Friday, September 26, 2014

പ്രിയപ്പെട്ട മനോരാജ് നിന്റെ ഓർമ്മകൾക്ക് മുമ്പിൽ

ഇങ്ങിനെ  ഒരു പോസ്റ്റ്  നിന്നെ  കുറിച്ച്  എഴുതേണ്ടി  വരുമെന്ന്  ഞാൻ  കരുതിയിരുന്നില്ലല്ലോ എന്റെ  മനോരാജേ!

തുഞ്ചൻ  പറമ്പിൽ  മീറ്റിനു  വന്നപ്പോൾ   "പയ്യൻസേ!  എന്ന  എന്റെ വിളിക്ക്   ഇക്കാ   ഞാൻ  കല്യാണം  കഴിഞ്ഞ്  കുട്ടിയുമുള്ളവനാണെന്ന്  നീ പറഞ്ഞപ്പോൾ  എന്നെ  കളിയാക്കുന്നതാണെന്ന്  ഞാൻ  കരുതി.  കാരണം  ശിശു തുല്യമായ നിന്റെ  മുഖം  നീ  വിവാഹിതിനാണെന്ന്  വിശ്വസിക്കാൻ  എന്നെ  അനുവദിച്ചില്ല.  അപ്പോൾ  നീ പെഴ്സിൽ  നിന്നും  ഒരു  ഫോട്ടോ  എടുത്ത്  കാണിച്ചു. അതിൽ  നിന്റെ  കുട്ടിയുടെ  ചിത്രം  ഉണ്ടായിരുന്നത്  കണ്ട്   അന്തം വിട്ട  നിന്ന   എന്നെ  നോക്കി  നീ പൊട്ടി  ചിരിച്ചത്  ഇന്നുമെന്റെ  മനസ്സിൽ  പൂത്തിരി  നിറക്കുന്നു  കൂട്ടുകാരാ!

ഇന്ന്  നീ മരിച്ച  കാര്യം  തോന്ന്യവാസി  എന്ന  ബ്ലോഗർ  വിളിച്ചറിയിച്ചപ്പോൾ  ഞാൻ  ഇടി  വെട്ടിയവനെ  പോലെ  ആയി.  പുറകേ   ഹാഷിമും  സജീമും  കൊട്ടോട്ടിയും  വിളിച്ചു.   അവസാനമായി  നിന്നെ  ഒരു  നോക്ക്  കാണാൻ  വിദൂരത്തിൽ  താമസിക്കുന്ന  എനിക്ക്  സാധിക്കാതെ  പോയി.

14-3-2014  തീയതിയിൽ  നീ അയച്ച  മെസ്സേജ്  (can u arrange  one or two bookstall  in kollam town railway station  or other important location  in dist)   എന്റെ  അലസത  കാരണം  അടുത്ത  ദിവസമാണ്    കണ്ണിൽ  പെട്ടത്.  നിന്നെ  ഒന്ന്  വിളിക്കണമെന്ന  തോന്നൽ  പിന്നെയും  നീണ്ടു.  ഇപ്പോൾ  എനിക്ക്  കിട്ടിയത്  നിന്റെ  വേർപാട്  വിവരമാണ്  ഇനി  ഞാൻ  ആരെയാണ്  വിളിക്കുന്നത്. 

എന്റെ  ചങ്ങാതീ  നിന്റെ  ചിരിയും  ആ മുഖവും  കണ്ണിൽ  നിന്നും  മായുന്നില്ല. ഇനി  ഒരു  മീറ്റിലും  നിന്റെ  സാന്നിദ്ധ്യം  ഉണ്ടാവില്ലാ എന്ന  ചിന്ത  എന്നെ പരവശനാക്കുന്നു.  നിന്റെ  ഓർമ്മകൾ  മാത്രം  ബാക്കിയാക്കി  നീ പോയി  കഴിഞ്ഞിരിക്കുന്നു. സുഹൃത്തേ!  നിന്റെ  ആത്മാവിന്  നിത്യ  ശാന്തി  നേരുന്നു.


5 comments:

  1. അയ്യോ...!!! വിശ്വസിക്കാനാവുന്നില്ലല്ലോ ഷെരീഫ്ക്കാ...!

    ബാഷ്പാഞ്ജലികൾ... എന്താ ഇപ്പോ പറയുക... :(

    ReplyDelete
  2. ആദരാഞ്ജലികള്‍

    ReplyDelete
  3. ആദരാഞ്ജലികള്‍ ! ഓര്‍മ്മകളില്‍ ജീവിക്കും മനോ ,,,അവസരോചിതമായ കുറിപ്പ് ,,,

    ReplyDelete