Friday, April 26, 2019

മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ ബെന്യാമിൻ #

  മാന്തളിരിലെ  20 കമ്മ്യൂണിസ്റ്റ്  വർഷങ്ങൾ. ബെന്യാമിൻ#
മാന്തളിരിലെ  അക്കപ്പോരിന്റെ  തുടർച്ചയായിരിക്കാമെന്ന് പ്രതീക്ഷയിലാണ് വായന തുടങ്ങിയത്. പ്രതീക്ഷ തെറ്റിയില്ലെന്ന് മാത്രമല്ല,414 പേജ് ഇരുന്ന ഇരിപ്പിൽ  രണ്ടര ദിവസം കൊണ്ട് വായിച്ച് തീർത്തു.
ഒരു യാത്ഥാസ്തിക കൃസ്ത്യാനി കുടുംബത്തിൽ  കമ്മ്യൂണിസത്തിന്റെ സാന്നിദ്ധ്യം ഉണ്ടാക്കുന്ന ചിന്തകളും പ്രതിഫലനങ്ങളും ബെന്യാമിന്റെ വിദഗ്ദ്ധ തൂലിക  അതേ പടി ഒപ്പിയെടുത്ത് ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടി  ചേർത്ത് വിളമ്പിയപ്പോൾ അത് ഒരു ദേശത്തിന്റെയും ഒരു സമൂഹത്തിന്റെയും കഥയായി മാറിയെന്ന തിരിച്ചറിവിൽ  എങ്ങിനെ ഒറ്റ ഇരിപ്പിൽ വായിക്കാതിരിക്കും.  2 ദിവസം ചിരിയോടെ ചിരി എന്ന് മാത്രമല്ല, കുട്ടികളെ വിളിച്ചിരുത്തി ചില ഭാഗങ്ങൾ വായിച്ച് കൊടുത്തപ്പോൾ അവരും എന്റെ ചിരിയിൽ പങ്ക് ചേർന്നു.
വിശ്വാസി കുടുംബത്തിൽ ആദ്യമായി “ദേശാഭിമാനി“  പത്രം വരുന്നത് വിവരിച്ചിരിക്കുന്നത് നോക്കൂ..
“...... കാലത്ത് പണിക്ക് പോകാനിറങ്ങിയ അച്ചാച്ചനാണ് ‘അത്‘ ആദ്യം കാണുന്നത്.പിന്നൊരിക്കൽ  മില്ലിന്റെ  പടിയിൽ  ഒരു പെണ്ണിന്റെ ശവം കിടക്കുന്നത് കണ്ട് തണ്ടാൻ വേലായുധൻ നിലവിളിച്ചത് പോലൊരു നിലവിളി അന്നേരം അച്ച്ച്ചാന്റെ  തൊണ്ടയിൽ നിന്നും ഉയർന്ന് വന്നു. അത് കേട്ട് അകത്തെ മുറിയിൽ നിന്നും വല്യച്ചനും അടുക്കളയിൽ നിന്നും അന്നമ്മച്ചിയും കക്കൂസ്സിൽ നിന്നും ചന്തി പോലും കഴുകാതെ കൊച്ചുപ്പാപ്പാനും കിടക്ക പായിൽ നിന്നും ഞാനും മുറ്റത്തേക്ക് ഓടി ഇറങ്ങി ചെന്നു.  എന്തോ പറ്റിയെടാ ദാനീ...നിന്റെ തലയിൽ തേങ്ങാ വീണോ അതോ നിന്നെ നീർപുളവൻ കടിച്ചോ എന്ന് വടക്കേ പുരയിൽ നിന്നും കൊച്ചപ്പച്ചൻ വിളിച്ച് ചോദിച്ചു. ദാ ഇങ്ങോട്ട് വന്ന് നോക്ക് എന്ന് അച്ചാച്ചൻ എല്ലാവരെയും മുറ്റത്തിന്റെ തെക്കേ മൂലയിലേക്ക്  ക്ഷണിച്ചു. അവിടെ വല്ല കടുവായോ പെരുമ്പാംബോ കിടക്കുന്നു എന്ന ഭീതിയോടെ പമ്മി പമ്മി അങ്ങോട്ട് ചെന്നു.ഒന്നുമുണ്ടായിരുന്നില്ല. അവിടെ ഒരു വർത്തമാന പത്രം വീണ് കിടപ്പുണ്ടായിരുന്നു. അത തന്നെ. ......എന്നാൽ  അത് കണ്ടതും എണ്ണായി കാട്ട് കാവിലെ കിരാതൻ മൂർത്തിയെ ചെങ്ങന്നൂർ അങ്ങാടിയിൽ വെച്ച് കണ്ടത് പോലെ വല്യപ്പച്ചൻ മാന്തളിർ മത്തായി നിന്ന് വിറക്കാൻ തുടങ്ങി. എന്നിട്ടും കൊച്ച് കുട്ടികൾ വിഷ പാമ്പിനെ കൈ കൊണ്ട് എടുക്കുന്ന നിഷ്ക്കളങ്കതയോടെ ആ പത്രം കയ്യിലെടുത്തിട്ട് കൗതുകത്തോടെ ഞാൻ അതിന്റെ പേർ വായിച്ചു. “ദേശാഭിമാനി“........

കുട്ടികളെ വിരട്ടാൻ മാന്തളിരിലെ  കൊച്ചപ്പച്ചൻ സാക്ഷാൽ മാന്തളിർ  കുഞ്ഞൂഞ്ഞ്.  അദ്ദേഹം ഉണ്ടാക്കിയവഴക്കാളികൾക്കുള്ള സത്യ  വേദപുസ്തകം   ഒരു ഭാഗം വായിക്കുമ്പോൾ വായനക്കാരൻ പൊട്ടി പൊട്ടി ചിരിക്കും“............അല്ലയോ വിശ്വാസികളുടെ സമൂഹമേ!  നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ വാക്കുകൾ ചെവിക്കൊള്ളാത്തവരും നിങ്ങളുടെ ഉപദേശങ്ങൾക്ക് തറുതല പറയുന്നവരും ആണെങ്കിൽ അവരെ നിർദ്ദാക്ഷണ്യം  നിങ്ങളുടെ പള്ളി മുറ്റത്ത് നിക്കറഴിച്ച് നിർത്തിക്കൊള്ളുക. അങ്ങിനെ അവരുടെ നീളമില്ലാത്ത ചുണ്ണാപ്പി നാട്ടിലെ  പെൺകുട്ടികൾ കണ്ട് പരിഹസിക്കാൻ ഇടയാകട്ടെ......“
“ മഞ്ഞവെയിൽ മരണങ്ങൾ“ തുടങ്ങിയ പുസ്തകങ്ങളിൽ  പ്രയോഗിച്ച നമുക്ക് സുപരിചിതരായ ആൾക്കാരെ കഥാപാത്രങ്ങളായി ഉൾക്കൊള്ളിച്ച് നോവൽ യത്ഥർത്ഥമാണെന്ന് തോന്നിപ്പിക്കുന്ന വിദ്യ ഈ നോവലിലും ബെന്യാമിൻ പ്രയോഗിച്ചിട്ടുണ്ട്. ഈ പുസ്തകത്തിൽ ഹർകിഷൻ സിംഗ്, ചെഗുവരെ,  തുടങ്ങിയവരാണെന്ന് മാത്രം.
ഭാഷ ഒരു ദേശത്തെ എങ്ങിനെ വരഞ്ഞിടും എന്ന്  ഈ പുസ്തകം വായിച്ചാൽ മനസിലാകും. കുളനട, പത്തനംതിട്ട അടൂർ സ്ഥലങ്ങളിലെ ഭാഷ തന്മയത്തോടെ പുസ്തകത്തിൽ കൈകാര്യം ചെയ്തിരിക്കുന്നു.
ഡിസി.ബുക്ക് പ്രസിദ്ധീകരിച്ച 414 പേജുള്ള ഈ പുസ്തകത്തിന്റെ വില 399 രൂപ പുസ്തകം വായിച്ച് തീരുമ്പോൾ  മുതലാകുമെന്ന് മാത്രമല്ല, അതിലേറെ ഏറെ  ആനന്ദം , അനുഭൂതി, വായനയിൽ നിന്ന് ലഭ്യമാവുകയും ചെയ്യുമെന്നുറപ്പ്.

No comments:

Post a Comment