Sunday, September 14, 2014

പടച്ചോനാണെ പോലീസിക്കാ.....

  "പടച്ചോനാണേ  പോലീസിക്കാ ഞമ്മള്  വിചാരിച്ച്  പശുവാണെന്ന്....."

മഴ ചാറിക്കൊണ്ടിരുന്ന  ഒരു കർക്കിടകത്തിലെ ഇരുണ്ട രാത്രിയിൽ  ഒൻപത് മണി സമയത്ത്  ആലപ്പുഴ  ശീമാട്ടി തീയേറ്റർ  ലക്ഷ്യമാക്കി പാഞ്ഞ് പോവുകയാണ് വട്ടപ്പള്ളി സ്വദേശികളായ  പതിനാലും പതിനഞ്ചും  വയസ് പ്രായമുള്ള ഞങ്ങൾ മൂന്ന് പേർ,  ഞാൻ, ഖാലിദ്, ഷുക്കൂർ  എന്നിവർ. ദിലീപ് കുമാർ അഭിനയിച്ച, സുന്ദരമായ ഗാനങ്ങളുള്ള ഏതോ ഹിന്ദി ചിത്രം  കാണാനാണ് ഇരുട്ടത്തുള്ള ആ പാച്ചിൽ. കണ്ണൻ വർക്കി പാലത്തിന് സമീപം സൗത്ത് പോലീസ് സ്റ്റേഷനിലേക്ക്  തിരിയുന്ന  റോഡിന്റെ  വളവിൽ തിരിയുന്ന ഭാഗത്ത്   കുറ്റാകുറ്റിരുട്ടിൽ ഒരു  ഇരുണ്ട രൂപം.   പശുവാണ്.   ആ കാലത്ത്  ആലപ്പുഴ  ഗുജറാത്തി തെരുവിലെ പശുക്കൾ രാപകലില്ലാതെ     റോഡിൽ അലഞ്ഞ് നടക്കുമായിരുന്നു. പശുവിനെ കാണുമ്പോൾ ഖാലിദിന് ഒരു അസുഖമുണ്ട്. കൈ കൊണ്ട് പുറകിൽ ആഞ്ഞടിക്കും.  എന്നിട്ട് പറയും  "ഓടിക്കോ ഹിമാറേ! അബിടന്ന്...."
 സ്ട്രീറ്റ് ലൈറ്റില്ലാത്ത അന്നത്തെ കാലത്ത് വളവിൽ പെട്ടെന്ന് മുന്നിൽ പശുവിനെ കണ്ടപ്പോൾ  ഖാലിദ് പഴയ സ്വഭവം  പുറത്തെടുത്ത്  പശുവാണെന്ന് കരുതി ആ രൂപത്തിന്റെ പുറകിൽ ആഞ്ഞടിച്ചു.  എന്നിട്ട് പറഞ്ഞു "ഓടിക്കോ  ഹിമാറേ! അബിടന്ന്...."
 ദാ! പശു രണ്ട് കാലിൽ നിവർന്ന് വരുന്നു.കറുത്ത മഴക്കോട്ടിട്ട  ഒരു   പോലീസ് കാരനായിരുന്നു അത്. പോലീസിലെ പഴയ  കൂമ്പാള തൊപ്പിയും കറുത്ത മഴക്കോട്ടും ധരിച്ച ആ പാവത്തിന്റെ കണ്ണട നിലത്ത് വീണത് ഇരുട്ടത്ത് തപ്പി എടുക്കുകയായിരുന്നു ആ മനുഷ്യനെന്ന് പിന്നീട് മനസിലായി.   പോലീസ് കാരനെ  മുമ്പിൽ കണ്ടപ്പോൾ ഞങ്ങൾ വിരണ്ടു. ഓർക്കാപുറത്ത് പുറകിൽ അടി കൊണ്ട പോലീസുകാരനും വിരണ്ടു.
  'കണ്ണട തപ്പാനും സമ്മതിക്കില്ലേടാ കഴുവർടാ മക്കളേ!"  എന്നായി  പ്രായം ചെന്ന ആ പോലീസുകാരൻ.
ഞാനും ഷുക്കൂറും ഖാലിദിന് നേരെ കൈ ചൂണ്ടി വിറച്ച് കൊണ്ട് പറഞ്ഞു "അവനാണ്"
ഖാലിദ് വിരണ്ട്  തളർന്ന് കൈ കൂപ്പി പറഞ്ഞു
" പടച്ചോനാണേ  പോലീസിക്കാ!  ഞമ്മള് വിചാരിച്ച് പശുവാണെന്ന്..."
 ഞങ്ങൾ വട്ടപ്പള്ളിക്കാർ   മുതിർന്നവർ ആരെയായാലും ഇക്കാ എന്നാണ് വിളിക്കുക പതിവ്.  പോലീസ് കാരന്റെ  പേര് അറിയാത്തതിനാൽ വെപ്രാളത്തിൽ  ഖാലിദ് അയാളെ ' പോലീസിക്കാ' എന്ന് വിളിച്ചപ്പോൾ സഹൃദയനായ ആ മനുഷ്യൻ പൊട്ടി  ചിരിച്ചിട്ട് പറഞ്ഞു.
"പോയീനെടാ കഴുതകളേ!  എന്റെ മുമ്പീന്ന്.... " ഞങ്ങൾ  ജീവനും കൊണ്ട് പമ്പകടന്നു.

 ഈ വർഷം കർക്കിടകത്തിലായിരുന്നു നോമ്പ്. നോമ്പിന്  ഞങ്ങളുടെ     വീട്ടിൽ ഇഫ്ത്താർ നടത്തി. സമൂഹത്തിലെ നാനാതരത്തിലുള്ള  ആൾക്കാർ ഇഫ്ത്താറിൽ പങ്കെടുക്കാൻ വീട്ടിൽ വന്നു. കർക്കിടകത്തിലെ മഴ  മാറി  നിന്നിരുന്നെങ്കിലും  അന്തരീക്ഷം തണുത്ത് തന്നെ ഇരുന്നുവല്ലോ. അതിനാലായിരിക്കണം ഇഫ്ത്താറിന് വന്ന  ബന്ധത്തിലെ  ഒരു അമ്മാവൻ  നോമ്പ് തുറ കഴിഞ്ഞ്   ടെറസിന്റെ ഒഴിഞ്ഞ മൂലയിൽ    വെളിച്ചം കുറഞ്ഞ ഭാഗത്ത്  സെറ്റിയിൽ ഉടുത്ത മുണ്ട് അഴിച്ച് തലമൂടി  കിടന്നുറങ്ങിയത്.
 ഞങ്ങളുടെ  12 വയസ്കാരനായ  സൽമാൻ  അവന്റെ ബന്ധുവും  അടുത്ത കൂട്ടുകാരനുമായ  ആച്ചിയെ തിരക്കി  നടന്നപ്പോൾ  സെറ്റിയിൽ   മൂടി പുതച്ച് കിടക്കുന്ന  അമ്മാവനെ  കണ്ടു.  ഇരുട്ടത്ത് സെറ്റിയിൽ കിടക്കുന്ന ആൾ  ആച്ചിയെന്ന് ധരിച്ച് അവൻ  അമ്മാവന്റെ ചന്തിയിൽ  ആഞ്ഞടിച്ചിട്ട്   പറഞ്ഞു  "മൂടിപ്പുതച്ച് കിടക്കുന്നോ എഴുന്നേറ്റ് വാടാ...." അടി കൊണ്ട അമ്മാവൻ  ഭയന്ന്  ചാടി  എഴുന്നേറ്റ്  ചോദിച്ചു "  ആരെടാ എന്നെ അടിച്ചത്"?
  എഴുന്നേറ്റ്  വന്ന ആൾ അമ്മാവനാണെന്ന് കണ്ട  സൽമാൻ വിരണ്ട്   പോയി. അവൻ  കൈകൂപ്പി പറഞ്ഞു" പടച്ചോനാണെ  മാമിയുടെ മാമാ..ഞാൻ വിചാരിച്ച് ആച്ചിയാണെന്ന്...(അവന്റെ പിതൃ സഹോദരിയുടെ അമ്മായി അപ്പനാണ് അമ്മാവൻ)
സംഭവം വീട്ടിൽ കൂട്ട ച്ചിരി ഉയർത്തിയപ്പോൾ എന്റെ ഓർമ്മ വർഷങ്ങൾക്ക് പുറകിലേക്ക്  പോയി. പോലീസുകാരന്റെ    മുമ്പിൽ വിരണ്ട് കൈകൂപ്പി  നിൽക്കുന്ന ഖാലിദ്. "പടച്ചോനാണെ പോലീസിക്കാ ഞമ്മള് വിചാരിച്ച് പശുവാണെന്ന്...."
തലമുറകൾ കടന്ന പോകുന്നു.  പക്ഷേ സംഭവങ്ങൾ  മാറ്റമില്ലാതെ ആവർത്തിക്കപ്പെടുന്നു. .  ആവർത്തിക്കപ്പെടുന്ന  സംഭവങ്ങൾ  കൊണ്ടായിരിക്കാം കാലത്തിന് കാലചക്രം എന്ന പേരുണ്ടായത്.

3 comments:

  1. സംഭവങ്ങൾക്ക് മാറ്റമില്ല, ആളും പരിസരവും മാത്രമേ മാറുന്നുള്ളൂ ....

    രസകരമായ ഓർമ്മ ...!

    ReplyDelete
  2. രസകരമായ ഓര്‍മ്മകള്‍!
    “പൊലീസിക്കാ“ ചിരിപ്പിച്ചു!

    ReplyDelete
  3. ഷെരീഫ്ക്കാ ഇങ്ങള് ചിരിപ്പിച്ച്ക്കാ... :)

    ReplyDelete