Saturday, January 26, 2019

ഫാന്റവും മാൻഡ്രേക്കും

കേരളഭൂഷണം ദിനപ്പത്രത്തിൽ  “മായാവിയുടെ അൽഭുത പരാക്രമങ്ങൾ“  മനോരമയിൽ “മാന്ത്രികനായ മാൻഡ്രേക്ക്“ ദീപികയിൽ  “ആരം“  ദേശബന്ധുവിൽ  “പെട്രോൾ സംഘം“ ഇന്ത്യൻ എക്സ്പ്രസ്സിൽ  “ടാർസൻ“ തുടങ്ങിയ ചിത്ര കഥകൾ  ബാല്യത്തിൽ  വായനയെ പരിപോഷിപ്പിച്ച  ഘടകങ്ങളാണ്. ഇതെല്ലാം  പത്രങ്ങളുടെ  പുറക് വശത്തായാണ് അച്ചടിച്ച് വന്നിരുന്നത്. സ്കൂളിൽ കയറുന്നതിന് മുമ്പ്  ആലപ്പുഴ ലജനത്തുൽ മുഹമ്മദിയാ വായനശാലയിൽ  പോയി അതാത് ദിവസം അച്ചടിച്ച് വരുന്ന  ഈ ചിത്ര കഥകൾ  വായിച്ച്  തുടർച്ച വായനക്കായി അടുത്ത ദിവസം  വരെ ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു. മാൻഡ്രേക്കിനെയും ലോതറിനെയും ആദരവോടെയാണ് വായിച്ചിരുന്നത്.  കാരണം എന്റെ അടുത്ത കൂട്ടുകാരൻ അബ്ദുൽഖാദർ പറഞ്ഞ് തന്നിരുന്നു, മാൻഡ്രേക്കും ലോതറും മുസ്ലിമാണെന്ന്. അത് നിനക്കെങ്ങിനെയറിയാമെന്നുള്ള എന്റെ ചോദ്യത്തിന് “ അത് കണ്ടാലറിഞ്ഞൂടേ? മാൻഡ്രേക്കിന് തൊപ്പിയുണ്ട്,  ലോതറിന്റെ തല മൊട്ടയുമാണ്.എന്നവൻ തെളിയിച്ച് തന്നു. എങ്കിലും എനിക്ക് കൂടുതൽ പ്രിയം മായാവിയോടായിരുന്നു. പിന്നീട് മനോരമ വാരാന്ത്യ പതിപ്പിൽ  മായാവി “ഫാന്റം“ എന്ന പേരിൽ  വന്നു തുടങ്ങി.ഫാന്റത്തിന്റെ സാഹസികത വായിച്ച് വായിച്ച്  തലക്ക് പിടിച്ച്  ഒരു കറുത്ത തുണിക്കഷണം  മുഖം മൂടിയായി  കണ്ണിൽ കെട്ടി,
കളി തോക്കൊരെണ്ണം അരയിൽ തൂക്കി,  ഇല്ലാത്ത കുതിര ഉണ്ടെന്ന് സങ്കൽപ്പിച്ച് അതിനെ ടക്..ടക്ക്..എന്ന് വായാൽ ശബ്ദ്മുണ്ടാക്കി ഓടിച്ച് ശത്രുക്കളെ തിരക്കി നടന്ന  ഒരു ബാല്യകാലം ഉണ്ടായിരുന്നല്ലോ  എനിക്ക്.. “സാഹസികതയുടെ“ വായന പിന്നീട് ഡിറ്റക്ടീവ് നോവലുകളിലേക്ക് മാറി, അവിടെ നിന്നും ഗഹനമായ ഇതര ഗ്രന്ഥങ്ങളിലേക്കും  വായന തിരിഞ്ഞപ്പോഴും  ഫാന്റത്തിനെ  കണ്ടുമുട്ടുന്നിടത്ത് വായിക്കുന്ന  മനസ്സിന്റെ ചൊറിച്ചിൽ  ഇപ്പോഴും ഉള്ളിലെവിടെയോ  ഉള്ളതിനാൽ  കോട്ടയം റീഗൽ  പബ്ളീക്കേഷനെ ഫോണിൽ വിളീച്ച് ഫാന്റം ഇറങ്ങിയോ അടുത്ത ടാർസൻ എപ്പോൾ  പബ്ളിഷ് ചെയ്യും  എന്നൊക്കെ  തിരക്കാറുണ്ട്.ഈ നൂറ്റാണ്ടിലും ഇത് പോലുള്ള ഭ്രാന്തന്മാരുണ്ടോ എന്ന് അവർ ചിന്തിക്കുന്നുണ്ടാകാം. എന്തായാലും കിട്ടുന്ന പുസ്തകങ്ങളെല്ലാം    വായിക്കാനുള്ള  ആഗ്രഹത്തിന്    ബാല്യത്തിൽ തറക്കല്ലിട്ടത് ഈ വക ചിത്ര കഥകളായിരുന്നല്ലോ.

Friday, January 25, 2019

15 വർഷമായി ഉമ്മാ പോയിട്ട്....

ഫോട്ടോയിൽ എന്റെ ഉമ്മ, ഞാൻ, ഇളയ അനുജൻ എന്നിവരാണ്. ഉമ്മാ ഞങ്ങളെ വിട്ട് പോയിട്ട് ഇന്ന് 15 വർഷം തികയുന്നു. ഒരു ഫോട്ടോ പോലും അവശേഷിപ്പിക്കാതെ വാപ്പാ കടന്ന് പോയി. കാരണം അന്നതിന്റെ ഒരു സാഹചര്യവും ഞങ്ങൾക്കില്ലായിരുന്നു. ആ അവസ്ഥയിൽ നിന്നും സ്വന്തമായി ഫോട്ടോ എടുക്കാനുള്ള സ്ഥിതിയിലേക്ക് ഞങ്ങൾ കടന്ന് കയറി. നിരക്ഷര കുക്ഷിയായ ഉമ്മക്ക് ഒന്നും ചെയ്തു തരാൻ സാധിച്ചില്ലായിരുന്നെങ്കിലും സംഘർഷം നിറഞ്ഞ പലഘട്ടങ്ങളിലും “എടാ“ “മോനേ“ എന്നുള്ള ആ വിളികൾ വല്ലാതെ എന്നെ സമാധാനിപ്പിച്ചിരുന്നു. ആരോ എല്ലാം എന്റെ ഒപ്പം തുഴയാൻ ഉണ്ടെന്നുള്ള തോന്നൽ.... ഉമ്മാ പോയതിന് ശേഷം അതുമില്ലാതായി. ഭാരം ഇറക്കി വെക്കാൻ ഒരിടവുമില്ലാത്ത നിരത്തിൽ ഏകനായി നിൽക്കുന്നത് പോലെ . അങ്ങേ ലോകത്ത് നിന്ന് ഉമ്മാ “മോനേ“ എന്ന് വിളിക്കുന്നുണ്ടാകാം, അത് കൊണ്ടായിരിക്കാം പലപ്പോഴും സമാധാനം മനസിലേക്ക് തിക്കി തിരക്കി വരുന്നത്.

Wednesday, January 23, 2019

വിശ്വാസം അതല്ലേ എല്ലാം

മലബാർ പ്രദേശത്ത്  പണ്ട് ഒരു കഥ  പ്രചാരത്തിലുണ്ടായിരുന്നത് ഓർമ്മ വരുന്നു. ആ കാലത്ത് തന്നെ ആ കഥ  മാപ്പിള പാട്ടായി അന്നത്തെ  ഗ്രാമഫോൺ റിക്കാർഡിലൂടെ  പുറത്ത് വരുകയും ചെയ്തു.

ഇബിലീസ് (ലൂസിഫർ, പിശാച് ) നോട്  ഒരു ദിവ്യൻ ചോദിച്ചു പോലും; നീയെന്തിനാണ് ഇങ്ങിനെ ആൾക്കാരിൽ കലഹത്തിന്റെ വിത്ത് പാകുന്നത്. എത്രമാത്രം കലഹങ്ങളുണ്ടായി നാട്ടിൽ വിനാശം സംഭവിച്ച് കൊണ്ടിരിക്കുന്നു. ഇബിലീസ് പറഞ്ഞു, എന്തിനാണ് എന്നെ വെറുതെ കുറ്റപ്പെടുത്തുന്നത്. ഞാൻ ആരെയും ഏഷണിപ്പെടുത്തുന്നില്ല, പിരി കയറ്റുന്നില്ല, എന്റെ കാര്യം നോക്കി ഞാൻ  വെറുതെ കഴിയുന്നു,  സംശയമുണ്ടെങ്കിൽ  എന്റെ കൂടെ  അൽപ്പം നേരം വന്ന്  കാര്യം ബോദ്ധ്യപ്പെടുക. ദിവ്യൻ സമ്മതിച്ചു, ഇബിലീസിന്റെ കൂടെ  പോയി. കാര്യം ബോദ്ധ്യപ്പെടണമല്ലോ.

ഇബിലീസ്  ഒരു അലുവാ കച്ചവടക്കാരന്റെ  സമീപം ചെന്ന്  തന്റെ കൈ        അലുവാ വെച്ചിരിക്കുന്ന പാത്രത്തിൽ പതിപ്പിച്ച്  കയ്യിൽ പുരണ്ട എണ്ണ ഭിത്തിയിൽ തേച്ച് കളഞ്ഞ് കയ്യും കെട്ടി  അവിടെ നിന്നു. ഭിത്തിയിൽ എണ്ണ പുരണ്ട ഭാഗത്തേക്ക്  ഒരു പല്ലി  ഓടിവന്നു. പല്ലിയെ കണ്ട് അതിനെ പിടിക്കാൻ ഒരു പൂച്ച പാഞ്ഞെത്തി ഭിത്തിയിലേക്ക് ചാടിയപ്പോൾ  അലുവാ പാത്രം തട്ടി മറിഞ്ഞു. കുപിതനായ അലുവാക്കാരൻ പൂച്ചയ്ക്കൊരു അടി കൊടുത്തു.  അപ്പോൾ പൂച്ചയുടെ ഉടമസ്ഥൻ അലുവാക്കരനെ തല്ലി അലുവാക്കാരൻ തിരിച്ചും, കലഹത്തിന്റെ അവസാനത്തിൽ ഒരാൾ  വധിക്കപ്പെടുകയും ചെയ്തു. ഇബിലീസ് ദിവ്യനോട് ചോദിച്ചു,  ഞാൻ വല്ലതും ചെയ്തോ? എന്റെ കയ്യിൽ പുരണ്ട എണ്ണ ഭിത്തിയ്ൽ തുടച്ചു, അത്രമാത്രം.

 ഒരു പ്രത്യേക ഉദ്ദേശ കാര്യത്തിനായി ചില ഗൂഡ തന്തങ്ങൾ പ്രയോഗിക്കുന്നത് കാണൂമ്പോൾ ഈ കഥ ആവർത്തിക്കപ്പെടാറുണ്ട്.

ഇതിപ്പോൾ ഈ കഥ  ഓർമ്മിക്കാൻ കാരണം കേരളത്തിലെ രാഷ്ട്രീയ  അന്തരീക്ഷത്തിൽ  കൃത്യമായി  കണക്ക് കൂട്ടി  ചിലർ  എണ്ണ പുരണ്ട കൈ ഭിത്തിയിൽ തുടച്ച്  അവരുടെ ഉദ്ദേശം നിറവേറ്റുന്നത് കണ്ടത് കൊണ്ടാണ്. മതേതരത്വം എന്ന്   എത്ര ഉറക്കെ വിളീച്ച് കൂവിയാലും അവരവരുടെ മത -- വർഗ--വിശ്വാസങ്ങൾ  മനസിൽ ഊട്ടി ഉറപ്പിച്ച്  ജീവിക്കുന്ന  ഒരു വലിയ വിഭാഗം  ആൾക്കാർ കേരള നാട്ടിൽ പണ്ടുമുണ്ട്, ഇന്നുമുണ്ട്. അവർക്ക് വിശ്വാസമാണ് എല്ലാറ്റിലും വലുത്. അതിൽ തൊടുമ്പോൾ  അവർക്ക് വേദനിക്കും. അത് സംരക്ഷിക്കുന്നവർ എന്ന് ഭാവിക്കുന്ന   ആൾക്കാരോട്  പണ്ട് ഒരു പ്രതിപത്തിയുമില്ലെങ്കിൽ  പോലും ഇന്ന്   ആ സംരക്ഷകർ എന്ന് ഭാവിക്കുന്നവർ  പറയുന്നത് കേൾക്കാൻ ചെവി കൊടുക്കാൻ തയാറാകും. അവർ ബഹുമാനിക്കുന്ന ആദരിക്കുന്ന ആൾദൈവങ്ങളെ  കുറ്റപ്പെടുത്തുമ്പോൾ  ആൾദൈവത്തിനെ നില നിർത്തുന്ന കക്ഷികളോട്  കൂറ് അധികരിക്കും. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വെച്ച്  അവർ ഒന്നിക്കും. അതിന്റെ ഫലമാണ് കഴിഞ്ഞ ദിവസം തിരുവന്തരപുരത്ത് കണ്ട മഹാ സമ്മേളനം. പരസ്പരമുള്ള വൈരങ്ങളും  അഭിപ്രായ വ്യത്യാസങ്ങളും മറന്ന് വിശ്വാസികൾ ഒന്നിച്ച കാഴ്ചയായിരു അവിടെ കണ്ടത്. ആയിരങ്ങളെന്ന് പത്രങ്ങൾ പറഞ്ഞപ്പോൾ   അത് പതിനായിരങ്ങളായിരുന്നു എന്നതാണ് സത്യം. അതും പങ്കെടുത്തവരിൽ   നല്ലൊരു സംഖ്യ സ്ത്രീ ജനങ്ങളും.

ഈ ഒരുമിക്കൽ  ഭരണ കക്ഷിക്ക്  ഒരു  തരത്തിലും ഭീഷണി  ആവില്ലാ എന്നത് ഏതൊരു  കൊച്ച് കുട്ടിക്ക് പോലും ബോദ്ധ്യമുള്ള കാര്യമാണ്. അവരിൽ പെട്ട ആരെയും മത  വിശ്വാസം ഭരിക്കുന്നില്ലാ എന്നും പകരം പാർട്ടി വിശ്വാസമാണ് ഭരിക്കുന്നതെന്നും  അതിനാൽ തന്നെ അവർക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന  വോട്ടുകൾക്ക് ഒരു കുറവും സംഭവിക്കില്ല എന്നും  എന്നാൽ  എതിർ ഭാഗക്കാരുടെ  വോട്ട്  വിഭജിക്കപ്പെടും എന്നും  ആ വിഭജനം മാത്രം മതി കാലാ കാലങ്ങളായി കേരളം കണ്ട് കൊണ്ടിരിക്കുന്ന  ഒന്നിരാടം ഭരണ പ്രവണത ഇല്ലാതാകാനും  പകരം  ഭരണ തുടർച്ച സംഭവിക്കാനെന്നും  അരി ആഹാരം കഴിക്കുന്ന  ഏവർക്കും അറിയാൻ  കഴിയുന്നത്.
ഈ സത്യം  മനസിലാക്കിയവർ  അലുവാ പാത്രത്തിൽ  കൈ മുക്കുകയും ഭിത്തിയിൽ തുടക്കുകയും ചെയ്ത് കൊണ്ടേ ഇരിക്കും.

Monday, January 21, 2019

മൈക്ക് പരസ്യം

“പതിനേഴിന്റെ മണി മുറ്റത്ത് മയൂര നൃത്തം ചെയ്യുന്ന മദാലസയായ  നായികയുടെ നൃത്തം ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.“

കാറിൽ മൈക്ക് കെട്ടി സിനിമാ  അനൗൺസ്മെന്റ് നടത്തുന്ന  പരിപാടി അന്ന് കേരളത്തിൽ പതിവ് കാഴ്ചയായിരുന്നു. എത്ര സ്റ്റണ്ട്, എത്ര  ഡാൻസ്  അഭിനേതാക്കളുടെ പേര്  ഇതൊക്കെ മൈക്കിലൂടെ വിളിച്ച് പറഞ്ഞ് കൊണ്ട് പോയിരുന്നത് അന്നത്തെ  അനൗൺസ്മെന്റ് ഒരു സംഭവം തന്നെയായിരുന്നല്ലോ.

 സിനിമാ മാറുന്ന ദിവസമായ വെള്ളിയാഴ്ചയാണ് ഈ പ്രോഗ്രാം നടത്തിയിരുന്നത്.  ഒരാൾ  സിനിമായുടെ നോട്ടീസ് കാറിൽ നിന്നും  പുറത്തേക്ക് എറിഞ്ഞ് കൊടുക്കും അത് ഓടി ചാടി പോയി എടുക്കുന്ന പരിപാടി ഒരു  സാഹസിക കൃത്യമായി കണക്ക് കൂട്ടിയിരുന്നു. കൂടുതലും കുട്ടികളായിരുന്നു  കാറിന് പുറകെയുള്ള  പാച്ചിൽ നടത്തിയിരുന്നത്. പലപ്പോഴും അപകടം വരുത്തി വെക്കുന്ന ക്രിയയായിരുന്നു ഇത്.

അനൗൺസ്മെന്റ് കാരന്റെ  ശബ്ദം ഘനത്തിലുള്ളതായിരിക്കണമെന്ന് കീഴ്വഴക്കം ഉണ്ടായിരുന്നു. ചിലരുടെ  ശരീരം നീർക്കോലി പോലിരുന്നെങ്കിലും  ശബ്ദം  ഗംഭീരമായിരുന്നു. പിൽക്കാലത്ത് അനൗൺസ്മെന്റ് കാർക്ക്  യൂണിയൻ വരെ  ഉണ്ടായി.

ആഴ്ചയിലൊരിക്കലുള്ള ഈ പരിപാടിക്ക് സിനിമാ വിതരണ കമ്പനിക്കാർ  ചെലവ് തുക കൊടുത്തിരുന്നത് പടത്തിന്റെ കളക്ഷൻ കൂടിയാൽ  തീയേറ്റർകാരേക്കാളും ലാഭം അവർക്കായിരുന്നത് കൊണ്ടായിരുനല്ലോ. ആഴ്ചയിലൊരിക്കലെ സിനിമാക്ക് പോക്കും അന്ന് ഹരമായിരുന്നു എന്ന് മാത്രമല്ല,  ആദ്യത്തെ ദിവസം ആദ്യത്തെ ഷോ തന്നെ കാണണമെന്ന നിർബന്ധവും പലർക്കുണ്ടായിരുന്നു എന്നതു തികച്ചും ശരിയായ വസ്തുതയാണ്.

വീട്ടിനുള്ളിരുന്ന്  ദിവസം  10 സിനിമാ വരെ കാണാൻ കഴിയുന്ന വിധം ചാനലുകൾ ഉണ്ടായപ്പോൾ  സിനിമാ കൊട്ടകകളുടെ കഷ്ട കാലവും തുടങ്ങി.        ഗ്രാമ പ്രദേശ ങ്ങളിലെ  ഓലക്കൊട്ടകകളെല്ലാം പൂട്ടിക്കെട്ടി.  നഗരത്തിലെ കൊട്ടകകൾ ഏങ്ങിയും വലിഞ്ഞും ഓടുന്നു.

അതോടെ വെള്ളിയാഴ്ചകളിലെ സിനിമാ അനൗൺസ്മെന്റിന്റെ കാലവും കഴിഞ്ഞു.

Tuesday, January 15, 2019

നിയമം മനുഷ്യന് വേണ്ടി....

നിയമം മനുഷ്യന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്.
മനുഷ്യൻ നിയമത്തിന് വേണ്ടി  സൃഷ്ടീക്കപ്പെട്ടതല്ല.
അത് കൊണ്ട് തന്നെ എല്ലാ വശങ്ങളും  നിരീക്ഷിക്കാതെ  മനുഷ്യന് നേരെ  നിയമം ചിലപ്പോൾ പ്രയോഗിച്ചാൽ അത് മറ്റൊരു അനീതിയായി മാറുമെന്ന് 66 വയസ്സുകാരനായ വിജയൻ മാഷിന്റെ അനുഭവം നമ്മോട് പറയുന്നു. അപരിചിതമായ സ്ഥലത്ത് രാത്രിയിൽ ബാംഗ്ളൂരിലേക്ക് സഞ്ചരിച്ച് കൊണ്ടിരുന്ന  അദ്ദേഹത്തിനെ എല്ലാ ലഗേജുമായി ഇരുട്ടത്ത് ഇറക്കി വിട്ടത് ടിക്കറ്റ് പരിശോധകൻ  നിയമം  നടപ്പിലാക്കിയതിന്റെ ഭാഗമായിട്ടാണെങ്കിലും  ആ പ്രവർത്തി മാഷിനോടുള്ള  വലിയ അനീതിയായി മാറി.
കൊട്ടാരക്കര കോടതികളിൽ പാക്ടീസ് ചെയ്യുന്ന അഡ്വൊക്കേറ്റ്  ഗിരിജയാണ്  വിജയൻ മാഷിനെ എന്റെ വീട്ടിലേക്ക് പറഞ്ഞ് വിട്ടത്. ട്രൈനിൽ വെച്ച് അദ്ദേഹം അനുഭവിച്ച ദുരനുഭവങ്ങൾ ഇനി ഒരു  വൃദ്ധനും ഉണ്ടാകാതിരിക്കാൻ എന്ത് നടപടികൾ കൈക്കൊള്ളണമെന്നുള്ളതിന് നിർദ്ദേശങ്ങൾ നൽകാനായിരുന്നു റെയിൽ വേ കോടതിയിൽ 5 വർഷം ജോലി ചെയ്തിരുന്ന എന്റടുത്തേക്ക്  അഡ്വൊക്കേറ്റ് ഗിരിജ,  വിജയൻ മാഷിനെ പറഞ്ഞ് വിട്ടത്.
മാഷ് ഒരു ഹൈസ്കൂളിൽ  ഇംഗ്ളീഷ് അദ്ധ്യാപകനായിരുന്നു പെൻഷൻ പറ്റിയ ആളും ഇപ്പോൾ അൽപ്പം പൊതു പ്രവർത്തനവും  പ്രകൃതി ഉപാസനവും യോഗയും മറ്റുമായി കഴിഞ്ഞ് വരികയുമാണ്. ഭാര്യ ബാംഗ്ളൂരിൽ മകനോടൊപ്പം കഴിയുന്നതിനാൽ  നിരന്തരം  ട്രെയിൻ യാത്രക്കാരനുമാണ്.
ബാംഗ്ളൂരിൽ  കഴിയുന്ന  3 വയസ്സ് പ്രായമുള്ള പേരക്കുട്ടിയുടെ  വിദ്യാരംഭത്തിന് തന്റെ  സാന്നിദ്ധ്യമുണ്ടാകണമെന്ന് അപ്പുപ്പനായ  മാഷിന് നിർബന്ധം ഉണ്ടായത് സ്വാഭാവികം. വിവരം അറിഞ്ഞപ്പോഴേക്കും ടിക്കറ്റ് റിസർവ് ചെയ്യാനുള്ള സമയം അതിക്രമിച്ചിരുന്നു. കുറച്ച് ദിവസങ്ങളായി ഉപവാസവും  ഭക്ഷണ നിയന്ത്രണ വുമായി കഴിഞ്ഞിരുന്ന മാഷ് ശാരീരികമായി ക്ഷീണിച്ച അവസ്ഥയിലാണ് കൊല്ലം റെയിൽ വേസ്റ്റേഷനിലെത്തിയത്.സീനിയർ സിറ്റിസൺ ആനുകൂല്യത്തിനൊന്നും പോകാതെ   ആരോടൊക്കെയോ കേണുവീണ് ഇരട്ടി ചാർജും മറ്റെന്തോ അഡീഷണൽ ചാർജുമൊക്കെ നൽകി അപ്പോൾ അവിടെ വന്ന ട്രെയിനിലെ  ഏതോ കമ്പാർട്ട്മെന്റിൽ  പാലക്കാട് വരെ റിസർവേഷൻ തരപ്പെടുത്തി.പാലക്കാട് വെച്ച് മറ്റൊരു പരിശോധകൻ കയറിയപ്പോൾ  അയാളോട് കാര്യങ്ങൾ പറഞ്ഞ് അയാളുടെ അതിർത്തിയായ  കോയമ്പത്തൂർവരെ നീട്ടി എടുത്തു.  കോയമ്പത്തൂർ വെച്ച് കയറിയ പരിശോധകന്റെ സീറ്റിൽ ചെന്ന് അത് വരെയുള്ള  യാത്രയുടെ വിവരങ്ങളും ടിക്കറ്റുകളും കാണിച്ച് ബാംഗ്ളൂർ വരെ എക്സ്റ്റൻഷൻ ആവശ്യപ്പെട്ടപ്പോൾ  “നിങ്ങളുടെ സീറ്റിൽ പോയിരിക്കുക അവിടെ ഞാൻ വരാം“ എന്ന അയാളുടെ മറുപടി കേട്ട് മടങ്ങി  സീറ്റിൽ വന്നിരുന്നു. രാത്രി  ഏറെ ആയപ്പോൾ പരിശോധകൻ മാഷിന്റെ സമീപമെത്തി  ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ മാഷ് അയാളെ ആദ്യം കണ്ടിരുന്ന കാര്യവും  അത് വരെ സഞ്ചരിച്ചിരുന്ന ടിക്കറ്റുകളും  ഇനി ആവശ്യമുള്ളതെന്തെന്നും സൗമ്യ സ്വരത്തിൽ  ഇംഗ്ളീഷിൽ അവതരിപ്പിച്ചു. തമിഴിൽ സംസാരിക്കാൻ അയാളുടെ  ആവശ്യത്തിന്  തനിക്ക്  തമിഴ് വശമില്ലെന്ന  മാഷിന്റെ മറുപടിയിൽ  അദ്ദേഹത്തിന്റെ കഷ്ടകാലം ആരംഭിച്ചു. തമിഴൻ ക്രുദ്ധനായി  മാഷിനോട് തട്ടിക്കയറി . മാഷ് ഇംഗ്ളീഷിൽ  തന്റെ ശാരീരിക അവസ്ഥ ഉൾപ്പടെ അവതരിപ്പിക്കുകയും  താൻ ഇത് വരെ യാത്ര ചെയ്ത ടിക്കറ്റുകൾ കാണിക്കുകയും ഒക്കെ ചെയ്തിട്ടും ടിക്കറ്റില്ലാതെ  കയറാൻ അർഹതയില്ലാത്ത കമ്പാർട്ട്മെന്റിൽ കയറിയതിന് തമിഴിൽ ഷൗട്ട് ചെയ്ത് കൊണ്ടിരിക്കുകയും അടുത്ത സ്റ്റേഷനിൽ ഇറങ്ങിക്കൊള്ളണം എന്ന് നിർബന്ധിക്കുകയും ചെയ്തു. അപ്പോൾ കമ്പാർട്ട്മെന്റിൽ ഉറങ്ങിക്കൊണ്ടിരുന്ന യാത്രക്കാർ എഴുന്നേറ്റ്  ടിക്കറ്റില്ലാത്ത യാത്രക്കനോട് അവരുടെ ഉറക്കം തടസ്സപ്പെടുത്താതെ ഇറങ്ങി പോകാൻ  ആവശ്യപ്പെടുകയും ചെയ്തതോടെ മാഷ് ആകെ പകച്ചു. മാഷ് പരിശോധകനോട് തന്റെ സത്യാവസ്ഥ ഇംഗ്ളീഷിൽ പറഞ്ഞ് കൊണ്ടേ ഇരുന്നു. ഇതിനിടയിൽ പരിശോധകന് ആകെ അറിയാവുന്ന ഇംഗ്ളീഷ് വാക്കായ ഗെറ്റ് ലോസ്റ്റ്  പറഞ്ഞ് പരിശോധകൻ മാഷിനെ പിടിച്ച് കൊണ്ട് വന്ന്  വാതിൽക്കൽ നിർത്തി. തന്റെ ലഗേജും വാരിപ്പിടിച്ച് മാഷ് വാതിൽക്കൽ നിസ്സഹായനായി നിന്നു. ഈ റോഡ് എത്തിയപ്പോൾ ടിക്കറ്റ് പരിശോധകൻ  മാഷിനെ ഇറക്കി വിടുകയും മറ്റേതെങ്കിലും റിസർവേഷൻ കമ്പാർട്ട്മെന്റിൽ കയറാതിരിക്കാനായി ആ കമ്പാർട്ട്മെന്റിന്റെ  വാതിലുകൾ ഓടി നടന്ന് അടപ്പിക്കുകയും ചെയ്തു. ഫ്ളാറ്റ് ഫോമിന്റെ ഇങ്ങേ തലക്കലാണ് മാഷ് ലഗേജുമായി നിന്നത്. അവിടെ നിന്നും ആ ഭാരവുമായി ഏന്തിയും വലിഞ്ഞും ടിക്കറ്റ്  കൗണ്ടർ ലക്ഷ്യമാക്കി അണ്ടർഗ്രൗണ്ടിലൂടെ നടന്നപ്പോൾ  യാത്രക്കാരെല്ലാം  ഒഴിഞ്ഞ് പോയ ആ സ്ഥലത്ത് വഴി തടഞ്ഞ് വെള്ള യൂണീഫോം  ധരിച്ച് ഒരു ഉദ്യോഗസ്ഥൻ നിന്ന്  മാഷോട് ടിക്കറ്റ് ആവശ്യപ്പെട്ടു. ട്രെയിനിലെ  പരിശോധകൻ  സ്റ്റേഷനിലേക്ക് ഇതാ ഒരു കള്ളൻ വരുന്നു പിടീച്ചോ എന്ന് ഫോണിൽ വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അയാൾ അവിടെ നിന്ന് ടിക്കറ്റ് ആവശ്യപ്പെട്ടതെന്ന് വ്യക്തം. എല്ലാ  കാര്യങ്ങളും സൗമ്യതയോടെ  പറഞ്ഞിട്ടും  കോയമ്പത്തൂരിൽ നിന്നും ഈ  റോഡ് വരെ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് 316രൂപാ ആ ഉദ്യോഗസ്ഥൻ  ഫൈൻ അടിച്ച് കൊടുത്തു. പിന്നീട് കൗണ്ടറിൽ പോയി  ടിക്കറ്റ് എടുത്ത് ലഗേജുകളും ചുമന്ന് മാഷ് അടുത്ത വണ്ടി വന്ന സമയം  ഓർഡിനറി കമ്പാർട്ട്മെന്റിൽ കയറാൻ ശ്രമിച്ചപ്പോൾ അതിൽ ഫുഡ്ബോർഡ് വരെ യാതക്കാർ നിൽക്കുകയാണ്. ആരുടെയെല്ലാമോ സഹായത്തോടെ വലിഞ്ഞ് കയറി രണ്ട് കാൽ കുത്താനാവാതെ ഒറ്റക്കാൽ മാറി മാറി ചവിട്ടി ബാംഗ്ളൂർ വരെ  ആ രാത്രിയിൽ അവശനായ ആ വയോവൃദ്ധൻ  നിന്ന് യാത്ര ചെയ്തു.

മാഷ് തന്റെ അനുഭവം പറഞ്ഞവസാനിപ്പിച്ചപ്പോൾ മതിയായ    ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിനാൽ പരിശോധകന്മാർ ഫൈൻ ഈടാക്കിയതും റിസർവേഷനില്ലാതെ ആ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യാൻ അനുവദിക്കാതിരുന്നതും      നിയമ പ്രകാരം ശരിയാണ് എന്നും എന്നാൽ അത് നടപ്പിലാക്കിയ രീതിയിൽ ഒരു മനുഷ്യനോടുള്ള പകയും വാശിയും വ്യക്തമാണെന്നും  ഏതായാലും സംഭവങ്ങൾ വിശദീകരിച്ച്  ബന്ധപ്പെട്ട റെയിൽ വേ ഡിവിഷൻ മാനേജർക്കും  റെയിൽ വേ മന്ത്രിക്കും പരാതി അയക്കാനും  ഞാൻ മാഷിനോട് പറഞ്ഞു.  മറ്റ് ചില നിർദ്ദേശങ്ങൾ നൽകുകയും  വസ്തുതകൾ വിശദീകരിക്കുകയും ചെയ്തപ്പോൾ  മാഷിന് സമാധാനമായി. അദ്ദേഹം സന്തോഷത്തോടെ യാത്ര പറഞ്ഞ് പിരിയുകയും ചെയ്തു.
ആ ടിക്കറ്റ് പരിശോധകൻ  ചെയ്തത് മനുഷ്യത്വ രഹിതമായ  പ്രവർത്തിയും ക്രൂരതയുമാണ്.  ഈ ദീർഘമായ അനുഭവ വിവരണത്തിന്റെ ആദ്യ ഭാഗത്ത് പറഞ്ഞ  “നിയമം മനുഷ്യന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്, മനുഷ്യൻ നിയമത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടതല്ല“  എന്ന വാക്യം  മാഷിന്റെ  അനുഭവത്തിൽ അന്വർത്ഥമായി വരുന്നു.

Tuesday, January 8, 2019

എവിടെ പോയി മലയാള മണമുള്ള ഗാനങ്ങൾ ?

മഞ്ഞലയിൽ മുങ്ങിത്തോർത്തി
ധനുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ നീ മാത്രം വന്നില്ലല്ലോ
പ്രേമ ചകോരീ  പ്രേമ ചകോരീ

ധനുമാസ കുളിരിൽ  രാത്രികൾ  മനോഹരമാകുമ്പോൾ  മനസിലെവിടെയോ നിന്ന്  അനുഗ്രഹീത ഗായകൻ  ജയചന്ദ്രൻ പാടിയ  ഭാസ്കരൻ മാഷ്‌ --  ദേവരാജൻ ടീമിന്റെ കളിത്തോഴൻ സിനിമയിലെ  ഈ ഈരടികളുടെ അനുരണനങ്ങൾ ഉണർന്നെഴുന്നേൽക്കുന്നു. അവ നമ്മളെ ഈ ഗാനം മൂളാൻ എന്ത് കൊണ്ടാണ്     പ്രേരിപ്പിക്കുന്നത്?

ഹേമന്ത യാമിനി തൻ  പൊൻ വിളക്ക് പൊലിയാറായി
മാകന്ദ ശാഖകളിൽ  രാക്കുയിലുകൾ മയങ്ങാറായി
താമസമെന്തേ വരുവാൻ  പ്രാണസഖീ എന്റെ മുമ്പിൽ
താമസമെന്തേ അണയാൻ പ്രേമമയീ എന്റെ മുമ്പിൽ

54 വർഷങ്ങൾക്ക് മുമ്പ് മലയാളികൾക്ക് കിട്ടിയ  ഈ ഗാനം ഭാസ്കരൻ മാഷും ബാബുക്കയും യേസുദാസും കൂടി ഭാർഗവീ നിലയത്തിന് വേണ്ടി ഒരുക്കിയതല്ല പിന്നീടുള്ള എല്ലാ തലമുറകൾക്കും കൂടിയാണെന്ന് ഇപ്പോഴും ഈ ഗാനം  ഗാനമേളകളിൽ  യുവത ആഘോഷമാക്കുന്നതിൽ നിന്നും വെളിവാകുന്നില്ലേ?

പ്രണയ കലഹത്താൽ മൗനം പൂണ്ടിരിക്കുന്ന ഭാര്യയും ഭർത്താവും കാലങ്ങൾക്കപ്പുറത്ത്  ലൈലാ മജുനുവിൽ നിന്നും കമുകറ പുരുഷോത്തമൻ ആലപിച്ച
മിണ്ടാത്തതെന്താണ്  തത്തേ ഗാനം മറന്നോ
നാണംവന്നോ നീ മിണ്ടാത്തതെന്താണ് തത്തേ

എന്ന ഗാനം   റ്റിവിയിൽ  ഇന്നത്തെ തലമുറ ആലപിക്കുന്നത് കേൾക്കുമ്പോൾ  എല്ലാ കലഹവും മറന്ന്  പരസ്പരം പ്രണയത്തോടെ നോക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തിട്ടുള്ള അനുഭവങ്ങൾ നാമെത്ര തവണ കേട്ടിരിക്കുന്നു.

അങ്ങിനെ എത്രയേത്ര മധുര മനോഹരങ്ങളായ മലയാള സിനിമാ---നാടക ഗാനങ്ങൾ....അവ. ഇന്നും നിലനിൽക്കുന്നത് കൊണ്ടല്ലേ പുതിയ സംഗീതഉപകരണങ്ങളുടെ അകമ്പടിയോടെ  അവ  ഇപ്പോഴും പിന്നെയും പിന്നെയും  അവതരിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്. ഉദാഹരണം  “എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണ് നെഞ്ചിലെന്ന്.....
വർഷങ്ങൾക്കപ്പുറത്ത്  ബോംബെയിലെ  തെരുവിലൂടെ നടന്ന് പോകുമ്പോൾ  “ കായലരികത്ത് വലയെറിഞ്ഞപ്പോൾ “ വിവിധ ഭാരതിയിലൂടെ  റേഡിയോയിൽ നിന്നും ഒഴുകി വന്നു. അപ്പോൾ ആ തെരുവിൽ  ആരെല്ലാമാണ് മലയാളികളെന്ന്  ആ നിമിഷം തിരിച്ചറിയാൻ കഴിഞ്ഞു.
 മലയാള സിനിമാ ഗാന ശാഖക്ക്   പിന്നെന്ത് സംഭവിച്ചു, മലയാള ഗാനങ്ങൾക്ക്. ഇന്നും സംഗീതസംവിധായകരും  ഗാനരചയിതാക്കളും ഇല്ലാതായിട്ടാണോ?  ഓരോ നാടിനും ഓരോരോ ശീലുകളുണ്ട്. ആ മണ്ണിന് യോജിച്ചത്.  അതിന് പകരം  പാശ്ചാത്യ മോഡലിൽ  ഓഓഓഓ...ഊഊഉ...ഈഈഎ... എന്ന് അലറി വിളിച്ചും വലിയ ഡ്രമ്മും അതിന്റെ അനുസാരികളും കൂടി ശബ്ദ ഘോഷങ്ങൾ ഉണ്ടാക്കുന്നതാണ്  സംഗീതമെന്നും എങ്ങിനെയോ  പുതിയ തലമുറ ധരിച്ച് വശായി, അതിനെ തുടർന്ന് ഈണങ്ങൾ ആ വഴിക്ക് പോയാലേ പുതിയ തലമുറ ഇഷടപ്പെടൂ എന്നായി. അങ്ങിനെയാണ് നിന്റമ്മേടെ ജിമുക്കി കമ്മൽ ജയിച്ച് കയറിയത്. അതാണ് ഫാഷനെന്നും  അവർ ഉറച്ച് വിശ്വസിച്ചു.  റ്റിവി.യിലെ പരസ്യങ്ങളുടെ  കൂടെ വരുന്ന പാട്ടുകൾ ഈ മോഡലിലാണല്ലോ.  വേഗത അതാണല്ലോ ഇപ്പോഴത്തെ പ്രവണത. പഴയ പാട്ടുകൾ ഇഴഞ്ഞ് നീങ്ങുന്നു എന്നാണവരുടെ പരാതി. എങ്കിൽ തന്നെയും ചില സിനിമകളിൽ ഹൃദയഹാരിയായ ഈണങ്ങൾ ഇപ്പോഴും വരുന്നത്  മലയാളികൾ ഏറ്റെടുക്കുന്നു എന്നത് എത്ര ആശ്വാസകരമാണ്.

ഇനി എന്നെങ്കിലും നമ്മുടെ ഈണങ്ങൾ നമ്മുടെ നാടിന്റെ ഈണങ്ങൾ  തിരിച്ച് വരുമോ?!