Wednesday, September 24, 2014

അടിച്ചാലും സഹിക്കുമായിരുന്നു.

ചില ചിട്ടകൾ  ജീവിതത്തിൽ കർക്കശതയോടെ  പുലർത്തി  വന്നിരുന്ന  ആളായിരുന്നു  എന്റെ ബാപ്പാ.  ആ  ചിട്ടകളിൽ അൽപ്പം  പോലും  തെറ്റിക്കുന്നത്  ഒട്ടും  ഇഷ്ടപ്പെടാത്ത  ആളാണ്  ബാപ്പാ  എന്നത്  എന്റെ ഉമ്മാ  തിരിച്ചറിഞ്ഞിരുന്നതിനാൽ  ആ വക  കാര്യങ്ങളിൽ   ഉമ്മാ  വളരെ സൂക്ഷ്മത   പുലർത്തിയിമിരുന്നു. 

പുറത്ത് നിന്നും വീട്ടിൽ  വന്ന്  കഴിഞ്ഞാൽ  കാല്  കഴുകാതെ   വീടിന് അകത്ത്  പ്രവേശിക്കില്ലാ എന്ന്  ബാപ്പാക്ക്  നിർബന്ധമുണ്ടായിരുന്നു. ഈ ചിട്ട  നടപ്പിലാക്കാൻ   ഒരു  പാത്രത്തിൽ  വെള്ളം ബാപ്പാ വരുന്ന  സമയത്തിനു  മുമ്പ്    തന്നെ  ഉമ്മാ വീടിന്  സമീപം  എടുത്ത് വെക്കും.കുട്ടികളായ  ഞങ്ങൾക്കും  ഈ വിവരം  അറിയാമായിരുന്നു.

 അന്ന്  ഞങ്ങളോട്  സംസാരിച്ച്   നിന്ന  ഉമ്മാ വെള്ളം  എടുത്ത് വെക്കാൻ  മറന്ന്  പോയി. ബാപ്പാ  മുറ്റത്ത്  കടന്ന്  വന്നതിന്  ശേഷമാണ്   ഉമ്മായും  ഞങ്ങളും  ഈ കാര്യം  തിരിച്ചറിഞ്ഞത്.

എല്ലാവരും  സ്തബ്ധരായി  നിന്നു. എന്തും  സംഭവിക്കാം.  ചിട്ടകൾ  തെറ്റുന്നത്  വീട്ടിൽ  സ്ഫോടനങ്ങൾ  സൃഷ്ടിക്കുമെന്നതിനാൽ  എന്താണ് അവിടെ  ഉണ്ടാകാൻ  പോകുന്നതെന്ന്  ഞങ്ങൾ  പകച്ചപ്പോൾ  ബാപ്പായുടെ ഏത്  ചിട്ടകളും  തെറ്റാതെ  നടപ്പിലാക്കുന്നത്  പുണ്യമായി  കണ്ടിരുന്ന  ഉമ്മാക്ക്  തന്റെ കയ്യിൽ  നിന്നും വന്ന  വീഴ്ചയിൽ  ജാള്യത  വല്ലാതെ  അനുഭവപ്പെട്ടു.

 സാധാരണ   വെള്ളം  വെച്ചിരുന്ന  ഇടത്തിലും സമീപത്തും  പോയി  നോക്കിയപ്പോൾ  വെള്ളം  അവിടെ  എടുത്ത് വെച്ചില്ലാ എന്ന്    ബാപ്പാക്ക്  ബോദ്ധ്യപ്പെട്ടു.   തല തിരിച്ച്  ഞങ്ങളെ  ഒന്ന്    നോക്കി.    പിന്നെ  ഉമ്മായെ  രൂക്ഷമായി  ഒന്ന്  നോക്കി.  എന്നിട്ട് മാനത്തേക്ക്  നോക്കി  ഇങ്ങിനെ  പറഞ്ഞു.

" പിന്നേയ് !   നിനക്ക്  കാല് കഴുകാൻ  വെള്ളം  കൊണ്ട് വെക്കാൻ  എനിക്ക്  മനസില്ലാ,  പോടാ  അവിടന്ന്  ..."

ബാപ്പായുടെ പേര് പോലും ബഹുമാനത്താൽ  ഉച്ചരിക്കാത്ത എന്റെ  ഉമ്മാ  പറപറന്നു   വെള്ളവും  കൊണ്ട്  തിരിച്ചെത്തിയപ്പോൾ അവർ പതുക്കെ  ഇങ്ങിനെ  പിറുപിറുക്കുന്നത്  എത്രയോ  കൊല്ലങ്ങൾക്ക്  ശേഷവും  എന്റെ ചെവിയിൽ  മുഴങ്ങുന്നു.

"എന്നെ  രണ്ട്  അടി  അടിച്ചാലും സഹിക്കാമായിരുന്നു,  പക്ഷേ  മാനത്ത്  നോക്കിയുള്ള  ഈ പറച്ചിൽ  വേണ്ടായിരുന്നു..."

2 comments:

  1. അതിലും വലിയ ശിക്ഷ മറ്റൊന്നില്ല. എഴുത്ത് ഇഷ്ടപ്പെട്ടു. ആശംസകള്‍ 

    ReplyDelete
  2. തീയിനാല്‍ ചുട്ട പുണ്‍ ആറും
    നാവിനാല്‍ ചുട്ട പുണ്‍ ആറാത്.........!
    എന്നൊരു ചൊല്ലുണ്ട് തമഴില്‍. അതോര്‍മ്മ വന്നു

    ReplyDelete