Tuesday, September 16, 2014

മൊബൈൽ രഹിത കാലത്തെ പ്രണയം

മഴ മാറിയ  മാനത്തെ  വെള്ളി നിറം  പൂശിയ  പഞ്ഞിക്കെട്ടുകളെ  നോക്കി  ചാരു  കസേരയിൽ  കിടന്നപ്പോൾ   ഭർത്താവിന്റെ  ഓർമ്മകൾ  പഴയ കാലത്തേക്ക്  കടന്ന് ചെന്നു. മൊബൈൽ രഹിത കാലത്തെ  പ്രണയം.
  തന്റെ പ്രണയകാലത്തെ ഓർമ്മകളുടെ  തള്ളിക്കയറ്റം   ഭർത്താവിനെ    ചിരിക്കാൻ  ഇടയാക്കി.. കണ്ട്  കൊണ്ട് വന്ന  ഭാര്യക്ക്  ഭർത്താവിന്റെ  ചിരിയുടെ  കാരണം  അറിഞ്ഞേ  പറ്റൂ.   തെറ്റിദ്ധാരണ  ഉണ്ടാകേണ്ടാ എന്ന്  കരുതി   തിരികെ  ഭാര്യയോട് ഒരു  ചോദ്യമിട്ടു.
 "നമ്മുടെ  പ്രണയ കാലത്ത്   മൊബൈൽ  ഉണ്ടായിരുന്നെങ്കിൽ ...എന്തായിരിക്കും  അവസ്ഥ....?"
ആ  ചോദ്യം  ഭാര്യയെയും  ചിന്തകളുടെ  ലോകത്തേക്ക്  കടത്തി വിട്ടതായി  ഭർത്താവ്  കണ്ടു.
. അന്ന് ആശയ വിനിമയം  നടത്താൻ  എന്തെല്ലാം  മാർഗങ്ങൾ  സ്വീകരിച്ചിരുന്നു!
അരയന്നങ്ങളെ ദൂതിനയക്കുന്നത്  എപ്പോഴും  സാധ്യമല്ലല്ലോ.   മാത്രമല്ല  ഈ ഇടപാടിന് അരയന്നത്തിന്  ആത്മാർത്ഥത  ഇല്ലെങ്കിൽ  ചതി  ഉറപ്പ്.
പിന്നെ  ഏക  മാർഗം  കത്തെഴുത്ത് തന്നെ.   "പ്രണയ  ലേഖനം  എങ്ങിനെ  എഴുതണം" എന്നൊക്കെ  സംശയം  ഉണ്ടാകുമെങ്കിലും മനസിലുള്ളത്  അതേപടി  പകർത്തി വെക്കാൻ  സാധിക്കുമായിരുന്നു. "നീയല്ലാതാരുണ്ടെന്നുടെ  പ്രണയപ്പുഴയിൽ  ചിറകെട്ടാൻ...നീയല്ലാതാരുണ്ടെന്നുടെ കുടിലിൽ  ഒരു നാൾ  കുടി  വെക്കാൻ,,,," എന്ന  മട്ടിലുള്ള   രണ്ട്  വരി സിനിമാ ഗാനങ്ങളും കൂടി  പുട്ടിന് തേങ്ങാ ഇടുന്നത്  പോലെ ഇടക്കിടക്ക്   തിരുകി കയറ്റിയാൽ  കത്ത്  ജോറാകും. 
അടുത്തത് കത്ത് കൈമാറ്റമാണ്.  എളുപ്പത്തിൽ   കൊടുക്കാൻ  തക്കവിധം അന്തരീക്ഷം സ്വസ്ഥമായിരുന്നെങ്കിൽ  കത്തെഴുതേണ്ടതില്ലല്ലോ.  നേരിൽ  കൊടുത്താൽ  മതിയാകുമായിരുന്നു. പക്ഷേ  അന്തരീക്ഷം  കലുഷിതമാണ്. ഈ പ്രണയത്തെ പറ്റി  അൽപ്പസ്വൽപ്പം  വാർത്തകൾ അന്തരീക്ഷത്തിലുള്ളതിനാൽ  പല  കണ്ണുകളെയും വെട്ടിച്ച് സാധനം  ഉദ്ദിഷ്ട  സ്ഥാനത്ത്  എത്തിക്കണം.  ചിലപ്പോൾ  ചെറിയ കല്ല് വെച്ച്  പൊതിഞ്ഞ്  എറിഞ്ഞ്  കൊടുക്കാം.   ലക്ഷ്യം തെറ്റി  രക്ഷിതാക്കളുടെ  തലയിലാണ്  മിസ്സെയിൽ   വീഴുന്നതെങ്കിൽ   പിറ്റേ  ദിവസം  "അനുരാഗ  നാടകത്തിൻ  അന്ത്യമാം  രംഗം  തീർന്നു...." എന്ന  ഗാനം  പാടിയാൽ  മാത്രം  മതി.
കത്ത് ലക്ഷ്യത്തിലെത്തിയാൽ  പിന്നെ  അത്  വായിക്കാനുള്ള  ബുദ്ധിമുട്ടാണ്  അടുത്ത  പ്രശ്നം. പുസ്തകത്തിനുള്ളിൽ  വെച്ച്  വായിക്കാം. ബാത്ത് റൂമിൽ  പോയിരുന്ന്  വായിക്കാം...സുരക്ഷയാണ്  പ്രധാനം. അങ്ങിനെ  നൂറ് കണ്ണ്  വെട്ടിക്കുമ്പോഴുള്ള  ത്രിൽ  ആ പ്രണയത്തിനുണ്ടായിരിക്കും.
അന്നൊരു  മൊബൈൽ  ഉണ്ടായിരുന്നെങ്കിലോ?!
അവളെ വിളിക്കുന്നു. നിശ്ശബ്ദത (സൈലന്റ് മൂഡ്)  അവസ്തയിലുള്ള  മൊബൈൽ  വിറച്ച് കാണിക്കുമ്പോൾ  സാധനവും  എടുത്ത് ദൂരെ  മാറി  പോകുന്നു.   "ആരുടെ വിളിയാടീ   അത് "   എന്ന  തള്ളയുടെ  ചോദ്യത്തിന്  "എന്റെ  കൂട്ടുകാരിയാ അമ്മേ"  എന്ന  മറുപടിയാൽ  അമ്മയുടെ    വായടക്കാം. ഇഷ്ടം  പോലെ  സംസാരിക്കാം....കേൾക്കുന്നവർ  സംശയിക്കുകയുമില്ല.  ഇപ്പോൾ  ഒട്ടും  പ്രശ്നവുമില്ല. കാരണം  സംബോധന എടാ...പോടാ....എന്നൊക്കെയാണല്ലോ...( സിനിമാ  പാട്ടിന്റെ  വരികൾ  തന്നെ   ഇഷ്ടമില്ലെടാ  എനിക്കിഷ്ടമില്ലെടാ...  എന്ന    മട്ടിലാണെന്ന്    മനസിലാക്കുക)  
പണ്ടത്തെ  കത്തിലെ  സംബോധന  പ്രാണ  നാഥാ.... പ്രിയേ...ഇവയെല്ലാം  ഔട്ട് ഓഫ്  ഫാഷനായി...
ചിന്ത  ഇത്രയുമായപ്പോൾ  ഭാര്യ  പറഞ്ഞു.
"പക്ഷേ....   ഇതെല്ലാമാണെങ്കിലും.......പ്രതിസന്ധിയിലൂടെ  കടന്ന്  വരുമ്പോൾ  പ്രണയത്തിന്  ഉശിരു കൂടും ആ  പ്രേമത്തിന് ഒരു  പവിത്രത  ഉണ്ടായിരുന്നു....  ദിവ്യ  പ്രേമം  എന്നൊക്കെ   വിളിക്കാമായിരുന്നതിനെ.... ആ പ്രണയത്തിൽ  പുഷ്പിച്ച  വിവാഹ ജീവിതം    എന്നും  നില  നില  നിൽക്കുകയും  ചെയ്യും    ഇന്നത്തെ  പ്രണയത്തിന്  തൊലിപ്പുറമേ  ഉള്ള   മിനുക്കമേ  ഉള്ളൂ.... അത്  കൊണ്ട്  പുഷ്പിച്ചത്  പോലെ  തന്നെ  കൊഴിയുകയും  ചെയ്യും....ഉള്ളിൽ  തട്ടിയ  പ്രേമം  എന്നും  നില  നിൽക്കും...."
"നമ്മുടേത്  പോലെ...."  ഭർത്താവ്  പൂരിപ്പിച്ചു.
  ഓ!!!പിന്നേ....... !!!    അത്  എന്റെ  മിടുക്ക്  കൊണ്ടാണ്....ഞാൻ   സഹിച്ച്  പോകുന്നത്  കൊണ്ട്...." രൂക്ഷമായി  നോക്കിയിട്ട്  ഭാര്യ  അകത്തേക്ക്  പോയി.
 ഭാര്യയുടെ  പിണക്കം   തന്നോടുള്ള  സ്നേഹത്തിന്റെ  ആധിക്യത്താലാണെന്ന്  ഭർത്താവിനറിയാമായിരുന്നല്ലോ!.

6 comments:

  1. അല്പം തടസ്സമൊക്കെയില്ലെങ്കില്‍ എന്തൂട്ട് പ്രണയം!!

    ReplyDelete
  2. തടസ്സങ്ങളെ അതിജീവിച്ച് പ്രണയസാഫല്യമടയുന്നതിലെ സംതൃപ്തി, അതൊന്ന് വേറെ തന്നെയാണുട്ടോ...

    (ഇക്കായുടെ മെയിൽ Box.be വഴി വരുന്നതിനാൽ വായിക്കാൻ കഴിയുന്നില്ല.)

    ReplyDelete
  3. കുഞ്ഞൂസ് (Kunjuss) പ്രിയ കുഞ്ഞൂസ് മെയിലിന്റെ തകരാർ എന്തെന്ന് പിടി കിട്ടുന്നില്ല. കമ്പ്യൂട്ടറിലും നെറ്റിലുമുള്ള അറിവ് തുലോം പരിമിതമാണ്. ഏതായാലും ഇതിൽ പാണ്ഡിത്യമുള്ളവരെ ബന്ധപ്പെട്ട് ഉടനെ തന്നെ പ്രശ്നം പരിഹരിക്കാമെന്ന് കരുതുന്നു. നന്മ നേരുന്നു.....

    ReplyDelete
  4. ഇപ്പോഴത്തെ കുട്ടികൾ വിവാഹത്തിന് മുമ്പ് സംസാരിച്ചു സംസാരിച്ച് അവസാനം കല്യാണം കഴിയുമ്പോഴേക്ക് നിശ്ശബ്ദരായിപ്പോകുന്നു.
    ശരീഫ്ക്ക,നല്ല പോസ്റ്റ്‌,
    .

    ReplyDelete
  5. പ്രണയ പോസ്റ്റിനു ആശംസകൾ.. കയ്യിലിരിപ്പ് മോശമല്ലായിരുന്നു അല്ലേ :)

    ReplyDelete
  6. Basheer Vellarakad പ്രിയ ബഷീർ അര വെടിക്കുള്ള മരുന്ന് കയ്യിലില്ലാത്തവർ ചുരുക്കമല്ലേ?! ചങ്ങാതീ.....

    ReplyDelete