Sunday, August 26, 2018

തുലാ വർഷം വരുന്നു......

തെക്ക് പടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ പ്രളയ ദുരന്തം നൽകിയതിന് ശേഷം  ഇപ്പോൾ വിട വാങ്ങിക്കൊണ്ടിരിക്കുന്നു, അണക്കെട്ടുകൾ നിറഞ്ഞാൽ  എന്തെല്ലാമാണ് മലയാള നാട്ടിൽ സംഭവിക്കുന്നതെന്ന്  ഏകദേശം ഒരു ധാരണ എല്ലാവരിലും ഉണ്ടായിട്ടുണ്ട്. അപ്രകാരം ഒരു അവസ്ഥ ഭാവിയിൽ ഉണ്ടായാൽ  എങ്ങിനെ നേരിടണമെന്ന് സർക്കാരിന് ബോദ്ധ്യമാവുകയും ചെയ്തു.
ഇനി  ഒക്ടോബറിൽ  വടക്ക്  നിന്നും  തുലാവർഷം എത്തും. സാധാരണയായി ഉരുൾ പൊട്ടലും അണ ക്കെട്ടുകൾ പെട്ടെന്ന് നിറയുന്നതും  തുലാ വർഷത്തിലാണ്   കണ്ട് വരുന്നത്.  കാല വർഷത്തിൽ സംഭവിച്ചത് പോലെ  അണക്കെട്ട് നിറയട്ടെ ...നിറയട്ടെ എന്നിട്ട് വെള്ളം പുറത്തേക്കൊഴുക്കാം  എന്ന ധാരണയിൽ ഇരുന്നിട്ട് അതിന്  സാവകാശം കിട്ടാതെ ഒന്നര മണിക്കൂർ മുമ്പ് പാതിരാത്രിയിൽ  മൈക്ക് അനൗൺസ്മെന്റ് നടത്തി  വെള്ളം തുറന്ന് വിട്ടാൽ സംഭവിക്കുന്നതും നാം കണ്ട് കഴിഞ്ഞു. അനുഭവങ്ങളാണ്  തിരിച്ചറിവ് നൽകുന്നത്. ആ അനുഭവങ്ങൾ ഉൾക്കൊണ്ട് കാലാവസ്ഥ  പ്രവചനത്തെ വിശ്വസിച്ച് ആവശ്യമെങ്കിൽ തുലാ വർഷ കാലത്ത് സമയാ സമയങ്ങളിൽ   അണക്കെട്ടുകളിലെ ജലം കുറേശ്ശെ പുറത്തേക്കൊഴുക്കാൻ  ബന്ധപ്പെട്ടവർ തയാറായാൽ  ദുരന്തത്തെ വഴി മാറ്റി വിടാൻ സാധിച്ചേക്കാം.
ഒഴുകി വരുന്ന ജലം എതിലെ പോകണം എന്ന് ജലത്തിന് ഇപ്പോഴും ഓർമ്മ ഉണ്ട്. അത് പണ്ടൊഴുകിയ ഇടത്തിൽ കൂടി തന്നെ ഇപ്പോഴും ഒഴുകും, കാരണം കേരളം കിഴക്ക് നിന്ന്പടിഞ്ഞാറേക്ക് ചരിഞ്ഞാണ്  സ്ഥിതി ചെയ്യുന്നത് എന്നതിനാലാണ്. അപ്പോൾ ജലം ഒഴുകി പോകേണ്ട ഇടം കയ്യേറിയാൽ കയ്യേറിയവരെ  ഒഴിപ്പിച്ചെടുത്ത് ജലം അതിന്റെ പാത സുഗമമാക്കും. അവിടെ എത്ര നിലകൾ കെട്ടിപ്പൊക്കിയാലും  ഒരു രക്ഷയുമില്ല, നിമിഷ നേരം കൊണ്ട് എല്ലാം കടപുഴുകുമെന്ന് നാം ലൈവായി  കണ്ട് കഴിഞ്ഞു.
ജനസംഖ്യ വർദ്ധിക്കുമ്പോൾ വസതികൾ ധാരാളമായി വേണ്ടി വരുമെന്നത് സ്വാഭാവികമാണ്. പക്ഷേ  ജല മാർഗത്തിൽ അല്ലെങ്കിൽ ഉരുൾ പൊട്ടൽ മേഖലയിൽ  വസതികൾ നിർമ്മിക്കുമ്പോൾ  വരാവുന്ന ഭീഷണി  മുൻ കൂട്ടി കണ്ട് കൊണ്ടുള്ള നിർമ്മാണമാണ് ആവശ്യം. ഭൂകമ്പ ഭീഷണി നിരന്തരം നേരിടുന്ന  ജപ്പാൻ ജനത ആ മേഖലയിൽ ദുരന്തം മുൻ കൂട്ടി കണ്ട് കൊണ്ടുള്ള വീടുകൾ  നിർമ്മിച്ച്  ഭീഷണിയെ അതി ജീവിക്കുന്നു. കേരളത്തിൽ  പ്രകൃതി ദുരന്തം സംഭവിക്കാവുന്ന മേഖലകളിൽ  അപ്രകാരമുള്ള വീട് നിർമ്മാണത്തിനെ പറ്റി  ചിന്തിക്കാൻ സമയമായി.

Friday, August 24, 2018

അമ്പല നടയിൽ മുസ്ലിം നമസ്കാരം

ഇന്ന് വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് മുന്നോടിയായി കൊട്ടാരക്കര മുസ്ലിം ജമാ അത് പള്ളി ഇമാം നടത്തിയ പ്രഭാഷണത്തിൽ  കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പ്രളയത്തെ പറ്റി പരാമർശിക്കുകയുണ്ടായി.
ഇമാം പറഞ്ഞു :-
“ മനുഷ്യൻ മനുഷ്യനെ കണ്ടെത്തിയ ദിവസങ്ങളായിരുന്നു  പ്രളയ ദിനങ്ങൾ. ശക്തമായ  വെള്ളപ്പൊക്കത്താൽ  വടക്ക് മാളയ്ക്കടുത്ത് ഒരു      മുസ്ലിം പള്ളിയിൽ നമസ്കരിക്കാൻ സാധിക്കാത്ത വിധം വെള്ളം കയറുകയും തുടർന്ന് സഹോദര മതസ്തരായ  നാട്ടുകാർ സ്ഥലത്തുള്ള     അമ്പലത്തോടനുബന്ധിച്ച ഹാളിൽ  നമസ്കരിക്കാൻ സൗകര്യം ചെയ്ത് കൊടുക്കുകയുമുണ്ടായി  മനസുകളിലെ നന്മ വെളിപ്പെടുത്തുന്ന സംഭവമായിരുന്നു ഇത്“
 അതേ! ഇമാം  പറഞ്ഞത് പോലെ ദുരന്തം വന്നപ്പോൾ മനുഷ്യ മനസുകൾ വിശാലമാവുകയും ദുരന്തത്തെ ഒറ്റക്കെട്ടായി നാം നേരിടുകയും ചെയ്തു.
അങ്ങിനെയായിരുന്നല്ലോ മലയാളി സമൂഹം പണ്ട് കാലത്ത്. എല്ലാ ജാതികളും നിലവിലുണ്ടാവുകയും എന്നാൽ  ജാതി സ്പർദ്ധ അശേഷം ഇല്ലാതിരിക്കുകയും ചെയ്ത കാലഘട്ടം. ഒരു പുര ഓല മേയുന്നത് നാനാ ജാതി മതസ്തരായ  അയ്ൽക്കാർ ഒരുമിച്ച് ചേർന്നായിരുന്നു എന്ന്  മുട്ടത്ത് വർക്കിയുടെ പാടാത്ത പൈങ്കിളി എന്ന നോവലിലെ ഒരു അദ്ധ്യായത്തിൽ  ചെറുപ്പത്തിൽ വായിച്ചത് ഓർമ്മ വരുന്നു. ആ നല്ല കാലം ഒരിക്കൽ കൂടി കേരളത്തിൽ ഒരു പ്രളയം കാരണത്താൽ പുനവതരിച്ചിരിക്കുന്ന കാഴ്ചയാണ്  ദുരിതാശ്വാസ ക്യാമ്പുകളിൽ ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത്.

Sunday, August 12, 2018

റംസാനും ബക്രീദും പരസ്യത്തിൽ

ഇന്ന് രാവിലെ പത്രത്തിനുള്ളിൽ വെച്ച് കിട്ടിയ ഒരു നോട്ടീസാണിത്. അവസാന ഭാഗം ( തിരുവോണ --റംസാൻ ആശംസകൾ) വായിച്ചപ്പോൾ ചിരിച്ച് പോയി. കാരണം റംസാൻ കടന്ന് പോയിട്ട് മാസങ്ങൾ രണ്ട് കഴിഞ്ഞിരിക്കുന്നു. ( തിരുവോണത്തിനോടൊപ്പം 22 തീയതിയിൽ ആഘോഷിക്കുന്നത് ബക്രീദ് (ബലി പെരുന്നാൾ) ആണ്.
കുർബാനയും കുമ്പസാരവും രണ്ടും രണ്ടാണ്. ദീപാരാധനയും സൂര്യ നമസ്കാരവും രണ്ടാണ്. ബക്രീദും റംസാനും രണ്ടാണ്.
വർഷങ്ങൾക്ക് മുമ്പ് മനോരമ ലേഖകൻ മലപ്പുറത്തെ പറ്റി ഫീച്ചർ എഴുതാൻ അവിടെ കൂടി സഞ്ചരിച്ചതായി പറഞ്ഞിട്ട് ഇങ്ങിനെ എഴുതി “ സന്ധ്യാ സമയം പള്ളികളിൽ നിന്നും സന്ധ്യക്ക് ഖുതുബാ മന്ത്രണം ഈണത്തിൽ ഒഴുകി വന്നു“ ഖുതുബാ എന്നത് വെള്ളിയാഴ്ച മദ്ധ്യാഹ്നത്തിൽ ജുമാ നമസ്കാര വേളയിൽ നടത്തുന്ന ഇമാമിന്റെ പ്രസംഗം(ആഹ്വാനം) ആണെന്നും അത് വെള്ളീയാഴ്ചകളിൽ ഉച്ച സമയം മാത്രമേ ഉള്ളൂ എന്നും ആ പാവത്തിന് പുടി ഉണ്ടായിരുന്നില്ല. എങ്കിലും ഫീച്ചറിൽ ഖുതുബാ എന്ന വാക്ക് തട്ടി വിട്ടു.
. പറയും അതിന് വള്ളിയിട്ടാൽ കിട്ടുന്ന പറിയും രണ്ടും രണ്ടാണ്. പറ ധാന്യം അളക്കുന്ന അളവ് പാത്രവും “റ“ ക്ക് വള്ളിയിട്ട് വായിക്കുന്നത് പത്ര റിപ്പോർട്ടർ എന്ന വാക്കിന്റെ ചുരുക്കാക്ഷരവുമാണെന്ന് മാത്രം(അശ്ളീല വാക്ക് ഞാൻ ഒഴിഞ്ഞ് വെക്കുന്നു)
ഇതിന് ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കുറ്റം പറയേണ്ടത് മുസ്ലിം സമൂഹത്തെയാണ്. കേരളത്തിലെ പൊതു സമൂഹവുമായി കൂടുതൽ കൂടുതൽ ഇടപഴകി ജീവിക്കേണ്ട ആവശ്യകതകയാണ് ഈ വക തെറ്റുകൾ പഠിപ്പിച്ച് തരുന്നത്. വിശ്വാസം നില നിർത്തിക്കൊണ്ട് തന്നെ വ്യക്തി ബന്ധം ഗാഢമാക്കണം.
ആഘോഷ ദിവസങ്ങളിൽ ബന്ധുക്കളോടൊപ്പം നിർബന്ധമായി സഹോദര സമുദായത്തിലെ അംഗങ്ങളെയും ക്ഷണിച്ച് അവരുമായുള്ള സൗഹൃദം ഊട്ടി ഉറപ്പിക്കണം. അവർ ആഘോഷ ദിവസങ്ങളിൽ ക്ഷണിക്കുമ്പോൾ നിർബന്ധമായി ക്ഷണം സ്വീകരിച്ച് അവരുടെ വീടുകളിൽ പോകണം. അങ്ങിനെ പൊതു ധാരയുമായി ഇട പഴകി കഴിയുമ്പോൾ മാത്രമേ തെറ്റിദ്ധാരണകൾ മാറ്റാനും കൂടുതൽ കൂടുതൽ അറിവുകൾ പങ്ക് വെക്കാനും കഴിയൂ എങ്കിൽമാത്രമേ സന്ധ്യാ നേരം ഖുതുബാ പാരായണം ചെയ്യലും ബലി പെരുന്നാളിന് പകരം റംസാൻ ആശംസിക്കലും അവസാനിക്കൂ.

Thursday, August 9, 2018

പൊതു വികാരവും നീതി ന്യായവും

നിയമ നിർമ്മാണം  നിയമ നടത്തിപ്പ്,  നീതി ന്യായം (ലെജിസ്ലേചർ, എക്സീക്യൂട്ടീവ് ജുഡീഷ്യറി)   ഈ മൂന്ന്  വിഭാഗവും അവരവരുടെ  കടമകൾ   സമർത്ഥമായി  നിർവഹിക്കുമ്പോൾ  രാഷ്ട്രം ക്ഷേമ രാഷ്ട്രമായി  മാറുന്നു.  അതിനോടൊപ്പം  ഒരു വിഭാഗം മറ്റുള്ളവരുടെ  അവകാശത്തിൽ കൈ കടത്താതിരിക്കുകയും വേണം.
പക്ഷേ നാലാമതായി ഒരു ഭാഗം അനൗദ്യോഗികമായി  രംഗപ്രവേശം നടത്തിയതോടെ ഫോർത്ത് എസ്റ്റേറ്റ്  എന്നറിയപ്പെടുന്ന ഈ വിഭാഗം  എല്ലാവരെയും  കടിഞ്ഞാണിട്ട് നിർത്തുന്നിടത്ത് വരെ എത്തിയിരിക്കുന്നു കാര്യങ്ങൾ.  .   മർദ്ദിതരുടെയും പീഡിതരുടെയും  രോദനം  പുറത്ത് കൊണ്ട് വരുന്ന കാര്യത്തിൽ ഫോർത്ത് എസ്റ്റേറ്റ്  എന്ന   മാധ്യമ ലോകം  അതീവ ശുഷ്കാന്തി പുലർത്തിയതിനാൽ  തദനുസരണമായി  നിയമ നിർമ്മാണം , നിയമ നടത്തിപ്പ്  എന്നിവ അതീവ ജാഗ്രതയോടെ ഉണ്ടായി എന്നുള്ളത് ശരി തന്നെയാണ്.
 ജുഡീഷ്യറി  അപ്പോഴും സ്വതന്ത്രമായി നിന്നു.
 പക്ഷേ  കാലം ചെന്നപ്പോൾ അതിലും പുറത്ത് നിന്നുള്ള കൈ കടത്തൽ ഉണ്ടായി തുടങ്ങിയിരിക്കുന്നു . ഒരു കുറ്റാരോപിതൻ കോടതിയിൽ  വിചാരണക്ക് എത്തുന്നതിനു മുമ്പേ  തന്നെ അവനെ കുറ്റക്കാരനായി കണ്ട് കോടതിക്ക് പുറത്ത് പത്രങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും ഫെയ്സ് ബുക്കിലും വാട്ട്സ് അപ്പിലും മറ്റും  വിചാരണ  നടത്തുകയും “അവനെ ക്രൂശിക്കുക“ എന്ന മുറവിളി പൊതു വികാരമായി  രൂപം കൊള്ളുകയും ചെയ്യുന്ന  പ്രവണത ശക്തി പ്രാപിക്കുകയും ചെയ്യുന്ന അവസ്ഥ   നിലവിൽ വന്നു. കോടതിയിൽ വിചാരണ നടത്തേണ്ട കേസിൽ വിധി വരുന്നതിനു മുമ്പ്  കോടതിക്ക് പുറത്തുള്ള അഭിപ്രായ പ്രകടനവും വിധിയും ശരിയായ പ്രവണതയല്ല   എന്ന നിരീക്ഷണം ഞാൻ എന്റെ മുൻ പോസ്റ്റിൽ ഇട്ടപ്പോൾ ഒരു പണ്ഡിത കേസരി  ( മഴ വന്നപ്പോൾ പോലും അയാൾ കോടതി വരാന്തയിൽ കയറി നിന്നിട്ടി ല്ല ) എന്റെ നേരെ കുരച്ച് ചാടിയതിന് ശേഷം   ഒരു ചോദ്യം തൊടുത്തു വിട്ടു  “ പത്രത്തിൽ  വായിച്ചും റ്റി.വി. കണ്ടും സോഷ്യൽ മീഡിയാ വായിച്ചുമാണോ   ഒരു ന്യായാ ധിപൻ വിധി ന്യായം എഴുതുന്നത്,  തെളിവുകൾ  നോക്കിയല്ലേ ജഡ്ജ്മെന്റ് എഴുതുന്നതെന്ന് “  ശരിയാണ് സുഹൃത്തേ!  താങ്കൾ  പറഞ്ഞത്  തികച്ചും ശരിയാണ്. പക്ഷേ  ആദ്യം തിരിച്ചറിയേണ്ടത്. ന്യായാധിപനും മനുഷ്യനാണ് എന്ന സത്യത്തെയാണ്, പുറത്തെ ഒരു കോലാഹലവും അദ്ദേഹത്തെ സ്വാധീനിച്ച് കൂടാ    ഒഴിഞ്ഞ തലച്ചോറുമായാണ് അദ്ദേഹം ആ കേസിനെ അഭി മുഖീകരിക്കേണ്ടത്.അപ്പോൾ വിചാരണ നടത്തേണ്ട ആൾ  ഒരു വാർത്തയും വായിക്കരുത് കാണരുത്, എന്ന അവസ്തയിൽ ജീവിക്കണം എന്നാണോ?.  അങ്ങിനെ പത്രം വായിച്ചാൽ റ്റി.വി. കണ്ടാൽ സോഷ്യൽ മീഡിയായിൽ ഇടപെട്ടാൽ  ഉടനെ സ്വാധീനിക്കപ്പെട്ടു പോകുമോ  എന്ന ചോദ്യങ്ങൾക്ക്  എനിക്ക് ഒന്നും പറയാനില്ലാ . പകരം ഒരു കഥ പറയാം, ഇപ്പോൾ കൊട്ടാരക്കരയിലെ  ബഹു: എം.എൽ.എ. ശ്രീമതി ഐഷാ പോറ്റി താമസിക്കുന്ന കെട്ടിടത്തിൽ  പണ്ടൊരു ജഡ്ജ് വാടകക്ക് താമസിച്ചിരുന്നു.  അദ്ദേഹത്തിന്റെ അടുത്ത അയൽ പക്ക വീടിലെ അംഗങ്ങളുമായി നല്ല സൗഹൃദം പുലർത്തിയിരുന്ന  ജഡ്ജ് ആ വീട്ടിലെ ഗ്രഹനായകൻ (അദ്ദേഹം മാന്യനും മര്യാദക്കാരനും എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ  തലമൂത്ത നേതാവുമാണ്) ഒരു  കേസിൽ പ്രതി ആയപ്പോൾ ആ കേസ് കൊട്ടാരക്കരയിലെ     മേൽ പറഞ്ഞ ജഡ്ജിന്റെ    കോടതിയിൽ നിന്നും  മറ്റൊരു സ്ഥലത്തെ കോടതിയിലേക്ക് മാറ്റാൻ ജില്ലാ ജഡ്ജിന് കത്തെഴുതി. വിദൂരമായ പത്തനംതിട്ട കോടതിയിലേക്കാണ് കേസ് മാറ്റിയത്. ആ പാവം അദ്ധ്യാപകൻ (പ്രതി) പത്തനംതിട്ട പോയി കേസ് നത്തേണ്ടി വന്നു. അതിനെ പറ്റി നമ്മുടെ ജഡ്ജിനോട് ഒരവസരത്തിൽ  സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് “ എനിക്ക് ഏറെ  ദുഖമുണ്ട്  ആ കാര്യത്തിൽ പക്ഷേ  നേരം വെളുത്ത് ഉറക്കം എഴുന്നേറ്റാൽ ആദ്യം കാണുന്ന മുഖം അയല്പക്കത്തെ  ആ മനുഷ്യന്റേതാണ്, അപ്പോൾ ആ കേസ് ഞാൻ കൈകാര്യം ചെയ്യുന്നത് ശരിയല്ലാ അത് കൊണ്ടാണ്  ഞാൻ ആ കേസ് മാറ്റാൻ കത്തെഴുതിയത് “ എന്നാണ്.
അന്ന് റ്റി.വിയും സോഷ്യൽ മീഡിയായും ഇല്ലാത്ത കാലവുമാണ്. ഒരു കേസ് കൈകാര്യം ചെയ്യുമ്പോൾ യാതൊരു വികാര വിചാരവും മുൻ ധാരണയും   അതിനെ പറ്റി  ഇല്ലാതിരിക്കണം എന്നതിന് ഉദാഹരണമായി  ഈ കഥ ഞാൻ പറഞ്ഞു എന്നേ ഉള്ളൂ.
ഒരു കേസിനെ പറ്റി വിചാരണക്ക് മുമ്പ് വിധി പറയുന്ന രീതിയെ പൊതു വികാരം എന്ന് പറയാം. പൊതു വികാരം അപകടമാണ് എന്നതിന് ഉദാഹരണമായി ചൂണ്ടി കാണിക്കാവുന്നത്  പാർലമന്റ് ആക്രമണ കേസിലെ വിധിന്യായത്തിലെ  ഒരു ഭാഗമാണ്.  അഫ്സൽഗുരുവിനെതിരെ ശക്തമായി തെളിവുകൾ ഇല്ലാതിരുന്നിട്ടും പൊതു വികാരം മുൻ നിർത്തിയാണ് ആ കേസിൽ  അയാൾ തൂക്ക് കയർ വാങ്ങിയതെന്ന് ആ ജഡ്ജ്മെന്റ് വായിച്ചാൽ മനസിലാകും. അതേ പോലെ വിചാരണക്ക് മുമ്പ് വിചാരണ കേസിനെ പറ്റി മാധ്യമങ്ങളിൽ       മുൻ വിധി ഉണ്ടാകുന്നതിനെതിരെ  ഉയർന്ന കോടതികൾ പലപ്പോഴും താക്കീത് ചെയ്തിട്ടുണ്ട് എന്ന വസ്തുതയും നിരീക്ഷിക്കുക.
.
ഇപ്പോൾ  കേരളത്തിൽ നടന്ന് കൊണ്ടിരിക്കുന്ന  ഒരു പ്രമാദമായ കേസിലെ മുഖ്യ പ്രതിക്കെതിരെ അയാൾ ശിക്ഷിക്കപ്പെടും അഥവാ ശിക്ഷിക്കണം  എന്ന വിധത്തിൽ അഭിപ്രായങ്ങൾ രൂപീകരിക്കപ്പെട്ടു വരുന്നു.  അയാളുടെ ശത്രുക്കൾ  വിഷയം സജീവമായി മാധ്യമങ്ങളിൽ നില നിർത്തുക എന്ന തന്ത്രമാണ് ആവിഷ്കരിച്ച് വരുന്നത്. ഇടക്ക് വെച്ച് ഈ കേസ് മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിന്നിരുന്നു, അപ്പോൾ ബുദ്ധിപരമായ ഒരു നീക്കത്തിലൂടെ ഒരു സഘടനാ പ്രശ്നമെന്ന രീതിയിൽ പിന്നെയും കേസിനാസ്പദമായ സംഭവം  സജീവമാക്കി നില നിത്താൻ ചിലർ പെടാ പാട് നടത്തുന്നു. ഞാൻ ഈ പോസ്റ്റിൽ ചൂണ്ടിക്കാണീച്ച  വിഷയം അവർ ശരിക്കും പഠിച്ചിട്ടാണ് പണി പയറ്റുന്നത്. കുറ്റക്കാരനെങ്കിൽ ശിക്ഷിക്കപ്പെടണം, പക്ഷേ ഒരു കൂട്ടരുടെ  ഹിതാനുസരണമുള്ള വിധി  പേന ന്യായാധിപന്റെ  കയ്യിൽ  ബലമായി പിടിപ്പിച്ച് എഴുതിപ്പിക്കുന്നത് ന്യായമല്ല,  അത് അന്യായമാണ്.

Saturday, August 4, 2018

കുരങ്ങും അഭിനയവും

  നൈസർഗിക വാസനയാലും ചിലപ്പോൾ   പരിശീലനം കൊടുത്താലും  കുരങ്ങ് നാം ചെയ്യുന്നത് അഭിനയിച്ച് കാണിക്കും.. കുരങ്ങിനെ കൊണ്ട് പലതും അഭിനയിപ്പിച്ച് കാണിക്കുന്ന കളികൾ  നാം  ഏറെ കണ്ടിരിക്കുന്നു. മറ്റൊരർത്ഥത്തിൽ  കുരങ്ങ് ഒരു നടനാണ്. അഥവാ നടീ നടന്മാർ ചെയ്യുന്ന  പണികൾ  കുരങ്ങിന്റേതാണ്.

ഇന്ന് നഗരം അക്ഷരാർത്ഥത്തിൽ  മണിക്കൂറുകളോളം  സ്തംഭിച്ചു. കാരണം ഞാൻ കുറച്ച് നാളുകൾക്ക് മുമ്പ് മറ്റൊരു  പോസ്റ്റിൽ ചൂണ്ടിൽ കാണിച്ചത് പോലെയുള്ള   മറ്റൊരു  കടയുടെ ഉൽഘാടനമായിരുന്നു  ഇന്നത്തെ  ഗതാഗത സ്തംഭനത്തിന്റെ  ഹേതു.  അന്ന് സൗജന്യം  പ്രഖ്യാപിച്ച് ആളെ കൂട്ടിയെങ്കിൽ ഇന്നത്തെ മാൾ  ഉൽഘാടനത്തിന് ജനങ്ങൾ കൂട്ടത്തോടെ മൈലുകൾക്കപ്പുറത്ത് നിന്നും ഒഴുകിയെത്തിയത്  ഒരു സൂപ്പർ താരത്തിന്റെ മകൻ സൂപ്പർ താരത്തെ ഒരു നോക്ക് കാണാൻ വേണ്ടിയായിരുന്നു . തിരുമംഗലം ദേശീയ പാതയും എം.സി.റോഡും സന്ധിക്കുന്ന പുലമൺ ജംഗ്ഷനിൽ സാധാരണയായി തന്നെ ഗതാഗത  സ്തംഭനം പതിവ് ചടങ്ങാണ്. അതിനോടൊപ്പം യുവ നടന്റെ  സാന്നിദ്ധ്യം അറിഞ്ഞ് ജാഥയായി ഒഴുകി എത്തിയ ജനക്കൂട്ടം നഗരത്തിന്റെ  ഊടു വഴികളടക്കം എല്ലാ സ്ഞ്ചാരമാർഗങ്ങളിലും  തിങ്ങി നിറഞ്ഞ് നിന്നു. അത്യാവശ്യക്കാർ  ഈ തിരക്കിൽ വലഞ്ഞ് വശം കെട്ടു.  ഈ വഴി പോയ ദീർഘദൂര യാത്രക്കാർ, പിഞ്ച് കുഞ്ഞുങ്ങളടക്കം വെള്ളം പോലും  ലഭിക്കാതെ വാഹനങ്ങളിൽ കുരുങ്ങി കിടന്നു.  നടൻ ഉൽഘാടനം നടത്തി പിരിഞ്ഞ് പോയെങ്കിലും നീണ്ട മണിക്കൂറുകളെടുത്തു, ഗതാഗത സ്തംഭനം ഒഴിവായി കിട്ടാൻ.

ഒരു രാഷ്ട്രത്തിന് സ്വാതന്ത്രിയം വാങ്ങി തന്ന മഹാത്മാ ഗാന്ധിയല്ല  ഈ നടൻ.

ബാഹ്യാകാശ ശാസ്ത്രത്തിൽ  അഗ്രഗണ്യനും ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ തലവനുമായ  എ.പി.ജെ. അബ്ദുൽക്കലാം അല്ല ഈ നടൻ.

 കണക്കിന്റെ മാന്ത്രിക ലോകത്തിലെ പണ്ഡിതനായ രാമാനുജവുമല്ല ഈ നടൻ.

റിംഗിൽ വിജയ ഭേരി മുഴക്കിയ മുഹമ്മദാലിയുമല്ല ഈ നടൻ.

 ഇംഗ്ളീഷ്കാരെ കിടുകിടാ വിറപ്പിച്ച ഭഗവത് സിംഗുമല്ല 

 ഇവരിൽ ആരെങ്കിലുമൊരാൾ  ഈ നിരത്തിൽ വന്നാൽ  അവരെ കാണാൻ  ഇപ്പോൾ വന്ന ജനക്കൂട്ടത്തിന്റെ  നൂറിലൊന്നു പോലും വരില്ല. അത്രത്തോളം  നാം  മാറി കഴിഞ്ഞിരിക്കുന്നു.

ഞാൻ ഈ പോസ്റ്റിന്റെ ആരംഭത്തിൽ കാണിച്ച പോലെ  കുരങ്ങിന്റെ  ജോലി ചെയ്യുന്ന   അഭിനയിച്ച് കാണിക്കുന്ന   ഒരു നടൻ.   അതും  മറ്റുള്ളവരെ  അഭിനയത്തിലൂടെ അവതരിപ്പിക്കുന്ന ഒരു കലാകാരൻ മാത്രംമാണ് ഈ വ്യക്തി. ഇങ്ങിനെയുള്ള ഒരാളെ കാണാൻ മാത്രമായാണ് ഈ ജനക്കൂട്ടം ആർത്തലച്ച് എത്തി ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാക്കിയത്.
ഈ നാട്ടിൽ നിയമങ്ങളൂണ്ട്, ഗതാഗതം സ്തംഭിപ്പിച്ചാൽ നടപെടിയെടുക്കാൻ, പക്ഷേ ആ നിയമം പ്രാവർത്തികമാക്കാൻ  ചങ്കൂറ്റമുള്ള ഒരുത്തനുമില്ലാത്തതിന്റെ കുഴപ്പമാണ് മണിക്കൂറുകളോളം ഈ നഗരം അനുഭവിച്ചത്.
 പണ്ട് തമിഴനെ കുറ്റപ്പെടുത്തിയ നാം ഇപ്പോൾ ആ തമിഴനേക്കാളും സിനിമയും അഭിനേതാക്കളും എന്ന് പറഞ്ഞാൽ ഭ്രാന്ത് പിടിച്ച് നടക്കുന്നു എന്നത് തികച്ചും സത്യം മാത്രം.

Wednesday, August 1, 2018

മഴ പെയ്യുമ്പോൾ

മഴ ....ഒരു തുള്ളിക്കൊരു കുടം  പെയ്യുന്ന മഴ..

കറു കറുത്തൊരു പെണ്ണ് മാനത്ത് മുടിയഴിച്ചിട്ട് തുള്ളുന്ന  ദിവസങ്ങൾ.  കുളങ്ങളെല്ലാം നിറഞ്ഞ് കവിഞ്ഞ് കുളമേത്  കരയേത്  എന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധം എങ്ങും  നിറഞ്ഞ് കിടക്കുന്ന  വെള്ളം.
  വെള്ളത്തിൽ പൊങ്ങി കിടക്കുന്ന വള്ളങ്ങൾ പോലെ  വീടുകൾ കാണപ്പെട്ടു.

 കുട്ടനാടിലെ വെള്ളപൊക്കവും അവിടത്തെ കഷ്ടതകളും    ഇന്ന്  വാർത്തകളിൽ കാണുകയും വായിക്കുകയും ചെയ്തപ്പോൾ അതിന്റെ സമീപ പ്രദേശങ്ങളായ  ആലപ്പുഴയിലെ ലജനത്ത്, വട്ടപ്പള്ളി,   ബീച്ച് വാർഡ്  പ്രദേശങ്ങളിൽ   വർഷങ്ങൾക്കപ്പുറത്തെ  മഴക്കാല  ജീവിതം മനസിലേക്ക്  കടന്ന് വന്നു. അന്ന് കാണുകയും അനുഭവിക്കുകയും ചെയ്ത അവസ്ഥയാണ് 
  ആദ്യ വരികളിൽ ഞാൻ കുറിച്ചത്.  ഇന്ന് ആർക്കും   സങ്കൽപ്പിക്കാൻ പോലുമാവാത്ത  അവസ്ഥ.
   അപൂർവമായി മാത്രം കല്ല് കെട്ടിയതു ഒഴികെ ബാക്കി  ഭൂരിഭാഗവും പരമ്പ് ചെറ്റയാൽ  മറക്കപ്പെട്ട ഓല മേഞ്ഞ വീടൂകൾ ആയിരുന്നു അന്നുണ്ടായിരുന്നത്,  ആ വീടുകളിലൊന്നിലും കക്കൂസ് ഇല്ലായിരുന്നു. ഒന്നുകിൽ പ്രാഥിമിക ആവശ്യങ്ങൾക്കായി  തിരിച്ചിട്ടിരിക്കുന്ന വെളിം പറമ്പുകൾ, അല്ലെങ്കിൽ  കടപ്പുറം അതായിരുന്നു നിവർത്തി മാർഗം. . മിക്ക വീടുകളിലെയും സ്ത്രീകളും കുട്ടികളും  അവരുടെ വേലിക്കെട്ടിനുള്ളീലെ മറപ്പുരക്കകത്തെ  കുഴികളിൽ  കാര്യം നടത്തി. സുഗമ മായി മണലിൽ കുഴിക്കാവുന്ന ഒന്നര ആൾ  താഴ്ചയുള്ള  കുഴിയിലേക്ക് മനുഷ്യ വിസർജ്യങ്ങൾ  തള്ളും. മഴ വന്ന് കുളങ്ങളും കരകളും ഒന്നായി കിടക്കുന്ന കാലവർഷത്തിൽ ഈ കുഴികളിലും  വെള്ളം നിറയും കുഴികളിലെ  വിസർജ്യങ്ങൾ വെള്ളത്തിൽ പൊങ്ങി കിടന്ന് ഒഴുക്കിനനുസരിച്ച് എവിടെയെല്ലാമോ  പോയി അടിയും,  അത് വീടുകളുടെ ഉമ്മറത്താകാം, നടവഴിയിലാകാം,  കാരണം അവിടങ്ങളിലെല്ലാം  വെള്ളം നിറഞ്ഞ് കിടക്കുകയാണല്ലോ. വെള്ളം വീടുകളിലേക്ക്  നിറഞ്ഞ് വരുന്ന ദിവസങ്ങളിൽ മുനിസിപ്പാലിറ്റിയിൽ നിന്നും ജോലിക്കാരെ വിട്ട്, ചെറിയ ചാലുകൾ വെട്ടി അടുത്ത തോടുകളിലേക്കും മറ്റും ഒഴുക്കി വീടുകളിലേക്കുള്ള വെള്ളത്തിന്റെ കടന്ന് കയറ്റം കുറക്കും.   വെള്ളം താഴ്ന്ന് കഴിയുമ്പോൾ  നേരത്തെ ഒഴുകി നടന്നിരുന്നതിൽ  അവശേഷിക്കുന്ന വിസർജ്യങ്ങൾ എവിടെ തങ്ങിയോ അവിടെ കാണപ്പെടും. പിന്നെ വീട്ടുകാരന്ജോലിയാണ്, ഒന്നുകിൽ വെള്ളം ഒഴുകുന്നിടത്തേക്ക്  തള്ളി  വിടുക, വെള്ളം ഇല്ലാത്തിടമാണെങ്കിൽ  എവിടെ കാണപ്പെടുന്നോ അവിടെ വിസർജ്യങ്ങൾ മണ്ണിൽ വെട്ടി മൂടുക.അതായിരുന്നു മാലിന്യത്തിൽ നിന്നും രക്ഷപെടാനുള്ള മാർഗം.
അന്ന് അടുപ്പ് കത്തിക്കുന്നത് പരസ്പരം സഹായിച്ച് വെള്ളം കയറാത്ത വീടുകളിലെ അടുക്കളയിലായിരിക്കും.  അതും രണ്ടും മൂന്നും ദിവസങ്ങൾ കൂടുമ്പോഴായിരുന്നല്ലോ വല്ലതും പാചകം ചെയ്യുക. പോർട്ട് അടച്ചിരിക്കും, കയർ ഉണക്കാൻ വെയിൽ ഇല്ലാതെ ഫാക്ടറികൾ വല്ലപ്പോഴും തുറക്കുകയുള്ളൂ. തൊഴിലില്ലാതെ കച്ചവടമില്ലാതെ പട്ടിണിയുടെ നാളുകളിൽ എവിടെന്നാണ് അരി വാങ്ങാൻ പൈസാ കിട്ടുക.വല്ലപ്പോഴും കിട്ടുന്ന റേഷൻ കടയിലെ സർക്കാർ സഹായം മാത്രം ഉള്ളപ്പോൾ രണ്ട് മൂന്ന് ദിവസത്തിലൊരിക്കൽ അടുപ്പ് കൂട്ടിയാൽ മതിയല്ലോ.
ചുരുക്കത്തിൽ ഇടവപ്പാതി ആ പ്രദേശത്തുള്ളവർക്ക് എപ്പോഴും പ്രയാസങ്ങൾ മാത്രം കൊണ്ട് വന്നിരുന്നു. എന്നിട്ടും ജനങ്ങൾ എങ്ങോട്ടും മാറി പോയില്ല. ഇതെല്ലാം സഹിച്ച് ആലപ്പുഴയിലെ ജന സാന്ദ്രതക്ക്  ഒരു കുറവും വരുത്താതെ അവർ അവിടെ തന്നെ തുടർന്നും കഴിഞ്ഞിരുന്നു. ഇന്നും ജന സാന്ദ്രതയിൽ ആലപ്പുഴക്ക് മുന്തിയ സ്ഥാനം തന്നെയാണല്ലോ. എന്താണ്  ഈ പ്രവണതയുടെ രഹസ്യം എന്ന് ഇന്നുമെനിക്കറിയില്ല.

വർഷങ്ങൾ കഴിഞ്ഞു, നാട്ടിലെ ദാരിദ്രിയം മാറി. വീടുകളിലെല്ലാം കക്കൂസുകൾ വന്നു, കുളങ്ങളെല്ലാം  മൂടപ്പെട്ടു, അവിടങ്ങളിൽ ഇരു നില മാളികകൾ വന്നു, വെള്ളം നിറഞ്ഞ മൈതാനങ്ങൾ  വീടുകളാൽ  നിറയപ്പെട്ടു. നാടിന്റെ വികസനം അവിടെയും കടന്ന് വന്നു. ഇന്ന് പഴയ വട്ടപ്പള്ളിയെ തിരിച്ചറിയില്ല. എങ്കിലും ബാല്യവും കൗമാരാരംഭവും  കഴിച്ച് കൂട്ടിയതും ഇപ്പോൾ അന്യ കൈവശത്തിലിരിക്കുന്നതുമായ  വീട് കാണാൻ ഞാൻ പലപ്പോഴും  പോകാറുണ്ട്. അവിടെ ഇപ്പോൾ ഒരു ഇരു നില മാളികയാണ് ഉള്ളത് . മറ്റൊരുത്തന്റെ കൂടെ പോയ  ഭാര്യയെ  മുൻ ഭർത്താവ് വേദനയോടെ നോക്കി നിൽക്കുന്നത് പോലെ ആ വീടും നോക്കി ചില നിമിഷങ്ങൾ  തള്ളി നീക്കും. കഷ്ടതകളുടെ   മഴ കാലം  പോയി പിന്നീട് വരുന്ന പൂ നിലാവും  വസന്തവും  അവിടെ തന്നെ ആയിരുന്നല്ലോവിരുന്ന് വന്നിരുന്നത്..  ആ വീടിനോടൊപ്പം ഉണ്ടായിരുന്നതും ഒരിക്കലും മരിക്കാത്തതുമായ മധുര സ്മരണകൾ  ഇന്നും മനസിൽ തന്നെയുണ്ടല്ലോ. ആ സ്മരണകളിൽ ഊളിയിടാനായി  എങ്ങിനെ ഞാൻ അവിടെ പോകാതിരിക്കും. മഴയായാലും വെള്ളപ്പൊക്കമായാലും ചിലതിനോടുള്ള  സ്നേഹങ്ങൾ അങ്ങിനെയാണ്  നമ്മെ സ്വാധീനിക്കുക.