരനുമായി ഉപജീവനാർത്ഥം മലബാറിൽ പോകുന്നതിൽ വീട്ടിൽ മാതാപിതാക്കൾ തടസ്സം പറഞ്ഞില്ല. അവരുടെ നിസ്സംഗത അന്ന് എനിക്ക് അതിശയമായിരുന്നു. ഞാൻ വീട് വിട്ട് ദൂരെ പോകുന്നതിൽ അവർ എന്ത് കൊണ്ട് തടസ്സം നിന്നില്ലാ....!!!?
പക്ഷേ പിന്നീട് ഞാൻ സത്യം തിരിച്ചറിഞ്ഞു. കൗമാര പ്രണയത്തിൽ നിന്നും ഞാൻ രക്ഷപെടട്ടേയെന്ന് അവർ കരുതിക്കാണണം.
പക്ഷേ കൗമാര പ്രണയത്തിന്റെ സ്മരണകളിൽ നിന്നും ഞാൻ രക്ഷപെട്ടോ? എത്രയോ വസന്തങ്ങളും വർഷങ്ങളും വെണ്ണിലാവും വന്ന് പോയി. ഓർമ്മകൾക്ക് മരണമില്ലല്ലോ.
ഇന്ന് ഞാൻ വളർന്ന ആ വീട് അന്യ കൈവശമാണ്. ആ വീട്ടിൽ ആ മണ്ണീൽ നിലാവിനെ നോക്കി പഴയ ഓർമ്മകളിൽ മുഴുകി കുറേ നേരം ഇരിക്കാൻ എന്നും ഞാൻ കൊതിക്കും ഒരിക്കലും സഫലമാകാത്ത ആഗ്രഹം. അത് വിലക്ക് വാങ്ങാൻ എന്നെ കൊണ്ടാവില്ല.
കൗമാര പ്രണയത്തിൽ അകപ്പെട്ട ആർക്കാണ് ആ കാലത്തെ ഓർമ്മകൾ മറക്കാൻ സാധിക്കുന്നത്? ആണായാലും പെണ്ണായാലും അവർക്കെല്ലാം ഇണകളും സന്തതികളും അവരുടെ സന്തതികളും ഉണ്ടായാലും, എത്രയെത്ര കാലം കടന്ന് പോയാലും സ്മരണകൾ എന്നും അവരുടെ മനസ്സിൽ നിലാവ് നിറച്ച് കൊണ്ടേ ഇരിക്കും. അത് കൊണ്ട് തന്നെ ഇത് കുത്തിക്കുറിക്കുമ്പോൾ ഒരു ആത്മനിർവൃതി അനുഭവപ്പെടുന്നല്ലോ.
Thursday, October 15, 2020
അര നിക്കറും പോലീസും
അടിയന്തിരാവസ്ഥ കാലം.
ഗോവിന്ദനും മാധവനും (രണ്ട് പേരുകളും മറ്റൊന്നാണ്) കോടതിയിലെ പ്രോസെസ് സെർവറന്മാരാണ്. അവർ സംഭവ ദിവസം നൈറ്റ് ഡ്യൂട്ടിയിലുമാണ് . രാത്രി കോടതിയിൽ കാവൽ കിടക്കുക, അതാണ് ജോലി. ഈ ഡ്യൂട്ടിയിലാകുന്നവർ പലരും രാത്രിയിൽ വീടുകളിലായിരിക്കും ജോലി നോക്കുന്നത് . സന്ധ്യ കഴിഞ്ഞ് സ്ഥലം വിടും കൊച്ച് വെളുപ്പാൻ കാലത്ത് കോടതിയിൽ തിരിച്ചെത്തും. പക്ഷേ ടെലഫോൺ എല്ലാ കോടതിയിലും സ്ഥാപിക്കപ്പെട്ടതിന് ശേഷം ഭൂരിഭാഗം പേരും ഇപ്പോൾ രാത്രിയിൽ നൈറ്റ് ഡ്യൂട്ടിക്ക് കോടതിയിൽ ഹാജരാകുന്നുണ്ട്.
മാധവന്റെ പ്രൊവിഡന്റ് ഫണ്ട് ലോൺ ബിൽ മാറിയ ദിവസമായിരുന്നു അന്ന്. അവർ അൽപ്പമല്ല ഇത്തിരി കൂടുതൽ ഒന്ന് മിനുങ്ങി. കാൽ നിലത്ത് ഉറക്കുന്നില്ല എങ്കിലും എങ്ങിനെയോ കോടതി കാമ്പൗണ്ട് ഗെയ്റ്റിനരികിലെത്തി. ഗോവിന്ദ്ന്റെ കയ്യിൽ പരിപ്പ് വട പൊതിയുണ്ട്.അത് നെഞ്ചോടെ ചേർത്ത് പിടിച്ചിട്ടുമുണ്ട്. ഗെയിറ്റിന് സമീപം വെള്ളം ഒഴുകി പോകുന്ന ഒരു ചാൽ ഉണ്ടായിരുന്നത് അൽപ്പം ആഴത്തിലുമായിരുന്നു. ഗോവിന്ദൻ ചാലിൽ വീണു. വീണ പാടെ ഉറക്കത്തിലുമായി.
ആ സമയത്തായിരുന്നു ഹേഡ് നാരായണ പിള്ള, സ്റ്റേഷനിലേക്ക് പോകാൻ ആ വഴി വന്നത്. പോലീസ് സ്റ്റേഷൻ കോടതി കാമ്പൗണ്ടിൽ തന്നെയാണ്. അരണ്ട നിലാവ് വെളിച്ചത്തിൽ അദ്ദേഹം നോക്കിയപ്പോൾ ഒരുത്തൻ കുഴിയിൽ കിടക്കുന്നു, മറ്റൊരുത്തൻ കിടക്കുന്നവന്റെ കയ്യിൽ പിടിച്ച് “എഴുന്നേൽക്കടാ, മോനേ“ എന്ന് തെളിഞ്ഞ മലയാളത്തിലും പിന്നെ ശ്രേഷ്ഠ മലയാളത്തിലും വിളീക്കുന്നുണ്ട്. ഇവൻ അവനെ അടിച്ച് കുഴിയിലിട്ടെന്ന് ഹേഡങ്ങത്ത കരുതി. കരക്ക് നിൽക്കുന്നവനെ തള്ളി മാറ്റിയിട്ട് അദ്ദേഹവും കുഴിയിൽ കിടക്കുന്നവനോട് എഴുന്നേൽക്കാനായി ഗർജ്ജിച്ചു. കുഴിയിൽ കിടക്കുന്നവൻ പകുതി കണ്ണ് തുറന്ന് മുകളിലേക്ക് നോക്കി. അന്ന് പോലീസ്കാർക്ക് യൂണി ഫോം തേച്ച് വടി പോലെ നിൽക്കുന്ന നിക്കറാണ് . കുഴിയിൽ കിടക്കുന്നവൻ കരക്ക് നിൽക്കുന്നവന്റെ കാൽ പകുതിയേ കാണുന്നുള്ളൂ. അവൻ അവിടെ കിടന്ന് ഗർജ്ജിച്ചു.
“പോയി തുണി ഉടുക്കെടാ......മോനേ....“
ശബ്ദം കേട്ട് വന്ന മറ്റ് പോലീസ്സുകാരുടെ സഹായത്തൊടെ നാരായണ പിള്ള കോടതിയിലെ രണ്ട് നൈറ്റ് ഡ്യൂട്ടിക്കാരെയും സ്റ്റേഷനിലെത്തിച്ചു. കാൺസ്റ്റബിൾ മൂത്ത് എസ്.ഐ. ആയ ക്രിഷ്ണൻ നായരദ്ദേഹമാണ് അന്ന് സ്റ്റേഷനിൽ ഡ്യൂട്ടി. കോടതിക്കാർ രണ്ടെണ്ണവും സ്റ്റേഷനിലെത്തിയ ഉടൻ എസ്.ഐ.അദ്ദേഹം രണ്ടിന്റെയും തല കൂട്ടി പിടിച്ച് ഒരു അടി അടിച്ചു. പിന്നീട് മാധവൻ എന്നോട് പറഞ്ഞത് “കണ്ണീന്ന് പൊന്നീച്ച പറന്നു സാറേ...“ എന്നാണ്.
ഗോവിന്ദൻ പറഞ്ഞത് “കുടിച്ചതിന്റെ ലഹരി എവിടെ പോയെന്ന് അറിയില്ല സാറേ...എന്നായിരുന്നു “
വിവരമറിഞ്ഞ് ഞങ്ങളുടെ ആമീനായ പരമേശ്വരൻ നായർ സാർ സ്റ്റേഷനിൽ പോയി മഹാന്മാരെ രണ്ടെണ്ണത്തിനെയും അവിടെ നിന്ന് മോചിപ്പിച്ചു. സാർ ചെന്നപ്പോഴാണ് കഥാ നായകന്മാർ രണ്ടെണ്ണവും കോടതി സ്റ്റാഫാണെന്ന് സ്റ്റേഷനിൽ അറിയുന്നത്. രണ്ടെണ്ണവും കെട്ടി പിടിച്ചിരുന്ന് കരയുകയായിരുന്നു പക്ഷേ അപ്പോഴും ഗോവിന്ദൻ പരിപ്പ് വട പൊതി നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നുവത്രേ!
കാര്യങ്ങൾ അന്വേഷിക്കാൻ പിറ്റേന്ന് സ്റ്റേഷനിൽ ഞാൻ പോയിരുന്നു. രണ്ടെണ്ണത്തിനുമെതിരെ കേസുകൾ ചാർജ് ചെയ്തിരുന്നോ എന്നറിയണമല്ലോ. അടിയന്തിരാവസ്ഥയാണ് ജോലി പോകാൻ മറ്റൊരു കാരണവും വേണ്ട. ഭാഗ്യവശാൽ കേസുകൾ ഒന്നും ഫയൽ ചെയ്തിരുന്നില്ല.
പരിചയക്കാരനായ ഹേഡങ്ങത്ത നാരായണ പിള്ള അദ്യം എന്നെ കണ്ട് സമീപം വന്ന് പറഞ്ഞു ,
“എന്റെ പൊന്ന് സാറേ, എന്റെ സർവീസിൽ ഇത് വരെ എന്നെ ആരും തുണി ഉടുപ്പിക്കാൻ മുതിർന്നിട്ടില്ലാ....ഇതാദ്യമാ ഒരുത്തൻ..... പിന്നെ കോടതി സ്റ്റാഫല്ലേ എന്ന് കരുതി ഞങ്ങളങ്ങ് പറഞ്ഞ് വിട്ടതാണ്...“
പിൽക്കാലത്ത് ഗോവിന്ദൻ സർവീസിൽ ഇരിക്കെ മരിച്ചു. മാധവൻ ഇപ്പോഴും കൊട്ടാരക്കരക്ക് സമീപം ആനക്കോട്ടൂർ എന്ന ഗ്രാമത്തിൽ വാർദ്ധക്യത്തിന്റെ അവശതയിൽ കഴിയുന്നു എന്നാണ് അറിഞ്ഞത്.
Thursday, October 8, 2020
പോലീസ് മുറ
ക്രൂരമായി പോലീസ് തന്നെ മർദ്ദിച്ച വിവരം എം.എൽ.എ. ആയിരുന്ന സഖാവ് പിണറായി വിജയൻ അന്നത്തെ നിയമ സഭയിൽ പറയുകയും പീഡനത്താൽ ശരീരത്തിൽ ഉണ്ടായ പാടുകളെ ഷർട്ട് ഊരി അദ്ദേഹം സഭയിലുണ്ടായിരുന്ന അംഗങ്ങളെ കാണിച്ച് കൊടുക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റ്കാരെ കയ്യിൽ കിട്ടിയാൽ തല്ലി ചതക്കുന്ന പ്രവണത പോലീസിന് അന്നത്തെ കാലത്ത് സഹജമായുണ്ടായിരുന്ന സ്വഭാവ വിശേഷമായിരുന്നല്ലോ.
കാലം ഓടി പോയി. അന്ന് തല്ലി ചതക്കപ്പെട്ട സഖാവ് ശ്രീ പിണറായി വിജയൻ ഇന്ന് ആഭ്യന്തരവകുപ്പിന്റെ ചുമതല കൂടിയുള്ള സംസ്ഥാന മുഖ്യ മന്ത്രിയാണ്. പക്ഷേ ആൾക്കാരെ മുഖത്തടിക്കുന്നതിന് അദ്ദേഹം ഭരണത്തിൽ ഉള്ളപ്പോൾ പോലും പോലീസിന് ഒരു മടിയുമില്ല എന്ന് ഇന്നലത്തെ ചടയമംഗലം സംഭവം കാണിച്ച് തരുന്നു. അടി കൊണ്ടയാൾ 69 വയസ്സുള്ള വയോധികനാണ്. അയാൾ മദ്യപിച്ചിരിക്കാം, ഇരു ചക്രവാഹനത്തിന് പുറകിലിരുന്നപ്പോൾ ഹെൽമറ്റ് ധരിച്ചില്ലാത്തതിന് പിഴ ശിക്ഷിച്ചപ്പോൾ ചീത്ത പറഞ്ഞിരിക്കാം ഇതെല്ലാം കുറ്റമായി പോലീസ് പറയുമ്പോഴും പ്രതിയുടെ മുഖത്ത് അടിക്കാൻ അതും ഒരു വൃദ്ധന്റെ മുഖത്തടിക്കാൻ ആ ന്യായീകരണങ്ങൾ മതിയാകുന്നതായി തോന്നുന്നില്ല. അയാളെ അടിക്കാൻ ആരാണ് പോലീസിന് അധികാരം നൽകിയിരുന്നത്.എന്ന് ചോദിക്കേണ്ടി വരുന്നു.
പിന്നെ എന്ത് വേണം കെട്ടി പിടിച്ച് അയാൾക്ക് ഒരു ഉമ്മ കൊടുക്കണോ എന്ന ചോദ്യത്തിന് തണ്ടും തടിയുമുള്ള ചോര തിളപ്പുള്ള പ്രായത്തിലെ ആ പോലീസ്കാരന് വൃദ്ധനെ കായികമായി കീഴ്പ്പെടുത്തി വണ്ടിയിൽ കയറ്റിക്കൊണ്ട് പോകാൻ സാധിക്കുമെന്നത് നിഷേധിക്കാനാവുമോ? എങ്കിൽ പിന്നെ അതിനായിരിക്കും പുകിൽ എന്നാണ് മറുപടിയെങ്കിൽ . അതാണ് നിയമം ലംഘിക്കുന്നവരുടെ നേരെ പോലീസ് ചെയ്യേണ്ടത്, അത് കുറ്റമല്ല, അല്ലാതെ വയസ്സനായ ഒരുവന്റെ നേരെ ചെറുപ്പക്കാരനായ ഒരുവൻ മുഖത്തടിക്കുന്നത് നിയമവുമല്ല അത് ഒട്ടും ശരിയുമല്ല എന്ന് പറയേണ്ടി വരുന്നു.
ചടയമംഗലം കമ്മ്യൂണിസ്റ്റ് ബെൽറ്റാണ് പോലീസിന് ആ ഒരു ഭയമൊന്നുമില്ല.ആര് ഭരിച്ചാലും പോലീസ് കുപ്പായം ശരീരത്ത് കയറി കഴിഞ്ഞാൽ ബഹുഭൂരിപക്ഷം പോലീസ്കാർക്കും ബാധ കയറും. നികുതി ദായകനായ പൗരൻ അവരുടെ മുതലാളിയാണ്, അന്ന ദാതാവാണ് എന്നൊക്കെ പറഞ്ഞാൽ “എടാ അന്ന ദാതാവായ മൗന ഗായകാ,...മോനേ...ഇന്നാ, ഇതുംകൂടി പിടിച്ചോടാ എന്ന് പറയുന്ന വിധത്തിലാണൊ ഇവർക്ക് പരിശീലനം കൊടുക്കുന്നത്..
ഈ സംഭവത്തിന് ശേഷം കഥാ നായകനെ ഏതോ ട്രൈനിങ് കോളേജിലേക്ക് അയച്ചുവത്രേ. സ്വഭാവം നന്നാക്കാനാണോ? എങ്കിൽ അത് നന്നാകാൻ പോകുന്നില്ല. കാരണം ഓരോ സബ് ഇൻസ്പക്ടറന്മാരും ബിരുദ ധാരികളാണ്. ബിരുദ ധാരിയായ ഒരു യുവാവിന് വയസ്സന്റെ കരണത്തടിക്കരുത് എന്ന സാമാന്യ മര്യാദ തിരിച്ചറിയാൻ പറ്റുന്നില്ലെങ്കിൽ ഏത് ട്രൈനിങ് ക്യാമ്പിലയച്ചാലെന്താ അയാൾ നന്നാവുമോ?!
1881ൽ തിരുവിതാംകൂറിൽ സ്ഥാപിതമായ പോലീസ് സേനക്ക് അന്ന് ലഭിച്ച പരിശീലനം പോരാതെ വന്നത് കൊണ്ടാണ് 1943ൽ തിരുവനന്തപുരത്ത് പോലീസ് ട്രൈനിങ് കോളേജ് സ്ഥാപിച്ച് പോലീസിനെ ആധുനിവത്കരിച്ചത്. അന്ന് ആ കോളേജ് സ്ഥാപിച്ച് കൊണ്ട് അന്നത്തെ ദിവാനായിരുന്ന സർ. സി.പി. രാമസ്വാമി അയ്യർ ഉദ്ഘാടന പ്രസംഗത്തിൽ ഇങ്ങിനെ പറഞ്ഞു.“സൗമ്യ ഭാവം, ഉറച്ച കൃത്യ നിർവഹണം“ ഇതായിരിക്കണം പോലീസെന്ന്.
കാലം കഴിഞ്ഞു അന്ന് ലഭിച്ചതിലും മെച്ചപ്പെട്ട പരിശീലനം ഇന്ന് ലഭിച്ചിട്ടും ആര് ഭരിച്ചാലും ഈ പോലീസെന്താ സർ, നന്നാകാത്തത്.
Monday, October 5, 2020
സിനിമ കാലങ്ങളിലൂടെ
ജീവിതത്തിലെ ഒഴിച്ച് കൂടാനാവാത്ത വിനോദ ഉപാധിയാണ് സിനിമ. കാലഘട്ടത്തിനനുസൃതമായുള്ള വിഷയവുമായി സിനിമാ നിർമ്മാണവും നടന്ന് വന്നു. ഓരോ ട്രന്റ് എന്ന് നമ്മൾ പറയാറില്ലേ, അതാത് കാലത്തെ ട്രന്റ് അനുസരിച്ച് നിർമ്മാതാക്കൾ പടമെടുത്തപ്പോൾ ആയതിൽ ഭൂരിപക്ഷവും നഷ്ടമില്ലാതെ കടന്ന് പോയി.
മലയാളത്തിൽ ആദ്യ കാലഘട്ടങ്ങളിൽ ദാരിദ്രിയവും കഷ്ടപ്പാടും സാമൂഹ്യ വിമർശനവുമായി ചില ചലചിത്രങ്ങൾ പടക്കപ്പെട്ടു. നീലക്കുയിൽ . . “വിശപ്പിന്റെ വിളി, “കിടപ്പാടം“ തുടങ്ങിയവ ആ കൂട്ടത്തിൽ പെട്ടതാണ്.
മുസ്ലിം സമുദായം അന്ന് ഇരുമ്പ് മറക്കുള്ളീലായിരുന്നു. അവരുടെ ആചാരങ്ങളും നട്പടികളും അന്ധ വിശ്വാസങ്ങളും ഇതര സമുദായർക്ക് കൗതുകമായി ഭവിച്ചതിനാൽ ആ വക പടങ്ങൾ ബംബർ കളക്ഷൻ നേടി. ആദ്യം ഉദയാ സ്റ്റുഡിയോയിൽ നിന്നിറങ്ങിയ ഉമ്മായാണ് പണം വാരിക്കൂട്ടിയത്. അതിന് മുമ്പുള്ള “രാരിച്ചനെന്ന പൗരൻ “ ഞാൻ വിസ്മരിക്കുന്നില്ല. പക്ഷേ ഉമ്മാ 50 ദിവസത്തിനു മുകളിൽ മിന്നും പ്രകടനം കാഴ്ചവെച്ചു. ബഹദൂർ എന്ന തമാശ നടനെ നാല് പേരറിയുന്നവനാക്കുകയും ചെയ്തു. അടുത്തത് കുട്ടിക്കുപ്പായമെന്ന സിനിമ. നല്ലൊരു സന്ദേശം സിനിമാ നൽകുകയും ബാബുരാജിന്റെ മാന്ത്രിക വിരലുകൾ ആ സിനിമയിലെ ഗാനങ്ങളെ ജനകീയമാക്കുകയും ചെയ്തുവല്ലോ. പിന്നീട് മലയാളത്തിലെ ആദ്യ വർണ്ണ ചിത്രമായ കണ്ടം ബെച്ച കോട്ടിന്റെ ഊഴമായി. കുപ്പിവളയും കസവ് തട്ടവും ഖദീജയും സുബൈദയും തുടങ്ങി തുരു തുരാ മുസ്ലിം പ്രമേയമാക്കിയ സിനിമകളുടെ ബഹളമായിരുന്നു ആ കാലത്ത്. അത് കഴിഞ്ഞ് ജീവിതം കുടുംബത്തിനായി ത്യാഗം ചെയ്ത സ്ത്രീകളുടെ സിനിമകളുടെ വരവായി. ഉദ്യോഗസ്ഥ, അദ്ധ്യാപിക, തുടങ്ങിയവ പണം വാരിക്കൂട്ടി. ആ ട്രന്റും പെട്ടെന്ന് മറഞ്ഞു പോയി. തുടർന്ന് സി.ഐ.ഡി പടങ്ങളുടെ തേരോട്ടം ആരംഭിച്ചു. എല്ലാ ഭാഷയിലും ആ പ്രവണത പടർന്ന് പിടിച്ചു. ഗോവയിൽ സി.ഐ.ഡി. 007, ബോംബയിൽ സി.ഐ.ഡി.555, സി.ഐ.ഡി. ശങ്കർ, മലയാളത്തിൽ സി.ഐ.ഡി. നസീർ, തുടങ്ങിയവ ലോ ക്ളാസ്സ് ആഡിയൻസിനെ വല്ലാതെ ആകർഷിച്ചു.ആ ട്രന്റ് കുറേ കാലം നില നിന്നു.
ഇടക്കെപ്പോഴോ ദൈവം സിനിമാ രംഗത്ത് വന്നു. ഗുരുവായൂരപ്പൻ, കൃഷ്ണ കുചേല, ഭക്ത കുചേല, ഭക്ത പ്രഹ്ളാദാ, കർണൻ, മായാ ബജാർ, ദേവി കന്യാകുമാരി, കുമാര സംഭവം ,തുടങ്ങിയവ 50, 100, ദിവസങ്ങൾ സുഖമായി കടന്ന് പോയി. സ്ത്രീകൾ ആർത്തലച്ചെത്തി.അവരുടെ ഉടമസ്തരും കുട്ടികളും കൂടി വരുമ്പോൾ കൊട്ടക നിമിഷ നേരം കൊണ്ട് നിറയുമായിരുന്നു. നാട്ടിൻ പുറത്ത്കാരി സ്ത്രീകളുടെ ദൈവത്തെ കാണുമ്പോഴുള്ള ഭാവങ്ങൾ ഓർത്തോർത്ത് ചിരിക്കാനുള്ള വക നൽകി. ആ കാലത്ത് നിർമ്മാതാക്കൾ ദൈവം സിനിമയുടെ പുറകേ ആയിരുന്നു.
ആന്ധ്രായിൽ രാമറാവു രാമവേഷം കെട്ടി ഒരു സംസ്ഥാനം കീഴടക്കിയത് നമ്മുടെ മുമ്പിലുണ്ട്. രാമാനന്ദ സാഗറിന്റെ രാമായണം സീരിയൽ ഭാരതത്തിന്റെ ഭാഗധേയം എങ്ങിനെ തിരിച്ചു വിട്ടു എന്നത് വർത്തമാന കാല സംഭവമാണ്.
കൃസ്തീയ കഥകളെ ആസ്പദമാക്കി സ്നാപക യോഹന്നാൻ, ജ്ഞാന സുന്ദരി, യേശു വിജയം തുടങ്ങിയവയും ഒരു ട്രന്റായി വെള്ളി തിരയിൽ അരങ്ങേറിയത് വിസ്മരിക്കുന്നില്ല.
നോവലുകൾ സിനിമയിൽ എത്തി ചേരുന്നത് വലിയ ട്രന്റായി അനുഭവപ്പെട്ടില്ല. ഓടയിൽ നിന്നും, പാടാത്ത പൈങ്കിളിയും അസുരവിത്തും, ബാല്യകാലസഖിയും കാട്ട്കുരങ്ങും നല്ല ചിത്രങ്ങളായിരുന്നെങ്കിലും വലിയ ചലനങ്ങൾ സൃഷ്ടിക്കാത്തതിനാൽ ആ ആവേശം സമാനമായ സിനിമാ നിർമ്മാണത്തിൽ പടർന്ന് പിടിച്ചില്ലാ എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു...
ആഴ്ചയിൽ ഒരു ദിവസം സിനിമാ കാണൽ നിർബന്ധ വൃതമാക്കിയവർക്കെല്ലാം വെള്ളിയാഴ്ച സിനിമാ മാറുന്ന ദിവസമാണെന്നും അന്ന് ആദ്യത്തെ ഷോക്ക് തന്നെ കൊട്ടകയിൽ ഇരിപ്പിടം പിടിച്ചിരിക്കണമെന്നും നിർബന്ധമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നുവല്ലോ.
പിന്നെ വിഡ്ഡിപ്പെട്ടി വീട്ടിനുള്ളിൽ വന്നു. ദിവസവും 25 സിനിമകൾ രംഗത്ത് വരുമ്പോൾ ഏത് കാണണമെന്ന കുഴപ്പത്തിലായി. തീയേറ്ററിലേക്കുള്ള ഒഴുക്ക് നിലച്ചു. പല തീയേറ്ററുകളും അടച്ച് പൂട്ടി. ഗ്രാമത്തിലെ ഒഴിച്ച് കൂടാത്ത കാഴ്ചയായ ഓലക്കൊട്ടകകൾ എങ്ങോ മറഞ്ഞു. അങ്ങിനെ സിനിമയിൽ ട്രന്റ് തിരിച്ചറിഞ്ഞുള്ള നിർമ്മാണവും നിലച്ചു.
ഇപ്പോൾ ഈ കോവിഡ് കാലത്ത് എല്ലാ കൊട്ടകകളും അടച്ച് പൂട്ടി. വർഷങ്ങൾക്ക് മുമ്പ് ടെലിവിഷൻ വീട്ടകങ്ങളിൽ എത്തിയിട്ടില്ലാത്ത കാലത്ത് ഇപ്രകാരം സിനിമാ കൊട്ടകകൾ അടച്ച് പൂട്ടി ഇടുന്ന അവസ്തയെ പറ്റി ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു എന്നത് തികച്ചും സത്യമാണ്.