കത്തുകൾ! ഒരുകാലത്ത് അതിനെന്ത്മാത്രം പ്രാധാന്യം ഉണ്ടായിരുന്നു!
വിദൂരത്ത് താമസിക്കുന്ന ഉറ്റവരുമായി ബന്ധപ്പെടാനുള്ള ഏക ഉപാധിയായിരുന്നു, കത്തുകൾ. പോസ്റ്റ്മാൻ സമൂഹത്തിലെ ഒഴിച്ച് കൂടാനാവാത്ത കക്ഷിയുമാ യിരുന്നു.
കത്തുകളെഴുതിയ ആൾക്കാർ ഈ ലോകത്ത് നിന്നും യാത്ര പറഞ്ഞാലും അവർ എഴുതിയ കത്തുകൾ നമ്മളിൽ അവരെ എന്നും ജീവനോടെ നില നിർത്തുന്നു. 47 വർഷങ്ങൾക്ക് മുമ്പ് മദ്രാസിൽ സിനിമാ ലോകം സ്വപ്നം കണ്ട് യാത്ര തിരിച്ച ഈയുള്ളവന് അന്നത്തെ 20 പൈസാ ഇൻലാന്റ് ലറ്ററിൽ പിതാവ് അയച്ച കത്ത് പഴയ ഡയറി താളുകളിൽ ഇന്ന് കണ്ടെത്തിയപ്പോൾ ഒരു നിമിഷം കൊണ്ട് പഴയ സ്മരണകൾ മനസിലേക്ക് ഇരച്ച് വന്നു.
ഈ കത്തെഴുതിയ ആൾ എന്നെ വിട്ട് പിരിഞ്ഞ് പോയി. അദ്ദേഹത്തെ അടക്കിയ സ്ഥലം പോലും ഒരു സ്മാരക ശിലയാൽ അടയാളപ്പെടുത്താനാവാത്ത വിധം അപരിചിതമായി ഭവിച്ചു. എങ്കിലും ആ
നാലാം ക്ളാസുകാരൻ സ്വന്തം കൈ കൊണ്ട് എഴുതിയ കത്ത് മരിക്കാതെ ജീവിച്ചിരിക്കുന്നത് കണ്ടപ്പോൾ അദ്ദേഹം മണ്ണോട് മണ്ണായി അലിഞ്ഞ് പോയെങ്കിലും ആ കാലവും അന്നത്തെ ഞാനും എന്റെ ഉള്ളിൽ പുനർ ജനിച്ചു. അടക്കാനാവാത്ത വികാര തള്ളൽ !!!
No comments:
Post a Comment