മലബാർ പ്രദേശത്ത് പണ്ട് ഒരു കഥ പ്രചാരത്തിലുണ്ടായിരുന്നത് ഓർമ്മ വരുന്നു. ആ കാലത്ത് തന്നെ ആ കഥ മാപ്പിള പാട്ടായി അന്നത്തെ ഗ്രാമഫോൺ റിക്കാർഡിലൂടെ പുറത്ത് വരുകയും ചെയ്തു.
ഇബിലീസ് (ലൂസിഫർ, പിശാച് ) നോട് ഒരു ദിവ്യൻ ചോദിച്ചു പോലും; നീയെന്തിനാണ് ഇങ്ങിനെ ആൾക്കാരിൽ കലഹത്തിന്റെ വിത്ത് പാകുന്നത്. എത്രമാത്രം കലഹങ്ങളുണ്ടായി നാട്ടിൽ വിനാശം സംഭവിച്ച് കൊണ്ടിരിക്കുന്നു. ഇബിലീസ് പറഞ്ഞു, എന്തിനാണ് എന്നെ വെറുതെ കുറ്റപ്പെടുത്തുന്നത്. ഞാൻ ആരെയും ഏഷണിപ്പെടുത്തുന്നില്ല, പിരി കയറ്റുന്നില്ല, എന്റെ കാര്യം നോക്കി ഞാൻ വെറുതെ കഴിയുന്നു, സംശയമുണ്ടെങ്കിൽ എന്റെ കൂടെ അൽപ്പം നേരം വന്ന് കാര്യം ബോദ്ധ്യപ്പെടുക. ദിവ്യൻ സമ്മതിച്ചു, ഇബിലീസിന്റെ കൂടെ പോയി. കാര്യം ബോദ്ധ്യപ്പെടണമല്ലോ.
ഇബിലീസ് ഒരു അലുവാ കച്ചവടക്കാരന്റെ സമീപം ചെന്ന് തന്റെ കൈ അലുവാ വെച്ചിരിക്കുന്ന പാത്രത്തിൽ പതിപ്പിച്ച് കയ്യിൽ പുരണ്ട എണ്ണ ഭിത്തിയിൽ തേച്ച് കളഞ്ഞ് കയ്യും കെട്ടി അവിടെ നിന്നു. ഭിത്തിയിൽ എണ്ണ പുരണ്ട ഭാഗത്തേക്ക് ഒരു പല്ലി ഓടിവന്നു. പല്ലിയെ കണ്ട് അതിനെ പിടിക്കാൻ ഒരു പൂച്ച പാഞ്ഞെത്തി ഭിത്തിയിലേക്ക് ചാടിയപ്പോൾ അലുവാ പാത്രം തട്ടി മറിഞ്ഞു. കുപിതനായ അലുവാക്കാരൻ പൂച്ചയ്ക്കൊരു അടി കൊടുത്തു. അപ്പോൾ പൂച്ചയുടെ ഉടമസ്ഥൻ അലുവാക്കരനെ തല്ലി അലുവാക്കാരൻ തിരിച്ചും, കലഹത്തിന്റെ അവസാനത്തിൽ ഒരാൾ വധിക്കപ്പെടുകയും ചെയ്തു. ഇബിലീസ് ദിവ്യനോട് ചോദിച്ചു, ഞാൻ വല്ലതും ചെയ്തോ? എന്റെ കയ്യിൽ പുരണ്ട എണ്ണ ഭിത്തിയ്ൽ തുടച്ചു, അത്രമാത്രം.
ഒരു പ്രത്യേക ഉദ്ദേശ കാര്യത്തിനായി ചില ഗൂഡ തന്തങ്ങൾ പ്രയോഗിക്കുന്നത് കാണൂമ്പോൾ ഈ കഥ ആവർത്തിക്കപ്പെടാറുണ്ട്.
ഇതിപ്പോൾ ഈ കഥ ഓർമ്മിക്കാൻ കാരണം കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ കൃത്യമായി കണക്ക് കൂട്ടി ചിലർ എണ്ണ പുരണ്ട കൈ ഭിത്തിയിൽ തുടച്ച് അവരുടെ ഉദ്ദേശം നിറവേറ്റുന്നത് കണ്ടത് കൊണ്ടാണ്. മതേതരത്വം എന്ന് എത്ര ഉറക്കെ വിളീച്ച് കൂവിയാലും അവരവരുടെ മത -- വർഗ--വിശ്വാസങ്ങൾ മനസിൽ ഊട്ടി ഉറപ്പിച്ച് ജീവിക്കുന്ന ഒരു വലിയ വിഭാഗം ആൾക്കാർ കേരള നാട്ടിൽ പണ്ടുമുണ്ട്, ഇന്നുമുണ്ട്. അവർക്ക് വിശ്വാസമാണ് എല്ലാറ്റിലും വലുത്. അതിൽ തൊടുമ്പോൾ അവർക്ക് വേദനിക്കും. അത് സംരക്ഷിക്കുന്നവർ എന്ന് ഭാവിക്കുന്ന ആൾക്കാരോട് പണ്ട് ഒരു പ്രതിപത്തിയുമില്ലെങ്കിൽ പോലും ഇന്ന് ആ സംരക്ഷകർ എന്ന് ഭാവിക്കുന്നവർ പറയുന്നത് കേൾക്കാൻ ചെവി കൊടുക്കാൻ തയാറാകും. അവർ ബഹുമാനിക്കുന്ന ആദരിക്കുന്ന ആൾദൈവങ്ങളെ കുറ്റപ്പെടുത്തുമ്പോൾ ആൾദൈവത്തിനെ നില നിർത്തുന്ന കക്ഷികളോട് കൂറ് അധികരിക്കും. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വെച്ച് അവർ ഒന്നിക്കും. അതിന്റെ ഫലമാണ് കഴിഞ്ഞ ദിവസം തിരുവന്തരപുരത്ത് കണ്ട മഹാ സമ്മേളനം. പരസ്പരമുള്ള വൈരങ്ങളും അഭിപ്രായ വ്യത്യാസങ്ങളും മറന്ന് വിശ്വാസികൾ ഒന്നിച്ച കാഴ്ചയായിരു അവിടെ കണ്ടത്. ആയിരങ്ങളെന്ന് പത്രങ്ങൾ പറഞ്ഞപ്പോൾ അത് പതിനായിരങ്ങളായിരുന്നു എന്നതാണ് സത്യം. അതും പങ്കെടുത്തവരിൽ നല്ലൊരു സംഖ്യ സ്ത്രീ ജനങ്ങളും.
ഈ ഒരുമിക്കൽ ഭരണ കക്ഷിക്ക് ഒരു തരത്തിലും ഭീഷണി ആവില്ലാ എന്നത് ഏതൊരു കൊച്ച് കുട്ടിക്ക് പോലും ബോദ്ധ്യമുള്ള കാര്യമാണ്. അവരിൽ പെട്ട ആരെയും മത വിശ്വാസം ഭരിക്കുന്നില്ലാ എന്നും പകരം പാർട്ടി വിശ്വാസമാണ് ഭരിക്കുന്നതെന്നും അതിനാൽ തന്നെ അവർക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന വോട്ടുകൾക്ക് ഒരു കുറവും സംഭവിക്കില്ല എന്നും എന്നാൽ എതിർ ഭാഗക്കാരുടെ വോട്ട് വിഭജിക്കപ്പെടും എന്നും ആ വിഭജനം മാത്രം മതി കാലാ കാലങ്ങളായി കേരളം കണ്ട് കൊണ്ടിരിക്കുന്ന ഒന്നിരാടം ഭരണ പ്രവണത ഇല്ലാതാകാനും പകരം ഭരണ തുടർച്ച സംഭവിക്കാനെന്നും അരി ആഹാരം കഴിക്കുന്ന ഏവർക്കും അറിയാൻ കഴിയുന്നത്.
ഈ സത്യം മനസിലാക്കിയവർ അലുവാ പാത്രത്തിൽ കൈ മുക്കുകയും ഭിത്തിയിൽ തുടക്കുകയും ചെയ്ത് കൊണ്ടേ ഇരിക്കും.
No comments:
Post a Comment