Monday, September 29, 2014

മനോരാജിന്റെ വീട്ടിൽ......

നമ്മിൽ  നിന്നും എന്നെന്നേക്കുമായി    യാത്ര  പറഞ്ഞ  പ്രിയ  മനോരാജിന്റെ  വീട്ടിൽ    അദ്ദേഹത്തിന്റെ  വേർപാടിന്റെ  പിറ്റേന്ന്  ഞാൻ  പോയി. എന്റെ മകൻ  സൈലുവും  കൂടെ  വന്നു. ഹൃദയഭേദകമായ  കാഴ്ചകളാണ്  ഞങ്ങൾക്ക്   അവിടെ  കാണാൻ  കഴിഞ്ഞത്.  ഇനിയും ഞെട്ടലിൽ  നിന്നും  വിമുക്തമാകാത്ത   കുടുംബാംഗങ്ങൾ  പ്രത്യേകിച്ച്  ഭാര്യയും  അമ്മയും.  അവർ  ഒരു  കട്ടിലിൽ  കവിളത്ത്  തോരാത്ത  കണ്ണീരുമായി  കിടക്കുന്നതാണ്   ഞാൻ  കണ്ടത്.  എന്ത്  പറഞ്ഞാണ്    അവരെ  ആശ്വസിപ്പിക്കേണ്ടതെന്നറിയാതെ  ഞാൻ   കുഴങ്ങി. മനോയുടെ  മരണം  ഒരു  ചങ്ങാതി  മാത്രമായ  എനിക്ക്   എത്രമാത്രം  ദു:ഖം  തന്നു  കൊണ്ടിരിക്കുന്നതെന്ന്   തിരിച്ചറിഞ്ഞപ്പോൾ   അദ്ദേഹത്തിന്റെ  ഭാര്യയുടെയും  അമ്മയുടെയും  വേദന   ഊഹിക്കാവുന്നതിനപ്പുറമാണെന്ന്    ബോദ്ധ്യമുണ്ട്.  എങ്കിലും  എന്തെല്ലാമോ  പാഴ് വാക്കുകൾ  ഞാൻ    ആ   ആ  അമ്മയോട്  പറഞ്ഞ്   കൊണ്ടേയിരുന്നു.  അപ്പോഴാണ്  " ഇതാ  മനോവിന്റെ  മകൻ " എന്ന്    പറഞ്ഞ്   ആരോ  ഒരു  ഒൻപത്  വയസ്കാരനെ  എന്റെ മുമ്പിലേക്ക്  നീക്കി  നിർത്തിയത്.   അത്    മനോരാജിന്റെ  പുത്രനാണെന്ന്   ആരും  എനിക്ക്  പറഞ്ഞ്  തരേണ്ട  ആവശ്യമേ  ഇല്ലായിരുന്നു.  കാരണം  ഒരു  കൊച്ച്  മനോരാജാണ്  എന്റെ  മുമ്പിൽ   നിൽക്കുന്നതെന്ന്   എനിക്ക്  തോന്നി.   അഛന്റെ  മരണം അവനെയും  മൂകനാക്കിയിരിക്കുന്നു.  ആ കുരുന്ന്  തലയിൽ  ഞാൻ  തലോടി.  അൽപ്പ  നേരം   കഴിഞ്ഞ്  വിങ്ങുന്ന  മനസുമായി  അവിടെ  നിന്നുമിറങ്ങിയപ്പോൾ   മനസിൽ  പലവിധ വികാരവിചാരങ്ങൾ  നിറഞ്ഞ്  നിന്നു.  കുറച്ച്  നാൾ  കഴിയുമ്പോൾ  മനോവിനെ  എല്ലാവരും  മറക്കും,  ഉറ്റവരൊഴികെ.  അവന്റെ  ഓർമ്മ  നില  നിർത്താൻ    എന്താണ്   വേണ്ടത്.   ഒൿറ്റോബർ  2നു  അവന്റെ   സഞ്ജയനമാണ് .  അന്ന്  ബൂലോഗത്തിലെ  അവന്റെ  ചങ്ങാതിമാരും  ബ്ലോഗ് ലോകത്തും  മറ്റ്   നെറ്റ്  ലോകത്തുമുള്ളവരും    ചെറായിയിൽ  ഒത്ത്  കൂടി    ഈ  കാര്യത്തിൽ   മനോവിന്റെ   കുടുംബാംഗങ്ങളുടെ   അഭിപ്രായം  കൂടി  കണക്കിലെടുത്ത്    അവന്റെ ഓർമ്മ  നില  നിർത്താൻ  ആവശ്യമായ  തീരുമാനങ്ങൾ  കൈക്കൊള്ളണമെന്ന്  അപേക്ഷിക്കുന്നു

3 comments:

  1. ഈ പോസ്റ്റ് ഇട്ടതിന് ശേഷമാണ് നിരക്ഷരന്റെയും ജോവിന്റെയും കത്തും മറ്റും കണ്ടത്. രണ്ട് ദിവസം സ്ഥലത്തില്ലാത്തതിനാൽ ഒരു വിവരവും ലഭ്യ മായിരുന്നില്ല. ഏതായാലും ആവശ്യമായ കാര്യങ്ങൾക്ക് തുടക്കം ഉണ്ടായതിനാൽ ആ ശ്രമങ്ങളെ എല്ലാതരത്തിലും പിന്തുണക്കുകയാണ് വേണ്ടതെന്ന് ഞാൻ കരുതുന്നു.

    ReplyDelete
  2. എന്റെ പിന്തുണയുണ്ടാവും

    ReplyDelete