പഞ്ചായത്ത് തലം മുതൽ പാർലമന്റ് തലം വരെയുള്ള ജനപ്രതിനിധികൾക്ക് ധാർഷ്ട്യം ഒരിക്കലും ഭൂഷണമല്ല. അവർ വിനയത്തോടെയും സ്നേഹത്തോടെയും പെരുമാറുമെന്നാണ് അവർക്ക് വോട്ട് നൽകിയ പൊതുജനമെന്ന കഴുത കരുതുന്നത്.
വർഷങ്ങൾക്ക് മുമ്പ് എന്റെ ഭാര്യയുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിൽ പോയപ്പോൾ ഭരണകക്ഷിയിൽ പെട്ട ഏതെങ്കിലും ജനപ്രതിനിധി, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിയെ കണ്ട് ശുപാർശ ചെയ്താൽ വീടിനടുത്ത് സ്ഥലം മാറ്റം കിട്ടുമെന്നറിഞ്ഞ് ആ വർഗത്തിൽ പെട്ട ഒരെണ്ണത്തിനെ കണ്ട് മുട്ടണേ എന്ന പ്രാർത്ഥനയിലായിരുന്നു അപ്പോൾ ഞാൻ. തേടിയ വള്ളി കാലിൽ ചുറ്റിയത് പോലെ ഞങ്ങളുടെ എം.പി. മുമ്പിൽ വന്ന് ചാടിയപ്പോൾ സന്തോഷത്തോടെ ഞാൻ അദ്ദേഹത്തെ സമീപിച്ച് കാര്യങ്ങൾ പറഞ്ഞു. പറഞ്ഞ് പൂർത്തിയാകുന്നതിന് മുമ്പ് അദ്ദേഹം എന്റെ നേരെ കുതിച്ച് ചാടി പറഞ്ഞു. “വഴിയിൽ വെച്ചാണോ ഈ വക കാര്യങ്ങൾ പറയുന്നത്, എന്റെ ഓഫീസിൽ വന്ന് വിവരങ്ങൾ പറയണം, അൽപ്പം മര്യാദയെല്ലാം കാണിക്കേണ്ടേ? “
പ്രതീക്ഷിച്ചതിന് വിപരീതമായ ഭാവമാറ്റം കണ്ട് ഞാൻ വല്ലാതായി. ശരിയാണ്. ഞാൻ കാണിച്ചത് മര്യാദകേടാണ്. വഴിയിൽ വെച്ച് അദ്ദേഹത്തോട് ഒന്നും പറയരുതായിരുന്നു.. നാട്ടിൽ തിരിച്ച് പോയി അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്ന് അപ്പോയിന്റ്മെന്റിന് എഴുതി കൊടുത്ത് അനുവാദം വാങ്ങിയിട്ട് വേണമായിരുന്നു, എന്റെ പ്രശ്നം അദ്ദേഹത്തിന്റെ മുമ്പിൽ അവതരിപ്പിക്കാൻ. എങ്കിലും അദ്ദേഹം ദേഷ്യപ്പെടാതെ ഈ കാര്യം എന്നോട് പറയാമായിരുന്നു.
പക്ഷേ അപ്പോഴും എന്റെ പാഴ്മനസിൽ തോന്നിയ ചിന്ത ഇപ്രകാരമായിരുന്നു.. “ എന്റെയും ഞാൻ പറഞ്ഞൽ അനുസരിക്കുന്ന ചിലരുടെയും വോട്ട് ചോദിക്കാൻ “സ്ഥാനാർത്ഥിയായി അദ്ദേഹവും എന്റെ ചില പരിചയക്കാരും എന്റെ വീട്ടിൽ വന്നപ്പോൾ എന്നെ കാണാ തിരുന്നതിനെ തുടർന്ന് തിരികെ വരുന്ന വഴി ഇടവഴിയിൽ വെച്ചായിരുന്നല്ലോ ബഹുമാനപ്പെട്ട അന്നത്തെ സ്ഥാനാർത്ഥി ഇന്നത്തെ എം.പി. എന്നോട് വോട്ട് അഭ്യർത്ഥിച്ചത് അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ചല്ലായിരുന്നല്ലോ, എന്തൊരു വിനയമായിരുന്നു അന്ന് ആ ഇടവഴിയിൽ വെച്ച് അദ്ദേഹം പ്രദർശിപ്പിച്ചത്..“ ഇനി അത് വല്ലതും പറഞ്ഞാൽ എം.പി. എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അധികാരം എനിക്കെതിരെ തിരിച്ച് വിട്ടാലോ? ഞാൻ നിശ്ശബ്ദനായി. മൗനം പൊതുജനത്തിന് ഭൂഷണം.
ഇപ്പോൾ ഒരു ഗ്രാമസഭാ ജന പ്രതിനിധിയുടെ തട്ടിക്കയറ്റത്തെ പറ്റി എന്റെ അയൽ വാസി പറഞ്ഞപ്പോൾ ഈ പഴയ കഥ ഓർത്ത് പോയി.
വോട്ട് ചോദിക്കാൻ എന്ത് കോലവും കെട്ടാൻ മടിക്കാത്ത ഈ രാഷ്ട്രീയക്കാർക്ക് പാലം കടന്ന് കഴിയുമ്പോൾ കൂരായണാ.....കൂരായണാ...എന്ന് പറയാൻ ഒരു മടിയുമില്ല. എന്ന സത്യം എന്റെ അയൽ വാസിക്ക് അറിയില്ലല്ലോ.
No comments:
Post a Comment