Saturday, August 4, 2018

കുരങ്ങും അഭിനയവും

  നൈസർഗിക വാസനയാലും ചിലപ്പോൾ   പരിശീലനം കൊടുത്താലും  കുരങ്ങ് നാം ചെയ്യുന്നത് അഭിനയിച്ച് കാണിക്കും.. കുരങ്ങിനെ കൊണ്ട് പലതും അഭിനയിപ്പിച്ച് കാണിക്കുന്ന കളികൾ  നാം  ഏറെ കണ്ടിരിക്കുന്നു. മറ്റൊരർത്ഥത്തിൽ  കുരങ്ങ് ഒരു നടനാണ്. അഥവാ നടീ നടന്മാർ ചെയ്യുന്ന  പണികൾ  കുരങ്ങിന്റേതാണ്.

ഇന്ന് നഗരം അക്ഷരാർത്ഥത്തിൽ  മണിക്കൂറുകളോളം  സ്തംഭിച്ചു. കാരണം ഞാൻ കുറച്ച് നാളുകൾക്ക് മുമ്പ് മറ്റൊരു  പോസ്റ്റിൽ ചൂണ്ടിൽ കാണിച്ചത് പോലെയുള്ള   മറ്റൊരു  കടയുടെ ഉൽഘാടനമായിരുന്നു  ഇന്നത്തെ  ഗതാഗത സ്തംഭനത്തിന്റെ  ഹേതു.  അന്ന് സൗജന്യം  പ്രഖ്യാപിച്ച് ആളെ കൂട്ടിയെങ്കിൽ ഇന്നത്തെ മാൾ  ഉൽഘാടനത്തിന് ജനങ്ങൾ കൂട്ടത്തോടെ മൈലുകൾക്കപ്പുറത്ത് നിന്നും ഒഴുകിയെത്തിയത്  ഒരു സൂപ്പർ താരത്തിന്റെ മകൻ സൂപ്പർ താരത്തെ ഒരു നോക്ക് കാണാൻ വേണ്ടിയായിരുന്നു . തിരുമംഗലം ദേശീയ പാതയും എം.സി.റോഡും സന്ധിക്കുന്ന പുലമൺ ജംഗ്ഷനിൽ സാധാരണയായി തന്നെ ഗതാഗത  സ്തംഭനം പതിവ് ചടങ്ങാണ്. അതിനോടൊപ്പം യുവ നടന്റെ  സാന്നിദ്ധ്യം അറിഞ്ഞ് ജാഥയായി ഒഴുകി എത്തിയ ജനക്കൂട്ടം നഗരത്തിന്റെ  ഊടു വഴികളടക്കം എല്ലാ സ്ഞ്ചാരമാർഗങ്ങളിലും  തിങ്ങി നിറഞ്ഞ് നിന്നു. അത്യാവശ്യക്കാർ  ഈ തിരക്കിൽ വലഞ്ഞ് വശം കെട്ടു.  ഈ വഴി പോയ ദീർഘദൂര യാത്രക്കാർ, പിഞ്ച് കുഞ്ഞുങ്ങളടക്കം വെള്ളം പോലും  ലഭിക്കാതെ വാഹനങ്ങളിൽ കുരുങ്ങി കിടന്നു.  നടൻ ഉൽഘാടനം നടത്തി പിരിഞ്ഞ് പോയെങ്കിലും നീണ്ട മണിക്കൂറുകളെടുത്തു, ഗതാഗത സ്തംഭനം ഒഴിവായി കിട്ടാൻ.

ഒരു രാഷ്ട്രത്തിന് സ്വാതന്ത്രിയം വാങ്ങി തന്ന മഹാത്മാ ഗാന്ധിയല്ല  ഈ നടൻ.

ബാഹ്യാകാശ ശാസ്ത്രത്തിൽ  അഗ്രഗണ്യനും ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ തലവനുമായ  എ.പി.ജെ. അബ്ദുൽക്കലാം അല്ല ഈ നടൻ.

 കണക്കിന്റെ മാന്ത്രിക ലോകത്തിലെ പണ്ഡിതനായ രാമാനുജവുമല്ല ഈ നടൻ.

റിംഗിൽ വിജയ ഭേരി മുഴക്കിയ മുഹമ്മദാലിയുമല്ല ഈ നടൻ.

 ഇംഗ്ളീഷ്കാരെ കിടുകിടാ വിറപ്പിച്ച ഭഗവത് സിംഗുമല്ല 

 ഇവരിൽ ആരെങ്കിലുമൊരാൾ  ഈ നിരത്തിൽ വന്നാൽ  അവരെ കാണാൻ  ഇപ്പോൾ വന്ന ജനക്കൂട്ടത്തിന്റെ  നൂറിലൊന്നു പോലും വരില്ല. അത്രത്തോളം  നാം  മാറി കഴിഞ്ഞിരിക്കുന്നു.

ഞാൻ ഈ പോസ്റ്റിന്റെ ആരംഭത്തിൽ കാണിച്ച പോലെ  കുരങ്ങിന്റെ  ജോലി ചെയ്യുന്ന   അഭിനയിച്ച് കാണിക്കുന്ന   ഒരു നടൻ.   അതും  മറ്റുള്ളവരെ  അഭിനയത്തിലൂടെ അവതരിപ്പിക്കുന്ന ഒരു കലാകാരൻ മാത്രംമാണ് ഈ വ്യക്തി. ഇങ്ങിനെയുള്ള ഒരാളെ കാണാൻ മാത്രമായാണ് ഈ ജനക്കൂട്ടം ആർത്തലച്ച് എത്തി ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാക്കിയത്.
ഈ നാട്ടിൽ നിയമങ്ങളൂണ്ട്, ഗതാഗതം സ്തംഭിപ്പിച്ചാൽ നടപെടിയെടുക്കാൻ, പക്ഷേ ആ നിയമം പ്രാവർത്തികമാക്കാൻ  ചങ്കൂറ്റമുള്ള ഒരുത്തനുമില്ലാത്തതിന്റെ കുഴപ്പമാണ് മണിക്കൂറുകളോളം ഈ നഗരം അനുഭവിച്ചത്.
 പണ്ട് തമിഴനെ കുറ്റപ്പെടുത്തിയ നാം ഇപ്പോൾ ആ തമിഴനേക്കാളും സിനിമയും അഭിനേതാക്കളും എന്ന് പറഞ്ഞാൽ ഭ്രാന്ത് പിടിച്ച് നടക്കുന്നു എന്നത് തികച്ചും സത്യം മാത്രം.

No comments:

Post a Comment