Friday, August 24, 2018

അമ്പല നടയിൽ മുസ്ലിം നമസ്കാരം

ഇന്ന് വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് മുന്നോടിയായി കൊട്ടാരക്കര മുസ്ലിം ജമാ അത് പള്ളി ഇമാം നടത്തിയ പ്രഭാഷണത്തിൽ  കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പ്രളയത്തെ പറ്റി പരാമർശിക്കുകയുണ്ടായി.
ഇമാം പറഞ്ഞു :-
“ മനുഷ്യൻ മനുഷ്യനെ കണ്ടെത്തിയ ദിവസങ്ങളായിരുന്നു  പ്രളയ ദിനങ്ങൾ. ശക്തമായ  വെള്ളപ്പൊക്കത്താൽ  വടക്ക് മാളയ്ക്കടുത്ത് ഒരു      മുസ്ലിം പള്ളിയിൽ നമസ്കരിക്കാൻ സാധിക്കാത്ത വിധം വെള്ളം കയറുകയും തുടർന്ന് സഹോദര മതസ്തരായ  നാട്ടുകാർ സ്ഥലത്തുള്ള     അമ്പലത്തോടനുബന്ധിച്ച ഹാളിൽ  നമസ്കരിക്കാൻ സൗകര്യം ചെയ്ത് കൊടുക്കുകയുമുണ്ടായി  മനസുകളിലെ നന്മ വെളിപ്പെടുത്തുന്ന സംഭവമായിരുന്നു ഇത്“
 അതേ! ഇമാം  പറഞ്ഞത് പോലെ ദുരന്തം വന്നപ്പോൾ മനുഷ്യ മനസുകൾ വിശാലമാവുകയും ദുരന്തത്തെ ഒറ്റക്കെട്ടായി നാം നേരിടുകയും ചെയ്തു.
അങ്ങിനെയായിരുന്നല്ലോ മലയാളി സമൂഹം പണ്ട് കാലത്ത്. എല്ലാ ജാതികളും നിലവിലുണ്ടാവുകയും എന്നാൽ  ജാതി സ്പർദ്ധ അശേഷം ഇല്ലാതിരിക്കുകയും ചെയ്ത കാലഘട്ടം. ഒരു പുര ഓല മേയുന്നത് നാനാ ജാതി മതസ്തരായ  അയ്ൽക്കാർ ഒരുമിച്ച് ചേർന്നായിരുന്നു എന്ന്  മുട്ടത്ത് വർക്കിയുടെ പാടാത്ത പൈങ്കിളി എന്ന നോവലിലെ ഒരു അദ്ധ്യായത്തിൽ  ചെറുപ്പത്തിൽ വായിച്ചത് ഓർമ്മ വരുന്നു. ആ നല്ല കാലം ഒരിക്കൽ കൂടി കേരളത്തിൽ ഒരു പ്രളയം കാരണത്താൽ പുനവതരിച്ചിരിക്കുന്ന കാഴ്ചയാണ്  ദുരിതാശ്വാസ ക്യാമ്പുകളിൽ ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത്.

No comments:

Post a Comment